ദിലീഷ് പോത്തൻ പങ്കുവച്ച ചിത്രം
ദക്ഷിണ കൊറിയയിൽ നടക്കുന്ന 31-ാമത് ബുസാൻ അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ റെഡ് കാർപ്പറ്റിൽ പരമ്പരാഗത മലയാളി വേഷത്തിൽ തിളങ്ങി ചെവിട്ടോർമ്മ ചിത്രത്തിന്റെ അണിയറപ്രവർത്തകർ. ഏഷ്യയിലെ ഏറ്റവും വലിയ ചലച്ചിത്രമേളകളിലൊന്നായ ബുസാനിൽ ഈ വർഷം മലയാളത്തിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട ഏക ചിത്രമാണ് ചെവിട്ടോർമ്മ. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സിനിമാ ആസ്വാദകരെയും അന്താരാഷ്ട്ര മാധ്യമങ്ങളെയും സാക്ഷിനിർത്തിയാണ് മലയാളത്തിന്റെ ഈ അഭിമാന ചിത്രം മേളയിൽ ശ്രദ്ധകേന്ദ്രമായത്.
ലിയോ തദേവൂസ് രചനയും സംവിധാനവും നിർവഹിച്ച ചിത്രത്തിന്റെ വേൾഡ് പ്രീമിയറിനോടനുബന്ധിച്ചാണ് അണിയറപ്രവർത്തകർ റെഡ് കാർപ്പറ്റിലെത്തിയത്. സംവിധായകൻ ലിയോ തദേവൂസ്, പ്രമുഖ അഭിനേതാക്കളായ ദിലീഷ് പോത്തൻ, പൗളി വത്സൻ, സ്റ്റാൻ സ്റ്റീഫൻ, നിർമാതാക്കളായ സ്റ്റീഫൻ സക്കറിയാസ്, ലോഗൻ രവി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
ഒക്ടോബർ എട്ടിന് മേളയിലെ പ്രശസ്തമായ ഏഷ്യൻ സിനിമാ പനോരമ വിഭാഗത്തിലാണ് ചിത്രം പ്രദർശിപ്പിക്കുന്നത്. അന്താരാഷ്ട്ര സിനിമാ വേദിയിൽ മലയാള സിനിമയ്ക്ക് വലിയ അഭിമാനമുഹൂർത്തമാണ് ഇതിലൂടെ ലഭിച്ചിരിക്കുന്നത്.
Tags : CHEVITTORMMA BusanFilmFestival DileeshPothan PaulyValsan