ആർ. ശരത്കുമാർ
ചെന്നൈ: അനുയായികളും പാർട്ടി പ്രവർത്തകരും കൈകളിൽ ‘നാട്ടാമൈ കുടുംബം’എന്ന് പച്ചകുത്തണമെന്ന വ്യത്യസ്തമായ ആഹ്വാനവുമായി തമിഴ് നടനും ബിജെപി നേതാവുമായ ആർ. ശരത്കുമാർ.
എഗ്മോറിലെ സ്വകാര്യ ഹോട്ടലിൽ അണികൾക്കായി സംഘടിപ്പിച്ച ചടങ്ങിലാണ് അദ്ദേഹം ഈ ആശയം മുന്നോട്ടുവച്ചത്. കൈയിൽ ഈ വാക്ക് പച്ചകുത്തുന്ന പ്രവർത്തകർക്ക് തന്നെയൊന്നു നേരിൽ കാണാനുള്ള ‘ഗ്രീൻ കാർഡ് ’ആയി ഇതു പ്രവർത്തിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു.
തന്റെ കരിയറിലെ സൂപ്പർഹിറ്റ് ചിത്രമായ ‘നാട്ടാമൈ’യെ ആസ്പദമാക്കിയാണ് ഈ പരാമർശം. പച്ചകുത്തുന്നത് സ്വയം തോന്നിയ ആശയമാണെന്നും ആരെയും നിർബന്ധിക്കുന്നില്ലെന്നും താത്പര്യമുള്ളവർക്ക് സ്വന്തം ഇഷ്ടപ്രകാരം ചെയ്യാവുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി. സിനിമാ ഷൂട്ടിംഗുകൾ പൂർത്തിയാകുന്നതോടെ സ്വന്തം കൈയിലും ഈ വാക്ക് പച്ചകുത്തുമെന്നും ശരത്കുമാർ കൂട്ടിച്ചേർത്തു.
ബിജെപി തമിഴ്നാട് സംസ്ഥാന അധ്യക്ഷസ്ഥാനത്തേക്കു പരിഗണിക്കപ്പെടുന്ന ശരത്കുമാർ, താൻ ബിജെപിയിൽത്തന്നെ ഉറച്ചുനിൽക്കുമെന്നും പഴയ പാർട്ടിയായ സമത്വ മക്കൾ കക്ഷി പുനരുജ്ജീവിപ്പിക്കില്ലെന്നും വ്യക്തമാക്കി.
സമത്വ മക്കൾ കക്ഷി ബിജെപിയിൽ ലയിച്ചതിനുശേഷവും അണികളെ ഏകോപിപ്പിച്ചുനിർത്താനാണ് അദ്ദേഹം ഇത്തരമൊരു ആശയം മുന്നോട്ടുവച്ചതെന്നാണ് വിലയിരുത്തപ്പെടുന്നത്. ഏതായാലും ശരത്കുമാറിന്റെ ഈ പ്രഖ്യാപനം ഇപ്പോൾ തമിഴ്നാട് രാഷ്ട്രീയത്തിലും സമൂഹമാധ്യമങ്ങളിലും വൻ ചർച്ചയായിരിക്കുകയാണ്.
Tags : NattamaiKudumbam' Tattooed Hands Sarathkumar Actor suggestion Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash