കൊച്ചി: നടി അന്‍സിബ ഹസന്റെ ആരോപണങ്ങള്‍ നിഷേധിച്ച് ടിനി ടോം. തന്റെ ഭാഗത്ത് നിന്നും മോശമായ ഒരു പ്രവര്‍ത്തനവും ഉണ്ടായിട്ടില്ലെന്നും ഈ പ്രശ്നങ്ങള്‍ ടാര്‍ഗറ്റഡ് ആണെന്നും ടിനി ടോം മാധ്യമങ്ങളോട് പ്രതികരിച്ചു. അന്‍സിബ തന്റെ സഹോദരിയെ പോലെയായിരുന്നുവെന്നും നന്നായി പ്രവര്‍ത്തിക്കുന്നവരെ തകര്‍ക്കാനുള്ള ഗൂഢാലോചനയാണിതെന്നും ടിനി ടോം പറഞ്ഞു.
താന്‍ അമ്മ എക്സിക്യൂട്ടീവ് കമ്മിറ്റിയില്‍ നിന്നും രാജി വയ്ക്കാന്‍ കാരണം ടിനി ടോം ആണെന്നായിരുന്നു അന്‍സിബ മാധ്യമങ്ങളോട് പറഞ്ഞത്. തന്നെ ജിഹാദി എന്ന് വിളിച്ചു, മതപരിവര്‍ത്തനം നടത്തുവെന്ന് ആരോപിച്ചു, അവിഹിത കഥകള്‍ പടച്ചുവിട്ടു എന്നൊക്കെയാണ് അന്‍സിബയുടെ ആരോപണങ്ങള്‍. നടി രാജി വച്ചതിനെ കുറിച്ചടക്കം പറഞ്ഞാണ് ടിനി പ്രതികരിച്ചത്.
ഒരു മോശമായിട്ടുള്ള പ്രവര്‍ത്തനവും എന്റടുത്തു നിന്നും ഉണ്ടായിട്ടില്ല. ഫെബ്രുവരി 21ന് ആണ് രാജിക്കത്ത് വന്നത്. ഫെബ്രുവരി 22ന് രാജി വയ്ക്കരുത് ജനറല്‍ മീറ്റിംഗ് വരെ കൊണ്ടുപോകണമെന്ന് മെയില്‍ വന്നു. മാര്‍ച്ച് രണ്ടിന് നടന്ന എക്സിക്യൂട്ടീവ് കമ്മിറ്റി മീറ്റിംഗില്‍ രാജി വച്ചത് പറഞ്ഞിട്ടില്ല. മെയ് 12ന് ആണ് രാജി വച്ചെന്ന് പറഞ്ഞല്ലോ എന്ന് പറഞ്ഞത്.
സ്വന്തമായ തിരക്കുകള്‍ കാരണമാണ് രാജി വച്ചത് എന്നാണ് എക്സിക്യൂട്ടീവ് കമ്മിറ്റി യോഗം നടക്കുന്നതിനിടെ വിളിച്ചപ്പോള്‍ പറഞ്ഞത്. ഇന്ന് ഇവിടെ മെഡിക്കല്‍ ക്യാമ്പ് നടക്കുമ്പോഴാണ് പെട്ടെന്ന് പൊട്ടിത്തെറി പോലെ ഇത് വന്നത്. സ്റ്റേജ് ഷോ നടക്കുമ്പോള്‍ അങ്ങോട്ടും ഇങ്ങോട്ടും ചീത്ത വിളിച്ചിട്ടുണ്ടാകും. അല്ലാതെ വ്യക്തിപരമായി ഒന്നുമില്ല. ഞാന്‍ ഇങ്ങനെ വിളിച്ചുവെന്ന് വേറെ ആള് പറഞ്ഞുവെന്ന് പറഞ്ഞു.
ഞാന്‍ അങ്ങനെ വിളിച്ചിട്ടില്ല. എന്റെ കൂട്ടുകാര്‍ മൊത്തം മുസല്മാന്മാരാ. പരാതി വരണ്ട ആവശ്യം എന്താണെന്ന് എനിക്കറിയില്ല. എല്ലാം മൊത്തത്തില്‍ കൂട്ടികിഴിച്ച് നോക്കിയാല്‍ നിങ്ങള്‍ക്ക് മനസിലാകും. ഈ പറയുന്നയാള്‍ എന്റെ സഹോദരിയെ പോലെയായിരുന്നു. ഞങ്ങള്‍ ഒന്നിച്ച് പ്രവര്‍ത്തിച്ചതാണ്.
ഞാന്‍ അങ്ങനെ വിളിച്ചുവെന്ന് പറയുന്നതിന് തെളിവ് വേണം. മമ്മൂക്കയാണ് എന്നെ സിനിമയില്‍ കൊണ്ടുവന്നത്. ഞാന്‍ മിമിക്രിക്കാരാനാ അതില്‍ ജാതിയും മതവുമില്ല. അതൊന്നും എനിക്കറിയില്ല. ഈ പ്രശ്നങ്ങള്‍ ടാര്‍ഗറ്റഡ് ആണ് എന്ന് ടിനി ടോം പറഞ്ഞു.
Tags : actor tini tom actress ansiba allegations