National
മുംബൈ: അജിത് പവാറിന്റെ മരണത്തിന്റെ മൂന്നാം മാസ വാർഷികത്തോടനുബന്ധിച്ച്, വിമാനാപകടത്തിന് പിന്നിൽ ദുരൂഹതയുണ്ടെന്ന ഗൗരവകരമായ ആരോപണങ്ങളുമായി എൻസിപി (ശരദ് പവാർ വിഭാഗം) എംഎൽഎ രോഹിത് പവാർ രംഗത്തെത്തി. അപകടത്തിന് മുൻപ് ബാരാമതിയിലെ അജിത് പവാറിന്റെ വീടിന് സമീപം മൃഗബലി ഉൾപ്പെടെയുള്ള മന്ത്രവാദ ചടങ്ങുകൾ നടന്നതായാണ് രോഹിത് പവാറിന്റെ ആരോപണം.
നാസിക് ആസ്ഥാനമായി പ്രവർത്തിക്കുന്ന അശോക് ഖാരത്ത് എന്ന സ്വയം പ്രഖ്യാപിത ദൈവപ്രശ്നക്കാരന് ഈ സംഭവത്തിൽ പങ്കുണ്ടെന്ന് രോഹിത് പവാർ ആരോപിച്ചു. അശോക് ഖാരത്തിന്റെ ബാങ്ക് അക്കൗണ്ടുകളിൽ അപകടം നടന്ന ദിവസങ്ങളിൽ (ജനുവരി 27, 28) അസ്വാഭാവികമായ സാമ്പത്തിക ഇടപാടുകൾ നടന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
അജിത് പവാറിന്റെ വീടിന് സമീപം ഒരു ആടിനെ കൊന്ന് കെട്ടിത്തൂക്കിയ നിലയിൽ കണ്ടെത്തിയതായി നാട്ടുകാർ പറഞ്ഞതായി എൻസിപി നേതാവ് അമോൽ മിത്കരി വെളിപ്പെടുത്തി. അപകടത്തിന് മുൻപ് തന്നെ പവാർ കുടുംബത്തിന് നേരെ ആക്രമണമുണ്ടാകുമെന്ന് ഖാരത്ത് ഒരു കർഷകന് മുന്നറിയിപ്പ് നൽകിയിരുന്നതായും റിപ്പോർട്ടുകളുണ്ട്.
ഈ ആരോപണങ്ങൾ ഉന്നയിച്ച് രോഹിത് പവാർ മുംബൈയിലെ സിഐഡി ഓഫീസിൽ നേരിട്ടെത്തി തെളിവുകൾ കൈമാറി. അപകടത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം വേണമെന്നും സംഭവത്തിന് പിന്നിൽ രാഷ്ട്രീയമോ കോർപ്പറേറ്റോ ആയ ഗൂഢാലോചനയുണ്ടോ എന്ന് കണ്ടെത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
2026 ജനുവരി 28ന് മുംബൈയിൽ നിന്ന് ബാരാമതിയിലേക്ക് പോയ ലിയർജെറ്റ് 45 വിമാനമാണ് തകർന്നു വീണത്. അജിത് പവാർ ഉൾപ്പെടെ വിമാനത്തിലുണ്ടായിരുന്ന അഞ്ച് പേരും അപകടത്തിൽ കൊല്ലപ്പെട്ടിരുന്നു. മൂടൽമഞ്ഞാണ് അപകടത്തിന് കാരണമെന്നായിരുന്നു പ്രാഥമിക റിപ്പോർട്ടുകൾ.
അജിത് പവാറിന്റെ മരണം മഹാരാഷ്ട്ര രാഷ്ട്രീയത്തിൽ ഉണ്ടാക്കിയ വലിയ ശൂന്യതയ്ക്ക് പിന്നാലെ ഉയർന്നു വന്ന ഈ മന്ത്രവാദ ആരോപണങ്ങൾ കേസിന് പുതിയൊരു മാനം നൽകിയിരിക്കുകയാണ്. എന്നാൽ ഈ ആരോപണങ്ങളിൽ സർക്കാർ ഇതുവരെ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.
Kerala
കൊച്ചി: കൊച്ചി കോര്‍പ്പറേഷന്റെ വിശപ്പുരഹിത പദ്ധതിയായ ഇന്ദിര കാന്റീനിന്റെ പ്രവര്‍ത്തനങ്ങളില്‍ ക്രമക്കേട് ആരോപിച്ച് എല്‍ഡിഎഫ് കൗണ്‍സിലര്‍മാര്‍. ടെന്‍ഡറോ ക്വട്ടേഷനോ ഇല്ലാതെയാണ് ഇന്ദിര കാന്റീനിന്റെ നിര്‍മാണം എന്ന് ചൂണ്ടിക്കാട്ടി എല്‍ഡിഎഫ് കൗണ്‍സിലര്‍മാര്‍ നഗരസഭാ സെക്രട്ടറിക്ക് പരാതി നല്കി.
ഇന്ദിര കാന്റീനിനായി നടത്തിയ നിര്‍മാണ പ്രവര്‍ത്തനങ്ങളിലും പദ്ധതിക്കായി സ്വകാര്യ സ്ഥാപനത്തിന്റെ സിഎസ്ആര്‍ ഫണ്ട് കൈകാര്യം ചെയ്ത രീതിയിലും എല്‍ഡിഎഫ് കൗണ്‍സിലര്‍മാര്‍ ക്രമക്കേട് ആരോപിച്ചു. ഇന്ദിര കാന്റീനില്‍ നിന്നുള്ള വരുമാനം എങ്ങോട്ടാണ് പോകുന്നതെന്ന് ഇതുവരെ വ്യക്തമാക്കിയിട്ടില്ലെന്നും കൗണ്‍സിലര്‍മാര്‍ ആരോപിച്ചു.
കൊച്ചി കോര്‍പ്പറേഷനില്‍ യുഡിഎഫ് ഭരണത്തില്‍ വന്നതോടെ പ്രഖ്യാപിച്ച 50 ഇന കര്മപരിപാടികളില് ആദ്യം പൂര്‍ത്തിയാക്കിയ പദ്ധതിയാണ് ഇന്ദിര കാന്റീൻ. നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പ് തന്നെ കാന്റീന് പ്രവര്‍ത്തനം ആരംഭിച്ചു. യുഡിഎഫിന്റെ പ്രകടന പത്രികയില്‍ സംസ്ഥാനത്ത് കൂടുതല്‍ ഇന്ദിര കാന്റീനുകള്‍ തുറക്കുമെന്നും ഉള്‍പ്പെടുത്തിയിരുന്നു.
വി.ഡി. സതീശന്, ഹൈബി ഈഡന് എംപി, രമേശ് ചെന്നിത്തല തുടങ്ങിയ നേതാക്കള്‍ ഇവിടെയെത്തി ഭക്ഷണം കഴിക്കുകയും പുകഴ്ത്തുകയും ചെയ്തിരുന്നു. എന്നാല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ കൊണ്ടുവന്ന സമൃദ്ധി കിച്ചനെ തകര്‍ക്കാനായാണ് ഇന്ദിര കാന്റീന് കൊണ്ടുവന്നത് എന്നാണ് ഇടതുപക്ഷത്തിന്റെ വിമര്‍ശനം.
നിലവില്‍ സമൃദ്ധിയില്‍ നിന്നുള്ള ഭക്ഷണമാണ് ഇന്ദിര കാന്റീനില്‍ വിളമ്പുന്നത്. 50 രൂപയ്ക്ക് ഒരു ദിവസത്തെ ഭക്ഷണം എന്ന ആശയത്തോടെ ആരംഭിച്ച ഇന്ദിര കാന്റീനില്‍ 10 രൂപയ്ക്ക് പ്രഭാത ഭക്ഷണവും അത്താഴവും ലഭിക്കും. അതിനാല്‍ ഇന്ദിര കാന്റീന് വളരെ പെട്ടെന്ന് തന്നെ ക്ലിക്ക് ആയിരുന്നു.
Kerala
തൃശൂർ: പാലക്കാട് വോട്ടർമാർക്കു വോട്ടിനു പണം നൽകിയെന്ന ആരോപണത്തിൽ പുറത്തുവന്ന വീഡിയോ എഐ ആണെന്ന് എൻഡിഎ സ്ഥാനാർഥി ശോഭ സുരേന്ദ്രൻ.
പാലക്കാട്ട് ശോഭ സുരേന്ദ്രൻ ജയിച്ച് പദ്ധതികൾ കൊണ്ടുവരരുത് എന്ന് ഒരു വിഭാഗം മാധ്യമങ്ങൾ ആഗ്രഹിക്കുന്നു. ജമാഅത്തെ ഇസ്ലാമിയുടെ തണൽപറ്റിക്കൊണ്ട് ഒരു മാധ്യമപ്രവർത്തനം പാലക്കാട് നടത്തുന്നുണ്ട്.
പാലക്കാട് പണം പണം നൽകിയതിന്റെ രേഖ എവിടെ. കഥ കെട്ടിച്ചമച്ചു പടർത്തുകയാണെന്നും ശോഭ സുരേന്ദ്രൻ പറഞ്ഞു.
ശോഭ സുരേന്ദ്രന്റെ സ്റ്റിക്കർ ഒട്ടിച്ച നിരവധി കാറുകൾ ഓടുന്നുണ്ട്. പണം തന്നിട്ടില്ല എന്നു സ്ത്രീ പറഞ്ഞതു റിപ്പോർട്ട് ചെയ്യപ്പെട്ടില്ല. തന്നെ വേട്ടയാടാൻ മാധ്യമ സിൻഡിക്കറ്റ് പ്രവർത്തിക്കുന്നു.
തലേദിവസം കളക്ടർക്കു പരാതിനൽകിയ ശേഷമാണ് കഥയുണ്ടാക്കുന്നത്. വിവാദത്തിന്റെ ഡയറക്ടർ ഷാഫി പറമ്പിലാണ്. ജമാഅത്തെ ഇസ്ലാമിയുമായും പോപ്പുലർ ഫ്രണ്ടുമായും ഷാഫിക്കു ബന്ധമുണ്ട്.
കൗൺസിലർ പ്രശോഭ് പീഡിപ്പിച്ച പെൺകുട്ടിയുടെ വിവരങ്ങൾ യുഡിഎഫ് സ്ഥാനാർഥിക്ക് അറിയാം.
ആ പെൺകുട്ടി ജീവനോടെയുണ്ടോ എന്നു മാധ്യമപ്രവർത്തകർ കണ്ടെത്തണം. ആ ദളിത് പെൺകുട്ടി എവിടെയുണ്ട്?.
അവളെ നാടുകടത്തിയോ അതോ തട്ടിക്കൊണ്ടുപോയോ എന്നും ശോഭ സുരേന്ദ്രൻ ചോദിച്ചു.
Kerala
പാലക്കാട്: വോട്ടിന് കോഴ ആരോപണത്തിൽ പ്രതികരിച്ച് പാലക്കാട്ടെ എൻഡിഎ സ്ഥാനാർഥി ശോഭ സുരേന്ദ്രൻ. തന്നെ വേട്ടയാടാനുള്ള ശ്രമമാണ് നടന്നതെന്ന് ശോഭ സുരേന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു. കോണ്‍ഗ്രസ് പ്രത്യേകം തിരക്കഥ തയാറാക്കി വേട്ടയാടുകയാണെന്നും അവർ പറഞ്ഞു.
താൻ കണ്ണാടി പഞ്ചായത്തിൽ എത്തിയത് ക്യാൻസർ രോഗിയെ കാണാനാണ്. അപ്പോൾ ഒരു സംഘം ആളുകൾ കാറിൽ പിന്തുടർന്നിരുന്നുവെന്നും അവർ പറഞ്ഞു. ആ കാറിലുണ്ടായിരുന്നു ചെറുപ്പക്കാരൻ മോശമായി ആംഗ്യം കാണിച്ചതിനാലാണ് താൻ തന്റെ കാറിൽനിന്നും ഇറങ്ങി ചെന്ന് ആ യുവാവിനെതിരെ പ്രതികരിച്ചത്. ആ കാറിൽ നിരവധി കേസുകളിൽ പ്രതിയായിരുന്ന വിനേഷ് ഉണ്ടായിരുന്നു.
മോശമായ രീതിയിലും വൃത്തിക്കെട്ട രീതിയിലും ഏതോരു സ്ത്രീയും വേദനിക്കുന്ന രീതിയിലുമാണ് ആ കാറിലുണ്ടായിരുന്നു യുവാവ് പ്രതികരിച്ചത്. ആ അമ്മയ്ക്ക് പണം നൽകിയത് വിനേഷിനോപ്പം കാറിലെത്തിയ യുവതിയായിരിക്കുമെന്നും ശോഭ ആരോപിച്ചു.
തനിക്കെതിരെ ഉയർന്ന വിവാദങ്ങൾ എല്ലാം ഉണ്ടയില്ലാ വെടിയാണെന്നും ശോഭ കൂട്ടിച്ചേർത്തു.
Kerala
പാലക്കാട്: കണ്ണാടിയിൽ ബിജെപി പ്രവര്‍ത്തകര്‍ വോട്ടര്‍ക്ക് പണം നൽകിയെന്ന ആരോപണത്തിൽ ഇടപെട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ. പാലക്കാട് ജില്ലാ കളക്ടറോട് തെരഞ്ഞെടുപ്പ് കമ്മീഷൻറിപ്പോര്‍ട്ട് തേടി.
അതേസമയം തെരഞ്ഞെടുപ്പ് ഫ്ലൈയിംഗ് സ്ക്വാഡ് സംഭവസ്ഥലത്തെത്തി പ്രാഥമിക അന്വേഷണം നടത്തി. കണ്ണാടി പഞ്ചായത്തിൽ ബിജെപി സ്ഥാനാർഥി ശോഭ സുരേന്ദ്രന്റെ കൂടെയെത്തിയ സ്ത്രീ വോട്ടർക്ക് പണം നൽകിയെന്നാണ് കോൺഗ്രസിന്റെ ആരോപണം.
ബിജെപി പ്രവർത്തകർ മൂന്ന് കാറുകളിലാണ് ഇവിടെ എത്തിയത്. കാറിൽ നിന്ന് ഇറങ്ങി സ്ത്രീ ജില്ലയിലെ വോട്ടർക്ക് പണം നല്‍കുകയായിരുന്നു. വയോധികയുടെ വീടിന്റെ തൊട്ടടുത്ത് ഒരാൾ മരിച്ചിരുന്നു. ഈ വീട്ടിലേക്ക് എൻഡിഎ സ്ഥാനാർഥി ശോഭാ സുരേന്ദ്രനും പ്രവർത്തകരും എത്തുകയായിരുന്നു.
അതിനുശേഷം തൊട്ടടുത്ത വീട്ടിലേക്ക് വന്നു. അവിടെ കുറച്ചുനേരം സംസാരിക്കുകയും വയോധികയുടെ കൈയിലേക്ക് പണം നൽകിയെന്നുമാണ് ആരോപണം.
Kerala
കൊച്ചി: മാത്യു കുഴല്നാടന് ഉയര്‍ത്തിയത് ഗുരുതരമായ ആരോപണമാണെന്നും ഗൗരവമായി അന്വേഷിക്കണമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. മന്ത്രി കൃഷ്ണന്‍കുട്ടിയുടെ ശബ്ദരേഖ നേരത്തെ താന്‍ കേട്ടതാണെന്നും വി.ഡി. സതീശന് വ്യക്തമാക്കി. ശബ്ദരേഖ കേള്‍പ്പിച്ചയാള്‍ തന്നില്ല. തെളിവ് ഇല്ലാത്തതു കൊണ്ടാണ് ആരോപണം ഉന്നയിച്ച് രംഗത്തെത്താതിരുന്നത് എന്നാണ് സതീശന് പറയുന്നത്.
മാത്യു കുഴല്നാടന് ഉയര്‍ത്തിയത് ഗുരുതരമായ ആരോപണം. ഇത് ഗൗരവമായി അന്വേഷിക്കണം. മന്ത്രി രാജി വയ്ക്കണം. പ്രളയത്തില്‍ എത്ര പേരാണ് മരിച്ചത്. എത്ര പേരാണ് ദുരിതത്തിലായത്. ഇതിനൊക്കെ ആര് കണക്ക് പറയും. മുൻമന്ത്രിക്ക് ഉത്തരവാദിത്വമുണ്ടെന്ന് വേറൊരു മന്ത്രി പറയുകയാണ്. രണ്ടും ഒരേ പാര്‍ട്ടിയിലെ മന്ത്രിമാര്‍. ഗുരുതരമായ ആരോപണമാണിതെന്നും സതീശൻ കൂട്ടിച്ചേർത്തു.
'പലരെയും സഹായിക്കാന്‍ വേണ്ടി ഡാം മാനേജ്മെന്റ് അട്ടിമറിച്ചുവെന്ന് ഈ മന്ത്രിസഭയിലെ ഒരു മന്ത്രി അന്നത്തെ മന്ത്രിസഭയിലെ മന്ത്രിക്കെതിരെ ആക്ഷേപം ഉന്നയിച്ചിരിക്കുകയാണ്. ഞാന്‍ ഈ ശബ്ദരേഖ നേരത്തെ കേട്ടതാണ്. പക്ഷെ ഇത് കേള്‍പ്പിച്ചയാള്‍ എനിക്ക് തന്നില്ല. എന്റെ കൈയില്‍ തെളിവ് ഇല്ലാത്തതു കൊണ്ട് ഞാന്‍ ആരോപണം ഉന്നയിച്ചില്ല. ഇത് കൃഷ്ണന്‍കുട്ടിയുടെ ശബ്ദമല്ലെന്ന് തെളിയിക്കാന്‍ ഞാന്‍ വെല്ലുവിളിക്കുന്നു'- വി.ഡി. സതീശന് പറഞ്ഞു.
അതേസമയം, കേരളത്തെ തകര്‍ത്ത 2018ലെ പ്രളയം മനുഷ്യനിര്‍മിതമെന്ന് ആരോപിച്ചുകൊണ്ടാണ് മാത്യു കുഴല്നാടന് കെ. കൃഷ്ണന്‍കുട്ടിയുടെ ശബ്ദരേഖ പുറത്തു വിട്ടത്. ഡാമുകള്‍ തുറക്കാതിരുന്നത് ഉദ്യോഗസ്ഥരുടെ അഴിമതിയെന്നാണ് ശബ്ദരേഖയില്‍. തോട്ടപ്പള്ളി സ്പില്‍വേ തുറക്കാത്തിരുന്നത് മേരി മാതാ കണ്‍സ്ട്രക്ഷന്‍ കമ്പനിക്ക് വേണ്ടിയാണെന്നും ഇതില്‍ മാത്യു ടി. തോമസിന് പങ്കുണ്ടെന്നുമാണ് കൃഷ്ണന്‍കുട്ടി പറയുന്നത്.
എന്നാല്‍ ശബ്ദരേഖ തന്റേതല്ലെന്നും എഐ നിര്‍മ്മിതമാണെന്ന സംശയമുണ്ട് എന്നുമാണ് കൃഷ്ണന്‍കുട്ടി പറയുന്നത്. അങ്ങനെ പറഞ്ഞതായി ഓര്‍മയില്ലെന്നും നിയമനടപടി സ്വീകരിക്കുമെന്നും കൃഷ്ണന്‍കുട്ടി പറഞ്ഞു.
ഇതെല്ലാം തെരഞ്ഞെടുപ്പിന് വേണ്ടിയുണ്ടാക്കിയ ഓഡിയോയാണ്. എഐ കൊണ്ട് ആരുടെ സൗണ്ട് പോലും വളരെ ഭംഗിയായി നിര്‍മിക്കും. ഈ ഓഡിയോ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കണമെന്നും കൃഷ്ണന്‍കുട്ടി ആവശ്യപ്പെട്ടു.
Kerala
കോഴിക്കോട്: വയനാട് പുനരധിവാസത്തിനായി ഡിവൈഎഫ്ഐ സമാഹരിച്ച ഫണ്ടുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് ഉന്നയിക്കുന്ന ആരോപണങ്ങള്‍ക്കെതിരേ മറുപടിയുമായി സംസ്ഥാന പ്രസിഡന്റ് വി.വസീഫ്.
സംഘടന ഇരുപത് കോടി സമാഹരിച്ചതായും ഇതിന്റെ കണക്കുകള്‍ സുതാര്യമാണെന്നും വസീഫ് വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. ഡിവൈഎഫ്ഐ ജനങ്ങളുടെ കൈയിൽനിന്ന് നേരിട്ട് പണം പിരിച്ചിട്ടില്ല. പകരം വിവിധ ചലഞ്ചുകൾ വഴിയാണ് തുക കണ്ടെത്തിയത്.
ഇതിനായി തിരുവനന്തപുരം പേട്ടയിലെ കാനറാ ബാങ്കിൽ പ്രത്യേക അക്കൗണ്ട് തുറന്നാണ് പണം നിക്ഷേപിച്ചത്. ഇതിന്റെ തെളിവായി 266 പേജുകളുള്ള ബാങ്ക് സ്റ്റേറ്റ്മെന്റ് തങ്ങളുടെ കൈവശമുണ്ടെന്നും ഏത് അന്വേഷണത്തെയും നേരിടാൻ തയാറാണെന്നും അദ്ദേഹം അവകാശപ്പെട്ടു. കണ്ണൂർ ജില്ലയിൽ നിന്നുമാത്രം മൂന്ന് കോടിയിലധികം രൂപ ലഭിച്ചതായും ഇതിൽ തലശേരി ബ്ലോക്ക് കമ്മിറ്റി മാത്രം 47 ലക്ഷത്തോളം രൂപ സമാഹരിച്ചതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
കോൺഗ്രസിന്റെ പണപ്പിരിവിൽ വലിയ ദുരൂഹതയുണ്ടെന്നും യൂത്ത് കോൺഗ്രസിനെപ്പോലെ പണം മുക്കുന്ന ശീലം ഡിവൈഎഫ്ഐക്കില്ലെന്നും വസീഫ് പരിഹസിച്ചു. രണ്ട് വർഷത്തിനുശേഷമാണ് കോൺഗ്രസ് തങ്ങളുടെ കണക്കുകൾ പുറത്തുവിട്ടതെന്നും എം.എൻ. കാരശേരിയെപ്പോലുള്ളവർക്കുപോലും കോൺഗ്രസിനെതിരേ സംസാരിക്കേണ്ടി വന്ന സാഹചര്യമാണുള്ളതെന്നും അദ്ദേഹം ഓർമിപ്പിച്ചു.
തങ്ങൾ പിരിച്ചതിന്റെ നാലിലൊന്നുപോലും സമാഹരിക്കാൻ കോൺഗ്രസിന് സാധിച്ചിട്ടില്ലെന്നും പലിശ മോഷ്ടിച്ചു എന്നൊക്കെയുള്ള ആരോപണങ്ങൾ വസ്തുതാവിരുദ്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് ആളെ അയച്ച് തങ്ങളുടെ രേഖകൾ എപ്പോൾ വേണമെങ്കിലും പരിശോധിക്കാവുന്നതാണെന്നും വസീഫ് വ്യക്തമാക്കി.
Kerala
ഇരിട്ടി: വയനാട് ദുരിത ബാധിതർക്ക് വീട് നിർമിക്കാൻ കോൺഗ്രസിന് ലഭിച്ച ഫണ്ടിന്റെ കണക്കുമായി കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. ഫണ്ട് സമാഹരണത്തിലൂടെ കെപിസിസിക്ക് ലഭിച്ചത് 5,38,21,632 രൂപയാണെന്ന് സണ്ണി ജോസഫ് പത്രസമ്മേളനത്തിൽ പറഞ്ഞു.
കോൺഗ്രസിന്റെ ഭവന നിർമാണ ഫണ്ടുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി നടത്തിയത് അടിസ്ഥാനരഹിതമായ ആരോപണമാണ്. പ്രതിപക്ഷ നേതാവിന്റെയും കെപിസിസി പ്രസിഡന്റിന്റെയും ജോയിന്റ് അക്കൗണ്ടിലേക്കാണ് പണം ലഭിച്ചത്.
വയനാട്ടിൽ വീട് നിർമിക്കുന്നതിന് ഭൂമി കിട്ടുന്നതിന് വലിയ കാലതാമസമുണ്ടായി. തോട്ടം ഭൂമി സർക്കാർ ഏറ്റെടുത്ത് നൽകേണ്ടതായിരുന്നു. എന്നാൽ, സർക്കാർ അതിന് തയാറാകാതിരുന്നപ്പോൾ സ്വകാര്യ വ്യക്തികളിൽനിന്നാണ് ഭൂമി വാങ്ങിയത്.
രണ്ട് ഘട്ടങ്ങളിലായി അഞ്ചേക്കർ നാല്പത്തിരണ്ടര സെന്റ് കോൺഗ്രസ് പണം നൽകി വാങ്ങി. ആദ്യഘട്ടത്തിൽ മൂന്നേക്കർ ഇരുപത്തിനാലര സെന്റിന് 3,68,36,388 രൂപയും രണ്ടാംഘട്ടത്തിൽ രണ്ടേക്കർ പതിനെട്ടര സെന്റ് വാങ്ങുന്നതിന് 2,50, 30, 272 രൂപയും കെപിസിസി നൽകി.
യൂത്ത് കോൺഗ്രസ് നടത്തിയ ഫണ്ട് സമാഹരണത്തിൽ ലഭിച്ച 1.05 കോടി കെപിസിസിക്ക് കൈമാറിയിരുന്നു. ഈ രണ്ട് തുകയും തികയാതെ വന്നപ്പോൾ കെപിസിസിയുടെ തനത് ഫണ്ടിൽനിന്ന് 97,51,212 രൂപയും വിനിയോഗിച്ചു.
കണ്ടെത്തിയ ഭൂമിയുടെ രജിസ്ട്രേഷൻ ഉൾപ്പെടെയുള്ള നടപടികൾ പൂർത്തിയാക്കാൻ 73,90,958 രൂപ കൂടി വേണം. ഭൂമിയെല്ലാം ലഭ്യമായാൽ കെപിസിസി പ്രഖ്യാപിച്ച വീട് രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ചേർന്ന് എഐസിസിയുടെയും കെപിസിസിയുടെയും പങ്കാളിത്തത്തോടെ നിർമിച്ച് നൽകും.
വസ്തുതകൾ ഇതായിരിക്കെ മുഖ്യമന്ത്രി ഉൾപ്പെടെ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുകയാണ്. പാർട്ടി ഫണ്ടും രക്തസാക്ഷി ഫണ്ടും കട്ടവരെയും അയ്യപ്പന്റെ സ്വർണം കൊള്ളയടിച്ചവരെയും സംരക്ഷിക്കുന്ന സിപിഎമ്മും അതിന്റെ മുഖ്യന്ത്രിയും വിലകുറഞ്ഞ ആരോപണങ്ങളാണ് കോൺഗ്രസിനെതിരേ നടത്തുന്നത്.
ദുരന്ത സമയത്ത് സർക്കാരിനൊപ്പം തോളോടു തോൾ ചേർന്ന് പ്രവർത്തിച്ചവരാണ് കോൺഗ്രസുകാർ. കോൺഗ്രസ് ഭരണത്തിലുള്ള ജില്ലാ പഞ്ചായത്തും ഗ്രാമപഞ്ചായത്തും സ്ഥലം എംഎൽഎയും നടത്തിയ പ്രവർത്തനങ്ങൾ ജനങ്ങൾക്കറിയാം. എന്നിട്ടും ദുരിത ബാധിതർക്ക് വാങ്ങിയ ഭൂമിയെ സമരഭൂമിയാക്കാനുള്ള ശ്രമമാണ് ഡിവൈഎഫ്ഐയുടെയും സിപിഎമ്മിന്റെയും ഭാഗത്തുനിന്ന് ഉണ്ടായത്.
വയനാട് ദുരിത ബാധിതർക്കുള്ള ഭവനനിർമാണത്തിന്റേതുൾപ്പെടെ എല്ലാ കാര്യങ്ങളും തുറന്ന സംവാദത്തിന് മുഖ്യമന്ത്രിയെ വെല്ലുവിളിച്ചിട്ടും അത് ഏറ്റെടുക്കാനുള്ള ധൈര്യം കാണിക്കാതെ ഉത്തരം മുട്ടുമ്പോൾ കൊഞ്ഞനം കുത്തുന്ന സമീപനമാണ് മുഖ്യമന്ത്രിയിൽനിന്ന് ഉണ്ടാകുന്നത്.
കണ്ണൂരിൽ തെരഞ്ഞെടുപ്പ് നീതിപൂർവമാക്കാൻ കേന്ദ്ര- സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർമാർ ഇടപെടണമെന്നും കെപിസിസി പ്രസിഡന്റ് ആവശ്യപ്പെട്ടു. ജില്ലാ കളക്ടർ ഓഫീസർ ഭരണക്ഷിയുടെ ഏജന്റായി പ്രവർത്തിക്കാൻ അനുവദിക്കില്ലെന്നും കെപിസിസി പ്രസിഡന്റ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
Kerala
പയ്യന്നൂര്‍: വി. കുഞ്ഞികൃഷ്ണന്റെ വെളിപ്പെടുത്തലിനെതിരേ സിപിഎം പയ്യന്നൂര്‍ ഏരിയാ കമ്മിറ്റി സെക്രട്ടറി പി. സന്തോഷ് പ്രസ്താവനയുമായി രംഗത്ത്.
ധനരാജ് രക്തസാക്ഷി ഫണ്ടുമായി ബന്ധപ്പെട്ട് പയ്യന്നൂര്‍ റൂറല്‍ ബാങ്കിലെ 18795 നമ്പര്‍ അക്കൗണ്ടില്‍നിന്നും 20299 നമ്പര്‍ വ്യക്തിപരമായ അക്കൗണ്ടി ലേക്ക് സംഖ്യ മാറ്റി എന്നതാണ് പുതിയ കണ്ടെത്തല്‍. വാസ്തവത്തില്‍ ഈ അക്കൗണ്ട് സെക്രട്ടറി സിപിഎം പയ്യന്നൂര്‍ ഏരിയാ കമ്മിറ്റി എന്ന പേരിലുള്ള അക്കൗണ്ടാണ്.
പയ്യന്നൂര്‍ ഏരിയാ സെക്രട്ടറിയുടെ ചുമതല നിര്‍വഹിച്ച സമയത്ത് ആരോപണം ഉന്നയിച്ച വ്യക്തിയും ഈ അക്കൗണ്ട് തന്നെയാണ് ഉപയോഗിച്ചിരുന്നത് എന്നതുകൊണ്ടുതന്നെ ഇത് വ്യക്തിഗത അക്കൗണ്ടല്ല എന്നത് ആര്‍ക്കും ബോധ്യപ്പെടുന്നതുമാണ്.
നോട്ടുനിരോധനത്തെ തുടര്‍ന്ന് ബാങ്കിംഗ് ഇടപാടില്‍ വന്നിട്ടുള്ള നിയന്ത്രണത്തിന്റെ ഭാഗമായി വ്യത്യസ്ത അക്കൗണ്ട് വഴി പാര്‍ട്ടിയുടെ ആവശ്യങ്ങള്‍ക്കായി പണം പിന്‍വലിക്കേണ്ടിവന്നിട്ടുണ്ട്.
ഇങ്ങനെ പിന്‍വലിക്കപ്പെട്ട സംഖ്യ ആരും വ്യക്തിഗതമായി ഉപയോഗിക്കുന്നതിനുവേണ്ടിയായിരുന്നില്ല. മറിച്ച്, പാര്‍ട്ടി ആവശ്യത്തിനു വേണ്ടിയായിരുന്നു. യാഥാര്‍ഥ്യം ഇതായിരിക്കെ ഇത്തരം ആരോപണങ്ങള്‍ തികഞ്ഞ അവഗണനയോടെ തള്ളിക്കളയണമെന്ന് അഭ്യര്‍ഥിക്കുന്നുവെന്നാണ് പ്രസ്താവന.
Kerala
കോട്ടയം:സഹകരണസ്ഥാപനങ്ങളില്‍ പൊതു സോഫ്റ്റ് വേർ സംവിധാനം നടപ്പാക്കുന്നതു സംബന്ധിച്ച വിഷയത്തില്‍ സ്വകാര്യ സ്ഥാപനത്തോട് രമേശ് ചെന്നിത്തലക്ക് ഇത്ര താല്പര്യമെന്തെന്ന് വ്യക്തമാക്കണമെന്ന് മന്ത്രി വി. എന്‍. വാസവന്.
ടെന്‍ഡറില്‍ പങ്കെടുത്ത കമ്പനിയുടെ സാങ്കേതികക്ഷമത പരിശോധിക്കാന്‍ 11 വിദഗ്ധര്‍ അടങ്ങിയ സമിതി തയാറാക്കിയ മാനദണ്ഡങ്ങളില്‍ ദിനേശ് കമ്പനിക്ക് നൂറില്‍ 82 മാര്‍ക്ക് ലഭിച്ചിട്ടുണ്ട്. ഇത് ഹൈക്കോടതിയും അംഗീകരിച്ചിരുന്നു.
ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസിനുള്ള ടെന്‍ഡര്‍ പ്രകാരം മുഴുവന്‍ വിവരങ്ങളും അവര്‍ക്ക് സ്വന്തമാക്കാന്‍ കഴിയുമായിരുന്നു. അത് കച്ചവടം ചെയ്യാന്‍ സാധ്യതയുണ്ട്.
സോഴ്സ് കോഡിന്റെ ഉടമസ്ഥാവകാശം സര്‍ക്കാരില്‍ നിക്ഷിപ്തമായിരുന്നില്ല. ആ ടെന്‍ഡറുമായി മുന്നോട്ടുപോയിരുന്നെങ്കില്‍ അത് സഹകരണപ്രസ്ഥാനത്തിന്റെ നട്ടെല്ല് തകർക്കുമായിരുന്നെന്നും സഹകരണ വകുപ്പ് മന്ത്രി വിഎൻ വാസവൻ പറഞ്ഞു.
Kerala
കോഴിക്കോട്: മന്ത്രി കെ.ബി. ഗണേഷ് കുമാറിനെതിരെ ഭാര്യ ഉയർത്തിയ ആരോപണങ്ങളിൽ പ്രതികരിച്ച് സ്പീക്കർ എ.എൻ. ഷംസീർ. വിഷയത്തിന് രാഷ്ട്രീയ പ്രാധാന്യം നൽകേണ്ട ആവശ്യമില്ലെന്നും അത് കുടുംബ പ്രശ്നം മാത്രം ആണെന്നും ഷംസീർ പറഞ്ഞു.
ഉയർന്നുവന്ന ആരോപണം അടഞ്ഞ അധ്യായമാണ്. ഭാര്യയും ഭർത്താവും തമ്മിലുള്ള പ്രശ്നം അവർ തന്നെ പരിഹരിച്ചുവെന്നാണ് മാധ്യമങ്ങളിലൂടെ മനസിലാകുന്നതെന്നും ഷംസീർ കോഴിക്കോട് പറഞ്ഞു.
ഗണേഷിന്റെ ഭാര്യ വന്നുപറഞ്ഞ കാര്യമാണ് മാധ്യമങ്ങൾ കൊടുത്തത്. സ്വാഭാവികമായി അവർതന്നെ പറഞ്ഞു അത് തീർന്നുവെന്ന്. കുടുംബപ്രശ്നങ്ങളൊന്നും രാഷ്ട്രീയ പ്രശ്നമായി മാറുമെന്ന് വിശ്വസിക്കുന്നില്ല.
അത് രാഷ്ട്രീയ പ്രശ്നമാക്കേണ്ട കാര്യമില്ല. ഇനിയിപ്പോൾ സഭയൊന്നും ഇല്ല. രണ്ട് മൂന്ന് ദിവസങ്ങൾക്കുള്ളിൽ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കും. ശേഷം ജനങ്ങൾ തീരുമാനിക്കട്ടെയെന്നും ഷംസീർ പറഞ്ഞു.
Kerala
തിരുവനന്തപുരം: മന്ത്രി ഗണേഷ് കുമാറിനെതിരെ ഗുരുതര ആരോപണവുമായി ഭാര്യ രംഗത്തെത്തിയ സാഹചര്യത്തിൽ സംസ്ഥാന വ്യാപക പ്രതിഷേധം നടത്താൻ തീരുമാനിച്ച് യൂത്ത് കോൺഗ്രസ്. ജില്ലാ കമ്മിറ്റികളുടെ നേതൃത്വത്തിൽ കെഎസ്ആർടിസി ഡിപ്പോകളിലേക്ക് ഇന്ന് പ്രതിഷേധ മാർച്ച് നടത്തും.
മന്ത്രിയുടെ രാജിയാണ് പ്രതിഷേധത്തിന്റെ പ്രധാന ആവശ്യം. തിങ്കളാഴ്ച കൽപറ്റയിൽ ഗണേഷ് കുമാറിനെതിരെ യൂത്ത് കോൺഗ്രസ് നടത്തിയ പ്രതിഷേധത്തിനിടെ സംഘർഷം ഉണ്ടായിരുന്നു. കോഴിയെയും കൈയിൽ എടുത്തായിരുന്നു യൂത്ത് കോൺഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധം.
കെഎസ്ആർടിസി ബസ് തടഞ്ഞ പ്രവർത്തകർ, മന്ത്രിയുടെ കോലവും കത്തിച്ചു. സ്ഥലത്ത് പോലീസും യൂത്ത് കോൺഗ്രസ് പ്രവർത്തകരും തമ്മിൽ കൈയാങ്കളിയായി. ബസ് തടഞ്ഞ പ്രവർത്തകരെ നീക്കം ചെയ്യാൻ പോലീസ് ശ്രമിച്ചതാണ് സംഘർഷത്തിനിടയാക്കിയത്.
തിരുവനന്തപുരത്തും പത്തനാപുരത്തും ഗണേഷ് കുമാറിനെതിരെ പ്രതിഷേധ മാർച്ച് നടന്നു. തിരുവനന്തപുരത്ത് കോൺഗ്രസ് പ്രവർത്തകർ സെക്രട്ടറിയേറ്റിലേക്ക് പ്രതിഷേധ മാർച്ച് നടത്തി.
Kerala
തിരുവനന്തപുരം: സാമൂഹിക മാധ്യമങ്ങളിൽ ഉയർന്ന ആരോപണങ്ങളിൽ മറുപടിയുമായി മന്ത്രി കെ.ബി. ഗണേഷ് കുമാർ. തെരഞ്ഞെടുപ്പ് കാലം അടുക്കുമ്പോൾ നടത്തുന്ന രാഷ്ട്രീയ മുതലെടുപ്പാണ് ഇതെന്നും ഇക്കാര്യങ്ങൾ കേരളത്തിലെ ജനങ്ങളെ ബാധിക്കുന്ന വിഷയമല്ലെന്നും ഗണേഷ് കുമാർ പറഞ്ഞു. മുൻപും ഇത്തരത്തിലുള്ള ആരോപണങ്ങൾ ഉയർന്നു വന്നിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
തനിക്കെതിരെ ഉയരുന്ന ആരോപണം ശരിയാണെങ്കിലും അല്ലെങ്കിലും അത് വ്യക്തിപരമായ കാര്യമാണെന്നും അതിൽ ആരും ഇടപെടേണ്ടെന്നും ഗണേഷ്കുമാർ പറഞ്ഞു. പ്രണയം ഒരു കുറ്റമല്ല. പ്രണയം എല്ലാവർക്കുമുണ്ട്. അത് ഇനിയും തുടരും. ഞാനൊരു മികച്ച പൊതു പ്രവർത്തകനാണ്. ഇന്നേവരെ അഴിമതി ചെയ്തിട്ടില്ല.
പത്തനാപുരത്തുകാർ ഇത് വിശ്വസിക്കില്ല. എന്റെ എക്സ്റേ അവർക്ക് അറിയാം. വീട്ടിലെ കാര്യം പറയണ്ടാ എന്ന് കരുതിയതാണ്. പക്ഷേ എനിക്ക് ഒന്നും മറയ്ക്കാനില്ല. വീട്ടിനുള്ളിൽ തന്നെ ശത്രുക്കൾ ഉണ്ട്. തന്റെ ഭാഗത്തു നിന്ന് മാന്യതയില്ലാത്ത പെരുമാറ്റം ഒരു സ്ത്രീക്കും ഉണ്ടായിട്ടില്ലെന്നും ഇനി ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.
ബിജെപി കൗൺസിലർ ആർ. ശ്രീലേഖയ്ക്കെതിരെയും ഗണേഷ്കുമാർ പ്രതികരിച്ചു. തന്റെ വ്യക്തി ജീവിതത്തിൽ ഇടപെടാൻ ആർക്കും അവകാശമില്ലെന്നും ഇപ്പോൾ ഉയർന്ന ആരോപണങ്ങൾ തന്റെ ഭൂരിപക്ഷം കൂട്ടുമെന്നും അദ്ദേഹം പറഞ്ഞു.
വട്ട് മൂത്താൽ ആരും പരാതിപ്പെടും. എനിക്കും വേണമെങ്കിൽ പരാതിപ്പെടാം. ഇക്കാര്യത്തിൽ ഇടപെടാൻ ആർ. ശ്രീലേഖ ആരാണ്? മേയർ സ്ഥാനം കിട്ടാത്തതിന്റെ കൊതിക്കെറുവാണ് അവർ തീർക്കുന്നതെന്നും ഗണേഷ് കുമാർ പറഞ്ഞു.
Movies
വിവാഹമോചനം, നടി തൃഷയുമായുള്ള ബന്ധം എന്നിവയുമായി ബന്ധപ്പെട്ട വിവാദങ്ങളോട് ആദ്യമായി പ്രതികരിച്ച് തെന്നിന്ത്യന്‍ സൂപ്പര്‍സ്റ്റാറും ടിവികെ തലവനുമായ വിജയ്.
വ്യക്തിജീവിതത്തിലെ അസ്വാരസ്യങ്ങളും വിവാഹമോചന വാര്‍ത്തകളും സോഷ്യല്‍ മീഡിയയില്‍ പുകയുമ്പോള്‍, പതിവ് ശൈലിയില്‍ ശാന്തനായി, അതേസമയം ഉറച്ചവാക്കുകളുമായി ഇളയദളപതി രംഗത്തെത്തി.
ടിവികെയുടെ വനിതാദിനാഘോഷത്തിലായിരുന്നു ആരാധകരെ ആവേശഭരിതരാക്കിയ പ്രസംഗം. തനിക്കെതിരേ ഉയരുന്ന ആരോപണങ്ങളില്‍ പ്രതിരോധം തീര്‍ക്കുന്ന അണികളോടായിരുന്നു വിജയ്യുടെ വൈകാരികമായ പ്രതികരണം.
ചില ചര്‍ച്ചകള്‍ നടക്കുന്നത് ഞാന്‍ അറിയുന്നുണ്ട്. അതിനുവേണ്ടി നിങ്ങള്‍ വാദിക്കുന്നതും വേദനിക്കുന്നതും കാണുമ്പോള്‍ എനിക്ക് വിഷമമുണ്ട്. അതൊന്നും നിങ്ങള്‍ ശ്രദ്ധിക്കേണ്ടതില്ല.
എന്റെ വ്യക്തിപരമായ കാര്യങ്ങള്‍ ഞാന്‍ നോക്കിക്കൊള്ളാം. നമുക്ക് മുന്നില്‍ ജനങ്ങളുടെ വലിയ പ്രശ്നങ്ങളുണ്ട്, അതില്‍ ശ്രദ്ധിക്കാം. ആത്മവിശ്വാസം കൈവിടരുത്, നല്ലതു മാത്രമേ സംഭവിക്കൂ...' - വിജയ് പറഞ്ഞു.
വിവാഹമോചനത്തെയോ, തൃഷയുമായി ബന്ധപ്പെടുത്തി വരുന്ന ഗോസിപ്പുകളെയോ നേരിട്ട് പരാമര്‍ശിച്ചില്ലെങ്കിലും തന്നെ വളയുന്ന വിവാദങ്ങള്‍ക്കുള്ള കൃത്യമായ മറുപടി ആയിരുന്നു വിജയ്യുടെ വാക്കുകള്‍.
വിജയ് വേദിയില്‍ ആത്മവിശ്വാസം പ്രകടിപ്പിക്കുമ്പോഴും നിയമപോരാട്ടം മുറുകുകയാണ്. ഭാര്യ സംഗീത ചെങ്കല്‍പേട്ട് കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലെ വിവരങ്ങള്‍ പുറത്തുവന്നതും തൃഷയോടൊപ്പം വിവാഹവിരുന്നില്‍ പങ്കെടുത്തതും സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായിരുന്നു.
ചെന്നൈ ഈസ്റ്റ് കോസ്റ്റ് റോഡിലെ വിജയ്യുടെ വീട്ടില്‍ തുടരാന്‍ അനുവദിക്കണമെന്നാണ് സംഗീതയുടെ പ്രധാന ആവശ്യം. ബ്രിട്ടീഷ് പൗരത്വമുള്ള തനിക്ക് ചെന്നൈയില്‍ മറ്റ് അഭയസ്ഥാനമില്ലെന്ന് അവര്‍ കോടതിയെ അറിയിച്ചു.
സമാധാനപരമായ വേര്‍പിരിയലിന് ശ്രമിച്ചെങ്കിലും ഫലം കണ്ടില്ലെന്നും കോടതിയെ സമീപിച്ചാല്‍ വീട്ടില്‍നിന്ന് പുറത്താക്കുമെന്ന് അഭിഭാഷകന് മുഖേന വിജയ് ഭീഷണിപ്പെടുത്തിയതായും സംഗീത ആരോപിക്കുന്നു.
സിനിമയില്‍നിന്ന് രാഷ്ട്രീയത്തിലേക്കുള്ള വിജയ്യുടെ ചുവടുമാറ്റത്തിനിടയില്‍ ഈ വിവാദങ്ങള്‍ വലിയ തിരിച്ചടിയാകുമോ എന്നാണ് തമിഴകം ഉറ്റുനോക്കുന്നത്. എന്നാല്‍, തന്റെ വ്യക്തിപരമായ പ്രശ്നങ്ങള്‍ പാര്‍ട്ടിയെ ബാധിക്കില്ലെന്നാണ് വിജയ് പറയുന്നത്.
National
ന്യൂഡൽഹി: ഒഡീഷയിലെ സുന്ദർഗഡ് ജില്ലയിൽ ആദിവാസികളുടെ ഭൂമി അനധികൃത രേഖകൾ ചമച്ചു കൈയേറിയതായി ആരോപണം. ജില്ലയിലെ കുക്കുഡ, അലന്ദ, കെസ്രാമാൽ, ജാഗർപുർ, ഖതാംഗ് എന്നീ പ്രദേശങ്ങളിലെ 990 ഏക്കറോളം ഭൂമി സർക്കാർ ഒത്താശയോടെ വൻകിട സിമന്റ് കന്പനി ഖനനത്തിനായി കൈവശപ്പെടുത്തിയെന്നാണ് ഓൾ ഇന്ത്യ കാത്തലിക് യൂണിയൻ (ഐഎസിയു) ആരോപിച്ചത്.
ഈ പ്രദേശത്തെ 12 ഗ്രാമങ്ങളിൽ താമസിക്കുന്ന 780ൽ 700 കുടുംബങ്ങളും ക്രിസ്തുമത വിശ്വാസികളാണ്. സർക്കാർ ഒത്താശയോടെയുള്ള അനധികൃത കൈയേറ്റം ഈ കുടുംബങ്ങളുടെ ഉപജീവനത്തെയും സംസ്കാരത്തെയും വിശ്വാസത്തെയും ബാധിക്കുമെന്ന് ഡൽഹിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ ഐഎസിയു ആരോപിച്ചു.
തലമുറകളായി കൈമാറ്റം ചെയ്യപ്പെട്ട ഈ ഭൂമി നഷ്ടപരിഹാരത്തേക്കാളും വിലപ്പെട്ടതാണെന്ന് വിഷയം നേരിട്ടു ബാധിക്കുന്നവരിൽ ഒരാളും അനധികൃത കൈയേറ്റത്തിനെതിരേ സുപ്രീംകോടതിയെ സമീപിച്ച വ്യക്തിയുമായ ബിപുൽ ടോപ്പോ പത്രസമ്മേളനത്തിൽ വ്യക്തമാക്കി.
ആദിവാസിഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട സകല നിയമങ്ങളും കാറ്റിൽപ്പറത്തിയാണു രാജ്യത്തെതന്നെ വൻകിട സിമന്റ് കന്പനിക്കുവേണ്ടി ഒഡീഷ സർക്കാർ ഇടപെടൽ നടത്തിയത്. ഭൂമിയേറ്റെടുക്കലിന് 2020 മുതൽ മേഖലയിലെ ഗ്രാമസഭകൾ അനുമതി നിഷേധിച്ചിരുന്നു.
എന്നാൽ, വിഷയം ഹൈക്കോടതിയിലെത്തിയപ്പോൾ അനുമതി നൽകിയതായുള്ള തെറ്റായ രേഖകൾ നൽകിയതോടെ കന്പനിക്ക് അനുകൂലമായ ഉത്തരവുണ്ടായി. ഇതിനെതിരേ വ്യാജരേഖ ചമയ്ക്കൽ ഉൾപ്പെടെ കേസ് നൽകിയതായും ടോപ്പോ വ്യക്തമാക്കി. ഹൈക്കോടതി നടപടി ചോദ്യം ചെയ്തു കുടുംബങ്ങൾ സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്.
National
ബംഗളുരു: മുഖ്യമന്ത്രിസ്ഥാനത്തിനായി ഇടഞ്ഞുനിൽക്കുന്ന ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്റെയും സംഘത്തിന്റെയും ഫോൺചോർത്തിയെന്ന പ്രതിപക്ഷ ആരോപണം അടിസ്ഥാനരഹിതമാണെന്നു കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ.
തേനും പാലും തമ്മിലുള്ള ബന്ധംപോലെയാണ് താനും ശിവകുമാറും തമ്മിലുള്ള ബന്ധമെന്നും സിദ്ധരാമയ്യ അഭിപ്രായപ്പെട്ടു. അതിശക്തമായ ഈ ബന്ധത്തെ തകർക്കാൻ പ്രതിപക്ഷ ആരോപണത്തിന് കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
മുഖ്യമന്ത്രിപദത്തെച്ചൊല്ലി ഇരുനേതാക്കളും കലഹിക്കുന്നതിനിടെയാണ് ബിജെപിയും ജനതാദളും (എസ്) മുഖ്യമന്ത്രിക്കെതിരേ ഫോൺ ചോർത്തൽ ആരോപണം ഉയർത്തിയത്.
ശിവകുമാറിന്റെയും സംഘത്തിന്റെയും നീക്കങ്ങൾ നിരീക്ഷിക്കാൻ രഹസ്യാന്വേഷണ വിഭാഗത്തെ മുഖ്യമന്ത്രി ഉപയോഗിച്ചതായും ആർ. അശോക ആരോപിച്ചിരുന്നു.
Kerala
തിരുവനന്തപുരം: ബൈക്ക് മോഷണക്കേസിലെ പ്രതികളെ ക്രൂരമായി തല്ലിച്ചതച്ചെന്ന് പരാതി. തിരുവനന്തപുരം ഫോര്‍ട്ട് പോലീസിനെതിരെയാണ് ഗുരുതര ആരോപണം.
ബൈക്ക് മോഷണ കേസിൽ കൊച്ചി പോലീസ് അറസ്റ്റ് ചെയ്ത് ഫോര്‍ട്ട് പോലീസിന് കൈമാറിയ ജിനു ബേബിയ്ക്കും ഉണ്ണിക്കുമാണ് മര്‍ദനമേറ്റത്. മര്‍ദനത്തിൽ ഗുരുതരമായി പരിക്കേറ്റ ജിനുവിനെ ജയിലിൽ നിന്നും മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. തുടര്‍ന്ന് അടിയന്തര ശസ്ത്രക്രിയ നടത്തി. ഉണ്ണിയും ആശുപത്രിയിൽ ചികിത്സയിലാണ്.
പരാതിയിന്മേൽ മജിസ്ട്രേറ്റ് ഇരുവരുടെയും രഹസ്യമൊഴി രേഖപ്പെടുത്തി. വാഹനത്തിലിട്ട് പട്ടിക കൊണ്ട് അടിച്ചുവെന്നാണ് പ്രതികളുടെ മൊഴി. സംഭവത്തിൽ അന്വേഷണം തുടങ്ങിയതായി സിറ്റി പോലീസ് കമ്മീഷണർ കാർത്തിക് അറിയിച്ചു.
District News
നിലന്പൂർ: പാത്തിപ്പാറ-ഏനാന്തി റോഡ് ടാറിംഗ് പ്രവൃത്തിയിൽ അശാസ്ത്രീയതയും അഴിമതിയും ആരോപിച്ച് പ്രവൃത്തി നാട്ടുകാർ തടഞ്ഞു. റീ ടാറിംഗ് കഴിഞ്ഞ് മണിക്കൂറുകൾക്കുള്ളിൽ കൈകൊണ്ട് ചികഞ്ഞപ്പോൾ ടാർ ചെയ്ത ഭാഗങ്ങൾ അടർന്നുപോന്നതോടെയാണ് പ്രതിഷേധമുയർന്നത്.
മണ്ണിട്ട് അതിന് മുകളിൽ അശാസ്ത്രീയമായ രീതിയിൽ ടാറിംഗ് നടത്തിയതാണ് ടാറിംഗ് പൊളിയാൻ കാരണമെന്ന് ആരോപിച്ച് പ്രദേശവാസികൾ രംഗത്തെത്തി. റീ ടാറിംഗ് പ്രവൃത്തിയിലെ അശാസ്ത്രീയത ചൂണ്ടിക്കാട്ടി ഇന്നലെ ഉച്ചയ്ക്ക് രണ്ടോടെയാണ് നാട്ടുകാർ പ്രതിഷേധവുമായി എത്തിയത്. എസ്റ്റിമേറ്റ് പ്രകാരം റോഡ് റീ ടാറിംഗ് പ്രവൃത്തി നടത്തണമെന്നും അശാസ്ത്രീയ നിർമാണം അനുവദിക്കില്ലെന്നും നാട്ടുകാർ വ്യക്തമാക്കി.
ഇതോടെ കരാറുകാരൻ പ്രവൃത്തി നിർത്തിവച്ചു. പാത്തിപ്പാറ- ഏനാന്തി ഭാഗത്തെ റോഡ് തകർന്നതിനെ തുടർന്ന് റീ ടാറിംഗ് നടത്തണമെന്ന നാട്ടുകാരുടെ ദീർഘ നാളത്തെ ആവശ്യത്തെ തുടർന്നാണ് നവീകരണ പ്രവൃത്തി തുടങ്ങിയത്.
എന്നാൽ തുടക്കത്തിൽ തന്നെ പ്രതിഷേധമുയരുകയായിരുന്നു. പ്രദേശവാസികളായ ബാവ പെരുംപനച്ചി, മുസ്തഫ ഗനി പുലിക്കുന്നേൽ, നൗഷാദ്, അഷറഫ്, കിരാദാസ്, മുനീർ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.
Kerala
കണ്ണൂർ: കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റും സിപിഎം നേതാവുമായ പി.പി. ദിവ്യക്കെതിരേയുള്ള അഴിമതിയാരോപണങ്ങളിൽ വിജിലൻസ് അന്വേഷണം ആവശ്യമില്ലെന്നും തദ്ദേശ വകുപ്പിന്റെ വിജിലൻസ് അന്വേഷണം മതിയെന്നുമുള്ള സർക്കാർ നിലപാടിനെതിരേ ഹൈക്കോടതിയെ സമീപിക്കുമെന്ന് കെഎസ്യു സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ് ഷമ്മാസ് പത്രസമ്മേളനത്തിൽ അറിയിച്ചു.
പാലക്കയംതട്ട് ഭൂമി ഇടപാട്, ജില്ലാ ആശുപത്രി പരിസരത്തെ ഭൂമി ഇടപാട്, നിർമിതികേന്ദ്രം സംബന്ധിച്ച ആക്ഷേപം എന്നിവയിലാണ് അഴിമതി ആരോപിച്ചത്. മൂന്നു സംഭവങ്ങളിലും പി.പി. ദിവ്യയെ ഒഴിവാക്കി ജില്ലാ പഞ്ചായത്ത് സെക്രട്ടറിക്കെതിരേ അന്വേഷണം നടത്താനാണ് സർക്കാർ നിർദേശിക്കുന്നത്. ബിനാമി ഇടപാടിൽ സിപിഎമ്മിലെ പല ഉന്നതർക്കും പങ്കുണ്ടെന്ന് അദ്ദേഹം ആരോപിച്ചു.
തന്റെ ആരോപണങ്ങളിൽ പി.പി. ദിവ്യ ഇതേവരെ മറുപടി നൽകിയിട്ടില്ലെന്നും ആരോപണം നിഷേധിച്ചാൽ തെളിവ് പുറത്തുവിടുമെന്നും ഷമ്മാസ് വ്യക്തമാക്കി.
Movies
മലയാളനാടിനും ഇഷ്ടഗായകനാണ് ഉദിത് നാരായണന്. ബോളിവുഡ് ഗായകന്റെ വ്യക്തിജീവിതം ഇപ്പോള്‍ ഒരു ക്രൈം ത്രില്ലറിനെ പോലും വെല്ലുന്ന വിവാദച്ചുഴിയിലാണ്.
ഉദിത്തിന്റെ ആദ്യ ഭാര്യയുടെ ചില വെളിപ്പെടുത്തലുകളും അതുമായി ബന്ധപ്പെട്ട നിയമനടപടികളുമാണ് ഗായകനെ വിവാദത്തിലാക്കിയത്. തന്റെ അറിവോ സമ്മതമോ ഇല്ലാതെ ഗര്‍ഭപാത്രം നീക്കം ചെയ്തു എന്ന ആരോപണമാണ് ഉദിത്തിന്റെ ആദ്യ ഭാര്യ രഞ്ജന ഉയര്‍ത്തിയിരിക്കുന്നത്.
ബിഹാറിലെ സുപോള്‍ വനിതാ പോലീസ് സ്റ്റേഷനില്‍ നല്കിയ പരാതിയിലാണ് രഞ്ജന ഗര്‍ഭപാത്രം നീക്കം ചെയ്തതുള്‍പ്പെടെയുള്ള പരാതികള്‍ ഉന്നയിച്ചിരിക്കുന്നത്. 1996-ലാണ് സംഭവം.
ചികിത്സയ്ക്കെന്ന വ്യാജേന ഡല്‍ഹിയിലെ ഒരു പ്രമുഖ ആശുപത്രിയില്‍ കൊണ്ടുപോയി തന്റെ ഗര്‍ഭപാത്രം നീക്കം ചെയ്തതെന്ന് രഞ്ജന പറയുന്നു. വര്‍ഷങ്ങള്‍ക്കുശേഷം, മറ്റൊരു ചികിത്സയ്ക്കിടെയാണ് ഇക്കാര്യങ്ങള്‍ അറിഞ്ഞതെന്നും പരാതിയിലുണ്ട്. ഉദിത് നാരായണന്റെ സഹോദരന്മാരും രണ്ടാം ഭാര്യ ദീപയുമാണ് ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചതെന്നും രഞ്ജന ആരോപിക്കുന്നു.
തനിക്കു നീതി വേണമെന്നും ഇന്നു താന്‍ രോഗശയ്യയിലാണെന്നും രഞ്ജന പറയുന്നു. 1984-ലായിരുന്നു ഉദിത് നാരായണനും രഞ്ജനയും തമ്മിലുള്ള വിവാഹം. എന്നാല്‍ ഗായകനായി പേരെടുത്തതോടെ അദ്ദേഹം തന്നെ അവഗണിക്കാന്‍ തുടങ്ങിയെന്നാണ് രഞ്ജന പറയുന്നത്.
1985-ല്‍ മുംബൈയിലേക്ക് ചേക്കേറിയ ഉദിത് നാരായണന്, ദീപയെ വിവാഹം കഴിച്ചു. 2006-ല്‍ മുംബൈയിലെ വീട്ടിലെത്തിയ തന്നോട് ഉദിത്തും ദീപയും മോശമായി പെരുമാറിയെന്നും അവിടെനിന്ന് ആട്ടിപ്പായിച്ചെന്നും രഞ്ജന പരാതിയില്‍ പറയുന്നു. നേരത്തെ വനിതാ കമ്മീഷനും കോടതിയും ഇടപെട്ടപ്പോള്‍ രഞ്ജനയെ ഭാര്യയായി അംഗീകരിക്കാന്‍ ഉദിത് തയാറായിരുന്നു. പിന്നീട്, ഉദിത് വാക്കുമാറിയെന്നും രഞ്ജന പറയുന്നു.
International
ദുബായ്: കുപ്രസിദ്ധ ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായി അടുത്ത ബന്ധമുണ്ടെന്നു വ്യക്തമായതോടെ ദുബായ് ആസ്ഥാനമായ ആഗോള ലോജിസ്റ്റിക്സ് ഭീമന്മാരായ ഡിപി വേൾഡിന്റെ സിഇഒ സ്ഥാനത്തുനിന്ന് സുൽത്താൻ അഹമ്മദ് ബിൻ സുലായെമിനെ നീക്കി.
പകരം ഡിപി വേൾഡ് ബോർഡ് ചെയർമാനായി ഈസ കാസിമിനെയും ഗ്രൂപ്പ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി ഇന്ത്യക്കാരനായ യുവരാജ് നാരായണനെയും നിയമിച്ചു.
യുഎസ് നീതിന്യായ വകുപ്പ് ഏറ്റവുമൊടുവിൽ പുറത്തുവിട്ട എപ്സ്റ്റീൻ ഫയലിലാണ് സുൽത്താൻ അഹമ്മദ് ബിൻ സുലായെമിന്റെ പേരുള്ളത്. എപ്സ്റ്റീനുമായി ഇദ്ദേഹത്തിന് അടുത്ത ബന്ധമുണ്ടായിരുന്നുവെന്നാണ് ഫയലിലുള്ള വിവരം.
National
ന്യൂഡൽഹി: കുപ്രസിദ്ധ ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായി തനിക്കു ബന്ധമുണ്ടെന്ന ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ ആരോപണങ്ങൾ അടിസ്ഥാനരഹിതമെന്നു കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പുരി.
താൻ എപ്സ്റ്റീനെ ചില അവസരങ്ങളിൽ കണ്ടിട്ടുണ്ടെന്നും എന്നാൽ അതെല്ലാം ഔദ്യോഗിക ആശയവിനിമയങ്ങൾ മാത്രമാണെന്നും ഹർദീപ് സിംഗ് പുരി വാർത്താസമ്മേളനത്തിൽ അവകാശപ്പെട്ടു. എപ്സ്റ്റീൻ ഫയലിൽ പുരിയുടെ പേരുണ്ടെന്ന് രാഹുൽ സഭയിൽ പരാമർശം നടത്തിയതിനു പിന്നാലെയാണ് വാർത്താസമ്മേളനം നടത്തി അദ്ദേഹം നിലപാട് വിശദീകരിച്ചത്.
താൻ ഇന്റർനാഷണൽ പീസ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ (ഐപിഐ) പ്രതിനിധിയായിരിക്കെ തന്റെ ബോസിനു എപ്സ്റ്റീനെ അറിയാമായിരുന്നുവെന്നും കൃത്യമായി പറഞ്ഞാൽ മൂന്നോ നാലോ തവണ മാത്രമാണു പ്രതിനിധിസംഘത്തിന്റെ ഭാഗമായി എപ്സ്റ്റീനെ കണ്ടതെന്നും കേന്ദ്രമന്ത്രി അവകാശപ്പെട്ടു.
എപ്സ്റ്റീന്റെ മേൽ ആരോപിക്കപ്പെടുന്ന കുറ്റങ്ങളുമായി കൂടിക്കാഴ്ചകൾക്ക് ഒരു ബന്ധമില്ലെന്ന് അവകാശപ്പെട്ട ഹർദീപ് സിംഗ് പുരി, എപ്സ്റ്റീന്റെ ക്രിമിനൽ പ്രവർത്തനങ്ങളുമായി തന്നെ ബന്ധപ്പെടുത്തുന്ന ഏതൊരു അവകാശവാദവും അടിസ്ഥാനരഹിതമാണെന്നും കൂട്ടിച്ചേർത്തു. അവരെ സംബന്ധിച്ചിടത്തോളം താൻ ‘ശരിയായ’ വ്യക്തിയല്ലെന്നു പറഞ്ഞ ഹർദീപ് സിംഗ്, എപ്സ്റ്റീൻ ഫയലിലെ മെയിലുകളിൽ തന്നെ ‘ഇരട്ട മുഖമുള്ളവൻ’ (ആത്മാർഥതയില്ലെന്ന് അർഥം വരുന്ന പ്രയോഗം) എന്നു വിശേഷിപ്പിക്കുന്നുണ്ടെന്നും കേന്ദ്രമന്ത്രി ചൂണ്ടിക്കാട്ടി.
പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ വേശ്യാവൃത്തിക്ക് ഉപയോഗിച്ച കുറ്റമുൾപ്പെടെയുള്ളവയ്ക്ക് 2008ൽ ആദ്യമായി ശിക്ഷിക്കപ്പെട്ട എപ്സ്റ്റീനുമായി 2014 മുതൽ 2017 വരെ നിരവധി തവണ ഹർദീപ് സിംഗ് പുരി ആശയവിനിമയം നടത്തിയിരുന്നുവെന്നാണ് യുഎസ് നീതിന്യായ വകുപ്പ് അടുത്തിടെ പുറത്തുവിട്ട എപ്സ്റ്റീൻ ലൈബ്രറിയിൽ വ്യക്തമാക്കുന്നത്.
2014 ഡിസംബർ 24ന് ഹർദീപ് പുരി എന്നൊരാൾ എപ്സ്റ്റീന് അയച്ചിട്ടുള്ള ഒരു മെയിലിൽ പരാമർശിക്കുന്നത് ഇങ്ങനെയാണെന്ന് എപ്സ്റ്റീൻ ഫയലിലെ ഒരു മെയിൽ ചൂണ്ടിക്കാട്ടുന്നു. “പ്രിയപ്പെട്ട ജെഫ്, സീസണിന്റെ ആശംസകൾ. നിങ്ങളുടെ അസാധാരണ ദ്വീപിൽനിന്ന് നിങ്ങൾ തിരിച്ചെത്തുന്പോൾ എന്നെ അറിയിക്കണം. എനിക്കൊരു സംഭാഷണത്തിനായി വരാൻ ആഗ്രഹമുണ്ട്, ഇതിനോടൊപ്പം ഇന്ത്യയിൽ ഒരു താത്പര്യമുളവാക്കുന്ന ചില പുസ്തകങ്ങളും നിങ്ങൾക്കു സമ്മാനിക്കണം. ഹർദീപ്.”
Kerala
തൃശൂർ: ശബരിമല സ്വര്‍ണക്കൊള്ളയില്‍ ഹൈക്കോടതി മറുപടി പറഞ്ഞതോടുകൂടി പ്രതിപക്ഷത്തിന്റെ എല്ലാ ആരോപണങ്ങളും തകർന്നുതരിപ്പണമായെന്നു മന്ത്രി എം.ബി. രാജേഷ്. പാറപ്പുറത്ത് ചില്ലുപാത്രം വീണുടഞ്ഞ പോലെയാണ് പ്രതിപക്ഷമെന്നും സർക്കാരിനെതിരേ അവർക്ക് മറ്റൊന്നും പറയാനില്ലെന്നും മന്ത്രി പറഞ്ഞു.
ഒരു അവിശ്വാസംപോലും കൊണ്ടുവരാന്‍ പ്രതിപക്ഷത്തിനു സാധിച്ചിട്ടില്ല. ജനങ്ങളുടെ വിശ്വാസം അത്രയും ആർജിച്ചുവെന്നതാണ് അതിന്റെ അർഥം. തട്ടിക്കൂട്ട് കുറ്റപത്രം സമര്‍പ്പിച്ച് പ്രതികള്‍ വിചാരണയില്‍ രക്ഷപ്പെട്ടുപോകട്ടെ എന്നതാണോ പ്രതിപക്ഷത്തിന്റെ ഉദ്ദേശ്യമെന്നും അദ്ദേഹം ചോദിച്ചു.
അന്വേഷണം ശരിയായ ദിശയിലായാല്‍ പോറ്റിയില്‍ അന്വേഷണം അവസാനിക്കില്ലെന്ന ഭയമാണു സഭയില്‍ കോപ്രായം കാണിക്കാന്‍ പ്രതിപക്ഷത്തെ പ്രേരിപ്പിക്കുന്നത്.
സത്യം മുഖത്തടിക്കുമ്പോള്‍ പ്രതിപക്ഷനേതാവും പ്രതിപക്ഷവും കണ്ണടച്ച് ഇരുട്ടാക്കുകയാണെന്നും ഹൈക്കോടതിയുടെ ദേവസ്വം ബെഞ്ചിനും മുകളിലാണു താനെന്നാണ് പ്രതിപക്ഷ നേതാവിന്റെ വിചാരമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
National
ന്യൂഡൽഹി: ബലൂചിസ്ഥാനിൽ ഡസൻ കണക്കിന് ആളുകളുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണങ്ങൾക്കു പിന്നിൽ ഇന്ത്യയാണെന്ന പാക്കിസ്ഥാന്റെ ആരോപണം തള്ളി വിദേശകാര്യ മന്ത്രാലയം. പാക്കിസ്ഥാന്റെ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും സ്വന്തം ആഭ്യന്തര പരാജയങ്ങളിൽനിന്നു ശ്രദ്ധ തിരിക്കാനാണ് ഇസ്ലാമാബാദ് ശ്രമിക്കുന്നതെന്നും ഇന്ത്യ ചൂണ്ടിക്കാട്ടി.
പാക് സൈന്യവും ആഭ്യന്തരമന്ത്രി മുഹ്സിൻ നഖ്വിയും ഉന്നയിച്ച ആരോപണങ്ങൾക്കു മറുപടിയായി വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്സ്വാൾ ആണ് ഇന്ത്യയുടെ നിലപാട് വ്യക്തമാക്കിയത്.
അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് പാക്കിസ്ഥാൻ നടത്തുന്നതെന്ന് ജയ്സ്വാൾ പറഞ്ഞു. ഓരോ തവണ അക്രമസംഭവങ്ങൾ അരങ്ങേറുമ്പോഴും ഇന്ത്യയെ കുറ്റപ്പെടുത്തുന്നത് പാക്കിസ്ഥാന്റെ സ്ഥിരം തന്ത്രമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
ബലൂചിസ്ഥാനിലെ ജനങ്ങളുടെ ന്യായമായ ആവശ്യങ്ങൾ പരിഗണിക്കുന്നതിനു പകരം, അവിടെ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളും അടിച്ചമർത്തലുകളും മറച്ചുവയ്ക്കാനാണ് പാക്കിസ്ഥാൻ ശ്രമിക്കുന്നത്. സ്വന്തം രാജ്യത്തെ ക്രമസമാധാന നില പാലിക്കുന്നതിലുണ്ടായ പരാജയം മറയ്ക്കാനാണ് ഇത്തരം അടിസ്ഥാനമില്ലാത്ത വാദങ്ങൾ ഉന്നയിക്കുന്നതെന്നും ജയ്സ്വാൾ പറഞ്ഞു.
സംഘർഷം രൂക്ഷം
സാധാരണക്കാരുടെ വേഷത്തിലെത്തിയ അക്രമികൾ ആശുപത്രികളിലും സ്കൂളുകളിലും ചന്തകളിലും കയറി വെടിയുതിർക്കുകയായിരുന്നു. ജനങ്ങളെ അവർ മനുഷ്യകവചങ്ങളായി ഉപയോഗിച്ചെന്ന് പാക് മന്ത്രി തലാൽ ചൗധരി പറഞ്ഞു.
കഴിഞ്ഞ ദിവസങ്ങളിൽ ബലൂചിസ്ഥാനിൽ ഉണ്ടായ തുടർച്ചയായ ആക്രമണങ്ങളിൽ സുരക്ഷാ ഉദ്യോഗസ്ഥരും സാധാരണക്കാരുമുൾപ്പെടെ 48 പേർ കൊല്ലപ്പെട്ടെന്ന് ബലൂച് മന്ത്രി സർഫ്രാസ് ബുഖ്ദി പറഞ്ഞു.
സേനയെ ലക്ഷ്യമിട്ട് ആക്രമണം
ബലൂച് ലിബറേഷൻ ആർമി ആണ് ആക്രമണങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുത്തിരിക്കുന്നത്. ഹെറോഫ് എന്നു പേരിട്ടിരിക്കുന്ന ഓപ്പറേഷനിലൂടെ ഗ്വാദർ, ക്വറ്റ തുടങ്ങി പ്രധാന മേഖലകളിൽ സുരക്ഷാ സേനയെ ലക്ഷ്യം വച്ചാണ് ആക്രമണം നടന്നത്. അതേസമയം, തിരിച്ചടിയിൽ നൂറിലധികം വിഘടനവാദികളെ വധിച്ചതായി പാക് സൈന്യവും അവകാശപ്പെടുന്നു.
സ്വാഭാവിക വിഭവങ്ങളാൽ സമ്പന്നമാണെങ്കിലും പാകിസ്ഥാനിലെ ഏറ്റവും ദരിദ്രമായ പ്രവിശ്യയാണ് ബലൂചിസ്ഥാൻ. ദശകങ്ങളായി ഇവിടെ സ്വയംഭരണത്തിനായുള്ള പോരാട്ടങ്ങൾ നടന്നുവരികയാണ്.
Kerala
തിരുവനന്തപുരം: പുതുതായി രൂപം കൊണ്ടിരിക്കുന്ന എൻഎസ്എസ് - എസ്എൻഡിപി സഖ്യം വെറും തുല്യു ദുഃഖിതരുടെ പങ്കു കച്ചവടം മാത്രമാണെന്ന് അസ്വ.സി.കെ. വിദ്യാസാഗർ. കമ്പനി, സംഘടനാ നിയമങ്ങൾ ലംഘിച്ചതിന്റെ പേരിൽ ഇരു സംഘടനാ നേതാക്കളും നിയമ കുടുക്കിലായതിനാലാണ് സർക്കാരിന്റെ ഔദാര്യം തേടി നടക്കുന്നതെന്ന് ശ്രീനാരായണ സഹോദര ധർമവേദി നേതാവും എസ്എൻഡിപി മുൻ പ്രസിഡന്റുമായ അസ്വ.സി.കെ. വിദ്യാസാഗർ ആരോപിച്ചു.
സുകുമാരൻ നായർക്കും വെള്ളാപ്പള്ളി നടേശനുമെതിരെ നിരവധി കേസുകൾ വിവിധ കോടതികളിലുണ്ട്. പലതും മുൻ ഭാരവാഹികൾ നൽകിയതാണ്. വെളളാപ്പള്ളിക്കെതിരെ മൈക്രോ ഫിനാൻസ് വിഷയത്തിൽ മാത്രം 124 കേസുണ്ട്. കൊല്ലം എസ്.എൻ കോളജ് പ്രത്യേക ഫണ്ട് കേസും പ്രതികൂലമാണ്. ഇവയിൽ എല്ലാം സർക്കാരിന്റെ പരിഗണന കിട്ടാൻ വേദിയാണ് രണ്ടു കൂട്ടരും അടിമപ്പണി ചെയ്യുന്നത്. വെള്ളാപ്പള്ളിയെ പിന്തുണയ്ക്കുക വഴി ഈഴവ സമുദായത്തെ എൽഡിഎഫും ഗവൺമെന്റും വഞ്ചിക്കുകയാണ്. സമുദായങ്ങളെ കച്ചവടം നടത്തുന്ന 'കങ്കാണിപണിക്കാരെ 'പൊതുജനം തിരിച്ചറിയണമെന്നും വിദ്യാസാഗർ പറഞ്ഞു. അഡ്വ മധുസൂദനൻ, സൗത്ത് ഇന്ത്യൻ ആർ. വിനോദ്, ചന്ദ്രസേനൻ എന്നിവരും പത്രസേമ്മേളനത്തിൽ പങ്കെടുത്തു.
Kerala
തൃശൂർ: വടക്കാഞ്ചേരി കോഴ ആരോപണത്തിൽ കോണ്‍ഗ്രസ് ഉന്നയിച്ച ആരോപണങ്ങളിൽ കഴന്പുണ്ടെന്നു തെളിഞ്ഞെന്നു ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റ്.
പ്രാഥമിക അന്വേഷണം നടത്തിയ ഡിവൈഎസ്പി തുടരന്വേഷണത്തിന് അനുമതി തേടി വിജിലൻസ് ഡയറക്ടർക്കു റിപ്പോർട്ട് നൽകി.
സിപിഎമ്മിനെ ബാധിക്കുന്ന വിഷയമായതിനാൽ വിജിലൻസ് അന്വേഷണം ഇല്ലാതാക്കും. കോഴവാങ്ങിയതു വ്യക്തമാക്കുന്ന ജാഫറിന്റെ സംഭാഷണങ്ങൾ പുറത്തുവന്നു.
ജാഫറിന് 50 ലക്ഷം ലഭിച്ചെന്നതു വ്യക്തമാണ്. രാഷ്ട്രീയധാർമികതയുടെ തരിന്പെങ്കിലും അവശേഷിക്കുന്നെങ്കിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം സിപിഎം രാജിവയ്ക്കണമെന്നും അ ദ്ദേഹം പറഞ്ഞു.
National
മുംബൈ: മഹാരാഷ്ട്ര തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപി സീറ്റ് കച്ചവടം നടത്തുന്നതായി ആരോപണം. മുതിർന്ന ബിജെപി നേതാവും മുൻ മുഖ്യമന്ത്രിയുമായ അശോക് ചവാൻ സീറ്റ് കച്ചവടം നടത്തുന്നതായാണ് ആരോപണം.
മറാഠ്വാഡ മേഖലയിലെ നാന്ദേഡിൽ 50 ലക്ഷം രൂപയ്ക്ക് സീറ്റ് വിറ്റതായി ദീർഘകാലം അനുയായിയായിരുന്ന ഭാനുസിംഗ് റാവത്ത് പറഞ്ഞു.
ചവാൻ ആരോപണം നിഷേധിച്ചു. സംസ്ഥാനത്തെ 29 മുനിസിപ്പൽ കോർപറേഷനുകളിലേക്കുള്ള തെരഞ്ഞെടുപ്പ് 15നു നടക്കും.
National
കാൺപുർ: അനധികൃത മതപരിവർത്തനം ആരോപിച്ച് യുപിയിൽ പാസ്റ്ററെയും മകനെയും പോലീസ് അറസ്റ്റ് ചെയ്തു. ഫത്തേപുരിലെ പള്ളിയിൽ പ്രാർഥനായോഗത്തിനിടെ പാസ്റ്റർ ഡേവിഡ് ഗ്ലാഡിയൻ (60) മകൻ അഭിഷേക് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
ഹൈന്ദവ വിശ്വാസികളായ സ്ത്രീകളെ പണവും മറ്റും വാഗ്ദാനം ചെയ്ത് മതം മാറ്റുന്നതായി ആരോപിച്ച് ബജ്രംഗ് ദൾ പ്രവർത്തകർ നേരത്തേ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ഇതിനുപിന്നാലെയാണ് പാസ്റ്ററെയും മകനെയും പോലീസ് കസ്റ്റഡിയിലെടുത്തത്. ബജ്രംഗ് ദൾ പ്രവർത്തകർ പോലീസ് വാഹനം വളഞ്ഞത് സംഘർഷാവസ്ഥ സൃഷ്ടിച്ചു. തുടർന്ന് ഇരുവരെയും പോലീസ് തുടർനടപടികൾക്കായി സ്റ്റേഷനിലേക്കു കൊണ്ടുപോയി.
നിർബന്ധിത മതപരിവർത്തനം ആരോപിച്ച് ബജ്രംഗ് ദൾ പ്രവർത്തകർ മൂന്നു മണിക്കൂറോളം പള്ളിക്കു മുന്പിൽ പ്രതിഷേധിച്ചുവെന്ന് പോലീസ് പറഞ്ഞു. പ്രതിഷേധം നടക്കുന്പോൾ സ്ത്രീകൾ ഉൾപ്പെടെ 150ഓളം പേർ പള്ളിയിലുണ്ടായിരുന്നു.
National
ന്യൂഡല്‍ഹി: ഡല്‍ഹി, ഹരിയാന, രാജസ്ഥാന്, ഗുജറാത്ത് സംസ്ഥാനങ്ങളില്‍ വ്യാപിച്ചുകിടക്കുന്ന ആരവല്ലി മലനിരകള്‍ ഒരുതരത്തിലുള്ള പാരിസ്ഥിതിക വെല്ലുവിളികളും നേരിടുന്നില്ലെന്നു കേന്ദ്രസര്‍ക്കാര്‍.
വനവത്കരണം, പരിസ്ഥിതി ലോല മേഖല സംബന്ധിച്ച വിജ്ഞാപനം, ഖനന-നിര്‍മാണ പ്രവര്‍ത്തനങ്ങളിലെ നിരീക്ഷണം എന്നിവയിലൂടെ മലനിരയുടെ സ്വാഭാവിക പ്രകൃതി സംരക്ഷിക്കുന്നുണ്ടെന്നും പരിസ്ഥിതി-വനം മന്ത്രാലയം അറിയിച്ചു.
ആരവല്ലി മലനിരകളുമായി ബന്ധപ്പെട്ട പുതിയ നിര്‍വചനം വന്‍തോതിലുള്ള ഖനനത്തിനു വഴിതുറക്കുമെന്ന ആരോപണങ്ങളെത്തുടര്‍ന്നാണു വിശദീകരണം.
മലനിരകളുമായി ബന്ധപ്പെട്ട തെറ്റായ പ്രചാരണം അവസാനിപ്പിക്കണമെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര യാദവും ആവശ്യപ്പെട്ടു. മലനിരകളുടെ മൊത്തം വിസ്തീര്‍ണം 1.47 ലക്ഷം ചതുരശ്ര കിലോമീറ്ററാണ്. ഇതില്‍ 0.19 ശതമാനം സ്ഥലത്തു മാത്രമാണ് ഖനനം അനുവദിച്ചിട്ടുള്ളത്- പശ്ചിമബംഗാളിലെ സുന്ദരവനത്തില്‍ പ്രോജക്ട് എലിഫന്റ് ആന്‍ഡ് നാഷണല്‍ ടൈഗര്‍ കണ്‍സര്‍വേഷന്‍ അഥോറിറ്റി യോഗത്തിനുശേഷം മന്ത്രി പറഞ്ഞു.
ആരവല്ലിയുമായി ബന്ധപ്പെട്ട പുതിയ നിര്‍വചനത്തിനായി കേന്ദ്ര പരിസ്ഥിതി-വനം മന്ത്രാലയത്തിനു കീഴില്‍ രൂപീകരിച്ച കമ്മിറ്റി സമര്‍പ്പിച്ച ശിപാര്‍ശകള്‍ സുപ്രീംകോടതി നവംബര്‍ അവസാനം അംഗീകരിച്ചതോടെയാണു വിവാദം തുടങ്ങിയത്.
ആരവല്ലി ജില്ലകളിലെ സമീപപ്രദേശത്തെ താഴ്ന്ന നിരപ്പില്‍നിന്ന് 100 മീറ്ററോ അതിലേറെയോ ഉയര്‍ന്ന പ്രദേശങ്ങളെ ആരവല്ലി കുന്നുകളായും 500 മീറ്റര്‍ പരിധിയില്‍ വരുന്ന അത്തരം കുന്നുകള്‍ ആരവല്ലി പര്വതനിരകളായും കണക്കാക്കുമെന്നാണ് ശിപാര്‍ശയില്‍ പറഞ്ഞിരുന്നത്.
മലനിരകളുടെ പ്രധാന മേഖലകള്‍ 100 മീറ്ററില്‍ താഴെയായതിനാല്‍ സ്വകാര്യകമ്പനികള്‍ക്ക് ഖനനം നടത്തുന്നതിനായി നിർവചനം നടത്തുകയായിരുന്നുവെന്നായിരുന്നു ആരോപണം. ആരവല്ലി മലനിരകളെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് രാജസ്ഥാനിലുടനീളം പ്രതിപക്ഷമായ കോൺഗ്രസിന്റെയും വിവിധ പരിസ്ഥിതി സംഘടനകളുടെയും നേതൃത്വത്തിൽ വലിയ പ്രതിഷേധമാണു നടക്കുന്നത്.
സംസ്ഥാനത്തെ വിവിധ നഗരങ്ങളിൽ ഇന്നലെ പ്രതിഷേധക്കാരും പോലീസും ഏറ്റുമുട്ടി. വിഷയത്തിൽ 26ന് ജയ്പുരിൽ വൻ പ്രതിഷേധറാലി നടത്തുമെന്ന് എഐസിസി ജനറൽ സെക്രട്ടറി സച്ചിൻ പൈലറ്റ് അറിയിച്ചു.
അതേസമയം, ആരവല്ലിയുമായി ബന്ധപ്പെട്ട പുതിയ നിര്‍വചനത്തിനായി കേന്ദ്ര പരിസ്ഥിതി-വനം മന്ത്രാലയത്തിനു കീഴില്‍ രൂപീകരിച്ച കമ്മിറ്റി സമര്‍പ്പിച്ച ശിപാര്‍ശകള്‍ അംഗീകരിച്ച മുൻ ഉത്തരവ് തിരുത്തണമെന്നാവശ്യപ്പെട്ട് വിവിധ പരിസ്ഥിതിസംഘടനകൾ സുപ്രീംകോടതിയെ സമാപിച്ചിട്ടുണ്ട്.
National
ഷാജഹാൻപുർ: പ്രാർഥനായോഗത്തിന്റെ മറവിൽ നിർബന്ധിത മതപരിവർത്തനം നടത്തിയെന്നാരോപിച്ച് യുപിയിൽ സ്ത്രീയുൾപ്പെടെ നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തു.
പ്രാർഥനയുടെ മറവിൽ പണം വാഗ്ദാനം ചെയ്തു മതപരിവർത്തനം നടക്കുന്നുവെന്നാണ് ന്യായീകരണമായി പോലീസ് പറയുന്നത്.
വിവേക് കുമാർ, വിപിൻ, മോനു എന്നിവർക്കൊപ്പം എയ്ഞ്ചൽ എന്ന സ്ത്രീയുമാണ് അറസ്റ്റി ലായത്.
National
സൂറത്ത്: സൂറത്ത് സ്വദേശിനിയെ മതപരിവർത്തനം നടത്തിയെന്നാരോപിച്ച് സർക്കാർ സ്കൂൾ പ്രിൻസിപ്പലിനെ പോലീസ് അറസ്റ്റ് ചെയ്തു.
സൂറത്തിലെ പിപൽവാഡ പ്രൈമറി സ്കൂൾ പ്രിൻസിപ്പൽ രാംജി ചൗധരിയാണ് അറസ്റ്റിലായത്.
പാസ്റ്ററായ മകൻ ഡോ.അങ്കിത് ചൗധരിയുടെ സഹായത്തോടെ മതപരിവർത്തനം നടത്തിയെന്നാണ് രാംജിക്കെതിരേയുള്ള ആരോപണമെന്ന് സൂറത്ത് എസ്പി രാജേഷ് ഗാധിയ പറഞ്ഞു.
Kerala
കൊച്ചി: കോല്‍ക്കത്ത സ്വദേശി സൂരജ് ലാമയുടെ തിരോധാനവുമായി ബന്ധപ്പെട്ട് കളമശേരി സര്‍ക്കാര്‍ മെഡിക്കല്‍ കോളജിനെതിരെ ഗുരുതര ആരോപണവുമായി മകന് സാന്റണ്‍ ലാമ. നടപടിക്രമങ്ങള്‍ പാലിക്കാതെയാണ് പിതാവിനെ മെഡിക്കല്‍ കോളജില്‍ നിന്ന് വിട്ടയച്ചതെന്ന് സാന്റണ്‍ ലാമ കൊച്ചിയില്‍ മാധ്യമങ്ങളോട് പറഞ്ഞു.
മൊത്തം സിസ്റ്റത്തിന്റെ വീഴ്ചയാണിത്. ഇങ്ങനെയാണോ കേരളത്തിലേക്ക് ഒരാള്‍ വന്നാല്‍ മെഡിക്കല്‍ കോളജും പോലീസും കൈകാര്യം ചെയ്യേണ്ടത്. ഈ വിഷയത്തില്‍ ഹൈക്കോടതിയെ സമീപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
പിതാവിനെ കാണാതായതിന് പിന്നാലെ ആദ്യം കളമശേരി മെഡിക്കല്‍ കോളജിലെത്തി അന്വേഷണം നടത്തിയപ്പോള്‍ ഇങ്ങനെ ഒരാള്‍ അഡ്മിറ്റായിട്ടില്ലെന്നാണ് അധികൃതര്‍ പറഞ്ഞത്. പിന്നീട് മാധ്യമങ്ങളില്‍ വാര്‍ത്ത വരികയും പോലീസിനൊപ്പം മെഡിക്കല്‍ കോളജിലെത്തി അന്വേഷിച്ചപ്പോഴാണ് പിതാവിനെ അഡ്മിറ്റ് ചെയ്തിരുന്നതായി അധികൃതര്‍ വ്യക്തമാക്കിയത്.
അജ്ഞാതന്‍ എന്നാണ് പേര് രേഖപ്പെടുത്തിയിരുന്നത്. പിന്നീട മാധ്യമവാര്‍ത്ത വന്നതിന് ശേഷം അന്വേഷിച്ചപ്പോഴാണ് സൂരജ് ലാമ എന്ന പേര് രജിസ്റ്ററില്‍ കണ്ടെത്തിയത്. പിതാവിന്റെ അസുഖം ഭേദമായത് കൊണ്ടാണ് പറഞ്ഞുവിട്ടതെന്ന് സൂപ്രണ്ടന്റ് പറഞ്ഞു. വിഷമദ്യ ദുരന്തത്തില്‍പ്പെട്ട് ഓര്‍മശക്തി നഷ്ടപ്പെട്ട ഒരാളിന്റെ അസുഖം എങ്ങനെയാണ് ഭേദമാകുന്നതെന്നും സാന്റണ്‍ ലാമ ചോദിക്കുന്നു.
രാഷ്ട്രപതിയുടെ സന്ദര്‍ശനമായതിനാല്‍ പിതാവിന്റെ തിരോധാനത്തില്‍ കാര്യമായ അന്വേഷണം നടന്നിരുന്നില്ല. ജീവനോടെ തന്നെ പിതാവിനെ കണ്ടെത്തി തരുമെന്ന് കമീഷണര്‍ തനിക്ക് ഉറപ്പ് നല്‍കിയതാണ്. തിരച്ചില്‍ നടത്തിയ എച്ച്എംടി പരിസരത്ത് നിന്നാണ് പിതാവിന്റേതെന്ന് സംശയിക്കുന്ന മൃതദേഹം കണ്ടെത്തിയിട്ടുള്ളത്. മൊത്തം സിസ്റ്റത്തിന്റെ വീഴ്ചയാണിതെന്നും അദ്ദേഹം പറഞ്ഞു.
Movies
പ്രൊഡക്ഷൻ കൺട്രോളറും നിർമാതാവുമായ ബാദുഷയ്ക്കെതിരെ ആരോപണം ഉന്നയിച്ചതിന് പിന്നാലെ ബാദുഷ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വീഡിയോ ശ്രദ്ധേയമാകുന്നു.
ഇരുപത്തൊന്നാം നൂറ്റാണ്ട് എന്ന ചിത്രത്തിലെ ചില ഡയലോഗുകളാണ് ശ്രദ്ധേയം. ഹരീഷ് കണാരന് മറുപടിയെന്നോണം ഇതോടു കൂടി നിന്റെ അന്ത്യം ആരംഭിച്ചു കഴിഞ്ഞുവെന്ന് പറയുന്ന വീഡിയോ ആണ് പോസ്റ്റ് ചെയ്തിരിക്കുന്നു. ഇപ്പോൾ താൻ എറണാകുളത്ത് പോയാൽ ബാദുഷ എന്തെങ്കിലും ചെയ്താലോ എന്ന പേടിയാണ് ഭാര്യയ്ക്കെന്നും ഹരീഷ് പറയുന്നു.
ഇപ്പോള്‍ എനിക്കെതിരെ ഭീഷണി വന്നിട്ടുണ്ട്. ബാദുഷ ഇന്‍സ്റ്റയില്‍ ഇരുപതാം നൂറ്റാണ്ടിലെ ഇതോടു കൂടി നിന്റെ അന്ത്യം ആരംഭിച്ചു കഴിഞ്ഞുവെന്ന് പറയുന്ന വിഡിയോ ഇട്ടിട്ടുണ്ട്. ഇത്രയും നാള് കൂടെ ഉണ്ടായിരുന്നയാളാണ്. വീട്ടിലൊക്കെ വന്നിട്ടുണ്ട്. കുടുംബങ്ങളുമായി നല്ല ബന്ധമായിരുന്നു.
ഒരാളെ സഹായിക്കുമ്പോള്‍ നമുക്കൊരു ആവശ്യം വരുമ്പോള്‍ തിരിച്ചു തരണ്ടേ, അതല്ലേ സൗഹൃദം. ഞാനിത് പറയണം എന്നു കരുതിയതല്ല. മാധ്യമങ്ങള്‍ എന്തുകൊണ്ട് ചേട്ടന് കുറേക്കാലമായി സിനിമ ചെയ്യുന്നില്ലെന്ന് ചോദിച്ചപ്പോള്‍ പറഞ്ഞതാണ്.
പോട്ടെ, പറഞ്ഞിട്ട് കാര്യമില്ല. ഒരാള്‍ തരാന്‍ പറ്റില്ലെന്ന് വിചാരിച്ചു കഴിഞ്ഞാല്‍ എന്താകുമെന്നൊക്കെ ഭാര്യ പറഞ്ഞതാണ്. സഹികെട്ടിട്ടാണ് ഞാന്‍ വെളിപ്പെടുത്തിയത്. 20 ലക്ഷമാണ് തരാനുള്ളത്. അതില്‍ കുറച്ച് പൈസയെന്തോ തന്നിരുന്നു.
നാലഞ്ച് വര്‍ഷമായി എന്റെ ഡേറ്റെല്ലാം നോക്കിയിരുന്നത് അദ്ദേഹമായിരുന്നു. അന്ന് ബാദുഷയായിരുന്നു എല്ലാ സിനിമയുടേയും കണ്ട്രോളര്. നല്ല പെരുമാറ്റമായിരുന്നു. പെരുമാറ്റത്തിലൊക്കെ ഭയങ്കര ഡീസന്റായിരുന്നു. അതുകൊണ്ട് വിശ്വസിച്ചുപോയി. നമ്മളുടെ മനസില്‍ കള്ളമൊന്നുമില്ല. അതുപോലെ തന്നെയാകും ഇവരുമെന്നും കരുതി.
ഒരിക്കല്‍ പറഞ്ഞത് ഞാനാകെ പൊളിഞ്ഞു നില്‍ക്കുകയാണ്. അഞ്ഞൂറ് രൂപ പോലും എടുക്കാനില്ലെന്നൊക്കെ പറഞ്ഞു. പിന്നെ ആരോ പറഞ്ഞു ബാദുഷ പ്രിയദര്ശന് സാറിന്റെ ഫ്ളാറ്റ് വാങ്ങിയെന്ന്. അപ്പോഴാണ് എനിക്ക് വിഷമമായത്. നമ്മുടെ ചെറിയ പൈസ തരാതെ ഇയാള്‍ ഇത്രയും വലിയ ഫ്ളാറ്റൊക്കെ വാങ്ങിയേക്കുവാണ്.
അതേസമയം വെളിപ്പെടുത്തലിന് പിന്നാലെ തന്നെ അമ്മയില്‍ നിന്നും ജോയ് മാത്യുവും കുക്കു പരമേശ്വരനുമൊക്കെ വിളിച്ചു. മെയില്‍ അയക്കൂ, ഇടപെടാമെന്ന് പറഞ്ഞിട്ടുണ്ടെന്നും ഹരീഷ് അറിയിച്ചു.
അവസരങ്ങള്‍ ഇല്ലാതാക്കിയതാണ് ഉള്‍ക്കൊള്ളാന്‍ സാധിക്കാതെ വന്നത്. അദ്ദേഹത്തെ സഹായിച്ചതായിരുന്നു ഞാനെന്നും ഹരീഷ് പറയുന്നു. വെളിപ്പെടുത്തലിന് ശേഷം ഭാര്യയ്ക്ക് ഇപ്പോള്‍ ടെന്‍ഷനാണ്. ഇനി നിങ്ങള്‍ എറണാകുളത്ത് പോകുമ്പോള്‍ എന്തെങ്കിലും ചെയ്യുമോ എന്ന പേടിയാണ്. അവര്‍ക്ക് പേടിയുണ്ടാകും. കുറേ പേര് വിളിച്ച് അന്വേഷിച്ചു. സംഘടനയില്‍ നിന്നും വിളിച്ച് കൂടെയുണ്ടാകുമെന്ന് പറഞ്ഞുവെന്നും ഹരീഷ് പറയുന്നു.
Movies
കടം കൊടുത്ത 20 ലക്ഷം രൂപ തിരിച്ചു ചോദിച്ചതിന് ബാദുഷ തന്നെ സിനിമകളില്‍ നിന്നും നീക്കം ചെയ്തു എന്ന ഹരീഷ് കണാരന്റെ ആരോപണങ്ങളോട് പ്രതികരിച്ച് പ്രൊഡക്ഷന്‍ കണ്ട്രോളറും നിർമാതാവുമായ ബാദുഷ.
ഹരീഷിന്റെ ആരോപണങ്ങള്‍ക്ക് താന്‍ നിര്‍മിക്കുന്ന റേച്ചല്‍ റിലീസ് ചെയ്ത ശേഷം മറുപടി പറയാം എന്നാണ് ബാദുഷ പറയുന്നത്. കഴിഞ്ഞ ദിവസമാണ് ബാദുഷയ്ക്കെതിരെ ആരോപണവുമായി ഹരീഷ് രംഗത്തെത്തിയത്.
എനിക്ക് പറയാനുള്ളതെല്ലാം, എന്റെ സിനിമയായ റേച്ചലിന്റെ റിലീസിനു ശേഷം മാത്രം എന്നാണ് ബാദുഷ ഫെയ്സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്. ഡിസംബര്‍ 12നാണ് ഹണി റോസിനെ നായികയാക്കി ബാദുഷ നിർമിക്കുന്ന റേച്ചല്‍ റിലീസ് ചെയ്യുന്നത്.
അതേസമയം, മധുരകണക്ക് എന്ന സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് സംസാരിക്കുന്നതിനിടെയാണ് ഹരീഷ് ബാദുഷയുടെ പേര് തുറന്നു പറഞ്ഞത്.
‘അജയന്റെ രണ്ടാം മോഷണം’ അടക്കമുള്ള സിനിമകളിൽ നിന്നും നീക്കം ചെയ്യപ്പെട്ടെന്നും സിനിമാ മേഖലയിൽ തന്നെക്കുറിച്ച് ഇല്ലാക്കഥകൾ ബാദുഷ പ്രചരിപ്പിച്ചെന്നും ഹരീഷ് വെളിപ്പെടുത്തിയിരുന്നു.
‘എന്റെ ഡേറ്റും കാര്യങ്ങളുമൊക്കെ നോക്കിയിരുന്ന ഒരു പ്രൊഡക്ഷൻ കൺട്രോളർ ഉണ്ടായിരുന്നു. മലയാളത്തിൽ ഒട്ടുമിക്ക സിനിമകളും ഒരു കാലത്ത് കൈകാര്യം ചെയ്തിരുന്ന വലിയ പ്രൊഡക്ഷൻ കൺട്രോളർ ആയിരുന്നു അദ്ദേഹം. അദ്ദേഹത്തിന് ഞാൻ ഒരു 20 ലക്ഷത്തോളം രൂപ കടമായി നൽകിയിരുന്നു. അതിൽ ആറ് ലക്ഷത്തോളം രൂപ എനിക്ക് തിരിച്ചു തന്നു.
എന്റെ വീടുപണി നടക്കുന്ന സമയത്ത് ബാക്കി പൈസ ഞാൻ തിരിച്ചു ചോദിച്ചു. പൈസ കിട്ടാതെ വന്നതോടെ ഞാൻ ‘അമ്മ’ സംഘടനയിൽ പരാതി നൽകി. ഇതിന്റെ വൈരാഗ്യത്തിലാവണം, അദ്ദേഹം ഇടപെട്ട് എനിക്ക് ഉണ്ടായിരുന്ന ഒരുപാട് സിനിമകളിൽ നിന്ന് എന്നെ കട്ട് ചെയ്തു.
‘അജയന്റെ രണ്ടാം മോഷണം’ എന്ന ചിത്രത്തിൽ എനിക്ക് വേഷമുണ്ടായിരുന്നു. അതും നഷ്ടമായി. പിന്നീട് ടൊവീനോ കണ്ടപ്പോൾ എന്നോട് ചോദിച്ചു, ‘ചേട്ടനെ കണ്ടില്ലല്ലോ’എന്ന്. ഇങ്ങനെ ഒരുപാട് സിനിമകൾ എനിക്ക് നഷ്ടമായി. അതാണ് പെട്ടെന്ന് സിനിമയിൽ നിന്ന് അപ്രത്യക്ഷമായി എന്ന് തോന്നിയത്. കുറേ കാലത്തിന് ശേഷം ഇപ്പോഴാണ് അഭിനയത്തിൽ വീണ്ടും സജീവമാകുന്നത്.’
Kerala
പാലക്കാട്: ജീവനൊടുക്കിയ സിഐയുടെ ആത്മഹത്യാക്കുറിപ്പിൽ ഉന്നത ഉദ്യോഗസ്ഥനെതിരെ ഗുരുതര ആരോപണങ്ങൾ. ഈ മാസം 15ന് ജീവനൊടുക്കിയ ചെര്‍പ്പുളശേരി സിഐ ബിനു തോമസിന്റെ 32 പേജുള്ള കുറിപ്പിലാണ് ഡിവൈഎസ്പിയായ ഉമേഷിനെതിരേ ആരോപണങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്.
2014ല്‍ സിഐയായിരുന്ന ഉമേഷ് അറസ്റ്റിലായ യുവതിയെ പീഡിപ്പിച്ചെന്നും കൈക്കൂലി വാങ്ങിയെന്നുമാണ് ആരോപണം. പാലക്കാട് ജില്ലയിൽ അനാശാസ്യകേസില്‍ അറസ്റ്റിലായ യുവതിയെ അന്നുതന്നെ ഉമേഷ് വീട്ടിലെത്തി പീഡിപ്പിച്ചെന്നാണ് കുറിപ്പില്‍ പറയുന്നത്.
അമ്മയും രണ്ടുമക്കളുമുള്ള വീട്ടില്‍ രാത്രിസമയത്ത് എത്തിയാണ് സിഐയായിരുന്ന ഉമേഷ് പീഡിപ്പിച്ചത്. കേസ് ഒതുക്കാനും മാധ്യമങ്ങളില്‍ കേസിന്റെ വാര്‍ത്ത വരാതിക്കാരിക്കാനും പോലീസ് ഉദ്യോഗസ്ഥന് മുന്നില്‍ വഴങ്ങുകയല്ലാതെ യുവതിക്ക് വേറെ മാര്‍ഗമില്ലായിരുന്നെന്നും കുറിപ്പിൽ പറയുന്നു.
കേസ് പുറത്തറിയാതിരിക്കാന്‍ തനിക്ക് വഴങ്ങണമെന്നായിരുന്നു ഉമേഷിന്റെ ഭീഷണി. യുവതിയെ പീഡിപ്പിക്കാനായി തന്നെയും നിര്‍ബന്ധിച്ചെന്നും ബിനു തോമസിന്റെ കുറിപ്പില്‍ ആരോപിക്കുന്നു.
ബിനു തോമസിന്റെ ആത്മഹത്യാക്കുറിപ്പും അന്വേഷണ റിപ്പോര്‍ട്ടും കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. നവംബര്‍ 15നാണ് ബിനു തോമസി(52)നെ ചെര്‍പ്പുളശേരി പോലീസ് സ്റ്റേഷന് തൊട്ടടുത്തുള്ള ക്വാര്‍ട്ടേഴ്സിലെ ഫാനില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. കോഴിക്കോട് തൊട്ടില്‍പ്പാലം സ്വദേശിയാണ്.
National
ന്യൂഡൽഹി: ഛഠ് പൂജ ആഘോഷങ്ങൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നു നോർത്തേണ്‍ ഡൽഹിയിലെ വസുദേവ് ഘട്ട് സന്ദർശിക്കാനിരിക്കെ മോദിക്കായി അധികൃതർ വ്യാജ യമുനാ ഘട്ട് നിർമിച്ചെന്ന് ആം ആദ്മി പാർട്ടി (എഎപി).
മറ്റുള്ള വിശ്വാസികൾ മലിനമായ നദിയിൽ നിൽക്കേണ്ടിവരുന്പോൾ പ്രധാനമന്ത്രിക്കായി മാത്രം ഫിൽറ്റേർഡ് (ശുദ്ധീകരിച്ച) വെള്ളമുപയോഗിച്ച് വ്യാജ യമുനാഘട്ട് നിർമിച്ചെന്നും എഎപി ഡൽഹി അധ്യക്ഷൻ സൗരഭ് ഭരദ്വാജ് ആരോപിച്ചു.
ഡൽഹിയിലെ കുടിവെള്ളം വിതരണം ചെയ്യുന്ന വസീറാബാദ് ജലശുദ്ധീകരണ പ്ലാന്റിലെ പൈപ്പ് ലൈനിൽനിന്നാണു ഘട്ടിലേക്കുള്ള വെള്ളം എടുത്തിരിക്കുന്നതെന്നും അദ്ദേഹം അവകാശപ്പെട്ടു. മോദി ഇന്നു വരാനിരിക്കുന്ന ഘട്ടിനു സമീപത്തുനിന്നെടുത്ത വീഡിയോ സൗരഭ് എക്സിൽ പങ്കുവയ്ക്കുകയും ചെയ്തു. യമുനാ നദിയുടെ വെള്ളം കലരാത്തവണ്ണം നദിയുടെ സമീപം മതിൽക്കെട്ടു നിർമിച്ചാണ് പ്രധാനമന്ത്രി സന്ദർശിക്കാനിരിക്കുന്ന കുളമുണ്ടാക്കിയതെന്ന് വീഡിയോയിൽ കാണാം.
പൊതുജനങ്ങളെ കബളിപ്പിക്കാനും ബിഹാറിൽനിന്നും പൂർവാഞ്ചലിൽനിന്നും ഛഠ് പൂജയ്ക്കായി ഡൽഹിയിലെത്തിയ ഭക്തരെ കബളിപ്പിക്കാനുമുള്ള ശ്രമമാണിതെന്ന് സൗരഭ് ഭരദ്വാജ് പറഞ്ഞു.
എന്നാൽ എഎപിയുടെ ആരോപണങ്ങൾ ഡൽഹി ബിജെപി അധ്യക്ഷൻ വീരേന്ദ്ര സച്ച്ദേവ തള്ളി. ഡൽഹിയിലെയും മുഴുവൻ രാജ്യത്തിലെയും ജനങ്ങൾ ആം ആദ്മി പാർട്ടി നേതൃത്വത്തിന്റെ ലജ്ജാകരമായ രാഷ്ട്രീയനിരാശ കണ്ടെന്നും ശുചിത്വം ഉറപ്പാക്കാനുള്ള സർക്കാരിന്റെ ശ്രമങ്ങൾക്കെതിരേ ഒരു പ്രതിപക്ഷ പാർട്ടി പ്രതിഷേധിക്കുന്നത് ഇതാദ്യമായാണെന്നും വീരേന്ദ്ര ആരോപിച്ചു.