ചെറിയ വേഷങ്ങളിലൂടെ മലയാളസിനിമയിൽ തന്റേതായ ഇടം നേടി നടനായിരുന്നു സന്തോഷ് കെ. നായർ.1982-ൽ ഇത് ഞങ്ങളുടെ കഥ എന്ന പി.ജി. വിശ്വംഭരൻ സിനിമയിലൂടെ മലയാളചലച്ചിത്ര ലോകത്തേയ്ക്കെത്തി. 44 വർഷമായി തുടരുന്ന ആ അഭിനയ ജീവിതം പെട്ടെന്നൊരു യാത്രയിൽ അവസാനിച്ചു.
2026 ഏപ്രിലിൽ പുറത്തിറങ്ങിയ മോഹിനിയാട്ടത്തിൽ ശ്രദ്ധേയമായ വേഷമായിരുന്നു സന്തോഷ് ഏറ്റവും ഒടുവിൽ ചെയ്തത്. അതിലെ ക്ഷേത്രകമ്മിറ്റിക്കാരനായിട്ടായിരുന്നു വേഷം. വേഷം ചെറുതാണെങ്കിലും നിർണായകമായ ഒരു കഥാപാത്രം തന്നെയായിരുന്നു അത്.
അമ്പലത്തിലെ കാണിക്കയിൽ നടത്തിയ തിരിമറി ഒളിപ്പിക്കാൻ ശ്രമിക്കുന്നതും പിന്നീട് അതേതുടർന്ന് അനുഭവിക്കേണ്ടി വന്ന പ്രശ്നങ്ങളുമാണ് സന്തോഷിന്റെ കഥാപാത്രം അവതരിപ്പിച്ചത്. ചിത്രം തിയറ്ററുകളിൽ സൂപ്പർ ഹിറ്റായി ഇപ്പോഴും പ്രദർശനം തുടരുന്നതിനിടിയിലാണ് ഈ അപ്രതീക്ഷിത വിയോഗം.
തുടക്കകാലം വില്ലൻ വേഷങ്ങളായിരുന്നു അവതരിപ്പിച്ചിരുന്നതെങ്കിലും പിന്നീടത് ഹാസ്യ റോളുകളിലേയ്ക്കും മാറിയിരുന്നു. ഇത്തരം വേഷങ്ങളേ ചെയ്യുകയുള്ളൂവെന്ന് യാതൊരു ശാഠ്യവും സന്തോഷിനില്ലായിരുന്നു. ഏത് സാഹസിക രംഗങ്ങളും അനായാസമായി അവതരിപ്പിക്കാൻ കഴിയുന്ന ചുരുക്കം ചിലരിലൊരാളായിരുന്നു അദ്ദേഹം.
നൂറിലേറെ ചിത്രങ്ങളിൽ അഭിനയിച്ച അദ്ദേഹം വില്ലനും ഹാസ്യതാരവും പ്രതിനായകനും സഹനടനും ഏതാനും ചിത്രങ്ങളിൽ നായകനായും തിളങ്ങി.
മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി, രതീഷ്, ശഹ്കർ, ജയറാം, റഹ്മാൻ, ബാലചന്ദ്രമേനോൻ എന്നിവരുടേയെല്ലാം വില്ലൻ ജോഡിയായി സന്തോഷ് അഭിനയിച്ചിട്ടുണ്ട്. ഇതു ഞങ്ങളുടെ കഥയിലൂടെ തുടങ്ങിയ സന്തോഷ്, തൊട്ടടുത്ത വർഷം നാണയം, പിൻനിലാവ് എന്നീ ചിത്രങ്ങളിലും അഭിനയിച്ചു.
ഏപ്രിൽ 18, ഇവിടെ തുടങ്ങുന്നു എന്നീ ചിത്രങ്ങളിലെ വില്ലൻ വേഷങ്ങൾ ശ്രദ്ധിക്കപ്പെട്ടതോടെ തിരക്കുള്ള നടനായി. 1985-ൽ 18-ഓളം ചിത്രങ്ങളിൽ അഭിനയിച്ചു. തൊട്ടടുത്ത വർഷം പുറത്തിറങ്ങിയ യുവജനോത്സവത്തിലെ പോസിറ്റീവ് റോളും പിന്നീട് വന്ന മോഹൻലാൽ ചിത്രം ഇരുപതാം നൂറ്റാണ്ടിലെ ജാക്കിയുടെ വലംകൈയായ ലോറൻസ് എന്ന കഥാപാത്രവും ശ്രദ്ധിക്കപ്പെട്ടു.
എംജി കോളജില്‍ പഠിക്കുന്ന സമയത്ത് മോഹന്‍ലാല്‍, സന്തോഷിനഎ സീനിയറായിരുന്നു. മോഹൻലാലുമായുള്ള കോളജ് കാലഘട്ടത്തെക്കുറിച്ച് പല അഭിമുഖങ്ങളിലും സന്തോഷ് തുറന്നു പറഞ്ഞിട്ടുണ്ട്.
‘‘ഞാനും ലാലും ഒരേ കാലഘട്ടത്തിലാണ് എംജി കോളജില്‍ പഠിക്കുന്നത്. ഞാന്‍ ബിഎസ് സി മാത്തമാറ്റിക്സ് ആയിരുന്നു. മോഹന്‍ലാല്‍ കൊമേഴ്സ് ആയിരുന്നു. പ്രീഡിഗ്രി ഞങ്ങള്‍ ഒരുമിച്ചായിരുന്നു. അത് കഴിഞ്ഞിട്ട് വേഗം എൻജിനീയറാകാനുള്ള ത്വരയില്‍ ഞാന്‍ ചിന്മയ ക്ലാസില്‍ പോയി ചേര്‍ന്നു.
ഒരു കൊല്ലം കഴിഞ്ഞപ്പോള്‍ മനസിലായി എനിക്ക് അത് പറ്റില്ല എന്ന്. പിന്നെ തിരിച്ച് വന്ന് ബിഎസിക്ക് ചേര്‍ന്നു. അങ്ങനെ വന്നപ്പോള്‍ ലാല്‍ ഒരു വര്‍ഷം സീനിയറായി. ഞങ്ങള്‍ ഒരേ പ്രായമാണ്. നാലഞ്ച് മാസത്തിന്റെ വ്യത്യാസമേ ഉള്ളൂ. ഞാന്‍ അവിടെ മാഗസിന് എഡിറ്ററൊക്കെ ആയിട്ടുള്ള ആളായിരുന്നു.
അപ്പോള്‍ വേണമെങ്കില്‍ കോളജില്‍ കുട്ടി ഹീറോ കളിച്ച് നടന്നു എന്നൊക്കെ പറയാം. ബുള്ളറ്റിലൊക്കെ കറക്കവുമൊക്കെ ആയിട്ട് പോയിരുന്നു. മോഹന്‍ലാല്‍ എസ്എഫ്ഐയുടെ ഭാഗമായിരുന്നു. എസ്എഫ്ഐ എന്ന് പറയുമ്പോള്‍ ഇന്നത്തെ പോലെ തന്നെ അന്നും അതിന്റേതായിട്ടുള്ള ടെററൊക്കെ ഉണ്ടായിരുന്നു.
പക്ഷേ ഞങ്ങളുടെ പാര്ട്ടിയുമായിട്ട് അധികം അടിയും പിടിയും നടന്നിട്ടില്ല. ഞാന്‍ ഡിഎസ്യു ആയിരുന്നു. അന്ന് എന്‍എസ്എസിന്റെ ഒരു പാര്‍ട്ടി ഉണ്ടായിരുന്നു എന്‍ഡിപി. അതിന്റെ വിദ്യാര്‍ത്ഥി സംഘടനയായിരുന്നു ഡിഎസ് യു. എബിവിപിയല്ല. എല്ലാവരും പറയും ഞാന്‍ എബിവിപിയാണ് എന്ന്.
എബിവിപി അന്നും ഉണ്ട്. പക്ഷേ അവര്‍ തിരഞ്ഞെടുപ്പില്‍ നില്‍ക്കില്ല. തിരഞ്ഞെടുപ്പില്‍ നില്ക്കാന് വേണ്ടിയാണ് ഞാന്‍ ഡിഎസ്യുവില് ആയത്. ഞാന്‍ സംഘപ്രവര്‍ത്തകനായിരുന്നു. ഞാന്‍ ശാഖയിലുണ്ടായിരുന്നു. ശിക്ഷക്, മുഖ്യശിക്ഷക് ഒക്കെ ആയിരുന്നു. പിന്നീട് സിനിമയില്‍ എത്തി.’’ സന്തോഷിന്റെ വാക്കുകൾ.
Tags : santhosh k nair actor death accident