ശ്രീമുരുകൻ
മസ്തിഷ്ക മരണത്തെ തുടർന്ന് മരിച്ച സീരിയൽ നാടക നടനും ഡബ്ബിങ് ആർട്ടിസ്റ്റുമായ ശ്രീമുരുകൻ (മുരുകൻ പനവിള- 46) അഞ്ചുപേർക്ക് പുതു ജീവനേകും.
കരൾ, ഹൃദയവാൽവ്, രണ്ട് നേത്രപടലങ്ങൾ, ചർമം എന്നിവയാണ് ദാനം ചെയ്തത്. തിരുവനന്തപുരം ചെമ്പഴന്തി ഉളിയാഴ്ത്തുറ പനംവിള വീട്ടിൽ ശ്രീമുരുകനെ തലച്ചോറിലെ രക്തസ്രാവത്തെ തുടർന്നാണ് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചത്. തുടർന്ന് മസ്തിഷ്ക മരണം സംഭവിക്കുകയായിരുന്നു.
കരൾ തിരുവനന്തപുരം കിംസ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന രോഗിക്കാണ് നൽകിയത്. ഹൃദയവാൽവ് ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജിയിലേക്കും രണ്ട് നേത്രപടലങ്ങൾ റീജിയനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഒഫ്ത്താൽമോളജിയിലേക്കും കൈമാറി.
ചർമം തിരുവനന്തപുരം മെഡിക്കൽ കോളജിലെ സ്കിൻ ബാങ്കിലേക്കും നൽകി. തീരാവേദനയ്ക്കിടയിലും മാതൃകാപരമായ തീരുമാനമെടുത്ത ശ്രീമുരുകന്റെ കുടുംബാംഗങ്ങളോട് ആരോഗ്യമന്ത്രി കെ.മുരളീധരൻ ആദരവ് അറിയിച്ചു. കുടുംബത്തിന്റെ വിയോഗത്തിൽ പങ്കുചേരുന്നതായും അദ്ദേഹം പറഞ്ഞു. വൃക്കകളും ഹൃദയവും ഉൾപ്പെടെ എല്ലാ അവയവങ്ങളും ദാനം ചെയ്യാൻ കുടുംബം പൂർണ്ണ സന്നദ്ധത പ്രകടിപ്പിച്ചിരുന്നു.
എന്നാൽ വൃക്കകളിൽ ക്രിയാറ്റിനിന്റെ അളവ് കൂടുതലായിരുന്നതിനാലും പ്രവർത്തന കാര്യക്ഷമത കുറവായിരുന്നതിനാലും മെഡിക്കൽ സംഘത്തിന് വൃക്കകൾ എടുക്കാൻ സാധിച്ചില്ല. ഉയർന്ന രക്തസമ്മർദ്ദത്തെ തുടർന്ന് ഹൃദയപേശികൾക്ക് തകരാർ സംഭവിച്ചിരുന്നതിനാൽ ഹൃദയവും എടുക്കാൻ സാധിച്ചില്ല.
കോഴിക്കോട് വടകരയിൽ ഒരു പരിപാടിയുടെ റിഹേഴ്സലിനിടെ രക്തസമ്മർദ്ദം ഉയർന്നതിനെ തുടർന്ന് ജൂലൈ 21ന് പുലർച്ചെയാണ് അദ്ദേഹത്തെ അടുത്തുള്ള സ്വകാര്യ ആശുപത്രികളിലാണ് പ്രവേശിപ്പിച്ചത്. വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്കും തുടർന്ന് അന്ന് വൈകുന്നേരത്തോടെ തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയവെ ജൂലൈ 25ന് ഉച്ചയ്ക്ക് 2.25ന് മസ്തിഷ്ക മരണം സ്ഥിരീകരിച്ചു.
തുടർന്ന് കുടുംബാംഗങ്ങൾ അവയവദാനത്തിന് തയ്യാറായി. മിമിക്രി, നാടൻ പാട്ട്, നൃത്തനാടകം, സീരിയൽ, പ്രൊഫഷണൽ നാടകം എന്നീ മേഖലകളിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച കലാകാരനാണ് മുരുകൻ പനവിള. ജനപ്രിയ സീരിയലായ മഞ്ഞിൽ വിരിഞ്ഞ പൂവ് എന്ന പരമ്പരയിലെ സി.ഐ ജോസഫ് എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
തിരുവനന്തപുരം മമത,നടന, സംഘകേളി, സ്വദേശാഭിമാനി, സാഹിതി, അജന്ത, ചിറയിൻകീഴ് അനുഗ്രഹ, കൊല്ലം സപര്യ, കൊല്ലം കാളിദാസ കലാകേന്ദ്രം തുടങ്ങിയ നാടക സമിതികളിലെ സജീവ സാന്നിധ്യമായിരുന്നു. കലാമേഖലയിലെ സംഭാവനകൾക്ക് നിരവധി പ്രാദേശിക പുരസ്കാരങ്ങളും നേടിയിട്ടുണ്ട്. അഞ്ജലി മുരുകനാണ് ഭാര്യ. വൈഗ, പ്രഭൻ എന്നിവരാണ് മക്കൾ. പരേതനായ പി. പ്രഭാകരൻ നായരാണ് പിതാവ്. മാതാവ്: ഗിരിജ കുമാരി. പി.അജിത്ത് കുമാറാണ് സഹോദരൻ.
Tags : Murukan Panavila Actor death malayalam cinema