മൈസയുടെ പോസ്റ്ററിൽ രശ്മിക മന്ദാന.
രശ്മിക മന്ദാന കേന്ദ്രകഥാപാത്രമാകുന്ന ഹൈ-വോൾട്ടേജ് ആക്ഷൻ ത്രില്ലർ 'മൈസ'യുടെ റിലീസ് തിയതി പ്രഖ്യാപിച്ചു. നവംബർ 27-ന് ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ ചിത്രം പ്രദർശനത്തിനെത്തും. നിർമാതാക്കളായ അൺഫോർമുല ഫിലിംസാണ് പുതിയ പോസ്റ്ററിനൊപ്പം റിലീസ് വാർത്ത പുറത്തുവിട്ടത്.
നവാഗതനായ രവീന്ദ്ര പുല്ലി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഗോണ്ട് ഗോത്രവർഗക്കാരിയുടെ വേഷത്തിലാണ് രശ്മിക എത്തുന്നത്. മുൻപ് കണ്ടിട്ടില്ലാത്ത വിധം അത്യന്തം മാസ് ആയ, ചോരയിലും ചെളിയിലും കുളിച്ച്, തീവ്രഭാവത്തിലാണ് താരം പോസ്റ്ററിലുള്ളത്. ഏഷ്യൻ സിനിമകളിൽ ആദ്യമായാണ്, ഒരു നടി ഇരുപതു മണിക്കൂറോളം വെള്ളത്തിനടിയിൽ സാഹസിക ആക്ഷൻ രംഗങ്ങളിൽ അഭിനയിക്കുന്നത്. ആക്ഷൻ സീനുകൾ ത്രസിപ്പിക്കുന്ന രീതിയിൽ രശ്മിക അഭിനയിച്ചെന്ന് അണിയറ പ്രവർത്തകർ പറഞ്ഞു.
ചിത്രത്തിന്റെ ഡാൻസ് സീക്വൻസിനിടയിലായിരുന്നു രശ്മികയുടെ ഇടുപ്പിന് പരിക്കേറ്റതും തുടർന്ന് കുറച്ചുനാൾ വിശ്രമത്തിൽ കഴിയേണ്ടിവന്നതും. രാഹുൽ രവീന്ദ്രൻ, ഈശ്വരി റാവു എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രത്തിൽ ജേക്സ് ബിജോയ് ആണ് സംഗീത സംവിധാനം നിർവഹിക്കുന്നത്. 'ബാഹുബലി 2', 'ജവാൻ' തുടങ്ങിയ ചിത്രങ്ങളുടെ ആക്ഷൻ കൊറിയോഗ്രാഫറാണ് മൈസയുടെ സംഘട്ടന രംഗങ്ങൾ ഒരുക്കുന്നത്.
മലയാളം, തെലുങ്ക്, തമിഴ്, ഹിന്ദി, കന്നഡ ഭാഷകളിൽ ഒരേസമയം ചിത്രം റിലീസ് ചെയ്യും. ചിത്രത്തിന്റെ ഒടിടി സ്ട്രീമിംഗ് നെറ്റ്ഫ്ളിക്സ് ആണു വാങ്ങിയത്. രശ്മികയുടെ കരിയറിലെ ഏറ്റവും പ്രധാനപ്പെട്ട വേഷങ്ങളിൽ ഒന്നായിരിക്കും ഇതെന്നു സംവിധായകൻ പറഞ്ഞു.
Tags : Entertainment Rashmika Mandanna MysaaMovie