അനിരുദ്ധ് രവിചന്ദർ, കാവ്യ മാരൻ
തമിഴ് സംഗീതസംവിധായകൻ അനിരുദ്ധ് രവിചന്ദറും സൺറൈസേഴ്സ് ഹൈദരാബാദ് ഉടമയും സൺ നെറ്റ്വർക്ക് എക്സിക്യൂട്ടീവ് ഡയറക്ടറുമായ കാവ്യ മാരനും വിവാഹിതരാകുന്നു. നവംബർ 11-ന് ഗ്രീസിൽ വച്ച് കുടുംബാംഗങ്ങളുടെയും അടുത്ത സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ സ്വകാര്യ ചടങ്ങിലാകും വിവാഹം.
സൺ ഗ്രൂപ്പ് ചെയർമാൻ കലാനിധി മാരനും ഭാര്യ കാവേരി മാരനും തെലുങ്കാന മുഖ്യമന്ത്രി എ. രേവന്ത് റെഡ്ഡിയെ നേരിൽകണ്ട് വിവാഹ റിസപ്ഷനിലേക്ക് ക്ഷണിച്ചു. ഹൈദരാബാദിലെ ജൂബിലി ഹിൽസിലുള്ള മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലെത്തിയാണ് മാരൻ കുടുംബം ക്ഷണക്കത്ത് കൈമാറിയത്. തുടർന്ന് തെലുങ്കാന മുഖ്യമന്ത്രിയുടെ ഔദ്യോഗിക എക്സ് ഹാൻഡിലിലൂടെ കൂടിക്കാഴ്ചയുടെ ചിത്രങ്ങളും വിവരങ്ങളും പുറത്തുവിടുകയായിരുന്നു. നവംബർ 21-ന് ചെന്നൈയിൽ വച്ചാണ് വധൂവരന്മാരുടെ വിവാഹ റിസപ്ഷൻ നടക്കുന്നത്. തമിഴ് സിനിമാ ലോകത്തെയും വ്യവസായ-രാഷ്ട്രീയ മേഖലകളിലെയും പ്രമുഖർ ചടങ്ങിൽ പങ്കെടുക്കുമെന്നാണ് സൂചന.
കഴിഞ്ഞ കുറച്ചുകാലമായി അനിരുദ്ധിന്റെയും കാവ്യയുടെയും പ്രണയത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചുമുള്ള ചർച്ചകൾ സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു. തെന്നിന്ത്യൻ സിനിമാ ലോകത്തെ ഹിറ്റ്മേക്കറായ അനിരുദ്ധ് 'ലിയോ', 'ജയിലർ', 'വേട്ടയ്യൻ', 'കൂലി' തുടങ്ങിയ ബിഗ് ബജറ്റ് ചിത്രങ്ങളിലൂടെ സംഗീത ലോകത്ത് തരംഗം സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. അതേസമയം, സൺ ഗ്രൂപ്പ് ഉടമ കലാനിധി മാരന്റെ മകളായ കാവ്യ മാരൻ ഐപിഎല്ലിൽ സൺറൈസേഴ്സ് ഹൈദരാബാദിന്റെ മത്സരങ്ങളിലെ സ്ഥിരസാന്നിധ്യത്തിലൂടെയും ബിസിനസ് മികവിലൂടെയും ക്രിക്കറ്റ് ആരാധകർക്കിടയിലും ഏറെ ശ്രദ്ധേയയാണ്.
Tags : AniridhRavichander KavyaMaran Wedding MusicComposer