രാജേഷ് ശർമ
പ്രഭാസ് നായകനാകുന്ന പുതിയ ചിത്രം ഫൗജിയുടെ ചിത്രീകരണത്തിനിടെ പ്രാണിയുടെ കടിയേറ്റ് ചികിത്സയിലായിരുന്ന പ്രശസ്ത നടൻ രാജേഷ് ശർമ ആശുപത്രി വിട്ടു. കൊൽക്കത്തയിലെ ധകൂരിയ മണിപ്പാൽ ആശുപത്രിയിലെ ചികിത്സയ്ക്ക് ശേഷം മുംബൈയിലെ വസതിയിൽ തിരിച്ചെത്തിയ അദ്ദേഹം ദിവസങ്ങൾക്കുള്ളിൽ സിനിമയുടെ സെറ്റിൽ തിരിച്ചെത്തും.
വെസ്റ്റേൺ ഇന്ത്യ സിനി എംപ്ലോയീസ് ഫെഡറേഷൻ പ്രസിഡന്റ് ബി.എൻ. തിവാരിയാണ് നടന്റെ ആരോഗ്യനില മെച്ചപ്പെട്ട വിവരം സ്ഥിരീകരിച്ചത്. കൊൽക്കത്തയിലെ ആശുപത്രിവാസത്തിന് ശേഷം അദ്ദേഹം മുംബൈയിൽ തിരിച്ചെത്തി.
രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയർന്നതിനെ തുടർന്ന് ചില സങ്കീർണതകൾ ഉണ്ടായിരുന്നു. ഇപ്പോൾ ആരോഗ്യനില തൃപ്തികരമാണെന്നും ബി.എൻ. തിവാരി അറിയിച്ചു.
ഹൈദരാബാദിലെ രാമോജി ഫിലിം സിറ്റിയിൽ ഫൗജിയുടെ ചിത്രീകരണം പൂർത്തിയായ ശേഷം സാങ്കേതിക പ്രവർത്തകരുമായി സംസാരിച്ചുനിൽക്കുമ്പോഴാണ് രാജേഷ് ശർമയ്ക്ക് പ്രാണിയുടെ കടിയേറ്റത്.
തുടക്കത്തിൽ ഇത് നിസ്സാരമായി തള്ളിക്കളഞ്ഞെങ്കിലും കൊൽക്കത്തയിലേക്കുള്ള വിമാനയാത്രയ്ക്കിടെ അദ്ദേഹത്തിന് കടുത്ത പനിയും അസ്വസ്ഥതയും അനുഭവപ്പെടുകയായിരുന്നു. തുടർന്ന് കൊൽക്കത്തയിലെത്തിയ ഉടൻ അദ്ദേഹത്തെ ധകൂരിയ മണിപ്പാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ആശുപത്രിയിൽ ചികിത്സയിലായിരുന്ന രാജേഷ് ശർമയെ പശ്ചിമ ബംഗാൾ കായിക മന്ത്രി ഇന്ദ്രനീൽ ഖാൻ സന്ദർശിച്ചിരുന്നു. പ്രിയദർശൻ സംവിധാനം ചെയ്ത് അക്ഷയ് കുമാർ നായകനായ ഭൂത് ബംഗ്ല എന്ന ചിത്രത്തിലാണ് രാജേഷ് ശർമ അവസാനമായി അഭിനയിച്ചത്.