അഹമ്മദാബാദ്: കൊലക്കേസിൽ അറസ്റ്റിലായി പരോൾ ലഭിച്ചതിന് ശേഷം ഒളിവിൽപോയ ബോളിവുഡ് നടൻ 12 വർഷത്തിനു ശേഷം അറസ്റ്റിൽ. ഹേമന്ത് മോദി(53) ആണ് അറസ്റ്റിലായത്.
അഹമ്മദാബാദിലെ ഘീകാന്ത മെട്രോ സ്റ്റേഷന് സമീപത്തു നിന്നാണ് ഹേമന്ത് മോദിയെ (ഹേമന്ത് നാഗിന്ദാസ് പുരുഷോത്തംദാസ്, വൈഷ്ണവ്) അറസ്റ്റ് ചെയ്തത്.
2014ൽ കൊലക്കേസിൽ ജീവപര്യന്തം തടവ് അനുഭവിക്കുന്നതിനിടെ ഗുജറാത്ത് ഹൈക്കോടതി അനുവദിച്ച 30 ദിവസത്തെ പരോൾ കാലാവധി അവസാനിച്ചിട്ടും കീഴടങ്ങാതെ ഇയാൾ ഒളിവിൽ കഴിയുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
2005ൽ അഹമ്മദാബാദിലെ നരോദ പ്രദേശത്ത് നടന്ന സംഘർഷവുമായി ബന്ധപ്പെട്ട ഒരു കൊലപാതകക്കേസിലാണ് ഹേമന്ത് വൈഷ്ണവ് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്. ബോംബെ പോലീസ് ആക്ടിലെ സെക്ഷൻ 135(1) നൊപ്പം ഐപിസി 302, 324, 147, 148, 149, 120(ബി) എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തത്.
2005 ജൂൺ 15 ന് രാത്രി ആസാദ് ചൗക്കിനടുത്തുള്ള പാർശ്വനാഥ് ടൗൺഷിപ്പ് പ്രദേശത്ത് ഭൂമി തർക്കത്തെച്ചൊല്ലി രണ്ട് ഗ്രൂപ്പുകൾ തമ്മിലുള്ള സംഘർഷമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പോലീസ് അറിയിച്ചു. നരേന്ദ്ര (നന്നോ യശ്വന്ത് കാംബ്ലെ) ആണ് കൊല്ലപ്പെട്ടത്.
2008 ഓഗസ്റ്റ് 27 ന് കേസിലെ പ്രതികൾക്ക് കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. മെഹ്സാന ജയിലിൽ ശിക്ഷ അനുഭവിക്കുന്നതിനിടെയാണ് ഹേമന്ത് വൈഷ്ണവിന് 2014 ജൂലൈ 25 ന് ഗുജറാത്ത് ഹൈക്കോടതി 30 ദിവസത്തെ പരോൾ അനുവദിച്ചത്.
പരോൾ കാലാവധി അവസാനിച്ചിട്ടും ഹേമന്ത് മോദി തിരിച്ചെത്തിയില്ല. തുടർന്ന് ഇയാളെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു.
തഗ്സ് ഓഫ് ഹിന്ദുസ്ഥാൻ, ജയേഷ്ഭായ് ജോർദാർ എന്നിവയുൾപ്പെടെയുള്ള ബോളിവുഡ് ചിത്രങ്ങളിലും വാഗ്ലെ കി ദുനിയ പോലുള്ള ടെലിവിഷൻ പ്രോഗ്രാമുകളിലും നാടകങ്ങളിലും ഇയാൾ അഭിനയിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.
അഹമ്മദാബാദ് ക്രൈംബ്രാഞ്ചാണ് ഇയാളെ കണ്ടെത്തി അറസ്റ്റ് ചെയ്തത്. കൂടുതൽ നിയമനടപടികൾ നടന്നുവരികയാണ്.
Tags : Murder Parole Bollywood Gujarat Actor Arrest