നക്ഷത്ര
റീല്‍സില്‍ നിന്നു സിനിമയിലെത്തി പാന്‍ ഇന്ത്യന്‍ താരമായ കഥയാണ് കണ്ണൂരിലെ കുഞ്ഞുമിടുക്കി നക്ഷത്രയുടേത്. തെലുങ്ക് സൂപ്പര്‍താരം മാസ് മഹാരാജ രവിതേജ നായകവേഷത്തിലെത്തിയ സൂപ്പര്‍ഹിറ്റ് ‘ഇരുമുടി’യില്‍ അദ്ദേഹത്തിന്റെ മകളായ മണികണ്ഠയെ അവതരിപ്പിച്ചതു നക്ഷത്രയാണ്.
റിലീസായി രണ്ടാഴ്ചയ്ക്കകം ഇരുനൂറു കോടി ക്ലബി ൽ എത്തിയ ‘ഇരുമുടി’യും അതിലെ മലയാളി ബാലതാരവുമാണ് ഇപ്പോള്‍ തെലുങ്ക് ഇന്ഡസ്ട്രിയിലെ പ്രധാന സംസാരവിഷയം.
നിസാം ബഷീര്‍ സംവിധാനം ചെയ്ത ‘ഐ നോബഡി’യില്‍ പൃഥ്വിരാജിന്റെയും പാര്‍വതി തിരുവോത്തി ന്റെയും മകളായി, ജിയ എന്ന നിര്‍ണായക വേഷത്തിൽ നക്ഷത്ര അഭിനയിച്ചിരുന്നു. ചിത്രം ഇപ്പോള്‍ ഹോട്ട് സ്റ്റാറിലും പ്രദര്‍ശനത്തിനെത്തിയിരിക്കുന്നു. കന്നട സൂപ്പര്‍താരം ശിവ.
രാജ് കുമാറിന്റെ മകളായി നക്ഷത്ര വേഷമിട്ട ഇമോഷണൽ ത്രില്ലർ ‘ഡാഡ്’ റിലീസിനൊരുങ്ങുന്നു.
തുടക്കം പേട്ടറാപ്പില്
കണ്ണൂര്‍ അത്താഴക്കുന്നിലെ സബിന്‍ -റിജിന ദമ്പതിമാരുടെ ഏക മകളാണു നക്ഷത്ര. അമ്മയാണു നാലു വയസുകാരി നക്ഷത്രയുടെ വീഡിയോ റീലുകള്‍ ചിത്രീകരിച്ചുതുടങ്ങിയത്. അമ്മ നിര്ബന്ധിക്കുമ്പോള് മാത്രം ഫോണ്‍ കാമറയ്ക്കു മുന്നിലെത്തി, പറഞ്ഞുകൊടുക്കുംപോലെ പെർഫോം ചെയ്തിരുന്ന കൊച്ചു പെൺകുട്ടി. ക്രമേണ ഇന്‍സ്റ്റയില്‍ ഹിറ്റടിച്ച റീലുകള്‍ നക്ഷത്രയ്ക്കു സിനിമയുടെ വാതില്‍തുറന്നു.
2024ല്‍ എസ്. ജെ. സിനു സംവിധാനം ചെയ്ത പ്രഭുദേവ ചിത്രം ‘പേട്ടറാപ്പില്’ നായിക വേദികയുടെ കുട്ടിക്കാലം അവതരിപ്പിച്ച് തമിഴിലൂടെ നക്ഷത്രയെന്ന നാലാം ക്ലാസുകാരിയുടെ അരങ്ങേറ്റം. തൊട്ടടുത്ത വര്‍ഷം മലയാളത്തുടക്കം; മഹേഷ് മധു സംവിധാനം ചെയ്ത ഫാന്റസി കോമഡി ത്രില്ലര്‍ ‘എന്നു സ്വന്തം പുണ്യാളനി’ല്‍.
അതില്‍ ഒരു സ്കൂള്‍ കുട്ടിയുടെ കഥാപാത്രം. തുടര്‍ന്നു പ്രണീഷ് വിജയന് സംവിധാനം ചെയ്ത ‘പെറ്റ് ഡിറ്റക്ടീവി’ല്‍ നായിക അനുപമ പരമേശ്വരന്റെ കുട്ടിക്കാലം അവതരിപ്പിച്ചു. ഈ സിനിമകളിലെ ല്ലാം ഓഡിഷൻ നടത്താതെ നേരിട്ടുവിളിച്ച് ഷൂട്ടിംഗ് ഡേറ്റ് അറിയിക്കുകയായിരുന്നു.
ഐ നോബഡി ജിയ
ആദ്യ ഓഡിഷന് പൃഥ്വിരാജ് ചിത്രം ‘ഐ നോബഡി’യില്‍. രാജീവന്റെയും മീരയുടെയും മൂത്ത മകള്‍ ജിയയായി നക്ഷത്രയുടെ ശാന്തഗംഭീര പ്രകടനം ചിത്രത്തിന്റെ പ്രമോഷന് പരിപാടികളില്‍ പൃഥ്വിയുടെയും പാര്‍വതിയുടെയും പ്രശംസയ്ക്കും ഇടനല്കി.
കഥാപരമായി എറെ പ്രധാന്യമുള്ള ക്ലൈമാക്സ് സീനുകളിലെ നക്ഷത്രയുടെ സാന്നിധ്യം ഇപ്പോള്‍ ഓടിടി പ്രേക്ഷകരുടെയും ശ്രദ്ധ നേടുകയാണ്. ചുരുണ്ട മുടിയും പാര്‍വതിയുമായുള്ള മുഖസാദൃശ്യവും ആ വേഷം ഹൃദ്യമായി അവതരിപ്പിക്കുന്നതില്‍ സഹായകമായി.
‘ഇരുമുടി’ത്തിളക്കം
റീല്‍സിലെ ആകർഷകത്വവും നൃത്തച്ചുവടുകളിലെ പ്രസരിപ്പുമാണ് നക്ഷത്രയെ ശിവ നിര്‍വാണ സംവിധാനം ചെയ്ത, മൈത്രി മൂവി മേക്കേഴ്സിന്റെ ‘ഇരുമുടി’യിലെത്തിച്ചത്. ഹൈദരാബാദിലെ ഓഡിഷൻ വിജയിച്ചാണ് കേന്ദ്രകഥാപാത്രമായി സെലക്ഷന് നേടിയത്. മദ്യപാനത്തിനടിമയായ അച്ഛനെ അതില്‍ നിന്നു മോചിപ്പിക്കുന്നതിനായി 41 ദിവസത്തെ അയ്യപ്പവ്രതം അനുഷ്ഠിച്ച് ശബരിമല ദര്‍ശനത്തിനു പ്രേരിപ്പിക്കുന്ന മണികണ്ഠ എന്ന മകൾ.
അച്ഛന് ത്രിനാഥായി രവി തേജയും അമ്മ കാവേരിയായി പ്രിയ ഭവാനി ശങ്കറും. മലയാളി അഭിനേത്രി സ്വാസികയും ചിത്രത്തിലുണ്ട്. സിനിമയുടെ അവസാന 20 മിനിറ്റുകളിലെ നക്ഷത്രയുടെ വൈകാരിക പ്രകടനം ഇതിനോടകം നിരൂപകപ്രശംസയും നേടിക്കഴിഞ്ഞു.
"ഏറെ ഫ്രണ്ട്ലിയാണു രവി തേജ സാര്‍. ഡയലോഗ് പരിഭാഷ ചെയ്തു പറഞ്ഞുതരാന്‍ സെറ്റില്‍ ഒരു ചേട്ട നുണ്ടായിരുന്നു. അങ്ങനെ ആദ്യ തെലുങ്ക് ചിത്രത്തിലും സ്വന്തമായി ഡയലോഗ് പറഞ്ഞു. മനമ്മയെന്നാണ് എന്റെ കഥാപാത്രത്തെ സിനിമയില്‍ സ്നേഹത്തോടെ വിളിക്കുന്നത്.' ഇരുമുടിയിലെ പല സീനുകളും കണ്ട് ചിലര്‍ കരയാറുണ്ടെങ്കിലും അതു ഷൂട്ട് ചെയ്തപ്പോള്‍ തനിക്ക് അത്തരം വൈകാരിക പ്രശ്നങ്ങളൊന്നുമുണ്ടായില്ലെന്നു നക്ഷത്ര പറയുന്നു.
ഡാന്‍സും സൂപ്പറാ!
ഇരുമുടിയില്‍ ജി.വി. പ്രകാശ്കുമാര് ഒരുക്കിയ പാട്ടുകള്ക്കൊപ്പംതന്നെ ഹിറ്റാണ് രവിതേജയ്ക്കൊപ്പമുള്ള നക്ഷത്രയുടെ ചുവടുകളും. ഡാന്‍സ് ശാസ്ത്രീയമായി പരിശീലിച്ചു കളിക്കുകയല്ല നക്ഷത്ര. ഒക്കെയും സ്വതസിദ്ധം. അച്ഛന്-മകള്‍ ആത്മബന്ധവും സ്നേഹവുമൊക്കെ പ്രമേയമായ ചിത്രങ്ങളാണ് ഇപ്പോൾ നക്ഷത്രയെ തേടിയെ ത്തുന്നത്.
ഐ നോബഡിയിലാണ് അതിന്റെ തുടക്കം. ഇരുമുടിയിലെ കഥാപാത്രം പെർഫോമ ൻസിന് ഏറെ ഇടമുള്ള വൈകാരിക സന്ദര്‍ഭങ്ങളിലൂടെ കൂടുതല്‍ ദൂരം സഞ്ചരിക്കുന്നുണ്ട്.
ഇനി, ഡാഡ്
റീല്‍സിനും ഡാന്‍സിനും അഭിനയത്തിനുമൊപ്പം പഠനത്തിനും തുല്യപ്രാധാന്യം നല്കി മുന്നേറുകയാണ് കണ്ണൂര്‍ കടമ്പൂര് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ ഈ ഏഴാം ക്ലാസുകാരി.
അടുത്ത റിലീസ് ‘ഡാഡും’ അച്ഛന്-മകള്‍ ഹൃദയബന്ധത്തിന്റെ ആഴങ്ങള്‍ തേടുകയാണ്. ഇരുമുടിക്കു മുന്‍പേ ചിത്രീകരണം ആരംഭിച്ച ഇതിലേക്കു വഴിതുറന്നതും സൂപ്പർഹിറ്റ് റീലുകൾ തന്നെ. അനീല്‍ കന്നേഗണ്ടി സംവിധാനം ചെയ്യുന്ന ഡാഡിലൂടെ നടൻ സുരാജ് വെഞ്ഞാറമൂടും കന്നടയില്‍ അരങ്ങേറുന്നു.
Tags : child artist nakshtra irumudi cinema ravi teja