ഋതിക സിംഗ്
വ്യാജ അക്കൗണ്ടുകൾക്കും എഐ ദുരുപയോഗത്തിനുമെതിരെ കടുത്ത മുന്നറിയിപ്പുമായി നടി ഋതിക സിംഗ്
സമൂഹമാധ്യമങ്ങളിൽ തന്റെ പേരിൽ നടക്കുന്ന വ്യാജ പ്രചാരണങ്ങൾക്കും പണത്തട്ടിപ്പുകൾക്കും എതിരെ ശക്തമായ മുന്നറിയിപ്പുമായി പ്രശസ്ത നടിയും കിക് ബോക്സറുമായ ഋതിക സിംഗ്.
ഫെയ്സ്ബുക്കിൽ തന്റെ പേരിൽ വ്യാജ പേജ് നിർമിച്ച് സബ്സ്ക്രിപ്ഷൻ വഴി പണം തട്ടുന്നതിനെതിരെയും, തന്നെപ്പോലെ തോന്നിപ്പിക്കുന്ന വ്യാജ എഐ വീഡിയോകൾ പ്രചരിക്കുന്നതിനെതിരെയും താരം വീഡിയോ സന്ദേശത്തിലൂടെ രംഗത്തെത്തി.
ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് ഋതിക തന്റെ നിലപാട് വ്യക്തമാക്കിയത്. ബ്ലൂ ടിക്കുള്ള നിലവിലെ ഇൻസ്റ്റാഗ്രാം പ്രൊഫൈൽ മാത്രമാണ് തന്റെ ഒരേയൊരു ഔദ്യോഗിക അക്കൗണ്ടെന്നും, ഫെയ്സ്ബുക്കിൽ പ്രചരിക്കുന്ന പേജുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും താരം വ്യക്തമാക്കി.
ഋതിക സിംഗിന്റെ വാക്കുകൾ
"ബ്ലൂ ടിക്ക് ഉള്ള, വെരിഫൈഡ് ആയ ഇൻസ്റ്റാഗ്രാം പ്രൊഫൈൽ മാത്രമാണ് എന്റെ ഒരേയൊരു ഔദ്യോഗിക അക്കൗണ്ട്. ഇവിടെ പോസ്റ്റ് ചെയ്യുന്ന കാര്യങ്ങളെല്ലാം ഞാൻ നേരിട്ട് പങ്കുവെക്കുന്നതാണ്.
എന്നാൽ, ഫെയ്സ്ബുക്കിൽ എന്റെ പേരിൽ വ്യാജമായി ഒരു പേജ് ആരംഭിച്ചതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. പ്രതിമാസം 400 രൂപ നിരക്കിൽ ഒരു സബ്സ്ക്രിപ്ഷൻ മോഡലിലാണ് അവർ ഇത് നടപ്പിലാക്കുന്നത്.
പലരും ഇതിനായി പണം നൽകുന്നുമുണ്ട്. അത് വെരിഫൈഡ് ആയ പേജല്ലെന്നുമാത്രമല്ല, എന്റെ പേരിന്റെ സ്പെല്ലിംഗ് പോലും അതിൽ തെറ്റായാണ് നൽകിയിരിക്കുന്നത്. അതിനായി പണം നൽകുന്നവർ ദയവായി സ്വന്തം പണത്തിന്റെ കാര്യത്തിൽ കുറച്ചുകൂടി ജാഗ്രത പുലർത്തുക.
തുടക്കത്തിൽ ഞാൻ ഇത് കാര്യമാക്കിയില്ലെങ്കിലും, ഇപ്പോൾ അത് വ്യക്തിത്വത്തെ അധിക്ഷേപിക്കുന്ന രീതിയിലേക്ക് എത്തിയിരിക്കുന്നു. എന്നെപ്പോലെ തോന്നിക്കുന്ന തികച്ചും യഥാർത്ഥമെന്ന് തോന്നിപ്പിക്കുന്ന രീതിയിലുള്ള എഐ വീഡിയോകളും വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഒരു തെറ്റും ചെയ്യാതിരുന്നിട്ടും ഇത്തരം കാര്യങ്ങളിൽ വ്യക്തത വരുത്തേണ്ടി വരുന്നത് ഏറെ വിഷമമുണ്ടാക്കുന്നു.
വെരിഫൈഡ് അല്ലാത്ത വ്യാജ പേജുകൾക്ക് സബ്സ്ക്രിപ്ഷൻ മോഡലുകൾ നടത്തി നമ്മുടെ പേരിൽ പണം സമ്പാദിക്കാൻ എങ്ങനെയാണ് അനുവാദം ലഭിക്കുന്നത്? എഐ സാങ്കേതികവിദ്യയുടെ ദുരുപയോഗം ഭയപ്പെടുത്തുന്നതാണ്. എന്റെ കുടുംബാംഗങ്ങളോ സുഹൃത്തുക്കളോ ഇത് കണ്ടാൽ, അത് ഞാനല്ലെന്ന് തിരിച്ചറിയാൻ പോലും കഴിഞ്ഞെന്നു വരില്ല.
ആ പേജിന് കൂടുതൽ പ്രചാരം നൽകാൻ ആഗ്രഹിക്കാത്തതിനാലാണ് അതിന്റെ ലിങ്ക് ഇവിടെ പങ്കുവെക്കാത്തത്. അതിനാൽ, അത്തരം പേജുകൾ കണ്ടാൽ വിശ്വസിക്കുകയോ സബ്സ്ക്രിപ്ഷൻ എടുക്കുകയോ ചെയ്യരുത്. ആ പേജ് റിപ്പോർട്ട് ചെയ്ത് സഹായിക്കണമെന്ന് എല്ലാവരോടും അഭ്യർത്ഥിക്കുന്നു."
Tags : Ritika Singh RitikaSingh Actress video subscription