ചിത്രത്തിന്റെ പോസ്റ്റർ
രജനീകാന്ത് ചിത്രം ജയിലർ 2മായുള്ള ക്ലാഷ് ഒഴിവാക്കാൻ പുതിയ ചിത്രത്തിന്റെ റിലീസ് മാറ്റി ധനുഷ്. മമ്മൂട്ടിയും ധനുഷും പ്രധാന വേഷങ്ങളിലെത്തുന്ന ‘ഓം: ചാപ്റ്റർ 1’ എന്ന ചിത്രത്തിന്റെ റിലീസാണ് മാറ്റിയത്.
ഒക്ടോബർ 16നായിരുന്നു ചിത്രം റിലീസ് ചെയ്യാനിരുന്നത്. എന്നാൽ, ഒക്ടോബർ 15ന് രജിനീകാന്തിന്റെ ‘ജയിലർ 2’ റിലീസ് ചെയ്യുന്നതിനാൽ ക്ലാഷ് ഒഴിവാക്കാനാണ് ഈ തീരുമാനമെന്ന് ധനുഷ് സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പിൽ വ്യക്തമാക്കി.
ദീപാവലിക്ക് സൂര്യയുടെ സിനിമ റിലീസ് ആകുന്നതിനാൽ ദീപാവലി റിലീസായും ചിത്രം എത്തില്ലെന്നും പുതിയ റിലീസ് തിയതി ഉടനെ പ്രഖ്യാപിക്കുമെന്നും താരം അറിയിച്ചു.
ഇങ്ങനെയുള്ള സമയങ്ങളിൽ ഒരു സിനിമയുടെ റിലീസ് മാറ്റിവയ്ക്കുമ്പോൾ അതിന്റേതായ വെല്ലുവിളികളുണ്ടാകും.
നമ്മുടെ പ്രിയ സൂപ്പർസ്റ്റാർ രജിനീകാന്ത് സർ, നമ്മളെല്ലാം വർഷങ്ങളായി ആദരിക്കുകയും ആരാധിക്കുകയും ചെയ്യുന്ന വ്യക്തിയാണ്. അദ്ദേഹത്തിന്റെ ചിത്രം ഒക്ടോബർ 15-ന്, ഞങ്ങളുടെ ചിത്രത്തിന് ഒരു ദിവസം മുൻപായി റിലീസ് ചെയ്യുകയാണ്.
അദ്ദേഹത്തോടുള്ള അങ്ങേയറ്റത്തെ ബഹുമാനം കാരണം, ഞങ്ങളുടെ 'ഓം’ എന്ന ചിത്രത്തിന്റെ റിലീസ് പിന്നീട് ഒരു തിയതിയിലേക്ക് മാറ്റിവയ്ക്കാൻ ഞങ്ങൾ തീരുമാനിച്ചു.
അതേസമയം, ഈ വർഷം ദീപാവലിക്ക് ഞങ്ങൾക്ക് റിലീസ് ചെയ്യാനും സാധിക്കില്ല. കാരണം അതേ തിയതിയിൽ സൂര്യ സാറിന്റെ ചിത്രം റിലീസ് ചെയ്യാൻ ഇതിനോടകം പ്രഖ്യാപിച്ചിട്ടുണ്ട്. ന്യായമായി പറഞ്ഞാൽ, അവർ അവരുടെ തിയതി ആദ്യം പ്രഖ്യാപിച്ചതാണ്.
സിനിമയുടെയും സിനിമാ വ്യവസായത്തിന്റെയും പൊതുവായ നന്മയെ കരുതി, വലിയ ചിത്രങ്ങൾക്കിടയിൽ പരസ്പര ധാരണയും, ഓരോരുത്തരുടെയും തീരുമാനങ്ങളോടുള്ള ബഹുമാനവും ആവശ്യമാണെന്ന് ഞങ്ങൾ ദൃഢമായി വിശ്വസിക്കുന്നു. ഞങ്ങളുടെ പുതിയ റിലീസ് തീയതി ഉടൻ തന്നെ പ്രഖ്യാപിക്കുന്നതാണ്. ധനുഷ് പറഞ്ഞു.
ധനുഷിന്റെ വണ്ടർബാർ ഫിലിംസ്, ആർ ടേക്ക് സ്റ്റുഡിയോസ് ആയി സഹകരിച്ചാണ് ഈ പാൻ ഇന്ത്യൻ ചിത്രം നിർമ്മിക്കുന്നത്. മെഗാ ബ്ലോക്ക്ബസ്റ്റർ ഹിറ്റായ അമരന് ശേഷം രാജ്കുമാർ പെരിയസാമി ഒരുക്കുന്ന ചിത്രമാണിത്. സായ് പല്ലവി നായികാ വേഷം ചെയ്യുന്ന ചിത്രത്തിൽ ശ്രീലീലയും പ്രധാന വേഷത്തിലുണ്ട്.
ഓം -ചാപ്റ്റർ വൺ എന്ന് പേര് നൽകിയിരിക്കുന്ന ചിത്രത്തിന്റെ ടൈറ്റിൽ ടാഗ് ലൈൻ 'ഉതിരം: ദ ബ്ലഡ് വുഡ്' എന്നാണ്.
Tags : om cinema release postponed dhanush