വിജയ് സേതുപതിയെ നായകനാക്കി ബാലാജി തരണീധരൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'ബത്ത'യിലെ ഏറ്റവും പുതിയ ഗാനം പുറത്തിറങ്ങി. സായ് അഭ്യങ്കർ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്ന ഈ ഗാനത്തിന് വരികൾ കുറിച്ചിരിക്കുന്നത് കെ. കെ. നഗർ ഗാന ജീവയാണ്.
സായ് അഭ്യങ്കർ, വംഗൽ പുള്ള വിക്കി, തമിഴ് ആധവൻ എന്നിവർ ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. അച്ഛനും മകളും തമ്മിലുള്ള വൈകാരികമായ ബന്ധത്തിന്റെ പശ്ചാത്തലത്തിലാണ് ഈ ഗാനം ഒരുക്കിയിരിക്കുന്നത് എന്നാണ് സൂചന.
പ്രശസ്ത സംവിധായകൻ ആറ്റ്ലി അവതരിപ്പിക്കുന്ന ബത്ത, പ്രിയ ആറ്റ്ലിയും മുറാദ് ഖേതാനിയും ചേർന്നാണ് നിർമ്മിക്കുന്നത്. 'നടുവുല കൊഞ്ചം പക്കാത്തെ കാണോം', 'സീതാകാത്തി' എന്നീ സൂപ്പർഹിറ്റ് ചിത്രങ്ങൾക്ക് ശേഷം വിജയ് സേതുപതിയും ബാലാജി തരണീധരനും വീണ്ടും ഒന്നിക്കുന്ന മൂന്നാമത്തെ പ്രോജക്റ്റാണിത്.
മലയാളി നടി ലിജോമോൾ ജോസ് നായികയായി എത്തുന്ന ചിത്രത്തിന്റെ, വിന്റേജ് ലുക്കിൽ വിജയ് സേതുപതി പ്രത്യക്ഷപ്പെട്ട ഫസ്റ്റ് ലുക്ക് പോസ്റ്റർ നേരത്തെ തന്നെ ഏറെ ശ്രദ്ധ നേടിയിരുന്നു. ചിത്രം 2026 ഒക്ടോബർ ഒന്നിന് തിയേറ്ററുകളിലെത്തും.
അതേസമയം, വിജയ് സേതുപതിയും സായ് പല്ലവിയും കേന്ദ്രകഥാപാത്രങ്ങളാകുന്ന മണിരത്നം ചിത്രത്തിന്റെ പേരും കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. 'ഇഞ്ചി വെള്ളം' എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രം ലൈക്ക പ്രൊഡക്ഷൻസും മദ്രാസ് ടാക്കീസും ചേർന്നാണ് നിർമ്മിക്കുന്നത്.
'ചെക്ക ചിവന്ത വാനത്തിന്' ശേഷം വിജയ് സേതുപതിയും മണിരത്നവും ഒന്നിക്കുന്ന ചിത്രം 2027 ജനുവരിയിൽ റിലീസ് ചെയ്യും. നിലവിൽ ബിഗ് ബോസ് തമിഴിന്റെ അവതാരകനായി തിളങ്ങുന്ന വിജയ് സേതുപതി കൈനിറയെ സിനിമകളുമായി തിരക്കിലാണ്.
പുരി ജഗന്നാഥിന്റെ 'സ്ലം ഡോഗ്', ത്യാഗരാജൻ കുമാരരാജയുടെ 'പോക്കറ്റ് നോവൽ', രാജ് ആൻഡ് ഡികെയുടെ 'ഫർസി 2', ബാലാജി തരണീധരന്റെ തന്നെ മറ്റൊരു പ്രോജക്റ്റ് എന്നിവയാണ് അദ്ദേഹത്തിന്റെ അണിയറയിലൊരുങ്ങുന്ന മറ്റ് പ്രധാന ചിത്രങ്ങൾ.
Tags : VijaySethupathi Baththa BalajiTharaneetharan Atlee LijomolJose