വിജയ് ദേവരകൊണ്ടയെ നായകനാക്കി രാഹുൽ സങ്കൃത്യൻ സംവിധാനം ചെയ്യുന്ന പുതിയ ബിഗ് ബജറ്റ് പീരിയഡ് ആക്ഷൻ ചിത്രമായ ‘രണബാലി’ ഒക്ടോബർ 16-ന് തിയറ്ററുകളിലെത്തുന്നു.
സെപ്റ്റംബർ 11-ന് റിലീസ് ചെയ്യാനായിരുന്നു മുന്നേ തീരുമാനിച്ചിരുന്നതെങ്കിലും പിന്നീട് തീയതി മാറ്റുകയായിരുന്നു. രശ്മിക മന്ദാന നായികയാകുന്ന ചിത്രം നിർമ്മിക്കുന്നത് മൈത്രി മൂവി മേക്കേഴ്സിന്റെ ബാനറിൽ നവീൻ യെർനേനിയും വൈ. രവിശങ്കറും ചേർന്നാണ്.
ടി-സീരീസും ചിത്രത്തിൽ പങ്കാളികളാകുന്നുണ്ട്. വിവാഹത്തിന് ശേഷം വിജയ് ദേവരകൊണ്ടയും രശ്മികയും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.
പത്തൊൻപതാം നൂറ്റാണ്ടിലെ ബ്രിട്ടീഷ് ഇന്ത്യയിൽ നടന്ന ക്രൂരമായ വംശഹത്യകളും സാമ്പത്തിക ചൂഷണങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തമെന്നാണ് സൂചന.
ചരിത്രപുസ്തകങ്ങളിൽ ഇടംപിടിക്കാതെ പോയ പല ഭീകര സംഭവങ്ങളും സർ റിച്ചാർഡ് ടെമ്പിളിനെപ്പോലുള്ള ഉദ്യോഗസ്ഥർ സൃഷ്ടിച്ച കൃത്രിമ വരൾച്ചയും ചിത്രം തുറന്നുകാട്ടുന്നുണ്ട്.
ഇതൊരു ബയോപിക് അല്ലെന്നും വാമൊഴികളിലൂടെയും മറച്ചുവെക്കപ്പെട്ട രേഖകളിലൂടെയും മുന്നോട്ടുവന്ന ചരിത്രവസ്തുതകളുടെ സിനിമാറ്റിക് ആവിഷ്കാരമാണെന്നും അണിയറപ്രവർത്തകർ വ്യക്തമാക്കുന്നു.
ചിത്രത്തിൽ രണബാലി എന്ന പോരാളിയായി വിജയ് ദേവരകൊണ്ട എത്തുമ്പോൾ ജയമ്മ എന്ന കഥാപാത്രത്തെയാണ് രശ്മിക അവതരിപ്പിക്കുന്നത്. ലോകപ്രശസ്ത ഹോളിവുഡ് ചിത്രം 'ദി മമ്മി'യിലെ താരം അർനോൾഡ് വോസ്ലൂ ആണ് ചിത്രത്തിൽ ബ്രിട്ടീഷ് ഉദ്യോഗസ്ഥനായ സർ തിയോഡോർ ഹെക്ടർ എന്ന പ്രധാന വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
അജയ്-അതുൽ ഈണമിട്ട് ശ്വേത മോഹനും അജയ് ഗൊഗവാലേയും ചേർന്ന് ആലപിച്ച "എൻതയ്യ സാമി" എന്ന ആദ്യ ഗാനവും ചിത്രത്തിന്റെ ടീസറും ഇതിനകം തന്നെ പ്രേക്ഷകർക്കിടയിൽ വൻ തരംഗമായി മാറിയിട്ടുണ്ട്. പാൻ-ഇന്ത്യൻ തലത്തിൽ പുറത്തിറങ്ങുന്ന ഈ ചിത്രം വലിയ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്.
Tags : Ranabali VijayDeverakonda RashmikaMandanna RahulSankrityan Viroshka