നീലിൻ സാന്ദ്രയും ശ്യാമിനും
രജിസ്റ്റർ വിവാഹത്തിന്റെ ചിത്രങ്ങൾ പങ്കുവച്ച് നടി നിലീൻ സാന്ദ്ര. അടുത്തിടെയാണ് ‘കരിക്ക്’ വെബ് സീരീസിലൂടെ ശ്രദ്ധേയയായ നടി നിലീൻ സാന്ദ്ര വിവാഹിതയായത്. വിവാഹത്തിന് മുന്നോടിയായി നേരത്തെ അവർ വിവാഹം രജിസറ്റർ ചെയ്തിരുന്നു.
യുവ സംവിധായകൻ ശ്യാമിൻ ഗിരീഷ് ആണ് വരൻ. 2017 മുതൽ നിലീന്റെസുഹൃത്താണ് ശ്യാമിൻ. ഉത്രാടം ദിനത്തിലായിരുന്നു തന്റെ വിവാഹചിത്രങ്ങൾ നിലീൻ ഇൻസ്റ്റഗ്രാമിൽ പങ്കിട്ടത്. നിയമപരമായി വിവാഹം രജിസ്റ്റർ ചെയ്യുന്ന കാര്യങ്ങളും ഒരു ചെറിയ വിവാഹാഘോഷം പോലെയാണ് ഇരുവരും നടത്തിയത്.
‘‘വലിയ വിവാഹാഘോഷങ്ങൾക്ക് മുൻപേ, ഇങ്ങനെയൊരു കാര്യമുണ്ടായിരുന്നു. സ്പെഷൽ മാര്യേജ് ആക്ട് പ്രകാരം ഞങ്ങളുടെ വിവാഹം നിയമപരമായി റജിസ്റ്റർ ചെയ്യേണ്ടിയിരുന്നതിനാൽ ഈയൊരു ചടങ്ങ് ഞങ്ങൾക്ക് ആദ്യം തന്നെ നടത്തേണ്ടതുണ്ടായിരുന്നു. പിന്നെ ഞങ്ങൾ ചിന്തിച്ചു... ആ സ്ഥിതിക്ക് എന്തുകൊണ്ട് രണ്ട് മാലകൾ പരസ്പരം മാറി കുറച്ച് സന്തോഷം കൂടി പങ്കുവച്ചുകൂടാ? വലിയൊരു വിവാഹത്തിന് മുന്നോടിയായി നടന്ന ഒരു കൊച്ചു വിവാഹം.’’-ചിത്രങ്ങൾ പങ്കുവച്ച് നിലീന്റെ വാക്കുകൾ.
സംഗീത് പ്രതാപ് നായകനാകുന്ന 'ഇറ്റ്സ് എ മെഡിക്കൽ മിറാക്കിൾ' എന്ന സിനിമയുടെ സംവിധായകനാണ് ശ്യാമിൻ ഗിരീഷ്. നിലീൻ സാന്ദ്രയും ചിത്രത്തിൽ ഒരു പ്രധാന വേഷം അവതരിപ്പിച്ചിട്ടുണ്ട്. ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നതും നിലീൻ സാന്ദ്രയാണ്.
Tags : neelin sandra marriage photo cinema malayalam movie