ടീസറിൽ നിന്നും
കീർത്തി സുരേഷും രാധിക ആപ്തെയും ആദ്യമായി ഒന്നിക്കുന്ന നെറ്റ്ഫ്ലിക്സ് ത്രില്ലർ സീരീസ് 'അക്ക'യുടെ ടീസർ പുറത്തിറങ്ങി. കീർത്തി സുരേഷിന്റെ ജന്മദിനത്തോടനുബന്ധിച്ചാണ് ടീസർ പുറത്തുവിട്ടത്ത്. പ്രമുഖ നിർമാണ കമ്പനിയായ യാഷ് രാജ് ഫിലിംസിന്റെ ഡിജിറ്റൽ വിഭാഗമായ വൈആർഎഫ് എന്റർടെയ്ൻമെന്റ് നിർമിക്കുന്ന ഈ സീരീസ് വരുന്ന ഒക്ടോബർ 30-ന് നെറ്റ്ഫ്ലിക്സിലൂടെ സ്ട്രീമിംഗ് ആരംഭിക്കും.
1980-കളുടെ പശ്ചാത്തലത്തിൽ കഥ പറയുന്ന 'അക്ക', തലമുറകളായി സ്ത്രീകൾ മാത്രം കെട്ടിപ്പടുത്ത് ഭരിക്കുന്ന പെർണുരു എന്ന സാങ്കൽപ്പിക രാജ്യത്തിന്റെ കഥയാണ് പറയുന്നത്. ആഴത്തിലുള്ള പാരമ്പര്യങ്ങളും കടുത്ത വൈരങ്ങളും നിറഞ്ഞ ഈ ഗ്യാംഗ്സ്റ്റർ ലോകത്ത്, ഭവാനി, രുദ്ര എന്നീ കരുത്തുറ്റ രണ്ട് സ്ത്രീകഥാപാത്രങ്ങൾ തമ്മിലുള്ള നേർക്കുനേരെയുള്ള പോരാട്ടമാണ് സീരീസിന്റെ പ്രധാന ആകർഷണം. കീർത്തി സുരേഷ് ഭവാനിയായും രാധിക ആപ്തെ രുദ്രയായും തകർപ്പൻ പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്.
തനിക്ക് ലഭിച്ചതിൽവച്ച് ഏറ്റവും വ്യത്യസ്തവും മനസിൽ നിൽക്കുന്നതുമായ കഥാപാത്രമാണ് ഭവാനിയെന്ന് കീർത്തി സുരേഷ് അഭിപ്രായപ്പെട്ടു. വൈആർഎഫ് എന്റർടെയ്ൻമെന്റിനും നെറ്റ്ഫ്ലിക്സിനുമൊപ്പമുള്ള തന്റെ ആദ്യ അനുഭവം കൂടിയാണിത്. അതേസമയം, സ്വന്തം വിശ്വാസങ്ങളിൽ ഉറച്ചുനിൽക്കുകയും ചുറ്റുമുള്ള വ്യവസ്ഥകളെ ചോദ്യം ചെയ്യുകയും ചെയ്യുന്ന ശക്തയായ സ്ത്രീ കഥാപാത്രമാണ് തന്റേതെന്ന് രാധിക ആപ്തെ വ്യക്തമാക്കി. കീർത്തിയുടെ ജന്മദിനത്തിൽത്തന്നെ ടീസർ പുറത്തുവിടാൻ കഴിഞ്ഞതിന്റെ സന്തോഷവും താരം പങ്കുവച്ചു.
സ്ത്രീകൾ മുൻകൈയെടുക്കുന്ന ഗ്യാംഗ്സ്റ്റർ സാഗ എന്ന നിലയിലും പാരമ്പര്യവും അധികാരവും തമ്മിലുള്ള കൊടുംപോരാട്ടം പറയുന്ന കഥ എന്ന നിലയിലും 'അക്ക' പ്രേക്ഷകർക്ക് തികച്ചും പുതിയൊരു ദൃശ്യാനുഭവമായിരിക്കും.
Tags : Netflix Akka KeerthySuresh RadhikaApte Teaser