കാർത്തിക് സുബ്ബരാജിന്റെ സംവിധാനത്തിൽ കീർത്തി സുരേഷ് കേന്ദ്രകഥാപാത്രമായെത്തിയ 'ഡൊറോത്തി' തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ്. സെപ്റ്റംബർ 25-ന് റിലീസ് ചെയ്ത ഈ ചിത്രത്തിന് തിയേറ്ററുകളിൽ നിന്നും സോഷ്യൽ മീഡിയയിൽ നിന്നും മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്.
കാർത്തിക് സുബ്ബരാജിന്റെ സിനിമാജീവിതത്തിലെ ഏറ്റവും മികച്ച സൃഷ്ടികളിലൊന്നായി വിലയിരുത്തപ്പെടുന്ന ചിത്രത്തിലെ 'കല്യാണ വിരുന്ത്' എന്ന പുതിയ വീഡിയോ ഗാനം അടുത്തിടെ അണിയറപ്രവർത്തകർ പുറത്തുവിട്ടു.
ഒരു ആക്ഷൻ റിവഞ്ച് ത്രില്ലർ വിഭാഗത്തിൽപ്പെടുന്ന ഈ ചിത്രത്തിലൂടെ കാർത്തിക് സുബ്ബരാജും പ്രശസ്ത സംഗീതസംവിധായകൻ ഇളയരാജയും ആദ്യമായി ഒന്നിക്കുന്നുവെന്ന പ്രത്യേകതയുമുണ്ട്. സനന്ത്, റിഷികാന്ത് എന്നിവരാണ് ചിത്രത്തിൽ മറ്റ് പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തിരിക്കുന്നത്.
ടൊറന്റോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ വേൾഡ് പ്രീമിയർ ചെയ്ത ചിത്രം, സംവിധായകന്റെ പത്താമത്തെ സിനിമ കൂടിയാണ്. 'റിവോൾവർ റീത്ത'യ്ക്ക് ശേഷം കീർത്തി സുരേഷ് പ്രധാന വേഷത്തിലെത്തുന്ന ചിത്രം ഏറെ നാളുകളായി തന്റെ മനസിലുണ്ടായിരുന്ന സ്വപ്ന സിനിമയാണെന്ന് കാർത്തിക് സുബ്ബരാജ് മുൻപ് വ്യക്തമാക്കിയിരുന്നു.
സൂര്യ നായകനായ 'റെട്രോ'യ്ക്ക് ശേഷം പുറത്തിറങ്ങുന്ന ഈ ചിത്രത്തിന്റെ തമിഴ്നാട്ടിലെ വിതരണാവകാശം ശക്തി ഫിലിം ഫാക്ടറിയും ഡിജിറ്റൽ സ്ട്രീമിംഗ് അവകാശം നെറ്റ്ഫ്ലിക്സുമാണ് സ്വന്തമാക്കിയിരിക്കുന്നത്.
Tags : Dorothy DorothyMovie KeerthySuresh KarthikSubbaraj Ilaiyaraaja