ബൽരാജ് കളരിക്കൽ
ജിയോ ഹോട്സ്റ്റാറിൽ സ്ട്രീം ചെയ്യുന്ന 'കാപ്പി സ്ക്വാഡ്' എന്ന വെബ് സീരീസിന്റെ സംവിധായകൻ ബൽരാജ് കളരിക്കൽ (ചെഗു - 28) അന്തരിച്ചു. എറണാകുളത്തെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഹൃദയാഘാതമാണ് മരണകാരണെന്നാണ് പ്രാഥമിക വിവരം. പോസ്റ്റുമോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. കോട്ടയം മണിമല സ്വദേശിയാണ്.
സീരീസിന്റെ ഷോ ഡയറക്ടർ ശ്രീകാന്തിനൊപ്പമാണ് എറണാകുളത്തെ ഹോട്ടൽ മുറിയിൽ ബൽരാജ് താമസിച്ചിരുന്നത്. റൂമിൽ തുടർച്ചയായി ബെൽ അടിച്ചിട്ടും വാതിൽ തുറക്കാത്തതിനെ തുടർന്ന് പരിശോധിച്ചപ്പോഴാണ് അദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്. ആറുവർഷത്തെ പ്രണയത്തിനൊടുവിൽ കഴിഞ്ഞ സെപ്റ്റംബറിലായിരുന്നു ആതിരയുമായുള്ള ബൽരാജിന്റെ വിവാഹം. മണിമല കളരിക്കൽ സുരേഷിന്റെയും സ്മിതയുടെയും മകനാണ്. സോജയാണ് സഹോദരി.
റിനോഷ് ജോർജ് കേന്ദ്രകഥാപാത്രമാകുന്ന കോമഡി-ഡ്രാമ വെബ് സീരീസ് ആയ 'കാപ്പി സ്ക്വാഡ്' കഴിഞ്ഞ ഒക്ടോബർ 15-നാണ് ജിയോ ഹോട്സ്റ്റാറിൽ സ്ട്രീമിംഗ് ആരംഭിച്ചത്. സീരീസിന്റെ ആദ്യ നാല് എപ്പിസോഡുകൾ ഇതിനോടകം തന്നെ മികച്ച പ്രതികരണം നേടി മുന്നേറുന്നകയായിരുന്നു. 36 എപ്പിസോഡുകളുടെ ഷൂട്ടിംഗ് ഇതിനകം പൂർത്തിയായിരുന്നു.
'നിഴൽ', 'മധുരം', 'ഡാകിനി' തുടങ്ങി നിരവധി ചലച്ചിത്രങ്ങളിൽ അസോസിയേറ്റ് ഡയറക്ടറായും അസിസ്റ്റന്റ് ഡയറക്ടറായും പ്രവർത്തിച്ച ശേഷമാണ് ബൽരാജ് 'കാപ്പി സ്ക്വാഡ്' വഴി സ്വതന്ത്ര സംവിധാനത്തിലേക്ക് കടന്നത്. ഫസ്റ്റ് പ്രിന്റ് സ്റ്റുഡിയോസിന്റെ ബാനറിൽ രാഹുൽ റിജി നായർ നിർമിച്ച്, ശ്രീകാന്ത് മോഹൻ ക്രിയേറ്റ് ചെയ്ത ഈ സീരീസ് യുവതലമുറയുടെ സൗഹൃദവും രസകരമായ ജീവിതാനുഭവങ്ങളുമാണ് പ്രമേയമാക്കിയിരിക്കുന്നത്. റിനോഷ് ജോർജിനൊപ്പം അനഘ അജിത്ത്, ദിയ ദീപൻ, ജോയൽ ജോസഫ്, അഭിരാമി ദയാനന്ദൻ തുടങ്ങിയ യുവതാരങ്ങളും ഇതിൽ അണിനിരക്കുന്നുണ്ട്.
Tags : BelrajKalarickal PassesAway KappiSquad Director