International
വാഷിംഗ്ടൺ ഡിസി: വൈറ്റ്ഹൗസ് മാധ്യമപ്രവർത്തകരുടെ അത്താഴവിരുന്നിടെ വെടിവയ്പ്പ് നടത്തിയ അക്രമി അറസ്റ്റിൽ. ഇയാളുടെ ചിത്രം ട്രംപ് ട്രൂത്ത് സോഷ്യലിലൂടെ പുറത്തുവിട്ടു.
സുതാര്യതയ്ക്കായാണ് അക്രമിയുടെ ചിത്രം പുറത്തുവിട്ടതെന്ന് പിന്നീട് വൈറ്റ്ഹൗസിൽ മാധ്യമപ്രവർത്തകരെ അഭിസംബോധന ചെയ്തു കൊണ്ട് ട്രംപ് പറഞ്ഞു. ഒരു സീക്രട്ട് സർവീസ് ഏജന്റിന് പരുക്കേറ്റെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ശനിയാഴ്ച രാത്രി (യുഎസ് സമയം) നടന്ന അത്താഴ വിരുന്നിൽ ട്രംപിനൊപ്പം മറ്റ് പ്രധാന നേതാക്കളും പങ്കെടുത്തിരുന്നു. ആർക്കും പരിക്കേറ്റതായി റിപ്പോർട്ടില്ല. വെടിയൊച്ച കേട്ടതോടെ ട്രംപിനെ സീക്രട്ട് സർവീസ് ഉദ്യോഗസ്ഥർ വളയുന്നതിന്റെയും അദ്ദേഹത്തെ സുരക്ഷിതനായി വേദിയിൽനിന്ന് ഒഴിപ്പിക്കുന്നതിന്റെയും ദൃശ്യങ്ങൾ പുറത്തുവന്നു.
‘ഒരു സീക്രട്ട് സർവീസ് ഏജന്റിനെ വളരെ അടുത്തുനിന്ന് അക്രമി വെടിവച്ചു. അദ്ദേഹത്തോട് ഇപ്പോൾ സംസാരിച്ചു. നില തൃപ്തികരമാണ്. വളരെ ധൈര്യശാലിയാണ് ആ ഓഫിസർ. ഞങ്ങൾ അദ്ദേഹത്തെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നുവെന്ന് അദ്ദേഹത്തോടു പറഞ്ഞു. ആദ്യമായല്ല എനിക്കുനേരെ അക്രമമുണ്ടാകുന്നത്. പെൻസിൽവാനിയയിലും പാം ബീച്ചിലും എനിക്കുനേരെ ആക്രമണമുണ്ടായി. ഇപ്പോൾ അറസ്റ്റിലായ അക്രമി അസുഖബാധിതനായ ഒരാളാണെന്നാണ് സംശയിക്കുന്നത്.’–ട്രംപ് പറഞ്ഞു.
അതേസമയം, അത്താഴവിരുന്ന് മാറ്റിവച്ചു. നൂറുകണക്കിന് മാധ്യമപ്രവർത്തകരും സെലിബ്രിറ്റികളും രാഷ്ട്രീയ നേതാക്കളും വിരുന്നിൽ പങ്കെടുക്കാനെത്തിയിരുന്നു. വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് എന്നിവരുൾപ്പെടെയുള്ള പ്രധാനികളാണ് വേദിയിൽ ഉണ്ടായിരുന്നത്
National
അമരാവതി: ആന്ധ്രാപ്രദേശിലെ അല്ലൂരി സീതാരാമ രാജു ജില്ലയിൽ വെള്ളച്ചാട്ടത്തിന് സമീപം ഫോട്ടോ എടുക്കുന്നതിനിടെ മൂന്ന് കൗമാരക്കാർ മുങ്ങിമരിച്ചു. തൃഷ (17), രത്ന കുമാരി (16), പവിത്ര (16) എന്നിവരാണ് മരിച്ചത്. മുല്ലുങ്കുമ്മി വെള്ളച്ചാട്ടത്തിലാണ് സംഭവം.
അവധി ആഘോഷിക്കാനായി ജാംബവലസയിൽ നിന്ന് അഞ്ച് പെൺകുട്ടികൾ വെള്ളച്ചാട്ടം കാണാനെത്തിയത്. വെള്ളച്ചാട്ടത്തിന് സമീപത്ത് നിന്നുകൊണ്ട് ഇവർ ഫോട്ടോ എടുക്കുന്നുണ്ടായിരുന്നു. അപകടത്തിൽപ്പെട്ട മൂന്ന് പേർ ഒഴുക്കിനിടയിലുള്ള പാറയിൽ കയറി. അവിടെവച്ച് കാൽ വഴുതി വെള്ളത്തിലേക്ക് വീഴുകയായിരുന്നു.
സമീപവാസികൾ ഉടൻ തന്നെ രക്ഷിക്കാൻ എത്തിയെങ്കിലും ശക്തമായ ഒഴുക്കിൽപ്പെട്ടു പോവുകയായിരുന്നു. പിന്നീട് നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങൾ കണ്ടെടുത്തത്.
കൂടെയുണ്ടായിരുന്ന മറ്റ് രണ്ട് പേർ സുരക്ഷിതരായി രക്ഷപ്പെട്ടു. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി അയച്ചു. സംഭവത്തിൽ കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
District News
മലപ്പുറം: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ ജില്ലാ വൈസ് പ്രസിഡന്റായിരുന്ന വി. കണ്ണൻകുട്ടി പണിക്കരുടെ ഫോട്ടോ അനാച്ഛാദനം ചെയ്തു. കെഎസ്എസ്പിയു സംസ്ഥാന സെക്രട്ടറി സി.ജി. താരാനാഥ് ആണ് അനാച്ഛാദനം നിർവഹിച്ചത്.
രക്ഷാധികാരി കുഞ്ഞുണ്ണിനായർ അനുസ്മരിച്ചു. അമേരിക്കയും ഇസ്രായേലും ഇറാനെതിരേ നടത്തിയ ആക്രമണത്തെ ഉടർന്ന് ഗൾഫ് മേഖലയിൽ സൃഷ്ടിച്ച അരക്ഷിതാവസ്ഥയെത്തുടർന്നുണ്ടായ ഊർജ പ്രതിസന്ധിയെ മറികടക്കാൻ കേന്ദ്ര സർക്കാർ നടപടി എടുക്കാത്തതിൽ ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. ജില്ലാ പ്രസിഡന്റ് എൽ.ജെ. ആന്റണി അധ്യക്ഷത വഹിച്ചു. കണ്ണൻകുട്ടി പണിക്കരുടെ മകൻ വി. ജ്യോതിഷ്, ടി.കെ. നാരായണൻ, ജോയിന്റ് സെക്രട്ടറി ഡോ. കെ.ടി. അലി അസ്കർ, ജില്ലാ വൈസ് പ്രസിഡന്റ് എ.പി. പദ്മിനി എന്നിവർ പ്രസംഗിച്ചു.
National
ലക്നോ: ഉത്തർപ്രദേശിൽ മാംസാഹാരം കഴിക്കുന്നതിന്റെ ചിത്രം വൈറലായതിന് പിന്നാലെ ആൾക്കൂട്ട ആക്രമണത്തിന് ഇരയായ പൂജാരിയെ ക്ഷേത്രത്തിലെ ചുമതലകളിൽ നിന്ന് പുറത്താക്കി.
കേശവ്പുരത്തെ ബാബ ശ്രീ ഭൂതേശ്വർ ധാം ക്ഷേത്രത്തിലെ മുഖ്യ പൂജാരി സന്തോഷ് ഗിരിയുടെ മകൻ പ്രശാന്ത് ഗിരി (ഗോലു പണ്ഡിറ്റ്)യെയാണ് ആൾക്കൂട്ടം ആക്രമിച്ചത്.
എന്റെ മകനല്ല, ഞാനാണ് ക്ഷേത്രത്തിലെ മുഖ്യ പൂജാരി. മാംസാഹാരം കഴിച്ചുവെന്ന് അറിഞ്ഞയുടനെ, പ്രശാന്ത് ഗിരിയെ ക്ഷേത്രത്തിലെ ചുമതലകളിൽ നിന്നും താൻ പുറത്താക്കി. സന്തോഷ് ഗിരി മാധ്യമപ്രവർത്തകരോട് പറഞ്ഞു.
"ക്ഷേത്രത്തിൽ ഘോഷയാത്രയ്ക്കൊപ്പം വന്ന ഒരു സംഘം ആളുകൾ ക്ഷേത്രത്തിൽ വച്ച് തന്റെ മകനെ ആക്രമിച്ചു. രാഹുൽ ചന്ദേൽ, മനീഷ് ചൗധരി, അജയ് ചൗഹാൻ എന്നിവരുൾപ്പെടെയുള്ളവരാണ് മകനെ മർദിച്ചത്. അവന് ഇവിടെ തുടരാൻ കഴിയില്ലെന്ന് അവർ പറഞ്ഞു. മകനെ രക്ഷിക്കാൻ എന്റെ ഭാര്യയും മരുമകളും ശ്രമിച്ചപ്പോൾ അവരെയും ആക്രമിച്ചു. നിലവിൽ മകൻ സ്ഥലത്തില്ല. എവിടേക്കോ പോയി'- സന്തോഷ് ഗിരി വ്യക്തമാക്കി.
അതേസമയം, പ്രശാന്ത് ഗിരി മാംസാഹാരം കഴിക്കുന്നതിന്റെ ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ഇതിനു പിന്നാലെയാണ് മർദനമേറ്റത്.
പോലീസ് പറയുന്നതനുസരിച്ച്, ഞായറാഴ്ച രാത്രി ഏകദേശം 50-60 പേർ ക്ഷേത്രത്തിൽ തടിച്ചുകൂടി പൂജാരിയിൽ നിന്ന് വിശദീകരണം ആവശ്യപ്പെട്ടു. എന്നാൽ ഇയാൾ പുറത്തുവരാൻ മടിച്ചപ്പോൾ, ആൾക്കൂട്ടത്തിൽ നിന്നും ചിലർ ക്ഷേത്രപരിസരത്ത് കയറി അദ്ദേഹത്തെ വലിച്ചിഴച്ച് പുറത്തെത്തിച്ചു. തുടർന്നാണ് ആക്രമണം നടന്നത്.
District News
കൂരാച്ചുണ്ട്: കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസ് ഉമ്മൻ ചാണ്ടി ഭവനിൽ യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മുൻ മുഖ്യമന്ത്രി കെ. കരുണാകരന്റെ ഫോട്ടോ അനാച്ഛാദനം ചെയ്തു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഷാജു കാരക്കട അനാച്ഛാദന കർമ്മം നിർവഹിച്ചു.
ഐഎൻടിയുസി ജില്ലാ സെക്രട്ടറി കുര്യൻ ചെമ്പനാനി മുഖ്യപ്രഭാഷണം നടത്തി. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് നിസാം കക്കയം അധ്യക്ഷത വഹിച്ചു.
കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ് ജെറിൻ കുര്യാക്കോസ്, അബ്ദുൾ ഖാദർ താമരശേരി, യുഡിവൈഎഫ് പഞ്ചായത്ത് കമ്മിറ്റി ചെയർമാൻ സന്ദീപ് കളപ്പുരയ്ക്കൽ, രാഹുൽ രാഘവൻ, ഷാരോൺ ചാലിക്കോട്ടയിൽ, ജ്യോതിഷ് രാരപ്പൻകണ്ടി, അനീഷ് മറ്റത്തിൽ എന്നിവർ പ്രസംഗിച്ചു.
Kerala
പരവൂർ: ആധാർ കാർഡിൽ വലിയ മാറ്റങ്ങൾ വരുത്താൻ കേന്ദ്ര സർക്കാർ നീക്കം നടത്തുന്നു. ഉടമയുടെ ഫോട്ടോയും ക്യൂആർ കോഡും മാത്രം ഉൾക്കൊള്ളുന്ന പുതിയ ആധാർ കാർഡുകൾ പുറത്തിറക്കാനാണ് നീക്കം.
ഓഫ് ലൈൻ വെരിഫിക്കേഷൻ കുറയ്ക്കുന്നതിനും വ്യാപകമായ ഡേറ്റ ദുരുപയോഗം തടയുന്നതിനുമാണ് യൂണിക്ക് ഐഡന്റിഫിക്കേഷൻ അഥോറിറ്റി ഒഫ് ഇന്ത്യ (യുഐഡിഎഐ) ലക്ഷ്യമിടുന്നത്. ഡിസംബർ ഒന്നിന് ഈ നിർദേശം ആധാർ അഥോറ്റിക്കു മുന്നിൽ അവതരിപ്പിക്കാൻ യുഐഡിഎഐ തീരുമാനിച്ചുകഴിഞ്ഞു.
ഹോട്ടലുകളും ഇതര സ്ഥാപനങ്ങളും അടക്കം വ്യക്തികളുടെ ആധാർ കാർഡിന്റെ പതിപ്പുകൾ വാങ്ങിവയ്ക്കുന്നുണ്ട്. ഇത്തരം ഓഫ് ലൈൻ വെരിഫിക്കേഷനുകളുടെ മറവിൽ നിരവധി തട്ടിപ്പുകൾ രാജ്യത്ത് അരങ്ങേറുന്നുണ്ട്. ഇത് ഒഴിവാക്കുക എന്നതാണ് പ്രധാനമായും ലക്ഷ്യമിടുന്നത്.
പുതിയ കാർഡുകളിൽ വ്യക്തികളുടെ സ്വകാര്യത നിലനിർത്തിക്കൊണ്ടുതന്നെ പ്രായപരിശോധന അടക്കമുള്ളവ നടത്താൻ സൗകര്യമുണ്ടാകും. ഓഫ് ലൈൻ വെരിഫിക്കേഷന്റെ കാര്യത്തിൽ എന്തെങ്കിലും ആവശ്യത്തിന് വ്യക്തികളുടെ ആധാർ നമ്പരോ ബയോ മെട്രിക് വിവരങ്ങളോ ശേഖരിക്കുന്നതും ഉപയോഗിക്കുന്നതും സൂക്ഷിക്കുന്നതും വിലക്കിയിട്ടുണ്ട്.
എന്നാൽ ഭൂരിഭാഗം സ്ഥാപനങ്ങളും ആധാർ കാർഡിന്റെ ഫോട്ടോ കോപ്പികൾ എടുത്ത് സൂക്ഷിക്കുന്നതു തുടരുകയാണ്. ഈ സാഹചര്യത്തിലാണ് പരിഷ്കരിച്ച ആധാർ കാർഡ് പുറത്തിറക്കാൻ ആലോചിക്കുന്നത്. ഡിജിറ്റൽ പേഴ്സണൽ ഡേറ്റ പ്രൊട്ടക്ഷൻ ആക്ടിന് അനുസൃതമായി പ്രവർത്തിക്കുന്നതായിരിക്കും പുതിയ കാർഡുകൾ.
കേന്ദ്ര സർക്കാരിന്റെ അനുമതി ലഭിച്ചാൽ രാജ്യത്താകമാനം 18 മാസത്തിനുള്ളിൽ പുതിയ കാർഡുകൾ പ്രവർത്തനക്ഷമമാക്കാൻ സാധിക്കുമെന്നാണു പ്രതീക്ഷ.