ന്യൂഡൽഹി: ഏപ്രിൽ - ജൂൺ മാസങ്ങൾക്കിടയിലായി 59 രാജ്യസഭാ എംപിമാരുടെ കാലാവധി പൂർത്തിയാകുന്ന സാഹചര്യത്തിൽ ഇന്ന് വിരമിക്കുന്ന 37 രാജ്യസഭ എംപിമാരെ അനുമോദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാഷ്ട്രീയ ജീവിതത്തിൽ അവസാനമില്ലെന്നും അനുഭവസമ്പത്ത് പൊതുസമൂഹത്തിനായി തുടർന്നും പ്രയോജനപ്പെടുത്തണമെന്നും വിരമിച്ച എംപിമാരോടായി പ്രധാനമന്ത്രി പറഞ്ഞു.
"രാഷ്ട്രീയത്തിൽ ഒരിക്കലും ഫുൾ സ്റ്റോപ്പുകളില്ല. സഭയിൽ നിന്ന് വിരമിക്കുന്നു എന്നതിനർത്ഥം പൊതുജീവിതത്തിൽ നിന്ന് വിരമിക്കുന്നു എന്നല്ല. നിങ്ങളുടെ അനുഭവങ്ങൾ രാജ്യത്തിന്റെ നന്മയ്ക്കായി ഇനിയും ഉപയോഗിക്കണമെന്നും," പ്രധാനമന്ത്രി വ്യക്തമാക്കി.
എച്ച്.ഡി. ദേവഗൗഡ, മല്ലികാർജുൻ ഖർഗെ, ശരദ് പവാർ തുടങ്ങിയ മുതിർന്ന നേതാക്കളുടെ പാർലമെന്ററി സേവനങ്ങളെയും പ്രധാനമന്ത്രി പ്രത്യേകം പരാമർശിച്ചു. രാജ്യസഭാ അധ്യക്ഷൻ സി.പി. രാധാകൃഷ്ണന്റെ അധ്യക്ഷതയിലായിരുന്നു സമ്മേളനം നടന്നത്. ഏപ്രിൽ മുതൽ ജൂൺ വരെയുള്ള കാലയളവിൽ വിരമിക്കുന്ന 20 സംസ്ഥാനങ്ങളിൽ നിന്നുള്ള എംപിമാർക്കാണ് പാർലമെന്റ് ഇന്ന് ഔദ്യോഗികമായി യാത്രയയപ്പ് നൽകിയത്.