മറ്റ് സ്ഥാനാര്‍ഥികളേക്കാള്‍ കൂടുതല്‍ വിജയസാധ്യതയുള്ള സ്ഥാനാര്‍ഥിയാണ് രമേശ് പിഷാരടി എന്ന് നടന് ധര്മജന് ബോള്‍ഗാട്ടി. താന്‍ നാളെ തന്നെ പാലക്കാട് പ്രചാരണത്തിനായി ഇറങ്ങുമെന്ന് ധര്മജന് ദീപിക ഓണ്‍ലൈനിനോട് പ്രതികരിച്ചു.
നാളെ പാലക്കാട്ടേക്ക് പോകും. രമേഷ് പിഷാരടിക്ക് നല്ല വിജയസാധ്യതയുണ്ട്. മറ്റ് സ്ഥാനാര്‍ഥികളെക്കാളും നല്ല വിജയസാധ്യതയുള്ള ഒരാളാണ് പിഷാരടി. ബിജെപിക്ക് ഒക്കെ കുറച്ച് വോട്ട് ഒക്കെ ഉണ്ടാകും. പക്ഷെ നല്ല വിദ്യാഭ്യാസമുള്ള, നല്ല ദീര്‍ഘവീക്ഷണമുള്ള ഒരു ചെറുപ്പക്കാരനെയാണ് യുഡിഎഫ് നിര്‍ത്തിയിരിക്കുന്നത്. അതുകൊണ്ട് വിജയസാധ്യത വളരെ കൂടുതലാണ്.
താരങ്ങളെയൊക്കെ പ്രചാരണത്തിന് അങ്ങനെ വിളിക്കുന്ന ആളൊന്നുമല്ല പിഷാരടി. എന്റെ പ്രചാരണത്തിന് വരണമെന്ന് പറഞ്ഞ് ആരെയും വിളിക്കില്ല. അങ്ങനെ ആരെയും വിളിക്കണമെന്നില്ല. സ്നേഹം കൊണ്ട് പലരും പ്രചാരണത്തിന് ഇറങ്ങും. എന്നെ വിളിച്ചിട്ടല്ല ഞാന്‍ പ്രചാരണത്തിന് പോകുന്നത്. അവനുമായുള്ള ബന്ധം വച്ചാണ് പോകുന്നത് എന്ന് ധര്മജന് പറഞ്ഞു.
രമേശ് പിഷാരടി വിളിച്ചാല്‍ പ്രചാരണത്തിന് പോകുമെന്ന് നടന് ആസിഫ് അലി പറഞ്ഞതിനെ കുറിച്ചും ധര്മജന് സംസാരിച്ചു. ആസിഫ് അവനുമായി അടുത്ത സൗഹൃദമുള്ള ഒരാളാണ്. ഒരു കമ്യൂണിസ്റ്റ് കുടുംബത്തില്‍ വളര്‍ന്ന ഒരാളാണ് ആസിഫ്. അവന്റെ നന്മയുള്ള മനസുവച്ച് പറഞ്ഞതാണ് പിഷാരടി വിളിച്ചാല്‍ പ്രചാരണത്തിന് ചെല്ലുമെന്ന്.
ആട് 3യുടെ പ്രമോഷന് വര്‍ക്കുകള്‍ തീര്‍ത്ത് നാളെ പാലക്കാട് എത്തുമെന്നും ധര്മജന് വ്യക്തമാക്കി. പ്രമോഷന് വര്‍ക്കുകളുമായി ഇന്നലെ തൃശൂര്‍, കോഴിക്കോട് ഭാഗങ്ങളിൽ ആയിരുന്നു. ഇന്നും പ്രമോഷന് പരിപാടികളുണ്ട്. പ്രമോഷന് എത്തിയില്ലെങ്കില്‍ പരാതികള്‍ കൂടുതലാണ്. നാളെയും കൂടി പ്രമോഷന് ഉണ്ട്. അതു കഴിഞ്ഞ് പാലക്കാട് പോകുമെന്നും ധര്മജന് വ്യക്തമാക്കി.