ന്യൂഡൽഹി: കേരളത്തിലെ മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള കോൺഗ്രസിലെ ചർച്ചകൾ അന്തിമഘട്ടത്തിലെന്നു സൂചന. ഹൈക്കമാൻഡിന്റെ നേതൃത്വത്തിലാണ് നിർണായക ചർച്ചകൾ ഡൽഹിയിൽ പുരോഗമിക്കുന്നത്. വി.ഡി.സതീശൻ, കെ.സി. വേണുഗോപാൽ, രമേശ് ചെന്നിത്തല എന്നിവരെ നേരിൽ കണ്ടുള്ള ചർച്ചകളാണ് ഇപ്പോൾ നടക്കുന്നത്. മുഖ്യമന്ത്രിസ്ഥാനം വേണമെന്ന നിലയിൽ മൂന്നു പേരും വിട്ടുകൊടുക്കാതെ നിൽക്കുന്ന സാഹചര്യത്തിലാണ് ചർച്ചകൾ ഊർജിതമായിരിക്കുന്നത്.
നേതാക്കൾക്കിടയിൽ ഒരു സമവായത്തിനാണ് നേതൃത്വം ശ്രമിക്കുന്നത്. എഐസിസി പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെയുടെ വസതിയിലാണ് ചർച്ചകൾ പുരോഗമിക്കുന്നത്. ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധിയും ചർച്ചകളിൽ പങ്കുചേരാൻ ഇവിടെയുണ്ട്. ഒരു മണിക്കൂർ പിന്നിടുമ്പോഴും ചർച്ച തുടരുകയാണ്.
എംഎൽഎമാരുടെ എണ്ണം പ്രധാന മാനദണ്ഡമാക്കാൻ തീരുമാനിച്ചാൽ കെ.സി. വേണുഗോപാലിനു കുറിവീഴും. അതേസമയം, ജനവികാരവും ഘടകകക്ഷികളുടെ താത്പര്യവും പരിഗണനാ വിഷയമായാൽ വി.ഡി.സതീശൻ തന്നെ മുഖ്യമന്ത്രിയാകും. അതേസമയം, സീനിയോരിറ്റി വിഷയം മുന്നോട്ടുവച്ചാണ് രമേശ് ചെന്നിത്തല വാദിക്കുന്നത്.
നേതാക്കൾക്ക് ഇടയിൽ സമവായമുണ്ടാക്കി ഇന്നുതന്നെ പ്രഖ്യാപനം നടത്തുക എന്ന ദുഷ്കരമായ ദൗത്യമാണ് എഐസിസിക്കു മുന്നിലുള്ളത്. മൂന്നു പക്ഷത്തെയും അണികൾ ഹൈക്കമാൻഡിൽ നടക്കുന്ന ചർച്ചകളിൽ കണ്ണുംനട്ട് കടുത്ത ആകാംക്ഷയിലാണ്.
മുഖ്യമന്ത്രിസ്ഥാനത്തേക്ക് ഒരാളെ നിശ്ചയിച്ചുകഴിഞ്ഞാൽ മറ്റു രണ്ടുപേരെയും അനുനയിപ്പിക്കുക എന്നതാണ് ഏറ്റവും വലിയ വെല്ലുവിളി. സ്ഥാനം കിട്ടാത്തവർ ഏതെങ്കിലും രീതിയിൽ അനഷ്ടം പ്രകടിപ്പിച്ചാൽ മാധ്യമങ്ങളും എതിരാളികളും അത് ഏറ്റെടുക്കുകയും ഇപ്പോൾ കിട്ടിയ തെരഞ്ഞെടുപ്പ് വിജയത്തിന്റെ തിളക്കം അതിൽത്തട്ടി നഷ്ടമാവുകയുംചെയ്യും എന്ന സാഹചര്യം മുന്നിലുണ്ട്. അതിനാൽ, എല്ലാവിധ അനുനയന സാധ്യതകളും പ്രയോഗിച്ച് നേതാക്കളെ സമാധാനിപ്പിച്ചു മാത്രമേ യോഗം അവസാനിപ്പിക്കൂ എന്നാണ് ലഭിക്കുന്ന സൂചനകൾ.
Tags : congress politics Chief Minister election