ജോൺ ഒലിവർ പെറി, അയ്യപ്പ പണിക്കർ
1975 ജൂൺ 25നു തുടങ്ങി 1977 മാർച്ച് 21ന് അവസാനിച്ച അടിയന്തരാവസ്ഥയെക്കുറിച്ചു ധാരാളം നോവലുകളും കഥകളും നാടകങ്ങളും ഓർമക്കുറിപ്പുകളും കവിതകളും കാർട്ടൂണുകളും ഉണ്ടായിട്ടുണ്ട്. പല ഭാഷകളിലും അവ പ്രകാശിതമായി.
പതിനഞ്ചോളം ഭാഷകളിൽ എഴുതപ്പെട്ട 280 കവിതകളുടെ സമാഹാരമാണ് ‘അടിയന്തരാവസ്ഥയുടെ ശബ്ദങ്ങൾ: 1975-1977 ലെ അടിയന്തരാവസ്ഥക്കെതിരേയുള്ള പ്രതിഷേധ കവിതകളുടെ അഖിലേന്ത്യാ സമാഹാരം’. അമേരിക്കയിലെ ടഫ്റ്റ്സ് യൂണിവേഴ്സിറ്റിയിലെ ഇംഗ്ലീഷ് പ്രഫസറും പ്രശസ്ത സാഹിത്യ നിരൂപകനുമായിരുന്ന ജോൺ ഒലിവർ പെറിയാണ് ഈ കവിതകൾ സമാഹരിച്ചത്.
അടിയന്തരാവസ്ഥയോടും അത് സൃഷ്ടിച്ച പൊതുവായ സാമൂഹിക, രാഷ്ട്രീയ, വൈയക്തിക അന്തരീക്ഷത്തോടുമുള്ള പ്രതികരണമായി ഉയർന്നുവരുന്ന ഏത് വികാരങ്ങളുടെയും കവിതാരൂപത്തിലുള്ള ആവിഷ്കാരത്തെയാണ് പെറി പ്രതിഷേധ കവിതകളായി നിർവചിക്കുന്നത്.
വിമത കവിത (underground poetry) എന്ന ഗണത്തിൽപ്പടുത്തിയിട്ടുള്ള ഈ കവിതകൾ വായനക്കാർക്ക് ‘അടിയന്തരാവസ്ഥയെക്കുറിച്ചുള്ള ശ്രദ്ധേയമായ വസ്തുതകൾ’ എന്ന് അദ്ദേഹം വിശേഷിപ്പിക്കുന്ന ഒരു ലിസ്റ്റ് നൽകുന്നു. ആയിരക്കണക്കിന് സാമൂഹിക-രാഷ്ട്രീയ പ്രവർത്തകരെ അറസ്റ്റ് ചെയ്യൽ, പത്ര സെൻസർഷിപ്പ്, രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് കരുതപ്പെടുന്ന പണിമുടക്കുകൾ, പ്രകടനങ്ങൾ, യോഗങ്ങൾ എന്നിവ നിരോധിക്കൽ എന്നിവയ്ക്കു പുറമേ നീതിന്യായ വ്യവസ്ഥ, ഉദ്യോഗസ്ഥവൃന്ദം, ട്രേഡ് യൂണിയനുകൾ, അക്കാദമിക് മേഖല, പൊതുജനങ്ങൾ എന്നിവരുടെ സ്വാതന്ത്ര്യം വെട്ടിച്ചുരുക്കിയ ഭരണഘടനാ ഭേദഗതികൾ എന്നിവയും ഇതിൽ ഉൾപ്പെടുന്നു.
അടിയന്തരാവസ്ഥയെ ജനങ്ങൾ എങ്ങനെയാണ് യഥാർഥമായി അനുഭവിച്ചറിഞ്ഞത് എന്നതിന്റെ എഴുതപ്പെട്ട ആവിഷ്കാരങ്ങൾകൂടിയാണ് ഈ കവിതകൾ എന്ന് പ്രഫ. പെറി അവകാശപ്പെടുന്നു. രാഷ്ട്രീയവും കവിതയും അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു എന്നതായിരുന്നു ഇതിനു പിന്നിലെ അടിസ്ഥാനപരമായ വിശ്വാസം.
അനീമിയയ്ക്കും ലുകീമിയയ്ക്കും മധ്യേ
ഈ കവിതാ സമാഹാരത്തിന് ആമുഖം എഴുതിയിരിക്കുന്നത് കവി അയ്യപ്പ പണിക്കരാണ്. അദ്ദേഹം എഴുതുന്നു: “രാഷ്ട്രീയ സമ്മർദ്ദങ്ങളുടെ കാലഘട്ടങ്ങളിൽ രചിക്കപ്പെട്ട മികച്ച കവിതകളിലെല്ലാം പൊതുകാര്യങ്ങളിൽ കവിത പുലർത്തുന്ന നിസംഗമായ ഒരു പങ്കാളിത്തം തീർച്ചയായും കാണാൻ കഴിയും. രാഷ്ട്രീയമില്ലായ്മ എന്ന വിളർച്ചയ്ക്കും (അനീമിയ), രാഷ്ട്രീയം മാത്രമെന്ന അർബുദത്തിനും (ലുകീമിയ) മധ്യേയാണ് എക്കാലത്തെയും മഹത്തായ കവിതകൾ അതിന്റെ വഴി വെട്ടിത്തുറന്നു മുന്നോട്ടു പോയിട്ടുള്ളത്. എന്തായാലും ഈ കവിതകളിൽ പ്രകടിപ്പിക്കപ്പെടുന്ന മനോഭാവങ്ങളുടെയും വികാരങ്ങളുടെയും പരിധി വളരെ വലുതാണെങ്കിലും, അവ വ്യക്തമാക്കുന്നത് ഒരു അടിച്ചമർത്തൽ ഭരണകൂടത്തോടുള്ള പ്രതിഷേധമാണ്.”
ഭരണകൂടങ്ങൾ മനുഷ്യാവകാശങ്ങളെ നിയന്ത്രിക്കാൻ ശ്രമിക്കുന്ന എല്ലാ കാലത്തും പ്രസക്തമാണ് ഇത്തരം കവിതകൾ. പക്ഷേ പ്രതിഷേധ കവിതകളുടെ സ്വാധീനം ‘വളരെ തുച്ഛമാണ്’ എന്ന് പ്രഫ. പെറി പറയുന്നു. “ഒരു സമൂഹത്തിന്റെ വികാരങ്ങളെ ചരിത്രത്തിലേക്ക് എത്തിക്കുന്ന പുഴയിലെ ഒരു ചെറിയ തുള്ളി” മാത്രമാണതെന്നാണ് അദ്ദേഹം വിശേഷിപ്പിക്കുന്നത്. പ്രതിഷേധ കവിതകൾ ജനങ്ങളുടെ വികാരങ്ങളെ പ്രതിഫലിപ്പിക്കുക മാത്രമാണ് ചെയ്യുന്നത് എന്നും, അവ പൊതുസംഭവങ്ങളെ പ്രത്യക്ഷമായോ പരോക്ഷമായോ സ്വാധീനിക്കുന്നില്ല എന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. എങ്കിലും കവിതയും രാഷ്ട്രീയവും തമ്മിലുള്ള ബന്ധം നമ്മുടെ കാലത്തും പ്രസക്തമാണ്. കന്നഡ കവി റംസാൻ എ. ദർഗയുടെ കവിത ഉദാഹരണം.
‘ഹലോ, മാഡം, സുഖമാണോ?
ബിസ്കറ്റ് തിന്നുന്ന നിങ്ങളുടെ പട്ടിക്ക് സുഖം തന്നെയല്ലേ?
നിങ്ങളുടെ കാർ നല്ല ‘കണ്ടീഷനിൽ’ ആണോ?
പിന്നെ, സ്വന്തം ബംഗ്ലാവിലേക്ക് താമസം മാറിയോ?
ക്ഷമിക്കണം, ഞാൻ നിങ്ങളെ ചോദ്യങ്ങൾ കൊണ്ട്
ബുദ്ധിമുട്ടിക്കുകയാണെന്ന് ദയവായി വിചാരിക്കരുത്.
ഇല്ല, ഇത് എന്റെ ഒരു കവിത മാത്രമാണ്,
ഇതിന് രാഷ്ട്രീയവുമായി യാതൊരു ബന്ധവുമില്ല.’
അയ്യപ്പ പണിക്കരുടെ,
‘കടുക്കത്തോടിടിച്ചിട്ടു കലക്കിക്കഷായമാക്കി
കഴുത്തില്ക്കൂടിറക്കുമ്പോള് അമ്മച്ചി
കടിച്ചല്ലേ പിടിച്ചല്ലേ കടുപ്പം കാട്ടല്ലേ
കടുക്ക ഞാൻ കുടിച്ചേക്കാം’,
എന്നുള്ള വരികൾ ഇന്നും പ്രസക്തമാണ്. നവ്റോസ് മോഡിയുടെ ‘കിഴ്വെണ്മണി’ എന്ന കവിത ‘എല്ലാറ്റിനെയും കയ്പ്പുള്ളതാക്കി മാറ്റുന്ന ഈ രാഗം ഇനി പാടാതിരിക്കാൻ കഴിയില്ലേ? ചെറുപ്പക്കാരായ പാട്ടുകാർ ഈ നാട്ടിൽ ഉദയം കൊണ്ടിട്ടുണ്ടത്രേ, തകർന്ന നാക്കുകളാൽ ഈ പ്രവചനം മന്ത്രിക്കുന്നവർ-ഇത്തരം നിരാശയ്ക്ക് മറ്റൊരു അവസാനമില്ലെന്ന്, അതിന്റെ വേരുകളെ ചോരയൊഴുക്കി അറുത്തുമാറ്റുന്നതല്ലാതെ.’ ഈ കവിതയ്ക്ക് നമ്മുടെ കാലത്തെ ചെറുപ്പക്കാരായ ‘പാറ്റകളുടെ’ ചോദ്യങ്ങളോട്, അവരുടെ വിദ്യാഭാസ അവകാശങ്ങൾക്കു വേണ്ടിയുള്ള ചെറുത്തുനിൽപ്പിനോട് സാമ്യം തോന്നിയാൽ അദ്ഭുതമില്ല.

‘എങ്കിലും ഒരിക്കലും വഴങ്ങില്ല’
ഈ സമാഹാരത്തിലെ ഏറ്റവും പ്രസക്തമായ ഒരു കവിത, കവിയും ബിജെപിയുടെ നേതാവുമായിരുന്ന മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിയുടേതാണ്.
“അന്ധകാരം നമ്മെ അവസാന നിമിഷംവരെ വെല്ലുവിളിക്കുന്നു; പകൽവെളിച്ചം മാഞ്ഞുപോകുന്നു. ഈ പന്തം താഴെ വീണാൽ അത് തകരും, എങ്കിലും ഒരിക്കലും വഴങ്ങില്ല. പുരാണത്തിലെ അംഗദൻ വീണ്ടുമൊരു തവണ തന്റെ കാൽ ഉറപ്പിച്ചു ചവിട്ടുന്നതുപോലെ,
ഇവിടെ നമ്മൾ നിലയുറപ്പിക്കുന്നു. അന്ധകാരത്തിന്റെ ശക്തികൾ നമ്മെ വെല്ലുവിളിക്കുന്നു, നമ്മൾ തകർന്നേക്കാം, എങ്കിലും ഒരിക്കലും വഴങ്ങില്ല.”
അടിയന്തരാവസ്ഥയ്ക്ക് സമാനമായ രാഷ്ട്രീയ സാഹചര്യങ്ങൾ ഒരുങ്ങുന്ന എല്ലാക്കാലത്തും പ്രസക്തമായ ഈ വരികൾ നമ്മുടെ സമകാലിക ലോകത്തും പ്രസക്തമാണ്. വിശേഷിച്ചും, ഒരു മുൻ ഇന്ത്യൻ പ്രധാനമന്ത്രിയുടെ വാക്കുകൾ ആയതുകൊണ്ട്.
നമ്മുടെ കാലഘട്ടത്തിലും നിസംഗമായി മോശമായിക്കൊണ്ടിരിക്കുന്ന രാഷ്ട്രീയ കാലാവസ്ഥയോട് പ്രതികരിക്കാൻ സാഹിത്യത്തിനും കവിതയ്ക്കും സാധിക്കും. കവികളും കലാകാരന്മാരും അതിന് തയാറാകുമോ എന്നുള്ളതാണ് പ്രസക്തമായ ചോദ്യം.
Tags : Rebel poetry contemporary politics Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash