International
ബെയ്ജിംഗ്: ചൈനീസ് പ്രസിഡന്റ് ഷി ചിൻപിംഗ് ഉത്തരകൊറിയൻ സന്ദർശനം പൂർത്തിയാക്കി മടങ്ങി.
ഷിയും ഉത്തരകൊറിയൻ നേതാവ് കിം ജോംഗ് ഉന്നും തമ്മിലുള്ള കൂടിക്കാഴ്ചയിൽ വികസനം ലക്ഷ്യമാക്കി ബന്ധം ശക്തിപ്പെടുത്താൻ തീരുമാനിച്ചതായി ചൈനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. രാഷ്ട്രീയ, സാംസ്കാരിക മേഖലകളിലേക്കും സഹകരണം വർധിപ്പിക്കാമെന്നു കിം സമ്മതിച്ചു.
ദ്വിദിന സന്ദർശനത്തിനിടെ കിമ്മുമായി ചേർന്ന് ഷി മരം നടുകയും സിനോ-കൊറിയ സൗഹൃദ ടവർ സന്ദർശിക്കുകയും ചെയ്തു.
International
സോൾ: ചൈനയും ഉത്തരകൊറിയയും തമ്മിലുള്ള ഉഭയകക്ഷി സഹകരണം കൂടുതൽ ദൃഢമാക്കാൻ ചൈനീസ് പ്രസിഡന്റ്െ ഷി ചിൻപിംഗും ഉത്തരകൊറിയൻ ഭരണാധികാരി കിം ജോംഗ് ഉന്നും തമ്മിൽ ധാരണയായി.
ഉത്തരകൊറിയയുടെ മേൽ ചൈനയ്ക്കുള്ള സവിശേഷ സ്വാധീനം വീണ്ടും ഉറപ്പിക്കുന്നതിനൊപ്പം കൂടുതൽ മേഖലകളിൽ സഹകരണം സ്ഥാപിക്കാനും സന്ദർശനത്തിലൂടെ ഷി ലക്ഷ്യമിടുന്നു.
ഉത്തരകൊറിയയിലെ പ്യോംഗ്യാംഗ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ ഷി യെയും ഭാര്യ പെംഗ് ലിയുവാനെയും ഉത്തരകൊറിയൻ ഭരണാധികാരി കിം ജോംഗ് ഉന്നും ഭാര്യ റി സോൾ ജുവും നേരിട്ടെത്തിയാണ് സ്വീകരിച്ചത്.
ഏഴുവർഷത്തിനു ശേഷമാണ് ചൈനീസ് പ്രസിഡന്റ് ഉത്തരകൊറിയ സന്ദർശിക്കുന്നത്. രണ്ടുദിവസത്തെ സന്ദർശനത്തിൽ ഷി ചിൻപിംഗും കിം ജോംഗും തമ്മിൽ നിർണായക കരാറുകൾ സംബന്ധിച്ച് ചർച്ചനടത്തും.
ഇരുരാജ്യങ്ങൾക്കും അമേരിക്കയുമായി ഭിന്നതയുള്ള സാഹചര്യത്തിൽ തങ്ങളുടെ പരമ്പരാഗത സഖ്യം പുനഃസ്ഥാപിക്കാനാണ് ഇരുരാജ്യങ്ങളുടെയും ശ്രമം. വ്യാപാരം, കൃഷി, സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളിൽ സഹകരണം വിപുലീകരിക്കാൻ ഷി താൽപര്യം പ്രകടിപ്പിച്ചതായി ചൈനയുടെ ഔദ്യോഗിക മാധ്യമമായ സിസിടിവി റിപ്പോർട്ട് ചെയ്യുന്നു.
കൊറിയൻ ഉപദ്വീപിൽ ചൈനയ്ക്കുള്ള സ്വാധീനവും വടക്കുകിഴക്കൻ ഏഷ്യൻ മേഖലയിലെ തങ്ങളുടെ നേതൃത്വപരമായ പങ്കും അമേരിക്കയ്ക്കു മുന്നിൽ തെളിയിക്കാൻ ഈ യാത്രയിലൂടെ ചൈന ലക്ഷ്യമിടുന്നു.
കഴിഞ്ഞ സെപ്റ്റംബറിൽ മോസ്കോയിൽ വെച്ചാണ് ഇരുനേതാക്കളും തമ്മിൽ അവസാനമായി കൂടിക്കാഴ്ച നടത്തിയത്. ഉത്തരകൊറിയയുടെ ഏറ്റവും വലിയ സാമ്പത്തിക നയതന്ത്രപങ്കാളിയാണ് ചൈന.
International
ബെയ്ജിംഗ്: ചൈനീസ് പ്രസിഡന്റ് ഷി ചിൻപിംഗ് ദ്വിദിന സന്ദർശനത്തിനായി ഇന്ന് ഉത്തരകൊറിയയിലെത്തും. റഷ്യയോട് അടുക്കുന്ന ഉത്തരകൊറിയയെ ചൈനയുടെ നിയന്ത്രണത്തിൽ തിരിച്ചെത്തിക്കാൻകൂടി ലക്ഷ്യമിട്ടാണ് ഷിയുടെ സന്ദർശനമെന്നു റിപ്പോർട്ടുണ്ട്.
യുഎസ് പ്രസിഡന്റ് ട്രംപും റഷ്യൻ പ്രസിഡന്റ് പുടിനും ചൈന സന്ദർശിച്ചതിനു പിന്നാലെയാണ് ഷി ഉത്തരകൊറിയയിലെത്തുന്നത്. ഉത്തരകൊറിയൻ നേതാവ് കിം ജോംഗ് ഉന്നുമായി ഷി നടത്തുന്ന ചർച്ചയിൽ ആണവപദ്ധതികളും വിഷയമായേക്കും.
ഉത്തരകൊറിയയുടെ ആണവപദ്ധതികളെ പരസ്യമായി എതിർക്കുന്ന നിലപാടാണു ചൈനയ്ക്കുള്ളത്. ഷിയുടെ സന്ദർശനവിവരം പ്രഖ്യാപിച്ചതിനു പിറ്റേന്ന് ഉത്തരകൊറിയ പുതിയ യുറേനിയം സന്പുഷ്ടീകരണ കേന്ദ്രം തുറന്നത് മനഃപൂർവമാണെന്നും സൂചനയുണ്ട്.
ചൈനയോടുള്ള ആശ്രിതത്വം ഉത്തരകൊറിയ തുടരണമെന്ന ആഗ്രഹം ഷിയ്ക്കുണ്ട്. യുക്രെയ്ൻ യുദ്ധത്തിൽ സഹായം നല്കി കിം ജോംഗ് ഉൻ റഷ്യയോട് അടുക്കുന്നതിൽ ഷിക്ക് എതിർപ്പാണ്.
ആണവപദ്ധതികളുടെ പേരിൽ ഒറ്റപ്പെടൽ നേരിടുന്ന ഉത്തരകൊറിയ മുന്പ് ഒട്ടുമിക്ക വിഷയങ്ങളിലും ചൈനയെയാണ് ആശ്രയിച്ചിരുന്നത്. ഉത്തരകൊറിയയുടെ 90 ശതമാനം വാണിജ്യ ഇടപാടുകളും ചൈനയുമായിട്ടാണ്.
ഇതിനു മുന്പ് ഷി ഉത്തരകൊറിയയിലെത്തിയത് 2019ലായിരുന്നു. 1961ലെ ചൈന-ഉത്തരകൊറിയ സൗഹൃദ ഉടന്പടിയുടെ 65ാം വാർഷികത്തോട് അനുബന്ധിച്ചുകൂടിയാണ് ഷിയുടെ ഇത്തവണത്തെ സന്ദർശനം.
International
പോഗ്യാംഗ്: റഷ്യക്കുവേണ്ടി പോരാടവേ യുക്രെയ്ൻ സൈന്യത്തിന്റെ പിടിയിലാകാതിരിക്കാൻ ഗ്രനേഡ് പൊട്ടിച്ചു ജീവനൊടുക്കിയ ഉത്തരകൊറിയൻ സൈനികരെ പ്രശംസിച്ച് ഉത്തരകൊറിയൻ നേതാവ് കിം ജോംഗ് ഉൻ.
റഷ്യയിൽ കൊല്ലപ്പെട്ട സൈനികർക്കായി സ്ഥാപിച്ച സ്മാരകം തിങ്കളാഴ്ച ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ചാവേറായി മരിച്ച സൈനികർ ഹീറോകളാണെന്നു കിം കൂട്ടിച്ചേർത്തു.
ശത്രുസേനയുടെ പിടിയിലാകുമെന്ന സാഹചര്യത്തിൽ സ്വയം മരിക്കണമെന്ന സൈനിക നയം ഉത്തരകൊറിയയിൽ നിലവിലുണ്ടെന്നാണു കിമ്മിന്റെ വാക്കുകൾ വ്യക്തമാക്കുന്നത്.
റഷ്യയിലേക്ക് 15,000 സൈനികരെയാണ് ഉത്തരകൊറിയ അയച്ചത്. ഇതിൽ 6,000 പേർ കൊല്ലപ്പെട്ടതായി അനുമാനിക്കുന്നു.
റഷ്യയിലെ പ്രതിരോധമന്ത്രി ആന്ദ്രെ ബെലുസോവ്, പാർലമെന്റ് സ്പീക്കർ വ്യാച്ചെസ്ലേവ് വോളോഡിൻ എന്നിവർ സ്മാരക ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുത്തു.
International
പ്യോഗ്യാംഗ്: റഷ്യൻ പ്രതിരോധമന്ത്രി ആന്ദ്രേ ബെലൂസോവ് ഉത്തരകൊറിയ സന്ദർശിക്കുന്നു. യുക്രെയ്ൻ അധിനിവേശത്തിൽ റഷ്യക്കുവേണ്ടി പോരാടി മരിച്ച ഉത്തരകൊറിയൻ സൈനികർക്കായുള്ള സ്മാരകത്തിന്റെ ഉദ്ഘാഘടനച്ചടങ്ങിൽ ബലൂസോവ് പങ്കെടുക്കും.
International
പ്യോംഗ്യാംഗ്: ലോകത്തിലെ ഏറ്റവും കർക്കശമായ ഭരണസംവിധാനമുള്ള ഉത്തര കൊറിയയിൽ നടന്ന പാർലമെന്റ് തെരഞ്ഞെടുപ്പിൽ ഭരണകക്ഷിക്ക് വൻ വിജയം. ആകെയുള്ള വോട്ടർമാരിൽ 99.93 ശതമാനം പേരും ഭരണകക്ഷിയായ വർക്കേഴ്സ് പാർട്ടിയുടെ സ്ഥാനാർത്ഥികളെ പിന്തുണച്ചപ്പോൾ, വെറും 0.07 ശതമാനം പേർ മാത്രമാണ് സ്ഥാനാർത്ഥികൾക്കെതിരെ വോട്ട് ചെയ്തത്. ഉത്തര കൊറിയൻ ഔദ്യോഗിക വാർത്താ ഏജൻസിയായ കെസിഎൻഎ ആണ് ഈ കണക്കുകൾ പുറത്തുവിട്ടത്. പത്തൊൻപതാം തീയതി പുറത്തുവന്ന റിപ്പോർട്ടുകൾ പ്രകാരം രാജ്യത്തെ 15-ാമത് സുപ്രീം പീപ്പിൾസ് അസംബ്ലിയിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്.
രാജ്യത്തെ വോട്ടർമാരിൽ 99.99 ശതമാനം പേരും പോളിംഗ് ബൂത്തിലെത്തി. വിദേശത്ത് ജോലിയെടുക്കുന്നവരും കടലിൽ ജോലി ചെയ്യുന്നവരും മാത്രമാണ് വോട്ട് ചെയ്യാതിരുന്നത്. മുൻപ് നടന്ന തെരഞ്ഞെടുപ്പുകളിൽ 100 ശതമാനം വോട്ടും അനുകൂലമായി രേഖപ്പെടുത്തുന്നതായിരുന്നു ഉത്തര കൊറിയയിലെ രീതി. എന്നാൽ ഇത്തവണ 0.07% പേർ 'എതിർത്ത്' വോട്ട് ചെയ്തു എന്ന് സമ്മതിച്ചത് ആഗോളതലത്തിൽ ചർച്ചയായിട്ടുണ്ട്.
ഓരോ മണ്ഡലത്തിലും സർക്കാർ നിശ്ചയിക്കുന്ന ഒരു സ്ഥാനാർത്ഥി മാത്രമാണ് മത്സരിക്കുക. വോട്ടർമാർക്ക് ആ സ്ഥാനാർത്ഥിയെ അനുകൂലിക്കുകയോ എതിർക്കുകയോ ചെയ്യാം. എന്നാൽ എതിർത്ത് വോട്ട് ചെയ്യുന്നത് രാജ്യദ്രോഹമായി കണക്കാക്കപ്പെടുന്ന ഇവിടെ, കണക്കുകളിൽ സുതാര്യത വരുത്താനാണ് ഈ ചെറിയ ശതമാനം എതിർപ്പ് രേഖപ്പെടുത്തിയതെന്നാണ് നിരീക്ഷകരുടെ വിലയിരുത്തൽ. ഈ തെരഞ്ഞെടുപ്പോടെ കിം ജോങ് ഉന്നിന്റെ ഭരണത്തിലുള്ള അപ്രാമാദിത്വം ഉറപ്പിക്കപ്പെടുകയും 687 സീറ്റുകളിലും ഭരണകക്ഷി സഖ്യം വിജയിക്കുകയും ചെയ്തു.
International
സിയൂൾ: ദക്ഷിണകൊറിയയും അമേരിക്കയും സംയുക്ത സൈനികാഭ്യാസം നടത്തുന്നതിനിടെ ബാലിസ്റ്റിക് മിസൈൽ തൊടുത്ത് ഉത്തരകൊറിയ.
10 ബാലിസ്റ്റിക് മിസൈലുകളിൽ ചിലത് തങ്ങളുടെ പ്രത്യേക സാമ്പത്തിക മേഖലയ്ക്കു പുറത്തുള്ള കടലിൽ പതിച്ചതായി ജപ്പാൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു.
ദക്ഷിണകൊറിയ-അമേരിക്ക സംയുക്ത സൈനികാഭ്യാസത്തിന് ‘ഭയാനകമായ പ്രത്യാഘാതങ്ങൾ’ നേരിടേണ്ടിവരുമെന്ന് ഉത്തരകൊറിയ മുന്നറിയിപ്പ് നൽകിയതിനു പിന്നാലെയാണ് നടപടി.
International
പ്യോംഗ്യാംഗ്: പശ്ചിമേഷ്യയിൽ ഇറാനെതിരായ യുഎസ്-ഇസ്രയേൽ സംയുക്ത സൈനിക ആക്രമണത്തിൽ രൂക്ഷ വിമർശനവുമായി ഉത്തര കൊറിയ രംഗത്ത്. ഇറാന്റെ പുതിയ പരമോന്നത നേതാവ് മൊജ്താബ ഖമനയ്ക്ക് ഉത്തര കൊറിയ പിന്തുണ അറിയിച്ചിട്ടുണ്ട്.
ആയത്തൊള്ള അലി ഖമനയ്യുടെ വധത്തിലും ഉത്തര കൊറിയ ശക്തമായ പ്രതിഷേധം അറിയിച്ചിട്ടുണ്ട്. ഇറാൻ തെരഞ്ഞെടുത്ത പുതിയ നേതാവിനെ തങ്ങൾ മാനിക്കുന്നുവെന്നും ഉത്തര കൊറിയയുടെ വിദേശകാര്യ വക്താവ് വ്യക്തമാക്കി.
ഇറാനെതിരായ സൈനിക ആക്രമണത്തിലൂടെ സമാധാനത്തിന്റെയും സുരക്ഷയുടെയും അടിത്തറ തകർക്കുകയും അന്താരാഷ്ട്ര തലത്തിൽ അസ്ഥിരത വർധിപ്പിക്കുകയും ചെയ്യുന്ന അമേരിക്കയുടെയും ഇസ്രയേലിന്റെയും ആക്രമണങ്ങളെ തങ്ങൾ ശക്തമായി അപലപിക്കുന്നതായും ഉത്തര കൊറിയ അറിയിച്ചു.
ഇറാനെതിരായുള്ള യുഎസ്-ഇസ്രയേൽ സൈനിക നീക്കത്തെ ഗുണ്ടാസംഘങ്ങളുടെ പ്രവൃത്തിയെന്ന് നേരത്തെ ഉത്തര കൊറിയ വിമർശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അതൃപ്തി പരസ്യമാക്കി ഉത്തര കൊറിയ രംഗത്തെത്തിയിരിക്കുന്നത്.
International
സോൾ: യുദ്ധക്കപ്പൽ സന്ദർശിക്കുകയും മിസൈൽ പരീക്ഷണത്തിന് മേൽനോട്ടം വഹിക്കുകയും ചെയ്ത് ഉത്തരകൊറിയൻ രാജ്യത്തലവൻ കിം ജോംഗ് ഉൻ. ഉത്തരകൊറിയ നിർമിക്കുന്ന 5,000 ടൺ ഭാരമുള്ള ‘ചോ ഹ്യോൺ-ക്ലാസ്' ഡിസ്ട്രോയറുകളിലെ ആദ്യ യുദ്ധക്കപ്പലായ ചോ ഹ്യോൺ കിം സന്ദർശിച്ചതായി ഉത്തരകൊറിയൻ മാധ്യമം റിപ്പോർട്ട് ചെയ്തു.
ഉത്തരകൊറിയൻ നാവികസേനയ്ക്ക് ശക്തമായ ആക്രമണ ശേഷി ഉണ്ടെന്ന് കിം ജോംഗ് ഉൻ പറഞ്ഞതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പസഫിക് സമുദ്രത്തിൽ രാജ്യത്തിന്റെ നാവിക ശക്തി വർധിപ്പിക്കുന്നതിനായി സേനയുടെ കപ്പൽപ്പടയെ നവീകരിക്കുന്നത് തുടരുമെന്ന് കിം പറഞ്ഞു. യുഎസും സഖ്യകക്ഷികളും പ്രകോപനം തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.
കപ്പലിൽനിന്ന് വിക്ഷേപിച്ച സ്ട്രാറ്റജിക് ക്രൂയിസ് മിസൈലിന്റെ പരീക്ഷണ വിക്ഷേപണത്തിനും അദ്ദേഹം മേൽനോട്ടം വഹിച്ചു. കപ്പൽശാലയിൽ ആസൂത്രണം ചെയ്യുന്ന അതേ ക്ലാസിലുള്ള മൂന്നാമത്തെ യുദ്ധക്കപ്പലിനെക്കുറിച്ചും കിം ചർച്ച ചെയ്തതായി ഉത്തരകൊറിയൻ മാധ്യമത്തിന്റെ റിപ്പോർട്ടിൽ പറയുന്നു.
നാവികസേനയുടെ ആണവായുധ വികസനത്തിലെ പുരോഗതിയിൽ താൻ സംതൃപ്തനാണെന്ന് കിം പറഞ്ഞു.
International
സീയൂൾ: ഉത്തരകൊറിയയിലെ ഭരണകക്ഷി പാർട്ടിയായ വർക്കേഴ്സ് പാർട്ടിയുടെ നേതൃസ്ഥാനത്തേക്ക് വീണ്ടും തെരഞ്ഞെടുക്കപ്പെട്ട് പ്രസിഡന്റ് കിം ജോംഗ് ഉൻ.
വ്യാഴാഴ്ച ആരംഭിച്ച പാർട്ടി കോൺഗ്രസാണ് 42കാരനായ കിമ്മിനെ അധികാരത്തിൽ നിലനിർത്തിയത്. രാജ്യത്തിന്റെ ആണവായുധ ശേഖരം വർധിപ്പിച്ചതിൽ പാർട്ടി കോൺഗ്രസിൽ പ്രതിനിധികൾ പ്രസിഡന്റിനെ പ്രശംസിച്ചതായി ഉത്തരകൊറിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
അഞ്ച് വർഷത്തേക്കുള്ള സൈനിക ലക്ഷ്യങ്ങൾ പാർട്ടി കോൺഗ്രസിൽ കിം റിപ്പോർട്ട് ചെയ്യുമെന്നാണ് കരുതുന്നത്. 2016ൽ പാർട്ടി ചെയർമാനായ കിം 2021ലെ പാർട്ടി കോൺഗ്രസിലൂടെയാണു ജനറൽ സെക്രട്ടറിയായത്.
International
സോൾ: ബാലിസ്റ്റിക് മിസൈൽ വീണ്ടും പരീക്ഷിച്ച് ഉത്തര കൊറിയ. ചൈനീസ് അതിർത്തിക്കടുത്തുള്ള ഉത്തര കൊറിയയുടെ വടക്കുപടിഞ്ഞാറൻ മേഖലയിൽ നിന്ന് ഹ്രസ്വദൂര മിസൈലാണ് വിക്ഷേപിച്ചത്. ഏകദേശം 700 കിലോമീറ്റർ സഞ്ചരിച്ചെന്നും ദക്ഷിണ കൊറിയൻ സൈന്യം വ്യക്തമാക്കി.
യുഎസിന്റെയും ദക്ഷിണ കൊറിയയുടെയും നിരീക്ഷണ സംവിധാനങ്ങൾ വിക്ഷേപണത്തിന്റെ തയാറെടുപ്പുകൾ കണ്ടെത്തിയിരുന്നെന്നും ദക്ഷിണ കൊറിയൻ സൈന്യം പറഞ്ഞു. ഉത്തര കൊറിയയുടെ മിസൈൽ പരീക്ഷണം ജപ്പാനും സ്ഥിരീകരിച്ചു. ജപ്പാന്റെ പ്രത്യേക സാമ്പത്തിക മേഖലയ്ക്കു പുറത്താണ് മിസൈൽ പതിച്ചതെന്നും നാശനഷ്ടം റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും ജപ്പാൻ പ്രധാനമന്ത്രി സനയ് തകയ്ചി അറിയിച്ചു.
മിസൈൽ പരീക്ഷണത്തെ പിന്തുണച്ച് റഷ്യ രംഗത്തെത്തി. ഉത്തര കൊറിയയിലെ ഞങ്ങളുടെ സുഹൃത്തുക്കൾക്ക് അവരുടെ സുരക്ഷ ഉറപ്പാക്കാനും അതിനായി നടപടികൾ സ്വീകരിക്കാനുമുള്ള നിയമാനുസൃതമായ അവകാശത്തെ മാനിക്കുന്നെന്ന് ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ് പറഞ്ഞു. അതേസമയം ഉത്തര കൊറിയയുടെ മിസൈൽ പരീക്ഷണത്തെ അങ്ങേയറ്റം പൊറുക്കാനാവാത്തത് എന്ന് യുഎസ് വിശേഷിപ്പിച്ചു. ജർമനിയും മിസൈൽ പരീക്ഷണത്തെ അപലപിച്ചു.