തിരുവനന്തപുരം: മുൻ സർക്കാർ ഒപ്പുവയ്ക്കുകയും നടപ്പാക്കുകയും ചെയ്ത കേന്ദ്ര സർക്കാരുമായി ബന്ധപ്പെട്ട പിഎം ശ്രീ പദ്ധതിയിൽ നിന്ന് ഇനി പിന്മാറാനാകില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. മന്ത്രിസഭാ യോഗത്തിനുശേഷം നടന്ന വാർത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.
നിലവിൽ 96 കോടി രൂപ കേരളം കേന്ദ്രത്തിൽനിന്ന് കൈപ്പറ്റിയിട്ടുണ്ട് ഇനി 106 കോടി കൂടി ഉടൻ ലഭിക്കും. ഈ വർഷം ആയിരം കോടി രൂപയിൽ കൂടുതൽ കേന്ദ്രത്തിൽ നിന്ന് കിട്ടാൻ സാധ്യതയുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
കഴിഞ്ഞ വിദ്യാഭ്യാസ മന്ത്രി പദ്ധതിയിൽ നിന്നും പിന്മാറണം എന്ന കത്ത് കേന്ദ്രത്തിന് നൽകിയിട്ടില്ല. രണ്ടുകാര്യങ്ങളിലാണ് സംസ്ഥാനത്തിന് പിഎം ശ്രീ പദ്ധതിയിൽ അഭിപ്രായ വ്യത്യാസമുള്ളത്. ഒന്ന്, വിദ്യാഭ്യാസ കരിക്കുലവുമായി ബന്ധപ്പെട്ടാണ്. കരിക്കുലം എന്തുവേണമെന്ന് സംസ്ഥാനം തന്നെ തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
രണ്ടാമത്തെ വിഷയം ഏതൊക്കെ സ്കൂളിൽ എങ്ങനെ നടപ്പാക്കണം എന്ന വിഷയമാണ്. ഇതും സംസ്ഥാനം തന്നെ വായിക്കും. ഇത്തരം കാര്യങ്ങളിൽ കേന്ദ്രവുമായി ചർച്ച നടത്താനും ധാരണ ഉണ്ടാക്കാനും വിദ്യാഭ്യാസ മന്ത്രി ഉൾപ്പെടെ നാലു വകുപ്പ് മന്ത്രിമാരുടെ ഒരു സമിതി രൂപീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു
ധനകാര്യ വകുപ്പിലേക്ക് എല്ലാ വകുപ്പുകളിൽ നിന്നും അനാവശ്യമായി ഒരുപാട് കത്തിടപാടുകൾ ഇപ്പോൾ കിട്ടുന്നുണ്ടെന്നും ഇത് പലപ്പോഴും നിയമക്കുരുക്കുകളും ഭരണ സമരവും സൃഷ്ടിക്കുന്നുണ്ടെന്നും ഇതിനു പരിഹാരമായി ഒരു നോഡൽ ഓഫീസറെ എല്ലാ വകുപ്പുകളും ആയി ചേർന്ന് നിയമിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഭരണത്തിൽ ഏറിയിട്ട് സർക്കാർ ഒരു മാസം തികയുന്നതിന് മുമ്പ് തന്നെ പ്രതിപക്ഷവും ചില മാധ്യമങ്ങളും ചേർന്ന് അനാവശ്യമായ ആരോപണങ്ങൾ സൃഷ്ടിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
പെൻഷൻ പദ്ധതികളിൽ നിന്നും സർക്കാർ പിന്മാറിയേതായ ആക്ഷേപം ഇത്തരത്തിലുള്ളതാണ്. നാരി സുരക്ഷാ പദ്ധതി കഴിഞ്ഞ സർക്കാർ പെട്ടെന്ന് നടപ്പാക്കിയപ്പോൾ ചില അപാകതകൾ വന്നിട്ടുണ്ട്. അത് ഈ സർക്കാർ പരിഹരിക്കും. മാത്രമല്ല ആ പെൻഷൻ പദ്ധതിയുടെ ഉപയോക്താക്കൾ സംബന്ധിച്ച് ആക്ഷേപവും ഉണ്ടായിട്ടുണ്ട്. അതും സർക്കാർ വിലയിരുത്തുമെന്നും സതീശൻ പറഞ്ഞു.
80 ഗവൺമെന്‍റ് പ്ലീഡർമാരെയാണ് സർക്കാർ ഇതുവരെ നിയമിച്ചിരിക്കുന്നത്. അതിൽ ഒരാളെക്കുറിച്ച് മാത്രമാണ് ആക്ഷേപം ഉണ്ടായിരിക്കുന്നത്. ശബരിമല വിഷയത്തിൽ രാജിവച്ച ഗവൺമെന്‍റ് പ്ലീഡർ ശബരിമല ദേവസ്വത്തിനുള്ള പ്രത്യേക പ്ലീഡറായിരുന്നില്ല. ഇക്കാര്യത്തിൽ എല്ലാ ഉത്തരവാദിത്വവും മുഖ്യമന്ത്രിയും നിലയിൽ താൻ ഏറ്റെടുക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
പ്ലീഡർമാരുടെ നിയമനത്തിൽ ലോയേഴ്സ് കോൺഗ്രസ് ആക്ഷേപങ്ങൾ പാർട്ടിക്കുള്ളിൽ ചർച്ച ചെയ്യേണ്ടതാണ്. അത് മാധ്യമങ്ങളോട് അല്ല പറയേണ്ടത്. നിയമനം നടത്തുന്ന താൻ ആണെന്നും സംഘടനകൾ അല്ല എന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
Tags : PM Shri scheme Chief Minister VD Satheesan