പ്രതീകാത്മക ചിത്രം
ന്യൂഡല്‍ഹി: കംപ്രസ്ഡ് ബയോഗ്യാസിനായുള്ള (സിബിജി) ഗോബര്ധന് പദ്ധതിക്ക് തുടക്കമായി. സിബിജി ഉത്പാദനം പ്രോത്സാഹിപ്പിക്കുന്നതിനായി 23,731 കോടി രൂപയുടെ പദ്ധതിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
ഉത്പാദിപ്പിക്കുന്ന സിബിജി-യുടെ നൂറുശതമാനവും സംഭരിക്കുന്നത് ഉറപ്പാക്കുന്നതിനൊപ്പം, അടുത്ത 10 വര്‍ഷത്തേക്ക് സ്ഥിരവിലയും പദ്ധതിയിലൂടെ ലഭ്യമാക്കുമെന്ന് പെട്രോളിയം-പ്രകൃതിവാതക മന്ത്രാലയം വ്യക്തമാക്കി.
കന്നുകാലികളുടെ ചാണകം, കാര്‍ഷിക അവശിഷ്ടങ്ങള്‍, ഭക്ഷണാവശിഷ്ടങ്ങള്‍, മറ്റ് ജൈവവസ്തുക്കള്‍ തുടങ്ങിയവയെ ബയോഗ്യാസ്, സിബിജി, ജൈവവളം തുടങ്ങിയ ഉപയോഗപ്രദമായ ഉത്പന്നങ്ങളാക്കി മാറ്റുന്നതിനുള്ള പദ്ധതിയാണ് ഗോബര്ധന്. പദ്ധതിയുടെ പേരായ ഗോബര്ധന് എന്നത് ഗാല്‍വനൈസിംഗ് ഓര്‍ഗാനിക് ബയോ-അഗ്രോ റിസോഴ്സസ് ധന് എന്നതിന്റെ ചുരുക്കരൂപമാണ്.
സിബിജി ഉത്പാദകര്‍ക്ക് കൂടുതല്‍ സ്ഥിരതയുള്ള ഒരു വിപണി ഉറപ്പാക്കുകയാണ് ഇതിന്റെ ലക്ഷ്യം. ഇത് നടപ്പിലാക്കുന്നത് 2026-27 മുതല്‍ 2035-36 വരെയുള്ള കാലയളവിലാണ്.
സിബിജിയുടെ വിപണനം, വിലനിര്‍ണയ മാനദണ്ഡങ്ങള്‍, മൂലധന സഹായം, പൈപ്പ്ലൈന് അടിസ്ഥാന സൗകര്യങ്ങള്‍, വായ്പ ഗ്യാരണ്ടി, സിബിജി ഇക്കോസിസ്റ്റം ചലഞ്ച് ഫണ്ട് എന്നിങ്ങനെ ആറ് ഘടകങ്ങള്‍ പദ്ധതിയില്‍ ഉള്‍പ്പെടുന്നുണ്ടെന്ന് മന്ത്രാലയത്തിന്റെ മാര്‍ഗരേഖയില്‍ പറയുന്നു.