പ്രതീകാത്മക ചിത്രം - എഐ
ന്യൂഡൽഹി: സിഎൻജി, ഹൈബ്രിഡ്, ഇലക്ട്രിക് വിഭാഗങ്ങളിലായി 2026-27 സാമ്പത്തികവർഷത്തിൽ (FY27) 10 ലക്ഷത്തോളം ഹരിത വാഹനങ്ങൾ (Green Vehicles) വിറ്റഴിക്കാനൊരുങ്ങി രാജ്യത്തെ പ്രമുഖ വാഹനനിർമാതാക്കളായ മാരുതി സുസുകി.
ഉയർന്ന ഇന്ധനവിലയും പുതിയ ഓട്ടോമാറ്റിക് സിഎൻജി മോഡലുകളുടെ വരവും ലക്ഷ്യം കൈവരിക്കാൻ സഹായിക്കുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ. തങ്ങളുടെ “ഓട്ടോ ഗ്രീൻ മിഷൻ’’ പദ്ധതിയുടെ ഭാഗമായി ജനപ്രിയ മോഡലുകളായ സ്വിഫ്റ്റ്, ഡിസയർ, ബലേനോ എന്നിവയുടെ ഓട്ടോമാറ്റിക് എസ്-സിഎൻജി (S-CNG) വേരിയന്റുകൾ കമ്പനി വിപണിയിൽ അവതരിപ്പിച്ചു.
◄സിഎൻജിയിലും ഇനി ഓട്ടോമാറ്റിക് ഡ്രൈവിംഗ് സുഖം
സിഎൻജി പാസഞ്ചർ വാഹന വിപണിയിൽ നിലവിൽ 70 ശതമാനം വിഹിതമുള്ള മാരുതി, ഈ സാമ്പത്തികവർഷം നേരത്തേ എട്ടു മുതൽ ഒന്പതു ലക്ഷം വരെ ഹരിതവാഹനങ്ങളുടെ വിൽപനയായിരുന്നു പ്രതീക്ഷിച്ചിരുന്നത്. എന്നാൽ, പുതിയ ഓട്ടോമാറ്റിക് സിഎൻജി മോഡലുകൾ എത്തിയതോടെ ഇത് 10 ലക്ഷത്തിലേക്ക് ഉയർത്തുകയായിരുന്നുവെന്ന് കമ്പനിയുടെ മാർക്കറ്റിംഗ് ആൻഡ് സെയിൽസ് സീനിയർ എക്സിക്യൂട്ടീവ് ഓഫീസർ പാർത്ഥോ ബാനർജി വ്യക്തമാക്കി.
കുറഞ്ഞ ഇന്ധനച്ചെലവിനൊപ്പം ഓട്ടോമാറ്റിക് ഗിയർബോക്സിന്റെ സൗകര്യവും ആഗ്രഹിക്കുന്ന പുതിയ തലമുറ ഉപയോക്താക്കളെ ലക്ഷ്യമിട്ടാണ് ഈ മോഡലുകൾ എത്തിച്ചിരിക്കുന്നത്. ഓട്ടോമാറ്റിക് ഗിയർബോക്സ് ഇല്ലാത്തതിനാൽ മുന്പ് പെട്രോൾ-ഓട്ടോമാറ്റിക് മോഡലുകളിലേക്കു പോയിരുന്ന വലിയൊരു വിഭാഗം ഉപഭോക്താക്കളെ ആകർഷിക്കാൻ ഇതിലൂടെ സാധിക്കുമെന്ന് കമ്പനി കരുതുന്നു.
◄ഉയർന്ന മൈലേജും ആകർഷകമായ വിലയും
കിലോഗ്രാമിന് 36.47 കിലോമീറ്റർ മൈലേജ് നൽകുന്ന ഡിസയർ ഓട്ടോമാറ്റിക് എസ്-സിഎൻജി ഇന്ത്യയിലെ ഏറ്റവും മികച്ച ഇന്ധനക്ഷമതയുള്ള സെഡാനാണെന്ന് മാരുതി അവകാശപ്പെടുന്നു. പ്രാരംഭ എക്സ്-ഷോറൂം വിലയായി സ്വിഫ്റ്റ് ഓട്ടോമാറ്റിക് സിഎൻജിക്ക് 7.92 ലക്ഷം രൂപയും, ബലേനോ ഓട്ടോമാറ്റിക് സിഎൻജിക്ക് 8.32 ലക്ഷം രൂപയും, ഡിസയർ ഓട്ടോമാറ്റിക് സിഎൻജിക്ക് 8.53 ലക്ഷം രൂപയുമാണ് നിശ്ചയിച്ചിരിക്കുന്നത്.
നിലവിൽ പ്രതിമാസം 80,000 സിഎൻജി വാഹനങ്ങൾ വിൽക്കുന്ന മാരുതിയുടെ ആകെ വിൽപനയിൽ 43 ശതമാനവും സിഎൻജി മോഡലുകളാണ്. ഉപഭോക്തൃ ഡിമാൻഡിനേക്കാൾ വിതരണത്തിലെ പരിമിതികളാണ് നിലവിൽ തടസമെന്നും, ഉത്പാദന ശേഷി വർധിപ്പിക്കുന്നതോടെ വിൽപന ഇനിയും ഉയരുമെന്നും കമ്പനി അറിയിച്ചു.
Tags : MarutiSuzuki Targets GreenVehicles Business