പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: വ്യക്തിഗത ആവശ്യങ്ങൾക്കായി ഇലക്ട്രിക് വാഹനങ്ങൾ (ഇവി) വാങ്ങുന്നതിൽ കേരളം രാജ്യത്ത് ഒന്നാമതെത്തിയപ്പോഴും, സമഗ്രമായ ക്ലീൻ മൊബിലിറ്റി സജ്ജീകരണങ്ങളിൽ സംസ്ഥാനം ഏറെ പിന്നിലെന്നു റിപ്പോർട്ട്.
നയപരമായ തടസങ്ങളും ഗവേഷണരംഗത്തെ മെല്ലെപ്പോക്കുമാണ് സംസ്ഥാനത്തിനു തിരിച്ചടിയാകുന്നത്. നീതി ആയോഗുമായി സഹകരിച്ച് ഡബ്ല്യുആർഐ ഇന്ത്യ (WRI India) തയാറാക്കിയ ‘ഇന്ത്യ ഇലക്ട്രിക് മൊബിലിറ്റി ഇൻഡക്സ് (IEMI) 2025’ റിപ്പോർട്ടിലാണ് ഈ വിവരങ്ങളുള്ളത്.
►വ്യക്തിഗത ഇവികളിൽ മുന്നേറ്റം, വാണിജ്യ മേഖലയിൽ പിന്നോട്ട്
വ്യക്തിഗത ഇരുചക്ര വാഹനങ്ങളിലും കാറുകളിലുമായി 12.3 ശതമാനം ഇവി നിരക്ക് കൈവരിച്ചാണ് കേരളം രാജ്യത്ത് ഒന്നാം സ്ഥാനത്തെത്തിയത്. അതായത്, സംസ്ഥാനത്ത് വിറ്റഴിക്കുന്ന എട്ട് സ്വകാര്യ വാഹനങ്ങളിൽ ഒന്ന് ഇലക്ട്രിക്കാണ്. എന്നാൽ, ഈ നേട്ടമുണ്ടായിട്ടും ഗതാഗത വൈദ്യുതീകരണ പുരോഗതിയിൽ 100ൽ 36 പോയിന്റുകൾ മാത്രമാണ് കേരളത്തിനു നേടാനായത്.
സ്വകാര്യ ഉപഭോക്താക്കൾ വലിയ തോതിൽ ഇലക്ട്രിക് വാഹനങ്ങളിലേക്കു മാറുമ്പോഴും, വാണിജ്യവാഹന മേഖലയിൽ മാറ്റം വളരെ പതുക്കെയാണ്. കൊമേഴ്സ്യൽ ഫ്ലീറ്റുകൾക്കുള്ള ഇളവുകൾ, പെർമിറ്റ് ഇളവുകൾ, ലോ-എമിഷൻ സോണുകൾ, വാഹനം പൊളിക്കൽ സബ്സിഡികൾ തുടങ്ങിയ നയപരമായ പ്രോത്സാഹനങ്ങളുടെ കുറവാണ് വാണിജ്യ മേഖലയിലെ പിന്നോക്കാവസ്ഥയ്ക്കു കാരണമായി ചൂണ്ടിക്കാണിക്കുന്നത്.
►ചാർജിംഗ് സൗകര്യങ്ങളിൽ മികവ്, ഗവേഷണത്തിൽ ഏറ്റവും പിന്നിൽ
അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തിൽ സംസ്ഥാനം മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. ചാർജിംഗ് ഇൻഫ്രാസ്ട്രക്ചർ സജ്ജീകരണത്തിൽ 100ൽ 55 പോയിന്റ് നേടി മുൻനിര സംസ്ഥാനങ്ങളുടെ പട്ടികയിൽ കേരളം ഇടംപിടിച്ചു. എന്നാൽ, ഗവേഷണ-നവീകരണ രംഗത്താണ് സംസ്ഥാനത്തിനു വലിയ തിരിച്ചടി നേരിട്ടത്. ഈ വിഭാഗത്തിൽ വെറും 29 പോയിന്റുകൾ മാത്രം നേടിയ കേരളം വലിയ സംസ്ഥാനങ്ങളുടെ പട്ടികയിൽ ഏറ്റവും അവസാന സ്ഥാനത്താണ്.
മികച്ച മാനവ വിഭവശേഷി ഉണ്ടായിരുന്നിട്ടും അക്കാദമിക്-വ്യവസായ ഗവേഷണ ശൃംഖലകളെ ക്ലീൻ മൊബിലിറ്റി മേഖലയിലേക്കു പൂർണമായി പ്രയോജനപ്പെടുത്താൻ സാധിച്ചിട്ടില്ലെന്ന് റിപ്പോർട്ട് വിലയിരുത്തുന്നു. എങ്കിലും വിഎസ്എസ്സിയും ട്രാവൻകൂർ ടൈറ്റാനിയം പ്രോഡക്ട്സും ചേർന്ന് വികസിപ്പിച്ച ലിഥിയം-ടൈറ്റനേറ്റ് (LTO) ബാറ്ററി പ്രോട്ടോടൈപ്പ് പോലുള്ള പ്രാദേശിക മുന്നേറ്റങ്ങൾ ശ്രദ്ധേയമാണെന്നും റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്.
Tags : EVAdoption Country Keralam FirstRank NITIAayog Index Business