ന്യൂഡൽഹി: ഉപഭോക്തൃവില സൂചികയെ അടിസ്ഥാനമാക്കിയുള്ള രാജ്യത്തെ ചില്ലറ പണപ്പെരുപ്പം ജൂണിൽ ഉയർന്നു. നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ് പുറത്തുവിട്ടു താത്കാലിക കണക്കുകൾ പ്രകാരം ഉപഭോക്തൃ വില സൂചികയെ അടിസ്ഥാനമാക്കിയുള്ള രാജ്യത്തെ ചില്ലറ പണപ്പെരുപ്പം ജൂണിൽ 4.38 ശതമാനമായി വർധിച്ചു. 2025 ജനുവരിക്കുശേഷം (4.24 ശതമാനം) ആദ്യമായാണ് പണപ്പെരുപ്പ നിരക്ക് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ലക്ഷ്യമായ നാലു ശതമാനത്തിനു മുകളിലെത്തുന്നത്.
ഭക്ഷ്യ-ഇന്ധന വിലക്കയറ്റം, പശ്ചിമേഷ്യയിലെ ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ, ക്രമരഹിതമായ കാലവർഷത്തെക്കുറിച്ചുള്ള ആശങ്കകൾ എന്നിവ വിലക്കയറ്റ സമ്മർദം ശക്തമായി നിലനിർത്തിയതിനെത്തുടർന്നാണ് കഴിഞ്ഞ മാസം രാജ്യത്ത് ചില്ലറ വിലക്കയറ്റമുണ്ടാക്കിയത്.
മേയ് മാസത്തെ 3.93 ശതമാനമാത്തിൽനിന്നാണ് 17 മാസത്തിനുശേഷം ആദ്യമായി ചില്ലറ പണപ്പെരുപ്പ നിരക്ക് നാലു ശതമാനത്തിനു മുകളിലെത്തുന്നത്.
ഈ വർഷം ജനുവരിയിൽ പുതിയ അടിസ്ഥാന വർഷവും പുതുക്കിയ ഉപഭോഗരീതികളും ഉൾപ്പെടുത്തി ഇന്ത്യ തങ്ങളുടെ ഉപഭോക്തൃവില സൂചിക ശ്രേണി പരിഷ്കരിച്ചതിനുശേഷം രേഖപ്പെടുത്തുന്ന ഏറ്റവും ഉയർന്ന നിരക്കാണ് ജൂണിലേത്.
2026 ഏപ്രിൽ ഒന്നു മുതൽ 2031 മാർച്ച് 31 വരെയുള്ള അഞ്ച് വർഷ കാലയളവിൽ, ചില്ലറ വില സൂചികയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം നാലു ശതമാനമായി നിലനിർത്താൻ ആർബിഐക്ക്് നിയമപരമായ ചുമതലയുണ്ട്. അതേസമയം, ഈ നിരക്ക് കുറഞ്ഞത് രണ്ടു ശതമാനം മുതൽ പരമാവധി ആറു ശതമാനം വരെയുള്ള പരിധിക്കുള്ളിൽ നിൽക്കാൻ അനുവദിക്കുകയും ചെയ്യാം.
മേയിൽ 4.78 ശതമാനമായിരുന്ന ചില്ലറ ഭക്ഷ്യ പണപ്പെരുപ്പം ജൂണിൽ 5.32 ശതമാനമായി ഉയർന്നു. ഗ്രാമീണ മേഖലയിലെ ഭക്ഷ്യ പണപ്പെരുപ്പം 5.45 ശതമാനവും നഗരമേഖലയിലേത് 5.09 ശതമാനവുമാണ്.
മേയ് മാസത്തിൽ പൊതുമേഖലാ എണ്ണക്കന്പനികൾ നാലു തവണ ഇന്ധനവില വർധിപ്പിച്ചതിനെത്തുടർന്ന് ജൂണിൽ ഗതാഗത പണപ്പെരുപ്പം 4.31 ശതമാനമായി ഉയർന്നു. ഇത് വിപണിയിലെ പൊതുവായ വിലക്കയറ്റ സമ്മർദം വർധിപ്പിച്ചു. ചരക്ക് സേവന മേഖലയിലെ പണപ്പെരുപ്പം 7.70 ശതമാനമായാണ് രേഖപ്പെടുത്തിയത്.
തെലുങ്കാന ഒന്നാമത്
വിലക്കയറ്റത്തോത് ഉയർന്ന സംസ്ഥാനങ്ങളിൽ കേരളം ജൂണിലും ആദ്യ അഞ്ചിന് പുറത്ത് തുടർന്നു. മേയിലെ 4.30 ശതമാനത്തിൽനിന്ന് ജൂണിൽ 4.34 ശതമാനമായാണ് കൂടിയത്.
ആദ്യ അഞ്ചിലുള്ള സംസ്ഥാനങ്ങളുടെയും വിലക്കയറ്റതോത് അഞ്ചു ശതമാനമാനത്തിനു മുകളിലാണ്. 6.36 ശതമാനവുമായി തെലങ്കാനയാണ് സംസ്ഥാനങ്ങളുടെ പട്ടികയിൽ ഇക്കുറിയും ഒന്നാം സ്ഥാനത്ത്. 5.39 ശതമാനം വിലക്കയറ്റത്തോത് രേഖപ്പെടുത്തിയ ആന്ധ്രാപ്രദേശാണ് രണ്ടാമത്. തമിഴ്നാട് (5.24 ശതമാനം), ഒഡിഷ (5.15 ശതമാനം), മധ്യപ്രദേശ് (5.09 ശതമാനം) എന്നീ സംസ്ഥാനങ്ങളാണ് തൊട്ടുപിന്നിൽ. പുതുച്ചേരി, ആൻഡമാൻ നിക്കോബാർ ദ്വീപുകൾ യഥാക്രമം 5.39 ശതമാനം, 5.08 ശതമാനം രേഖപ്പെടുത്തി.
കർണാടക, രാജസ്ഥാൻ, ഉത്തർപ്രദേശ്, കേരളം, ജാർഖണ്ഡ്, ഉത്തരാഖണ്ഡ്, ഗുജറാത്ത് സംസ്ഥാനങ്ങൾ ആർബിഐയുടെ നിരക്കിനു മുകളിൽ തുടർന്നു.
വിലക്കയറ്റ തോത് ഏറ്റവും കുറവ് മിസോറാം (1.63 ശതമാനം) രേഖപ്പെടുത്തി. ത്രിപുര (1.65%), അരുണാചൽ പ്രദേശ് (2.47%), മേഘാലയ (2.64%), നാഗാലാൻഡ് (2.83%), മണിപ്പുർ (2.94%), ഡൽഹി (2.96%) എന്നിങ്ങനെയാണ്.