ആരോഗ്യ-ദേവസ്വംമന്ത്രി കെ. മുരളീധരന്
കോഴിക്കോട്: മണ്ണിനെ പൊന്നാക്കിയ കര്‍ഷകര്‍ കുടിയിടങ്ങളില്നിന്ന് ഇറങ്ങേണ്ടിവരുന്ന അവസ്ഥ അംഗീകരിക്കാനാകില്ലെന്ന് ആരോഗ്യ-ദേവസ്വംമന്ത്രി കെ. മുരളീധരന്. 1972 ലെ വന്യജീവി നിയമ സാഹചര്യമല്ല ഇന്നുള്ളതെന്ന് ഓര്‍ക്കണം.
മൃഗങ്ങള്‍ നാട്ടിലിറങ്ങി മനുഷ്യരെ കൊല്ലുന്ന അവസ്ഥയാണുള്ളത്. ഭരണഘടനയില്‍ നമ്മള് മാറ്റം വരുത്തിയിട്ടില്ലേ, അതുപോലെ നിയമങ്ങളിലും മാറ്റം വരുത്തണമെന്നും മുരളീധരന് ആവശ്യപ്പെട്ടു. ദീപിക കോഴിക്കോട് യൂണിറ്റിന്റെ ‘സമന്വയം- 2026’പൊതുസമ്മേളനവും പുരസ്കാര സമർപ്പണവും കോഴിക്കോട് സിറ്റി ഹൗസില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
പരിസ്ഥിതി സംരക്ഷണമെന്ന പേരില്‍ മൃഗങ്ങളെ സംരക്ഷിക്കുകയാണ്. നിര്‍ഭാഗ്യവശാല്‍ മൃഗങ്ങള്‍ക്കൊപ്പമാണ് നീതിന്യായ വ്യവസ്ഥകള്നിലകൊള്ളുന്നത്. ഇത്തരം പുഴുക്കുത്തുകള്‍ ഒഴിവാക്കപ്പെടേണ്ടതാണ്. ഇത് പറയുന്നതിന് പേടിക്കേണ്ട ആവശ്യമില്ല. കോടതിവിധികളെ വിമര്‍ശിക്കാം.
നിയമത്തില്‍ കാലാനുസൃതമായ മാറ്റം വരുത്തി കര്‍ഷകരെ സംരക്ഷിക്കണം. ഇങ്ങനെ പോയാല്‍, ഞാന്‍ മുമ്പു പറഞ്ഞതുപോലെ ബത്തേരി നഗരസഭയില്‍ ചെയര്‍പേഴ്സണ്‍ സ്ഥാനത്ത് കടുവയും മാനന്തവാടി നഗരസഭയില്‍ ആനയും കയറി ഇരിക്കുന്ന അവസ്ഥയുണ്ടാകും.
മുമ്പ് ആനക്കൊമ്പുകള്‍ക്കായി ആനയെ കൊല്ലാൻ കാട്ടിനുള്ളിലേക്ക് കയറുന്ന മനുഷ്യരുണ്ടായിരുന്നു. ആ സാഹചര്യത്തിലാണ് വനം-വന്യ ജീവി നിയമം ഉണ്ടാക്കിയത്. എന്നാല്‍, ഇന്നത്തെ സ്ഥിതി അതാണോ? മൃഗങ്ങള്‍ മനുഷ്യരെ അക്രമിക്കുകയല്ലേ.
കഴിഞ്ഞ ഓണക്കാലത്ത് കാട്ടുപോത്തിന്റെ ആക്രമണത്തിലാണ് കര്ഷകന് കൊല്ലപ്പെട്ടത്. അത് കാട്ടുപോത്തിനെ അങ്ങോട്ടു പോയി വെടിവച്ചിട്ടല്ലല്ലോ. കര്‍ഷകരുടെ ആശങ്ക സംസ്ഥാന സര്‍ക്കാര്‍ ഗൗരവത്തില്‍തന്നെ ചര്‍ച്ചചെയ്തതാണ്. യാഥാര്‍ഥ്യം മനസിലാക്കി കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്നാണു പ്രതീക്ഷയെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
വന്യജീവിശല്യം, പരിസ്ഥിതിലോല വിഷയങ്ങളുമായി ബന്ധപ്പെട്ട് ദീപിക എന്നും കര്‍ഷകരുടെ ആശങ്കകള്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. 140-ാം വാര്‍ഷികം ആഘോഷിക്കുന്ന ദീപികയ്ക്ക് ഇനിയും പൂര്‍വാധികം ശക്തിയായി പ്രവര്‍ത്തിക്കാന്‍ കഴിയട്ടെയെന്നും മന്ത്രി ആശംസിച്ചു. ചടങ്ങില്‍ വിവിധ മേഖലകളില്‍ കഴിവു തെളിയിച്ചവര്‍ക്കുള്ള ദീപികയുടെ പുരസ്കാരങ്ങള്‍ മന്ത്രി വിതരണം ചെയ്തു. കോഴിക്കോട് ആര്‍ച്ച്ബിഷപ് ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍ അധ്യക്ഷത വഹിച്ചു.
Tags : Farmers Protected Forest&WildlifeLaws KMuraleedharan Amending Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash