വിഴിഞ്ഞം രാജ്യാന്തര തുറമുഖം (ഫയൽ ചിത്രം)
തിരുവനന്തപുരം: വിഴിഞ്ഞം രാജ്യാന്തര തുറമുഖ വികസനത്തിന്റെ ഭാഗമായി റെയിൽവേ ശൃംഖലയുമായി ബന്ധിപ്പിക്കാനുള്ള റെയിൽ കണക്ടിവിറ്റിക്കായി കൂടുതൽ ഭൂമി ഏറ്റെടുക്കാൻ സംസ്ഥാന സർക്കാർ ഭേദഗതി വിജ്ഞാപനം പുറപ്പെടുവിച്ചു.
വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തുനിന്ന് ബാലരാമപുരം റെയിൽവേ സ്റ്റേഷനിലേക്കാണ് തുറമുഖത്തു നിന്നുള്ള ചരക്കിന്റെ കയറ്റിറിക്കത്തിനായി റെയിൽ കണക്ടിവിറ്റി സ്ഥാപിക്കുന്നത്. ഇതിനായി 2.3195 ഹെക്ടർ ഭൂമി ഏറ്റെടുക്കാനാണ് വിജ്ഞാപനം.
തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര താലൂക്കിലെ പള്ളിച്ചൽ, ബാലരാമപുരം വില്ലേജുകളിലെ ഭൂമിയാണ് പ്രധാനമായി ഏറ്റെടുക്കുന്നത്. ഭൂമി ഏറ്റെടുക്കലിന്റെ ന്യായമായ നഷ്ടപരിഹാരം, സുതാര്യത, പുനരധിവാസം, പുനഃസ്ഥാപനം എന്നിവ ഉറപ്പാക്കുന്ന 2013ലെ കേന്ദ്ര നിയമ വ്യവസ്ഥകൾ പ്രകാരമാണ് നടപടി സ്വീകരിക്കുകയെന്നും വിജ്ഞാപനത്തിൽ പറയുന്നു.
വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തിന്റെ റെയിൽ കണക്ടിവിറ്റിക്കായി പിണറായി സർക്കാരുകളുടെ കാലത്ത് 0.8802 ഹെക്ടർ ഭൂമിയായിരുന്നു ഏറ്റെടുക്കാൻ ലക്ഷ്യമിട്ടിരുന്നത്. മുൻ വിജ്ഞാപനത്തിൽ പള്ളിച്ചൽ വില്ലേജിലെ ബ്ലോക്ക് നന്പർ അഞ്ചിലെ റീസർവേ 474, 479, 481, 482 എന്നിവയിൽ ഉൾപ്പെട്ട 15 എൽഎ സബ് ഡിവിഷനുകളും ബാലരാമപുരം വില്ലേജിലെ ബ്ലോക്ക് നന്പർ 13ലെ വിവിധ റീസർവേ നന്പറുകളിലെ 24 എൽഎ സബ് ഡിവിഷനുകളും ഉൾപ്പെടുത്തി 0.8802 ഹെക്ടർ ഭൂമി ഏറ്റെടുക്കാനായിരുന്നു വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നത്.
ഇതിൽ ഭേദഗതി വരുത്തി കൂടുതൽ ഭൂമി ഏറ്റെടുക്കാനാണ് പുതുക്കിയ വിജ്ഞാപനം. രണ്ടു വില്ലേജുകളിലുമായി 104 എൽഎ സബ് ഡിവിഷനുകൾ കൂടി ഉൾപ്പെടുത്തി. ഇതോടെ പുറന്പോക്ക് ഭൂമി ഒഴിവാക്കി ഏകദേശം 2.3195 ഹെക്ടർ ഭൂമി ഏറ്റെടുക്കൽ നടപടിയിലേക്ക് നീങ്ങും. പദ്ധതിയുടെ ആവശ്യകത കൃത്യമായി നിറവേറ്റുന്നതിനാണ് ഭേദഗതി വിജ്ഞാപനമെന്നു വിശദീകരണക്കുറിപ്പിൽ വ്യക്തമാക്കുന്നു.
വിഴിഞ്ഞം തുറമുഖത്തെ റെയിൽ ശൃംഖലയുമായി ബന്ധിപ്പിക്കുന്ന നിർണായക അടിസ്ഥാന സൗകര്യ പദ്ധതിയുടെ ഭാഗമായാണു ഭൂമി ഏറ്റെടുക്കൽ നടപടി. കൂടുതൽ ഭൂമി ഉൾപ്പെടുത്തുന്നതിലൂടെ പദ്ധതിക്കാവശ്യമായ സ്ഥലലഭ്യത ഉറപ്പാക്കുകയാണ് സർക്കാർ ലക്ഷ്യമിടുന്നത്.
Tags : VizhinjamPort Notification Issued RailConnectivity LandAcuire Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash