മമത ബാനര്‍ജി
കോല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തിരികെ നേടാന്‍ സുപ്രീംകോടതിയിൽ കണ്ണുംനട്ട് പശ്ചിമബംഗാള്‍ മുന്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും അനുയായികളും.
നന്ദിഗ്രാം, രജിനഗര്‍ നിയമസഭാ ഉപതെരഞ്ഞെടുപ്പിന് ഒരുങ്ങുന്നതിനിടെ കഴിഞ്ഞ വ്യാഴാഴ്ച മുതല്‍ തുടര്‍ച്ചയായുണ്ടായ തിരിച്ചടികളില്‍ ആടിയുലഞ്ഞ തൃണമൂല്‍ നേതൃത്വം അവസാന ആശ്രയമെന്ന നിലയിൽ സുപ്രീംകോടതി നടപടികളെ ഉറ്റുനോക്കുകയാണ്.
കഴിഞ്ഞ വ്യാഴാഴ്ച അർധരാത്രിയാണ് തൃണമൂൽ കോൺഗ്രസിന്റെ പേരും ചിഹ്നവും ഉപയോഗിക്കുന്നതിൽനിന്ന് മമത ബാനർജി വിഭാഗത്തെയും എതിർപക്ഷമായ ഋതബ്രത ബാനർജിയുടെ നേതൃത്വത്തിലുള്ള സംഘത്തെയും വിലക്കി തെരഞ്ഞെടുപ്പു കമ്മിഷൻ ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.
ഇതിനു പിന്നാലെ വെള്ളിയാഴ്ച നന്ദിഗ്രാമിലെ തൃണമൂൽ സ്ഥാനാർഥി മത്സരരംഗത്തുനിന്നു പിന്മാറിയത് മമതയ്ക്ക് ഇരട്ടപ്രഹരമായിരുന്നു. നന്ദിഗ്രാമിലെ സ്ഥാനാര്‍ഥി സഞ്ചിത പ്രധാന് ദേ വെള്ളിയാഴ്ചയാണ് മത്സരരംഗത്തുനിന്നു പിന്മാറിയത്.
ഇന്നലെ രജിനഗറിലെ സ്ഥാനാർഥിയും പിന്മാറുകയാണെന്ന് പ്രഖ്യാപിച്ചുവെങ്കിലും പിന്നീട് തിരികെയെത്തിയത് മമത വിഭാഗത്തിനു നേരിയ ആശ്വാസമായി. രജിനഗറിൽ മമത പ്രഖ്യാപിച്ച റബിയുള്‍ ആലം ചൗധരിയാണ് പിന്മാറുകയാണെന്നു പ്രഖ്യാപിച്ച് മണിക്കൂറുകൾക്കുശേഷം നിലപാട് മാറ്റിയത്.
ഔദ്യോഗിക ചിഹ്നമില്ലാത്ത അവസ്ഥയിലാണ് തൃണമൂൽ കോൺഗ്രസ്. ഇതു മാത്രമല്ല പ്രവര്‍ത്തകര്‍ വിവിധ രീതികളില്‍, പീഡിപ്പിക്കപ്പെടുകയും ചെയ്യുന്നു. പൊലിസിന്റെ കടുത്ത സമ്മര്‍ദം കാരണം മത്സരരംഗത്ത് തുടരാന്‍ കഴിയില്ലെന്ന് പ്രവര്‍ത്തകര്‍ പറഞ്ഞുവെന്നും റബിയുൾ പറഞ്ഞിരുന്നു.
ഇതോടെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മിലന് പ്രധാനെ പിന്തുണയ്ക്കുമെന്ന് മമത പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഇതിനിടെ 2007ലെ കൊലപാതകക്കേസില്‍ മിലന് പ്രധാനെ പൊലിസ് അറസ്റ്റ് ചെയ്തു. ഇതോടെ കോൺഗ്രസ് മാത്രമല്ല, മമത വിഭാഗവും വെട്ടിലാകുകയായിരുന്നു. അടുത്തമാസം ആറിനാണ് രണ്ട് നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ്.
നേരത്തേ ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസുമായി സഖ്യത്തിനു മമത ശ്രമിച്ചിരുന്നു. എന്നാൽ, കേന്ദ്രസർക്കാരിന്റെ നിർദേശപ്രകാരം പാർട്ടിയുടെ പേരും ഔദ്യോഗിക ചിഹ്നവും മമതയ്ക്കു നിഷേധിക്കപ്പെടുമെന്ന വിലയിരുത്തലിൽ സഖ്യത്തിന് കോൺഗ്രസ് തയാറായിരുന്നില്ല.
ഗോഹട്ടി: പാർട്ടിയുടെ പേരും ചിഹ്നവും തെരഞ്ഞെടുപ്പു കമ്മിഷൻ മരവിപ്പിച്ചതിൽ പ്രതിഷേധിച്ച് ആസാമിലെ നഗാവ് ലോക്സഭാ ഉപതെരഞ്ഞെടുപ്പിൽനിന്ന് തൃണമൂൽ കോൺഗ്രസ് സ്ഥാനാർഥിയെ പിൻവലിച്ചു.
പ്രമുഖ വിദ്യാഭ്യാസ വിചക്ഷണനായ അബ്ദുൾ സലാമിനെയായിരുന്നു പാർട്ടി സ്ഥാനാർഥിയായി പ്രഖ്യാപിച്ചിരുന്നത്. ഒക്ടോബർ ആറിനാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ്.
കോൺഗ്രസ് എംപിയായിരുന്ന പ്രദ്യുത് ബർദോലോയ് രാജിവച്ച് ബിജെപിയിൽ ചേർന്നതിനെത്തുടർന്നാണ് നഗാവിൽ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്.
നന്ദിഗ്രാമിൽ കോൺഗ്രസ് സ്ഥാനാർഥി മിലൻ പ്രധാനെതിരേ നടന്ന പൊലിസ് നടപടി ഇന്ത്യൻ ജനാധിപത്യത്തിലെ തന്നെ ഏറ്റവും കറുത്ത അധ്യായങ്ങളിലൊന്നാണ്. തെരഞ്ഞെടുപ്പിൽ സ്വതന്ത്രമായി മത്സരിക്കാനുള്ള സ്ഥാനാർഥിയുടെ അവകാശത്തെതന്നെ ചോദ്യം ചെയ്യുന്ന നടപടിയാണിത്. അടിസ്ഥാന ജനാധിപത്യം പോലും രാജ്യത്തില്ല. പ്രതികരിക്കുന്നവരെ കള്ളക്കേസിൽ കുടുക്കുന്നു. ബനാന റിപ്പബ്ലിക് ആക്കുന്നു.
കെ.സി. വേണുഗോപാൽ എംപി (എഐസിസി ജനറൽ സെക്രട്ടറി)
Tags : Trinamool Name&Symbol Mamata Moves SupremeCourt