കാലം ചെയ്ത ഡോ. ഏബ്രഹാം മാർ യൂലിയോസ് മെത്രാപ്പോലീത്ത
തിരുവല്ല: കാലം ചെയ്ത ഡോ. ഏബ്രഹാം മാർ യൂലിയോസ് മെത്രാപ്പോലീത്ത മലങ്കര സുറിയാനി കത്തോലിക്കാ സഭയിലെ മികവുറ്റ സംഘാടകനും വേദപണ്ഡിതനുമായിരുന്നു.
കല്ലൂപ്പാറ ഗ്രാമത്തിൽ ജനിച്ച് റോം വളരെ നീളുന്ന പ്രേഷിതദൗത്യത്തിനിടയിൽ സഭയുടെ വളർച്ച മാത്രമായിരുന്നു അദ്ദേഹത്തിന്റെ സ്വപ്നം. തൊട്ടതെല്ലാം പൊന്നാക്കി മാറ്റിയ ശൈലിക്കുടമയായിരുന്നു മെത്രാപ്പോലീത്തയെന്ന് സന്തത സഹചാരികൾ സാക്ഷിക്കുന്നു.
പന്ത്രണ്ട് ഭാഷകളിൽ പ്രാവീണ്യം നേടിയ അദ്ദേഹം ബൈബിൾ ദൈവശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടിയ ആളുമാണ്. വൈദികനായിരിക്കുന്പോൾ (ഫാ.ഡോ. ഏബ്രഹാം കാക്കനാട്ട്) തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളജിന്റെ പ്രഥമ എക്സിക്യൂട്ടീവ് ഡയറക്ടറായിരുന്നു. സ്വാശ്രയ കോളജുകളുടെ രൂപീകരണഘട്ടത്തിലെ ആശയക്കുഴപ്പങ്ങളിൽ സ്വീകരിച്ച നിലപാട് കേരളമാകെ ശ്രദ്ധിക്കപ്പെട്ടു.
കല്ലൂപ്പാറ, കടമാൻകുളം സെന്റ് മേരീസ് എൽപിഎസ്, പുതുശേരി എംജിഡി സ്കൂളുകളിൽനിന്നും പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ അദ്ദേഹം 1961ൽ തിരുവല്ല മൈനർ സെമിനാരിയിൽ ചേർന്നു. കോട്ടയം വടവാതൂർ സെന്റ് തോമസ് അപ്പസ്തോലിക് സെമിനാരിയിൽ തത്ത്വശാസ്ത്രവും റോമിലെ പ്രൊപ്പഗാന്താ കോളജിൽ ദൈവശാസ്ത്ര പഠനവും പൂർത്തിയാക്കി. 1974 മുതൽ 1979 വരെ ഫാ. ഏബ്രഹാം കാക്കനാട്ട് എക്കണോമസ്, തിരുവല്ല എപ്പാർക്കി സോഷ്യൽ സർവീസ് സൊസൈറ്റിയുടെ ഡയറക് ടറായിരുന്നു. 1977-79 കാലയളവിൽ രൂപത പ്രൊക്കുറേറ്ററായും പ്രവർത്തിച്ചു.
1978ൽ ആലപ്പുഴ സെന്റ് മേരീസ് ഇടവകയും തുമ്പോളിയിൽ മാതാ സീനിയർ സെക്കൻഡറി സ്കൂളും തുടങ്ങി.
1979ൽ ബൈബിളിൽ ഉന്നതപഠനം നടത്തുന്നതിനായി റോമിലേക്കുള്ള യാത്ര ഒരു നിയോഗം പോലെയായി. ബൈബിൾ ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് ബിരുദം നേടിയതിനൊപ്പം പൗരസ്ത്യ ഭാഷകളിൽ ഡിപ്ലോമയും അദ്ദേഹം നേടി. റോമിലെ ഉർബേനിയൻ യൂണിവേഴ്സിറ്റിയിൽനിന്ന് ഗവേഷണം പൂർത്തിയാക്കി ബൈബിൾ ദൈവശാസ്ത്രത്തിൽ ഡോക്ടറേറ്റും നേടി. മൈസൂർ യൂണിവേഴ്സിറ്റിയിൽനിന്ന് മനഃശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദവും നേടി. ജർമനിയിലെ പ്രൈബർഗ് രൂപതയിൽ മൂന്നുവർഷം അജപാലന ശുശ്രൂഷയും നിർവഹിച്ചു.
കേരളത്തിൽ മടങ്ങിയെത്തിയ അദ്ദേഹം1987 മേയ് മുതൽ 1990 മേയ് വരെ തിരുവനന്തപുരം സെന്റ് മേരീസ് മലങ്കര മേജർ സെമിനാരിയുടെ റെക്ടറായി പ്രവർത്തിച്ചു. സെമിനാരിക്കായി ഒരു പുതിയ കെട്ടിടത്തിന്റെ നിർമാണം അദ്ദേഹത്തിന്റെ കാലത്ത് ആരംഭിച്ചു.
1990 മുതൽ 1997 വരെ അദ്ദേഹം തിരുവല്ലയിലെ സെന്റ് ജോൺസ് കത്തീഡ്രലിന്റെ വികാരിയായിരുന്നു. ഇക്കാലയളവിൽ അദ്ദേഹം തിരുവല്ലയിലെ സെന്റ് ജോൺസ് ഐടിസി ആരംഭിച്ചു. 2001 ഫെബ്രുവരി അഞ്ചിന് തിരുവല്ലയിലെ പുഷ്പഗിരി മെഡിക്കൽ കോളജ് ആശുപത്രിയുടെ എക്സിക്യൂട്ടീവ് ഡയറക്ടറായി. പുഷ്പഗിരി നഴ്സിംഗ്, ഫാർമസി, ഡെന്റൽ കോളജുകൾ, മെഡിസിറ്റി, പുഷ്പഗിരി ഹാർട്ട് ഇൻസ്റ്റിറ്റ്യൂട്ട്, സിറിൾ ബസേലിയോസ് കാതോലിക്കോസ് ആശുപത്രി തുടങ്ങിയ സ്ഥാപനങ്ങൾ ഇക്കാലയളവിൽ പടുത്തുയർത്തിയതാണ്.
Tags : Kallooppara Rome DrAbrahamMarJulios Metropolitan Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash