ഏഷ്യൻ ഗെയിംസ് ഉദ്ഘാടച്ചടങ്ങിൽനിന്ന്.
നഗോയ: ജപ്പാന്റെ സാംസ്കാരിക പാരമ്പര്യവും അത്യാധുനിക സാങ്കേതികവിദ്യയും സമന്വയിച്ച ഉദ്ഘാടനച്ചടങ്ങുകൾക്കാണ് നഗോയയിലെ പലോമ മിസുഹോ പാർക്ക് അത്ലറ്റിക് സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്.
രണ്ടു മണിക്കൂർ നീണ്ടുനിന്ന ചടങ്ങിൽ ജപ്പാൻ ചക്രവർത്തി നറുഹിതോ മേള ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.
ചക്രവർത്തിയുടെ ഭാര്യ മസാകോ, കിരീടാവകാശി അകിഷിനോ, യുവരാജ്ഞി കി കോ, ഒളിംപിക് കൗൺസിൽ ഓഫ് ഏഷ്യ (ഒസിഎ) പ്രസിഡന്റ് ഷെയ്ഖ് ജോആൻ ബിൻ ഹമദ് അൽ ഥാനി, ഐഒസി തലവൻ കിർസ്റ്റി കോവെൻട്രി എന്നിവരുൾപ്പടെ പ്രമുഖ വ്യക്തിത്വങ്ങൾ ചടങ്ങിൽ പങ്കെടുത്തു.
‘ഹൃദയംകൊണ്ട് ബന്ധപ്പെടുന്നു’ എന്നർഥമാക്കുന്ന ‘വൺ ഏഷ്യ’ (ഏക ഏഷ്യ) എന്ന സന്ദേശമുയർത്തി ഹൃദയാകൃതിയിലാണു പ്രധാന വേദി സജ്ജീകരിച്ചത്. സാങ്കേതികമികവുകൊണ്ട് കായികലോകത്തെ അദ്ഭുതപ്പെടുത്തിയ ഉദ്ഘാടനസന്ധ്യയിൽ എഐ, ഡ്രോൺ ടെക്നോളജി, ത്രീഡി പ്രൊജക്ഷൻ മാപ്പിംഗ് എന്നിവ ഉപയോഗിച്ചുള്ള ഡിജിറ്റൽ ലൈറ്റ് ഷോകൾ വിസ്മയം തീർത്തു. പൂർണമായും കാർബൺ പുറന്തള്ളൽ കുറയ്ക്കുന്ന ഹരിത സാങ്കേതികവിദ്യയാണ് വേദിയിലും ദീപശിഖാ പ്രയാണത്തിലും ഉപയോഗിച്ചത്.
അതിഥികളെ സ്വീകരിക്കുന്നതിലും മാർച്ച് പാസ്റ്റിന് നേതൃത്വം നൽകുന്നതിലും ജാപ്പനീസ് നിർമിത അത്യാധുനിക റോബോട്ടുകളുടെ സാന്നിധ്യം ശ്രദ്ധേയമായി. പത്തു മീറ്റർ ഉയരമുള്ള പതാക ഉയർന്ന വേളയിൽ ഹൃദയാകൃതിയിലുള്ള ചിറകുകളുള്ള ‘എയ്ഞ്ചൽ ഡ്രോണുകൾ’ സ്റ്റേഡിയത്തിനു മുകളിൽ പ്രകാശം ചൊരിഞ്ഞ് പറന്നുയർന്നു.
►പാരമ്പര്യ കലകളും റോബോട്ടിക്സും◄
ജാപ്പനീസ് ക്ലാസിക്കൽ കലാരൂപമായ ‘കബുകി’ തിയേറ്റർ വേദിയുടെ സജ്ജീകരണങ്ങളും ഭീമാകാരമായ വ്യാവസായിക റോബോട്ട് കരങ്ങൾ പതാക വീശിയതും ഐച്ചി പ്രവിശ്യയുടെ വ്യവസായ-സാംസ്കാരിക മഹിമ വിളിച്ചോതി. വാഹനനിർമാണ ലോകത്തെ ആഗോളഭീമനായ ടൊയോട്ടയുടെ കുറഞ്ഞ വേഗതയിൽ സഞ്ചരിക്കുന്ന ‘ആക്സസിബിൾ പീപ്പിൾ മൂവർ’ വാഹനങ്ങളും ചടങ്ങിലെ പ്രധാന ആകർഷണമായിരുന്നു.
‘അവേക്കനിംഗ് ഓഫ് ദ സ്പേസ് ആൻഡ് ദ റെസൊണേറ്റിംഗ് ഹാർട്ട് ബീറ്റ്’ എന്ന സ്വാഗത കലാപ്രകടനത്തോടെയാണ് ചടങ്ങുകൾക്ക് തുടക്കമായത്.
പ്രശസ്ത വയലിനിസ്റ്റും സംഗീതസംവിധായകനുമായ താറോ ഹകാസെയുടെ വയലിൻ നാദത്തിനൊപ്പം നാഗോയയിൽനിന്നുള്ള 240 പ്രാദേശിക നർത്തകർ വേദിയിൽ ‘വെൽകം’ എന്ന് അണിനിരന്ന് അതിഥികളെ സ്വീകരിച്ചു.
Tags : Marvel Sports AsianGames Technological Tradition