കൊല്ലപ്പെട്ട ഗ്രഹാം സ്റ്റെയിൻസും മക്കളും, പ്രതി ദാരാ സിംഗ്
ന്യൂഡൽഹി: ക്രൈസ്തവ മിഷനറി ഗ്രഹാം സ്റ്റെയിൻസിനെയും അദ്ദേഹത്തിന്‍റെ രണ്ട് മക്കളെയും ചുട്ടുകൊന്ന കേസിലെ പ്രതി ദാരാ സിംഗിന്‍റെ ജയിൽ മോചന അപേക്ഷ തള്ളിയതായി ഒഡീഷ സർക്കാർ സുപ്രീംകോടതിയെ അറിയിച്ചു.
സർക്കാരിനെ പ്രതിനിധീകരിച്ച് അഭിഭാഷകനാണ് ജസ്റ്റീസുമാരായ മനോജ് മിശ്ര, വിജയ് ബിഷ്ണോയ് എന്നിവരടങ്ങിയ ബെഞ്ചിന്‍റെ സംസ്ഥാന സർക്കാരിന്‍റെ തീരുമാനം അറിയിച്ചത്. ഇതിനു പിന്നാലെ, സർക്കാരിന്‍റെ തീരുമാനത്തെ ചോദ്യം ചെയ്തുകൊണ്ട് ഹർജി ഭേദഗതി ചെയ്യാൻ ദാരാ സിംഗിന്‍റെ അഭിഭാഷകന് കോടതി അനുമതി നൽകി. മൂന്ന് ആഴ്ചയ്ക്ക് ശേഷം പുതിയ ഹർജി സുപ്രീംകോടതി പരിഗണിക്കും.
കഴിഞ്ഞ 25 വർഷമായി താൻ ജയിൽ വാസം അനുഭവിക്കുകയാണെന്നും അതിനാൽ മോചനം വേണമെന്നും ആവശ്യപ്പെട്ടാണ് ദാരാസിംഗ് ഹർജി നല്കിയത്. എന്നാൽ ജയിൽ മോചന അപേക്ഷ തള്ളിക്കൊണ്ടുള്ള സംസ്ഥാന സർക്കാരിന്‍റെ തീരുമാനത്തെ ചോദ്യം ചെയ്തുകൊണ്ടുള്ള, ഭേദഗതി ചെയ്ത പുതിയ ഹർജിയാകും സുപ്രീംകോടതിയിൽ എത്തുക.
പ്രതിയുടെ മോചനം സാമൂഹിക പ്രത്യാഘാതങ്ങൾക്കും വർഗീയ സംഘർഷങ്ങൾക്കും കാരണമായേക്കാമെന്ന വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിലാണ് സംസ്ഥാന ശിക്ഷാ അവലോകന ബോർഡ് അപേക്ഷ തള്ളിയത്. അപേക്ഷ സംബന്ധിച്ച ജില്ലാ ഭരണകൂടത്തിന്‍റെ റിപ്പോർട്ട് കഴിഞ്ഞ മാസം 31നാണ് ബോർഡ് പരിശോധിച്ചത്.
കൂടാതെ പ്രതിയെ പാർപ്പിച്ചിരിക്കുന്ന കിയോഞ്ജർ ജില്ലാ ജയിലിന് പുറത്ത് ആഗസ്റ്റ് 15ന് അദ്ദേഹത്തിന്‍റെ മോചനത്തിന് ഇരുന്നൂറോളം പേർ പ്രകോപനപരമായ മുദ്രാവാക്യങ്ങൾ മുഴക്കിയതായും ജില്ലാ ഭരണകൂടത്തിന്‍റെ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
നേരത്തെ 2016, 2019, 2020, 2022, 2023 വർഷങ്ങളിലും വർഗീയ പ്രശ്ങ്ങൾക്ക് കാരണമാകുമെന്ന് ചൂണ്ടിക്കാട്ടി ദാരാ സിംഗിന്‍റെ മോചന അപേക്ഷ സംസ്ഥാന ശിക്ഷ അവലോകന ബോർഡ് തള്ളിയിരുന്നു.
നേരത്തെ ദാരാ സിംഗിന്‍റെ ദയാഹർജിയിൽ തീരുമാനമെടുക്കാൻ വൈകിയതിന് ഒഡീഷ സർക്കാരിനെതിരെ സുപ്രീംകോടതി കടുത്ത വിമർശനം ഉന്നയിച്ചിരുന്നു. നിശ്ചിത സമയത്തിനുള്ളിൽ തീരുമാനം എടുത്തില്ലെങ്കിൽ ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തുമെന്നായിരുന്നു സുപ്രീംകോടതി അവസാനമായി നൽകിയ മുന്നറിയിപ്പ്.
Tags : Odisha Government Reject DaraSingh SupremeCourt