സുരേഷ് ഗോപി
തൃശൂർ: റിപ്പോർട്ടർ ടിവി ചാനൽ ഓഫീസിലെ റെയ്ഡിൽ പ്രതികരിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. പൊലിസിന് എവിടെയും കയറാമെന്നും മാധ്യമപ്രവർത്തകരും സാധാരണ പൗരന്മാരാണെന്നും അദ്ദേഹം പറഞ്ഞു. തൃശൂരിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മാധ്യമപ്രവർത്തകരോട് രൂക്ഷമായ ഭാഷയിലാണ് സുരേഷ് ഗോപി പ്രതികരിച്ചത്.
ഇവിടുത്തെ സാധാരണ പൗരന്റെ വീട്ടിൽ പൊലിസ് എത്തുമ്പോൾ മുറ്റത്ത് മാത്രമാണല്ലോ കയറുന്നത് അല്ലേ? അയാളുടെ ഫോൺ ഒന്നും വാങ്ങിവെക്കാറില്ലല്ലോ? നിങ്ങളാരാ... മാധ്യമപ്രവർത്തകരോട് ഞാൻ നെഞ്ചുവിരിച്ച് ചോദിക്കുന്നു. നിങ്ങളും പൗരന്മാർ മാത്രമാണെന്നും സുരേഷ് ഗോപി പറഞ്ഞു. ഇവിടുത്തെ വമ്പൻ മുതലാളിയുടെ വീട്ടിൽ കയറിയാൽ പോലും ആദ്യം ഫോൺ പിടിച്ചുവാങ്ങി വയ്ക്കും.
അവരുടെ അടുക്കള വരെ കയറും, ഫോൾ സീലിംഗ് ഉണ്ടെങ്കിൽ കുത്തിപ്പൊളിച്ചു നോക്കും. ഇത്തരം റെയ്ഡുകൾ പുതിയതല്ലെന്നും, ഇത് സോണിയാ ഗാന്ധിയുടെയോ ഇന്ദിരാഗാന്ധിയുടെയോ കാലത്ത് തുടങ്ങിയതല്ലെന്നും ഈ സിസ്റ്റം ഇന്ത്യയിൽ വന്നത് മുതൽ ഉള്ളതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.അതേസമയം മുഖ്യമന്ത്രി വി.ഡി.സതീശനെ സുരേഷ് ഗോപി പുകഴ്ത്തി.
കേന്ദ്രമന്ത്രിയെന്ന നിലയിൽ മുഖ്യമന്ത്രി തനിക്ക് പൂർണ പിന്തുണയാണ് നൽകുന്നതെന്നും മൂന്ന് വമ്പൻ പദ്ധതികൾക്ക് അദ്ദേഹം പിന്തുണ അറിയിച്ചിട്ടുണ്ടെന്നും സുരേഷ് ഗോപി വെളിപ്പെടുത്തി. ആ പദ്ധതികൾ ഏതൊക്കെയാണെന്ന് ഇപ്പോൾ പറയുന്നില്ലെന്നും എന്നാൽ കഴിഞ്ഞ പത്തുവർഷം എൽഡിഎഫ് സർക്കാരിൽ നിന്ന് തനിക്ക് ഈ പിന്തുണ കിട്ടിയിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
Tags : V.D.Satheesan SureshGopi Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash