പ്രതീകാത്മക ചിത്രം.
ജീവന്റെ നിലനിൽപ്പിനു ജലം അത്യാവശ്യമാണ്. എന്നാൽ, മനുഷ്യന്റെ പാദങ്ങൾക്കടിയിൽ അതീവ രഹസ്യമായ മറ്റൊരു സുപ്രധാന പങ്കു കൂടി ജലം വഹിക്കുന്നുണ്ട്. ഭൂവൽക്കത്തിനു തൊട്ടുതാഴെയുള്ള കട്ടിയുള്ള പാളിയായ 'മാന്റൽ' ദശലക്ഷക്കണക്കിനു വർഷങ്ങളായി പതുക്കെ ചലിക്കുന്നത് ഈ ജലത്തിന്റെ സഹായത്താലാണ്. ഈ പ്രക്രിയയാണ് ടെക്ടോണിക് പ്ലേറ്റുകളുടെ ചലനത്തെ നയിക്കുന്നത്. ഇതു ഭൂമിയുടെ കാലാവസ്ഥയെ സമതുലിതമായി നിലനിർത്താൻ സഹായിക്കുന്നുവത്രെ!
2,900 കിലോമീറ്റർ വരെ ആഴത്തിൽ?
ഭൂമിയുടെ ആഴങ്ങളിൽ ജലം കൃത്യമായി എവിടെയാണു സംഭരിക്കപ്പെട്ടിരിക്കുന്നത് എന്നതിനെക്കുറിച്ചും, എങ്ങനെ അവിടെയെത്തി എന്നതിനെക്കുറിച്ചും ശാസ്ത്രജ്ഞർ കാലങ്ങളായി ഗവേഷണം തുടരുകയാണ്. ഇതേക്കുറിച്ചു രണ്ടു വ്യത്യസ്ത നിഗമനങ്ങളാണുള്ളത്. ഭൂമിയുടെ രൂപീകരണ ഘട്ടത്തിൽ ഛിന്നഗ്രഹങ്ങൾ വഴിയാണു ജലം എത്തിയതെന്നു ഒരു വിഭാഗം വാദിക്കുന്പോൾ, ആദ്യകാലത്ത് വരണ്ട അവസ്ഥയിലായിരുന്ന മാന്റലിൽ പിൽക്കാലത്താണു ജലം രൂപപ്പെട്ടതെന്നു മറ്റൊരു വിഭാഗം വാദമുയർത്തുന്നു. 'നേച്ചർ ജിയോസയൻസ്' എന്ന പ്രമുഖ സയൻസ് ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ ഭൂമിക്കടിയിലെ അപൂർവധാതുക്കളിൽ വൻതോതിൽ ജലമുണ്ടെന്നു വിവരിക്കുന്നു.
ഭൂമിയുടെ അന്തരീക്ഷവും കാലാവസ്ഥയും നിലനിർത്തുന്നതിൽ ഉപരിതലത്തിലെ ജലം മാത്രമല്ല, ഭൂമിക്കടിയിലെ മാന്റൽ പാളിയിലുള്ള ജലാംശവും വലിയ പങ്കുവഹിക്കുന്നുണ്ട്. ഭൂമിയുടെ ഉപരിതലത്തിൽ നിന്ന് ഏകദേശം 660 മുതൽ 2,900 കിലോമീറ്റർ വരെ ആഴത്തിൽ, മാന്റലിനും ദ്രാവക രൂപത്തിലുള്ള ഔട്ടർ കോറിനും ഇടയിലുള്ള അതിർത്തിയിലാണ് വലിയ തോതിൽ ജലം സംഭരിക്കപ്പെടാൻ സാധ്യതയുള്ള പുതിയ മേഖല ശാസ്ത്രജ്ഞർ തിരിച്ചറിഞ്ഞത്.

പുതിയ ധാതുക്കളുടെ കണ്ടെത്തൽ
ഡയമണ്ട് അൻവിൽ സെല്ലുകളും ലേസറുകളും ഉപയോഗിച്ച് ഭൂമിയുടെ ആഴങ്ങളിലെ തീവ്രമായ ചൂടും സമ്മർദവും ലാബിൽ കൃത്രിമമായി സൃഷ്ടിച്ചാണ് ഗവേഷകർ പഠനം നടത്തിയത്. ഈ പരീക്ഷണങ്ങളിലൂടെ 'അയൺ ഓക്സിഹൈഡ്രോക്സൈഡ്' എന്ന് വിളിക്കുന്ന, ഇതുവരെ അറിയപ്പെടാതിരുന്ന പുതിയ ധാതുക്കൾ രൂപപ്പെടുന്നത് ശാസ്ത്രജ്ഞർ കണ്ടെത്തി. വളരെ കുറഞ്ഞ അളവിൽ മാത്രമാണു ജലത്തിന്റെ സാന്നിധ്യമുള്ളതെങ്കിലും, ഈ ധാതുക്കൾക്കു വൻതോതിൽ ജലം തടഞ്ഞുനിർത്താനും വലിയ സമ്മർദത്തിലും സ്ഥിരതയോടെ നിലനിൽക്കാനും സാധിക്കുമെന്നു വ്യക്തമായിട്ടുണ്ട്.
ജലചക്രവും അഗ്നിപർവതങ്ങളും
ഭൂമിയുടെ ആദ്യകാല ചരിത്രത്തിൽ മഗ്മ മഹാസമുദ്രം തണുത്തുറഞ്ഞപ്പോൾ തന്നെ ഈ അത്യപൂർവ ധാതുക്കൾ രൂപപ്പെടുകയും കോറിനു സമീപത്തേക്കു താഴ്ന്നുപോവുകയും ചെയ്തിട്ടുണ്ടാകാമെന്നാണു കരുതപ്പെടുന്നത്. എന്നാൽ ജലം ഭൂമിക്കടിയിൽ എന്നെന്നേക്കുമായി ആണ്ടുകിടക്കുകയല്ല ചെയ്യുന്നത്. മാന്റലിലെ പദാർഥങ്ങൾ പതുക്കെ മുകളിലേക്ക് ഉയരുകയും സമ്മർദം കുറയുകയും ചെയ്യുമ്പോൾ, ഈ ധാതുക്കൾ വിഘടിച്ചു ജലം പുറന്തള്ളപ്പെടുകയും അഗ്നിപർവത സ്ഫോടനങ്ങളിലൂടെയും മറ്റും വീണ്ടും ഉപരിതലത്തിലേക്ക് എത്തുകയും ചെയ്യാം.
ശാസ്ത്രം പറയുന്നത്
ഭൂമിയിൽ എങ്ങനെയാണ് ഇത്രയധികം ജലം രൂപപ്പെട്ടതെന്നും, കാലങ്ങളായി എങ്ങനെ സംരക്ഷിക്കപ്പെട്ടുവെന്നുമുള്ള മഹാരഹസ്യം ചുരുളഴിയാൻ ഈ കണ്ടെത്തൽ സഹായിക്കുമെന്ന് യുകെ ലീഡ്സ് സർവകലാശാലയിലെ ഗവേഷകർ അഭിപ്രായപ്പെടുന്നു. ഭൂമിയിലേക്കു പതിച്ച ഭിന്നഗ്രഹങ്ങളിലൂടെയാണോ, അതോ ഭൂമിയുടെ ആന്തരിക ഘടനയിൽ തന്നെ രൂപപ്പെട്ടതാണോ തുടങ്ങിയ ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താൻ തുടർ പഠനങ്ങൾ വഴിതുറക്കുമെന്ന പ്രതീക്ഷയാണുള്ളതെന്നും ഗവേഷകർ പറഞ്ഞു.
Tags : ScienceNews Mantle Platetectonics NatureGeoscience HiddenOceanInsidetheEarth