പ്രതീകാത്മക ചിത്രം
ബംഗളൂരു: കർണാടകയിലെ ജെ.പി നഗറിലെ സ്വകാര്യ ക്ലിനിക്കിന് മുന്നിൽ വച്ച് നഴ്സിന് നേരെ ഭർത്താവിന്റെ ആക്രമണം. കോൽക്കത്ത സ്വദേശി മധുമിതയ്ക്ക് (26) നേരെയാണ് ഭർത്താവ് വെങ്കിടേഷൻ ആസിഡ് ഒഴിക്കുകയും വാളുകൊണ്ട് വെട്ടിപ്പരിക്കേൽപ്പിക്കുകയും ചെയ്തത്. ഗുരുതരമായി പരിക്കേറ്റ മധുമിത ആശുപത്രിയിൽ തീവ്രപരിചരണത്തിലാണ്. വ്യാഴാഴ്ച രാവിലെയായിരുന്നു സംഭവം നടന്നത്.
ജെ.പി നഗറിലെ ക്ലിനിക്കിൽ നഴ്സായി ജോലി ചെയ്തുവരികയാണ് മധുമിത. തമിഴ്നാട് സ്വദേശി വെങ്കിടേഷുമായുള്ള ഇവരുടെ വിവാഹം രണ്ട് വർഷം മുമ്പായിരുന്നു. പ്രഭാതഭക്ഷണത്തിന് ശേഷം പുറത്തിറങ്ങിയ മധുമിതയെ ബൈക്കിലെത്തിയ വെങ്കിടേഷൻ ക്ലിനിക്കിന്റെ പാർക്കിംഗ് ഏരിയയിൽ വച്ച് തടഞ്ഞു. തുടർന്ന് ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടാവുകയും പ്രകോപിതനായ വെങ്കിടേഷൻ കൈയിൽ കരുതിയിരുന്ന ആസിഡ് യുവതിയുടെ മുഖത്തേക്ക് ഒഴിക്കുകയും വാളുകൊണ്ട് വെട്ടുകയുമായിരുന്നു.
നാട്ടുകാർ പ്രതിയെ തടയാൻ ശ്രമിച്ചെങ്കിലും ഇയാളുടെ കൈവശം വാളുണ്ടായിരുന്നതിനാൽ ആർക്കും അടുത്തേക്ക് ചെല്ലാൻ കഴിഞ്ഞില്ല. സംഭവസ്ഥലത്തുണ്ടായിരുന്ന ചിലർ ഇത് മൊബൈൽ ഫോണിൽ പകർത്തുകയും ഉടൻ തന്നെ പൊലിസിനെ വിവരം അറിയിക്കുകയുമായിരുന്നു.
പൊലിസ് സ്ഥലത്തെത്തി പ്രതി വെങ്കിടേഷിനെ കസ്റ്റഡിയിലെടുത്തു. ഗുരുതരമായി പരിക്കേറ്റ മധുമിതയെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചു. നിലവിൽ മധുമിത അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. സംഭവത്തിൽ പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Tags : Deepika BreakingNews Nurse Acid Clinic Arrest