ചീഫ് ജസ്റ്റീസ് സൂര്യകാന്ത്
ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെയും മറ്റ് കമ്മീഷണർമാരെയും നിയമിക്കുന്ന 2023 ലെ നിയമം ചോദ്യം ചെയ്തുകൊണ്ടുള്ള ഹർജിയിൽ സുപ്രീംകോടതിയുടെ രണ്ടംഗ ബെഞ്ച് ഭിന്നവിധി രേഖപ്പെടുത്തിയതോടെ കൂടുതൽ പരിശോധനയ്ക്കായി ചീഫ് ജസ്റ്റീസിന്റെ പരിഗണനയ്ക്കു വിട്ടു.
ഭരണപക്ഷത്തിനു മുൻതൂക്കം നൽകുന്ന നിയമമാണെന്ന് നിരീക്ഷിച്ച ജസ്റ്റീസ് ദീപങ്കർ ദത്ത ഹർജി വിശാല ബെഞ്ചിന്റെ പരിഗണനയ്ക്ക് വിടേണ്ടതില്ലെന്ന് വിധി എഴുതി.
എന്നാൽ ഭരണഘടനയുടെ വ്യാഖ്യാനവുമായി ബന്ധപ്പെട്ട ഗൗരവമേറിയ ചോദ്യങ്ങൾ ഹർജിയിൽ അടങ്ങിയിട്ടുണ്ടെന്നും അതിനാൽ വിശാല ബെഞ്ച് തീർപ്പാക്കേണ്ട വിഷയമാണെന്നുമാണ് ബെഞ്ചിലെ രണ്ടാമത്തെ അംഗം സതീഷ് ചന്ദ്ര ശർമ വിധിയിൽ രേഖപ്പെടുത്തിയത്.
ഭിന്നവിധി വന്നതോടെ ചീഫ് ജസ്റ്റീസ് സൂര്യകാന്ത് വിഷയം പരിശോധിച്ച് വിശാല ബെഞ്ചിന്റെ പരിഗണനയ്ക്ക് വിടുന്ന കാര്യത്തിൽ തീരുമാനം എടുക്കും. ഹർജി ഭരണഘടന ബെഞ്ച് പരിശോധിക്കണമെന്നായിരുന്നു കേന്ദ്ര സർക്കാരിന്റെ ആവശ്യം.
പ്രധാനമന്ത്രി, പ്രധാനമന്ത്രി നാമനിർദേശം ചെയ്യുന്ന കേന്ദ്ര കാബിനറ്റ് മന്ത്രി, പ്രതിപക്ഷ നേതാവ് എന്നിവരടങ്ങുന്ന കമ്മിറ്റിക്ക് തെരഞ്ഞെടുപ്പ് കമ്മീഷനെയും കമ്മീഷണർമാരെയും നിയമിക്കുന്നതിന് അനുമതി നൽകുന്ന 2023ൽ പാസാക്കിയ നിയമത്തിന്റെ സാധുത ചോദ്യം ചെയ്തുള്ള ഹർജിയാണ് സുപ്രീംകോടതി പരിഗണിച്ചത്.
നിയമപ്രകാരം കമ്മീഷണർമാരെ നിയമിക്കാൻ സർക്കാരിന് രണ്ടിൽ ഒന്ന് ഭൂരിപക്ഷം നൽകുന്നു എന്നാണ് ഹർജിക്കാരുടെ വാദം. തെരഞ്ഞെടുപ്പ് കമ്മീഷണർമാരുടെ നിയമനത്തിന് പ്രധാനമന്ത്രി, പ്രതിപക്ഷ നേതാവ് ചീഫ് ജസ്റ്റീസ് തുടങ്ങിയവർ ഉൾപ്പെടുന്ന കമ്മിറ്റി രൂപീകരിക്കാനായിരുന്നു സുപ്രീംകോടതിയുടെ മുൻ ഉത്തരവ്. ഇത് നിലനിൽക്കെ ചീഫ് ജസ്റ്റീസിനെ ഒഴിവാക്കി കമ്മിറ്റി രൂപീകരിച്ചതും ഹർജിയിൽ ചോദ്യം ചെയ്യുന്നുണ്ട്.
Tags : Appointment Election Commissioners Vedict SupremeCourt