മനു ഭാകര്‍, മീരാബായ് ചാനു.
നഗോയ: ഇരുപതാമത് ഏഷ്യന്‍ ഗെയിംസിൽ ഇന്ത്യക്കു നിരാശദിനം. അഞ്ചാംദിനം ഇന്ത്യന്‍ അക്കൗണ്ടിലേക്കു നാലു വെങ്കലവും ഒരു വെള്ളിയും മാത്രമാണ് എത്തിയത്. സുവര്‍ണ വെടിമുഴക്കം പ്രതീക്ഷിച്ച ഷൂട്ടിംഗ് റേഞ്ചില്‍ നിരാശ മാത്രം ബാക്കി.
ഒളിമ്പിക്സില്‍ ഇരട്ട വെങ്കലം നേടിയ മനു ഭാകര്‍ അടക്കം വെറുംകൈയോടെ തോക്ക് താഴെവച്ചു. ഷൂട്ടിംഗ് റേഞ്ചില്‍ ഏറ്റവും നിരാശാജനകം, വനിതാ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ പോരാട്ടമായിരുന്നു. 2022 ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണവും വെള്ളിയും ലഭിച്ച ഇനമാണിത്. ഹ്വാങ്ഷൂവില് വെള്ളി നേടിയ ഇഷ സിംഗ് ഇന്നലെ യോഗ്യതാ റൗണ്ടില്‍ 15-ാം സ്ഥാനത്തായി.
സുരുചി സിംഗ് 16-ാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. യോഗ്യതാ റൗണ്ടില്‍ മൂന്നാം സ്ഥാനത്തോടെ മനു ഭാകര്‍ ഫൈനല്‍ ടിക്കറ്റ് കരസ്ഥമാക്കിയെങ്കിലും മെഡല്‍ പോരാട്ടത്തില്‍ അഞ്ചാമതു മാത്രം ഫിനിഷ് ചെയ്യാനേ സാധിച്ചുള്ളൂ. മനു ഭാകര്‍ അടങ്ങിയ വനിതാ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ ടീം ഇനത്തില്‍ ഇന്ത്യ നാലാം സ്ഥാനത്തായി. ഷൂട്ടിംഗ് റേഞ്ചില്‍നിന്ന് ഇതുവരെ ഒരു സ്വര്‍ണംപോലും ലഭിച്ചില്ല. 2022ല്‍ ഏഴു സ്വര്‍ണം ഒമ്പതു വെള്ളി ആറു വെങ്കലം എന്നിങ്ങനെ 22 മെഡല്‍ ഷൂട്ടിംഗില്‍നിന്ന് ഇന്ത്യക്കു ലഭിച്ചിരുന്നു.
►ടീമിന് ഇരട്ടവെങ്കലം
നിരാശയ്ക്കിടയില്‍ ആശ്വാസമായി ഷൂട്ടിംഗ് റേഞ്ചില്‍നിന്നു രണ്ടു വെങ്കലം ഇന്ത്യന്‍ അക്കൗണ്ടിലെത്തി. പുരുഷ-വനിതാ സ്കീറ്റ് ടീം ഇനത്തിലായിരുന്നു ഇരട്ടവെങ്കല നേട്ടം. വനിതാ ഇനത്തില്‍ മഹേശ്വരി ചൗഹാന്, റൈസ ഡിലോണ്‍, പരിനാസ് ധാലിവാള്‍ എന്നിവരുടെ ടീമാണ് വെങ്കലം സ്വന്തമാക്കിയത്. അനന്ജീത് സിംഗ്, ഭാവ്തേഹ് സിംഗ് ഗില്‍, നരൂക, മൈരാജ് അഹമ്മദ് ഖാന് എന്നിവരുടെ ടീമും വെങ്കലം നേടി.
►ഒരു വെള്ളി, രണ്ടു വെങ്കലം
വനിതകളുടെ ഭാരോദ്വഹനത്തില്‍ മീരാബായ് ചാനുവിന്റെ വകയായിരുന്നു അഞ്ചാംദിനത്തിലെ ഏക വെള്ളി. സോഫ്റ്റ് ടെന്നീസില്‍ ജയ് മീനയുടെ വകയായി ഒരു വെങ്കലമെത്തി. പുരുഷ ടീം ബാഡ്മിന്റണിലായിരുന്നു മറ്റൊരു വെങ്കലം.
ഒരു സ്വര്‍ണം, അഞ്ചു വെള്ളി, ആറു വെങ്കലം എന്നിങ്ങനെ 12 മെഡലുമായി 13-ാം സ്ഥാനത്താണ് ഇന്ത്യ. 48 സ്വര്‍ണം, 20 വെള്ളി, 10 വെങ്കലം എന്നിങ്ങനെ 78 മെഡലുമായി ചൈനയാണ് ഒന്നാമത്.
അത്ലറ്റിക്സ് ആവേശം
നഗോയ: 20-ാമത് ഏഷ്യന്‍ ഗെയിംസിന്റെ ഗ്ലാമര്‍ ഇനമായ അത്ലറ്റിക്സ് പോരാട്ടത്തിന്റെ രണ്ടാംദിനം മലയാളികള്‍ അടക്കം കളത്തില്‍. ഇന്നലെ പുരുഷ-വനിതാ റേസ് വോക്കിംഗിലൂടെയാണ് അത്ലറ്റിക്സ് പോരാട്ടങ്ങള്‍ക്കു തുടക്കമായത്.
അത്ലറ്റിക്സില് ഇന്നു നടക്കുന്ന ആദ്യപോരാട്ടത്തില്‍ ഇന്ത്യക്കായി മലയാളി താരം അനാമിക ഇറങ്ങും. വനിതാ ഹെപ്റ്റാത്തലണ്‍ 100 മീറ്റര്‍ പോരാട്ടത്തിനാണ് അനാമിക ട്രാക്കിലെത്തുന്നത്. പൂജയാണ് രാവിലെ 6.30നു നടക്കുന്ന ഈയിനത്തിലെ മറ്റൊരു ഇന്ത്യന്‍ സാന്നിധ്യം. ഹെപ്റ്റയിലെ ഹൈജംപ് (7.10 am), ഷോട്ട്പുട്ട് (3.35 pm), 200 മീറ്റര്‍ (5.30 pm) ഇനങ്ങളും ഇന്നു നടക്കും.
രാവിലെ 7.01 മുതല്‍ 4x400 മിക്സഡ് റിലേ ഹീറ്റ്സ് ആരംഭിക്കും. അന്‍സ ബാബു, മനു സജി എന്നിവരാണ് ഈയിനത്തിലെ മലയാളികള്‍. വൈകുന്നേരം 4.14 മുതല്‍ വനിതാ ട്രിപ്പിള്‍ ജംപ്, വൈകുന്നേരം 4.38 മുതല്‍ പുരുഷ 100 മീറ്റര്‍ ഹീറ്റ്സ്, വൈകുന്നേരം 5.55ന് വനിതാ 10,000 മീറ്റര്‍ ഫൈനല്‍ എന്നിവയും അരങ്ങേറും. വൈകുന്നേരം 6.45ന് ആരംഭിക്കുന്ന 4x400 മീറ്റര്‍ മിക്സഡ് റിലേ ഫൈനലാണ് (യോഗ്യത ലഭിച്ചാല്‍) അത്ലറ്റിക്സ് ഇന്ന് ഇന്ത്യയുടെ അവസാന മത്സരം.
നഗോയ: ഏഷ്യന്‍ ഗെയിംസ് ഭാരോദ്വഹനത്തില്‍ ഇന്ത്യക്ക് ചരിത്ര മെഡല്‍നേട്ടം. 28 വര്‍ഷത്തിനുശേഷം മീരാബായ് ചാനുവിലൂടെ ഭാരോദ്വഹനത്തില്‍ വെള്ളി മെഡല്‍.
വനിതകളുടെ 49 കിലോ വിഭാഗത്തില്‍ മത്സരിച്ച മീരാബായ് ആകെ 198 കിലോഗ്രാം ഉയര്‍ത്തിയാണ് രണ്ടാം സ്ഥാനം സ്വന്തമാക്കിയത്. ഏഷ്യന്‍ ഗെയിംസ് കരിയറില്‍ ചാനുവിന്റെ ആദ്യ മെഡല്‍നേട്ടം. 1998ല്‍ ബാങ്കോക്ക് ഏഷ്യന്‍ ഗെയിംസില്‍ കര്‍ണം മല്ലേശ്വരി വെള്ളി മെഡല്‍ നേടിയതിനുശേഷം ഈ ഇനത്തില്‍ ഇന്ത്യ മെഡല്‍ നേടുന്നത് ഇതാദ്യം.
215 കിലോഗ്രാം ഉയര്‍ത്തിയ വടക്കന്‍ കൊറിയയുടെ റീ സോങ് ഗം തുടര്‍ച്ചയായ മൂന്നാം തവണയും സ്വര്‍ണം സ്വന്തമാക്കി. 191 കിലോഗ്രാം ഉയര്‍ത്തിയ ഇന്തോനേഷ്യയുടെ ലുലുക് ഡയാന തൃ വിജയാനയ്ക്കാണ് വെങ്കലം.
►സമ്പൂര്‍ണം
ഒളിമ്പിക്സ്, ലോകചാമ്പ്യന്‍ഷിപ്പ്, കോമണ്‍വെല്‍ത്ത് ഗെയിംസ് എന്നിവയിലെല്ലാം നേട്ടങ്ങള്‍ സ്വന്തമാക്കിയ മീരാബായിക്ക് ഏഷ്യന്‍ ഗെയിംസ് മെഡല്‍ മാത്രം അന്യമായിരുന്നു. നഗോയയിലെ മെഡല്‍ നേട്ടത്തോടെ 12 വര്‍ഷത്തെ കാത്തിരിപ്പ് അവസാനിച്ചു. കരിയര്‍ അതിന്റെ പൂര്ണതയിലെത്തിയെന്നായിരുന്നു മെഡല്‍ നേട്ടത്തിനുശേഷം മീരാബായിയുടെ ആദ്യപ്രതികരണം.
ഏഷ്യന്‍ ഗെയിംസില്‍ 2014ല്‍ ആദ്യ തവണ മത്സരിച്ചപ്പോള്‍ ഒമ്പതാം സ്ഥാനമാണ് മീരാബായിക്ക് ലഭിച്ചത്. 2018ല്‍ പരിക്കിനെത്തുടര്‍ന്ന് പിന്മാറി. 2023ല്‍ നാലാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.
►ദത്തന്റെ ശിഷ്യ
മീരാബായിയുടെ പരിശീലക സംഘത്തിലെ പ്രധാനിയാണ് മലയാളിയായ എ.പി. ദത്തന്. ടോക്കിയോ ഒളിമ്പിക്സിലെ വെള്ളി അടക്കമുള്ള മീരാബായിയുടെ നേട്ടങ്ങളിലും ദത്തന്റെ പിന്തുണയുണ്ട്. വ്യോമസേനയിലെ മുന്‍ ഉദ്യോഗസ്ഥനാണ് പാലക്കാട് കല്ലേക്കുളങ്ങര സ്വദേശിയായ ദത്തന്. ഇന്ത്യന്‍ ടീം മുഖ്യപരിശീലകന്‍ വിജയ് ശര്‍മയുടെ വലംകൈയായ ദത്തനാണ് മീരാബായിയുടെ അടക്കം ഡയറ്റ് നിശ്ചയിക്കുന്നത്.
നഗോയ: ഏഷ്യൻ ഗെയിംസില്‍ ഇന്ത്യന്‍ അക്കൗണ്ടില്‍ സോഫ്റ്റ് ബോളിലൂടെ ചരിത്രമെഡല്‍. പുരുഷ സിംഗിള്‍സില്‍ ജയ് മീന ഇന്ത്യക്കായി വെങ്കലം സ്വന്തമാക്കി. ആദ്യമായാണ് ഏഷ്യന്‍ ഗെയിംസ് സോഫ്റ്റ് ടെന്നീസില്‍ ഇന്ത്യക്കു മെഡല്‍ ലഭിക്കുന്നത്.
ക്വാര്‍ട്ടര്‍ ഫൈനലില്‍ ഫിലിപ്പീന്‍സിന്റെ ഷെര്‍വിന്‍ നുഗ്വിറ്റിനെ ഏഴു ഗെയിം നീണ്ട പോരാട്ടത്തില്‍ 4-3നു കീഴടക്കിയാണ് ജയ് മീന സെമിയിലെത്തിയത്. 0-4, 4-2, 2-4, 4-2, 5-3, 2-4, 7-5 എന്ന സ്കോറിനായിരുന്നു ജയ് മീനയുടെ ജയം.
സെമിയില്‍ പക്ഷേ, ജാപ്പനീസ് താരമായ തകുയ കുറൊസാകയോട് 4-2നു ജയ് മീന പരാജയപ്പെട്ടു. സ്കോര്‍: 3-5, 1-4, 1-4, 4-1, 6-4, 1-4. സെമിയില്‍ പ്രവേശിക്കുന്നവര്‍ക്കു വെങ്കലം ലഭിക്കും.
Tags : AsianGames Sports India