സൂര്യ കൃഷ്ണമൂർത്തി അമൽ രാജ് ദേവിന്റെ കുടുംബത്തോടൊപ്പം
കൊച്ചി: ചില ബന്ധങ്ങൾക്ക് പേരിടാനാകില്ല. ഗുരുവിനും ശിഷ്യനും ഇടയിലെ ബന്ധം മാത്രമല്ല, സഹോദരസ്നേഹവും കുടുംബബന്ധവും ചേർന്നൊരു ആത്മബന്ധം. നടനും നാടകപ്രവർത്തകനുമായ അമൽ രാജ് ദേവിന് സൂര്യ കൃഷ്ണമൂർത്തി അങ്ങനെയായിരുന്നു. അദ്ദേഹത്തിന്റെ വിയോഗം തന്റെ കുടുംബത്തിലെ ഒരു വെളിച്ചം അണഞ്ഞുപോയതുപോലെയാണെന്ന് അമൽ പറയുന്നു.
'ഗുരുവെന്നതിലുപരി അദ്ദേഹം എന്റെ സഹോദരനായിരുന്നു. ഞങ്ങളുടെ കുടുംബത്തിലെ ഏറ്റവും മുതിർന്ന കാരണവരെയാണ് നഷ്ടമായത്. ഞങ്ങളുടെ കലാകുടുംബത്തിലെ ഒരു വെളിച്ചമാണ് അണഞ്ഞുപോയത്' സൂര്യ കൃഷ്ണമൂർത്തിയുടെ ഓർമയിൽ അമലിന്റെ വാക്കുകൾ ഇടറി.
2002-03 കാലഘട്ടത്തിലാണ് അമൽ സൂര്യയുമായി അടുത്ത് സഹകരിക്കാൻ തുടങ്ങിയത്. സൂര്യ കൃഷ്ണമൂർത്തിയുടെ മേൽവിലാസം എന്ന നാടകത്തിൽ നായകവേഷം ചെയ്തത് അമലായിരുന്നു. പിന്നീട് ആ നാടകം അവരുടെ ജീവിതത്തിലെ തന്നെ വലിയൊരു അധ്യായമായി മാറി. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ മാത്രമല്ല, ബംഗളൂരു, കോൽക്കത്ത, ഗൾഫ് രാജ്യങ്ങൾ, യൂറോപ്പ് എന്നിവിടങ്ങളിലേക്കും അവർ നാടകവുമായി യാത്ര ചെയ്തു.
നാനൂറോളം വേദികൾ. ഒരു ദിവസം ബംഗളൂരുവിൽ, അടുത്ത ദിവസം കോൽക്കത്തയിൽ പിന്നെ അബുദാബിയിൽ, അതിനുശേഷം കേരളത്തിൽ. വിശ്രമമില്ലാതെ വേദികളിൽ നിന്ന് വേദികളിലേക്ക് ഓടിയെത്തിയ കാലം. ആ നാടകത്തിന്റെ വിജയമാണ് പിന്നീട് സിനിമയിലേക്കും വഴിതുറന്നത്.
പക്ഷേ മേൽവിലാസം അമലിന് ഒരു നാടകമാത്രമായിരുന്നില്ല. അതിലൂടെ ലഭിച്ചത് ജീവിതകാലം മുഴുവൻ കൂടെ കൊണ്ടുനടക്കാവുന്ന ഒരു ഗുരുവിനെയായിരുന്നു. പിന്നീട് അമലും ഭാര്യയും ചേർന്ന് സൂര്യ കൃഷ്ണമൂർത്തിയുടെ ബാനറിൽ അവതരിപ്പിച്ച പ്രേമലേഖനം 12,000 വേദികൾ പിന്നിട്ടു. എന്നും ഓരോ അവതരണത്തിന്റെയും വിവരം അമൽ സൂര്യ കൃഷ്ണമൂർത്തിയെ അറിയിക്കുമായിരുന്നു. മറുപടിയായി അദ്ദേഹത്തിന്റെ അനുഗ്രഹം എത്തും.
'ഞാൻ എന്ത് പുതിയ കാര്യം തുടങ്ങുമ്പോഴും അദ്ദേഹത്തെ വിളിച്ച് അനുഗ്രഹം വാങ്ങും. ഒരു സിനിമ ഇറങ്ങിയാലും അദ്ദേഹം അത് കണ്ടിട്ട് എന്നെ വിളിക്കും. മാലിക് കണ്ടു, ക്രിസ്റ്റഫർ കണ്ടു എന്നൊക്കെ പറഞ്ഞ് സംസാരിക്കും'.
അത് ഒരു കലാകാരനും സംവിധായകനും തമ്മിലുള്ള ബന്ധം മാത്രമായിരുന്നില്ല. അമലിന്റെ കുടുംബത്തിലെ ഓരോരുത്തരുടെയും കാര്യങ്ങൾ സൂര്യ കൃഷ്ണമൂർത്തിക്ക് അറിയാമായിരുന്നു. മക്കളുടെ കാര്യങ്ങൾ അന്വേഷിക്കും.
അമലിന്റെ ഭാര്യയുടെ ആദ്യ പ്രസവ സമയത്തായിരുന്നു മേൽവിലാസം ഡൽഹിയിൽ അവതരിപ്പിക്കേണ്ടത്. സംഘത്തിലെ എല്ലാവരും യാത്ര തിരിക്കാനൊരുങ്ങി. എന്നാൽ ഭാര്യയെ ആശുപത്രിയിലാക്കേണ്ടതിനാൽ അമലിന് പോകാനാകാത്ത സ്ഥിതി. കാര്യം സൂര്യ കൃഷ്ണമൂർത്തിയെ അറിയിച്ചപ്പോൾ 'അമലിന് ഫ്ലൈറ്റ് ടിക്കറ്റ് കൊടുത്തോളൂ. അദ്ദേഹം അത് കഴിഞ്ഞിട്ട് അങ്ങോട്ട് വന്നാൽ മതി. ബാക്കി ടീം പൊയ്ക്കോട്ടെ എന്നായിരുന്നു മറുപടി'.
'ഒരു നാടകത്തിന്റെ ഷെഡ്യൂളിനേക്കാൾ വലുതായിരുന്നു അദ്ദേഹത്തിന് കലാകാരന്റെ കുടുംബം. വേദിയിലെ കലാകാരനെ മാത്രമല്ല, വേദിക്ക് പിന്നിലെ മനുഷ്യനെയും അദ്ദേഹം ചേർത്തുപിടിച്ചു. കലാകാരന്മാരുടെ സന്തോഷങ്ങളിലും അവരുടെ നൊമ്പരങ്ങളിലും വേദനകളിലും ഒക്കെ അദ്ദേഹം നെഞ്ചോട് ചേർന്ന് നിൽക്കും. അദ്ദേഹത്തിന്റെ അടുത്തിരിക്കുമ്പോൾ തന്നെ നമുക്ക് ഒരു പ്രത്യേക പോസിറ്റീവ് എനർജി കിട്ടും' അമൽ പറഞ്ഞു.
മാവേലിക്കരയിലെ ഭാവലയ എന്ന കലാസ്ഥാപനത്തിന്റെ ഉദ്ഘാടനവും സൂര്യ കൃഷ്ണമൂർത്തിയായിരുന്നു നിർവഹിച്ചത്. സ്ഥാപനത്തിന്റെ ആദ്യ അരങ്ങേറ്റത്തിന് തിരിതെളിച്ചതും അദ്ദേഹം തന്നെ. കലാരംഗത്ത് സൂര്യ കൃഷ്ണമൂർത്തിയുടെ സംഭാവനകൾക്ക് അപ്പുറത്തായിരുന്നു അമലിന്റെ ഓർമകളിലെ സൂര്യകൃഷ്ണമൂർത്തി.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ കലാകാരന്മാരെ കേരളത്തിലേക്ക് എത്തിക്കുകയും കേരളത്തിലെ കലാകാരന്മാർക്ക് ലോകവേദികളിലേക്ക് വഴിതുറക്കുകയും ചെയ്ത വ്യക്തി. സൂര്യ ഫെസ്റ്റിലൂടെ കേരളത്തിന്റെ കലാസാംസ്കാരിക രംഗത്തിന് പുതിയൊരു വേദി സൃഷ്ടിച്ച മനുഷ്യൻ. സംഗീത നാടക അക്കാദമിയുടെ പ്രവർത്തനങ്ങൾ കൂടുതൽ ജനകീയമാക്കുന്നതിലും അദ്ദേഹം വലിയ പങ്കുവഹിച്ചുവെന്ന് അമൽ ഓർക്കുന്നു.
കഴിഞ്ഞ ജനുവരിയിലാണ് അമൽ അദ്ദേഹത്തെ അവസാനമായി കണ്ടത്. തിരുവനന്തപുരത്ത് നാടകാവതരണവുമായി ബന്ധപ്പെട്ട് കുടുംബസമേതം പോയപ്പോഴായിരുന്നു ആ കൂടിക്കാഴ്ച. പതിവുപോലെ നാടകത്തെക്കുറിച്ചും കലാപ്രവർത്തനങ്ങളെക്കുറിച്ചും ഏറെ സംസാരിച്ചു.
'ഇനി ആ ഫോൺ വിളിയുണ്ടാകില്ല. പുതിയ നാടകത്തിന്റെ വിശേഷങ്ങൾ പറയാൻ വിളിക്കുമ്പോൾ അനുഗ്രഹത്തിന്റെ വാക്കുകൾ മറുപടിയായി എത്തില്ല. വേദിയിലെ ഓരോ പുതിയ ചുവടിനും പിന്നിൽ നിന്ന് കരുത്തേകിയ ആ ഗുരുസാന്നിധ്യം ഇനി ഓർമകളിൽ മാത്രം'.
Tags : SuryaKrishnamoorthy AmalRajdev Memories NewsUpdate Headlines