സുപ്രീം കോടതി (File photo)
ന്യൂഡൽഹി: രാജ്യതലസ്ഥാനത്തും സമീപപ്രദേശങ്ങളിലും അടുത്തകാലത്തായി റിപ്പോർട്ട് ചെയ്ത ക്രൂരമായ കൂട്ടമാനഭംഗ സംഭവങ്ങളിൽ സുപ്രീംകോടതി സ്വമേധയാ കേസെടുത്തു. സംഭവങ്ങൾക്ക് 2012ലെ നിർഭയ കേസുമായി "വേദനാജനകമായ സാമ്യങ്ങൾ" ഉണ്ടെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു.
ജസ്റ്റീസ് ജെ.ബി. പർദിവാല അധ്യക്ഷനായ ബെഞ്ചാണു വിഷയത്തിൽ ഇടപെട്ടത്. ക്രമസമാധാന പാലനത്തിലും ഭരണനിർവഹണത്തിലുമുണ്ടായ ഗുരുതരമായ വീഴ്ചയാണ് ഇത്തരം സംഭവങ്ങൾ വ്യക്തമാക്കുന്നതെന്ന് കോടതി ചൂണ്ടിക്കാട്ടി.
ഡൽഹി-എൻസിആർ മേഖലയിൽനിന്നുള്ള മാനഭംഗ റിപ്പോർട്ടുകൾ പൊതുജനങ്ങൾക്ക് അടിസ്ഥാനപരമായ സുരക്ഷ ഉറപ്പാക്കുന്നതിൽ നിയമനിർവഹണ ഏജൻസികൾക്കും ഭരണകൂടത്തിനും സംഭവിച്ച വ്യവസ്ഥാപിതമായ പരാജയത്തെയാണ് ചൂണ്ടിക്കാണിക്കുന്നതെന്ന് ബെഞ്ച് വ്യക്തമാക്കി.
മതിയായ വെളിച്ചമില്ലായ്മ, നിരീക്ഷണ സംവിധാനങ്ങളുടെ അഭാവം, മറ്റു ഭരണപരമായ വീഴ്ചകൾ എന്നിവ കാരണം പാർക്കുകളും ബസുകളും ഉൾപ്പടെയുള്ള പൊതുസ്ഥലങ്ങൾ അപകടമേഖലകളായി മാറാൻ അനുവദിക്കാനാകില്ലെന്നും ജസ്റ്റീസ് പർദിവാല കൂട്ടിച്ചേർത്തു.
സുപ്രീംകോടതിയുടെ പ്രസക്തമായ നിരീക്ഷണങ്ങൾ
കേവലം അനുതാപം പ്രകടിപ്പിച്ചതുകൊണ്ടു മാത്രം കാര്യമായില്ലെന്നും ഉത്തരവാദികളായ ഉദ്യോഗസ്ഥരുടെ പേരിൽ കൃത്യമായ നടപടി സ്വീകരിക്കേണ്ടത് അത്യാവശ്യമാണെന്നും കോടതി വ്യക്തമാക്കി. 2012ലെ നിർഭയ സംഭവവുമായി വേദനാജനകമായ സാമ്യതകൾ കാണാതിരിക്കാൻ കഴിയില്ലെന്നു ജസ്റ്റീസ് പർദിവാല നിരീക്ഷിച്ചു.
മൂവിംഗ് സ്ലീപ്പർ ബസിൽ പെൺകുട്ടി പീഡനത്തിനിരയായ സംഭവത്തിൽ, ബസിന്റെ ജനലുകളിൽ കർട്ടനുകൾ ഉണ്ടായിരുന്നത് പ്രതികൾ മുതലാക്കുകയായിരുന്നു. കൂടാതെ, 2012ലെ നിർഭയ കേസിനുശേഷം നിയമപരമായി നിർബന്ധമാക്കിയിരുന്ന സിസിടിവി കാമറകൾ ബസിൽ പ്രവർത്തനക്ഷമമായിരുന്നില്ലെന്നും കണ്ടെത്തിയിട്ടുണ്ട്.
കേസുകളുടെ പശ്ചാത്തലം
ഓഗസ്റ്റിൽ ബസിൽ നടന്ന സംഭവം: ഉത്തർപ്രദേശിലെ മെയിൻപുരിയിൽ നിന്ന് നോയിഡയിലേക്കു യാത്ര ചെയ്യുകയായിരുന്ന 16കാരി ഗ്രേറ്റർ നോയിഡയിൽ വച്ച് സ്ലീപ്പർ ബസിനുള്ളിൽ കൂട്ടമാനഭംഗത്തിനിരയായി. ബസിലെ ഡ്രൈവറും കണ്ടക്ടറും ചേർന്നു പീഡിപ്പിച്ചശേഷം പെൺകുട്ടിയെ 40 കിലോമീറ്ററോളം അകലെയുള്ള പഴയ ഡൽഹിയിലെ കാഷ്മീരി ഗേറ്റിനു സമീപം ഉപേക്ഷിക്കുകയായിരുന്നു. സംഭവത്തിൽ ഇരുപ്രതികളെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.
പാർക്കിൽ നടന്ന ആക്രമണം
ജന്മദിനത്തിൽ തെക്കൻ ഡൽഹിയിലെ കൽക്കാജി ക്ഷേത്രത്തിൽ ദർശനത്തിനു പോയ 17കാരി സമീപത്തെ പാർക്കിൽ വച്ച് ആക്രമിക്കപ്പെട്ടു. പൊലിസുകാരെന്ന വ്യാജേനയെത്തിയ സംഘമാണ് പെൺകുട്ടിയെ ക്രൂരമായി മാനഭംഗപ്പെടുത്തിയത്.
Tags : SupremeCourt SuoMotu Delhi GangRape