Kerala
തിരുവനന്തപുരം: കെഎസ്ആർടിസി കൊറിയർ സർവീസ് ഇന്ന് മുതൽ പുനഃരാരംഭിക്കും. സ്വകാര്യ ഏജൻസിയെ ഒഴിവാക്കിയ ശേഷം കെഎസ്ആർടിസി സ്വന്തം നിലയ്ക്കാണ് കൊറിയർ സർവീസ് പുനഃരാരംഭിക്കാൻ പദ്ധതിയിടുന്നത്.
സ്വകാര്യ ഏജൻസിയെ ഒഴിവാക്കിയതിന് പിന്നാലെ കെഎസ്ആർടിസി കൊറിയർ സർവീസ് താത്കാലികമായി അവസാനിപ്പിച്ചിരുന്നു. സേവനം മതിയാക്കാൻ സ്വകാര്യ ഏജൻസിക്ക് കെഎസ്ആർടിസി നോട്ടീസ് നൽകിയിരുന്നു.
സർവീസ് മോശമെന്ന് വ്യാപക പരാതി ഉയർന്നതിന് പിന്നാലെ ആയിരുന്നു നടപടി. കൊറിയർ സർവീസിന്റെ ചുമതല ആദ്യഘട്ടത്തിൽ കെഎസ്ആർടിസിക്ക് നേരിട്ടായിരുന്നു. കൂടുതൽ മികച്ച രീതിയിൽ മുന്നോട്ട് പോകുന്നതിനായിരുന്നു സ്വകാര്യ ഏജൻസിയെ ഏൽപ്പിച്ചത്.
എന്നാൽ സ്വകാര്യ ഏജൻസി സർവീസ് ആരംഭിച്ചതിന് പിന്നാലെ വ്യാപക പരാതി ഉയരുകയായിരുന്നു. അതേസമയം കെഎസ്ആർടിസി ടിക്കറ്റ് ഇനി വാട്സാപ്പിലൂടെയും ലഭ്യമാക്കുന്ന സംവിധാനത്തിന് ഇന്ന് തുടക്കമാകും.
Kerala
തിരുവനന്തപുരം: പൊതുപരിപാടിക്കിടെ വിവാദ പരാമർശവുമായി ഗതാഗത മന്ത്രി സി.പി. ജോൺ. പ്രിയദർശിനി ബസിൽ സ്ത്രീകൾ തള്ളിക്കയറുന്നു. കേരളത്തിലെ ആളുകളുടെ പെരുമാറ്റം തന്നെ അതിശയപ്പെടുത്തുന്നുവെന്നും അദ്ദേഹം പൊതുവേദിയിൽ സംസാരിക്കവേ പറഞ്ഞു.
യാത്രാനിരക്ക് കുറഞ്ഞതോ സൗജന്യമുള്ളതോ ആയ ബസുകളിൽ ആളുകൾ തള്ളിക്കയറാൻ ശ്രമിക്കുന്നു അതേസമയം സ്വന്തം മക്കളെ പഠിപ്പിക്കാൻ സ്വകാര്യ സ്കൂളുകളെയാണ് ആളുകൾ ആശ്രയിക്കുന്നത്. സൗജന്യ ചികിത്സ ലഭ്യമായ സർക്കാർ ആശുപത്രികൾ ഒഴിവാക്കി പണം നൽകേണ്ട സ്വകാര്യ ആശുപത്രികളിലേക്ക് പോകാനും ആളുകൾ മടിക്കുന്നില്ല.
പൊതുജനങ്ങളുടെ ഈ വൈരുധ്യം നിറഞ്ഞ പെരുമാറ്റരീതി തന്നെ അത്ഭുതപ്പെടുത്തുന്നുവെന്നും അദ്ദേഹം പ്രസംഗത്തിൽ പറഞ്ഞു. മന്ത്രിയുടെ പരാമർശങ്ങൾക്കെതിരെ വിവിധ കോണുകളിൽ നിന്നായി ഇതിനോടകം പ്രതിഷേധങ്ങൾ ഉയരുന്നുണ്ട്.
Kerala
തിരുവനന്തപുരം: അമിതവേഗവും തുടർച്ചയായി ഉണ്ടാകുന്ന അപകടങ്ങളും നിയന്ത്രിക്കാൻ സംസ്ഥാനത്ത് ദേശീയപാതകളിൽ എല്ലാ ദിവസവും 24 മണിക്കൂറും എൻഫോഴ്സ്മെന്റ് സംവിധാനം ഏർപ്പെടുത്തുമെന്ന് ഗതാഗത മന്ത്രി സി.പി. ജോണ്‍.
ഇതിന്റെ ഭാഗമായി സംസ്ഥാനത്തുകൂടി കടന്നുപോകുന്ന ദേശീയപാതയെ 100 കിലോമീറ്റർ വീതമുള്ള ആറ് എൻഫോഴ്സ്മെന്റ് മേഖലകളായി വിഭജിച്ച് ഓരോ മേഖലയിലും പ്രത്യേക എൻഫോഴ്സ്മെന്റ് സംഘങ്ങളെ വിന്യസിക്കും.
അമിതവേഗം തടയൽ, അപകടങ്ങൾ കുറയ്ക്കൽ, ഗതാഗത നിയമലംഘനങ്ങൾ കണ്ടെത്തൽ, ദേശീയപാതകളിലെ ദൃശ്യ സാന്നിധ്യം വർധിപ്പിക്കൽ എന്നിവയാണ് നടപടിയുടെ പ്രധാന ലക്ഷ്യം. റോഡപകടങ്ങളിൽ പ്രധാന കാരണം അമിതവേഗമാണെന്ന വിലയിരുത്തലിന്റെ പശ്ചാത്തലത്തിലാണു പുതിയ നടപടി.
ദേശീയപാതകളിൽ മോട്ടോർ വാഹന വകുപ്പിന്റെ എൻഫോഴ്സ്മെന്റ് സംഘങ്ങളെ മുഴുവൻ സമയവും വിന്യസിച്ച് നിയമലംഘനങ്ങൾ തടയുന്നതിനൊപ്പം അപകട മരണങ്ങൾ കുറയ്ക്കുന്നതിനും ലക്ഷ്യമിടുന്നതായി മന്ത്രി വ്യക്തമാക്കി.
അമിതവേഗം, അപകടകരമായ ഡ്രൈവിംഗ്, മദ്യപിച്ച് വാഹനമോടിക്കൽ, വാഹനം ഓടിക്കുന്നതിനിടെ മൊബൈൽ ഫോണ്‍ ഉപയോഗിക്കൽ, സീറ്റ് ബെൽറ്റും ഹെൽമറ്റും ഉപയോഗിക്കാത്തത്, അമിതഭാരം കയറ്റിയ ചരക്ക് വാഹനങ്ങൾ, അനധികൃത വാഹന രൂപമാറ്റം, ഫിറ്റ്നസ്, പെർമിറ്റ്, ഇൻഷ്വറൻസ്, നികുതി ലംഘനങ്ങൾ, അനധികൃത യാത്രാ ഗതാഗതം എന്നിവ കണ്ടെത്തുന്നതിനാണ് മുൻഗണന.
വലിയ അപകടങ്ങൾ ഉണ്ടായാൽ അടിയന്തര ഇടപെടൽ നടത്തുകയും അപകടത്തിൽപ്പെട്ടതോ ഗതാഗത തടസം സൃഷ്ടിക്കുന്നതോ ആയ വാഹനങ്ങൾ പോലീസിന്റെയും ദേശീയപാത അഥോറിറ്റിയുടെയും സഹായത്തോടെ നീക്കം ചെയ്യുകയും അപകടസാധ്യതയേറിയ ഭാഗങ്ങൾ കണ്ടെത്തി റിപ്പോർട്ട് നൽകുകയും വേണമെന്ന് മന്ത്രി നിർദേശിച്ചു.
Kerala
തിരുവനന്തപുരം: വാഹന മോഡിഫിക്കേഷനുമായി ബന്ധപ്പെട്ട് ഡിജിറ്റൽ സർവേയുമായി മോട്ടോർ വാഹന വകുപ്പ്. വാഹന മോഡിഫിക്കേഷനുകൾ സംബന്ധിച്ച് പൊതുജനങ്ങളുടെയും വാഹനപ്രേമികളുടെയും അഭിപ്രായങ്ങൾ തേടാനും, അവയുടെ നിയമസാധുതകൾ പരിശോധിക്കാനുമാണ് നടപടി.
വാഹനങ്ങളിൽ വരുത്തുന്ന മാറ്റങ്ങളെക്കുറിച്ചും പേഴ്സണലൈസേഷനെക്കുറിച്ചുമുള്ള നിർദേശങ്ങളും ആശങ്കകളും ഡിജിറ്റൽ സർവേയിലൂടെ അറിയിക്കാം. ഗൂഗിൾ ഫോർമാറ്റിലാണ് സർവേ ആരംഭിച്ചിരിക്കുന്നത്.
വാഹന മോഡിഫിക്കേഷൻ ഏതുതരത്തിലാകാം, രൂപമാറ്റം ഏതു രീതിയിൽ വരുത്താം, ഇതുമായി ബന്ധപ്പെട്ട നിയമപരമായ പ്രശ്നങ്ങൾ എന്തൊക്കെയാണ് തുടങ്ങിയ പ്രധാനപ്പെട്ട ചോദ്യങ്ങളാണ് സർവേയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.
റോഡ് സുരക്ഷയും കർശനമായ പരിസ്ഥിതി മാനദണ്ഡങ്ങളും പൂർണമായും പാലിച്ചുകൊണ്ട്, വാഹനപ്രേമികൾക്ക് അനുയോജ്യമായ വ്യക്തവും പുരോഗമനപരവുമായ ഒരു നയരേഖ രൂപീകരിക്കാനാണ് സർവേയിലൂടെ ലക്ഷ്യമിടുന്നത്.
Kerala
തിരുവനന്തപുരം: തൊഴിലിടങ്ങളിലേക്ക് പോകുന്ന സ്ത്രീകള്‍ക്ക് കൂടുതല്‍ സുരക്ഷിതത്വവും സൗകര്യവും ഉറപ്പാക്കുമെന്നു ഗതാഗത മന്ത്രി സി.പി. ജോണ്‍. യുഡിഎഫ് സര്‍ക്കാരിന്റെ 100 ദിന കര്‍മപരിപാടികളുടെ ഭാഗമായി പ്രഖ്യാപിച്ച "പിങ്ക് ബസ് ലേഡീസ് ഒണ്‍ലി’ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം സെന്‍ട്രല്‍ ഡിപ്പോയില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സ്ത്രീകള്‍ക്ക് സ്വതന്ത്രമായി യാത്ര ചെയ്യാനുള്ള സാഹചര്യമൊരുക്കുകയാണ് സര്‍ക്കാരിന്റെ പ്രധാന ലക്ഷ്യം. നിലവില്‍ രാത്രി കാലങ്ങളില്‍ സുരക്ഷിതമായ യാത്രാസൗകര്യങ്ങള്‍ കുറവായതിനാല്‍ ഉയര്‍ന്ന തുക നല്കി മറ്റ് വാഹനങ്ങളെ ആശ്രയിക്കേണ്ടി വരുന്ന വനിതകള്‍ക്ക് പുതിയ പദ്ധതി വലിയ ആശ്വാസമാകും.
രാത്രി ഒന്പതിനു ശേഷമായിരിക്കും പിങ്ക് ബസ് പ്രധാനമായും സര്‍വീസ് നടത്തുക. ഐടി മേഖലയില്‍ രാത്രി പത്തിനും രാവിലെ അഞ്ചിനും ഇടയില്‍ ജോലി കഴിഞ്ഞ് മടങ്ങുന്നവര്‍, ആശുപത്രി ജീവനക്കാര്‍, രാത്രി സിനിമ കഴിഞ്ഞ് പോകുന്നവര്‍, ട്രെയിന്‍ മാര്‍ഗം തമ്പാനൂരില്‍ എത്തുന്ന രോഗികളും കൂട്ടിരിപ്പുകാരും ഉള്‍പ്പെടെയുള്ള വലിയൊരു വിഭാഗം യാത്രക്കാര്‍ക്ക് ഇത് പ്രയോജനപ്പെടും.
ടെക്നോപാര്‍ക്ക് പോലെയുള്ള സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് രാത്രി എട്ടിനും പത്തിനും ഇടയില്‍ പ്രത്യേക സര്‍വീസുകള്‍ ലഭ്യമാക്കും. വരും ദിവസങ്ങളില്‍ മറ്റ് ജില്ലകളിലേക്കും പദ്ധതി വ്യാപിപ്പിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
രാത്രിയില്‍ മാത്രമല്ല, പകല്‍ സമയങ്ങളിലും പിങ്ക് ബസിന്റെ സേവനം ലഭ്യമാണ്.
Kerala
തൃശൂർ: ഗതാഗത സുരക്ഷയിലും പൊതുഗതാഗതരംഗത്തും നിർണായക മാറ്റങ്ങൾ ലക്ഷ്യമിട്ട് വിപുലമായ പദ്ധതികൾ പ്രഖ്യാപിച്ച് മന്ത്രി സി.പി. ജോണ്‍.
റോഡ് സുരക്ഷാ ബോധവത്കരണത്തിനായി ‘ഗതാഗത സാക്ഷരതാ യജ്ഞം’ ആരംഭിക്കുമെന്ന് തൃശൂർ പ്രസ് ക്ലബ്ബിന്റെ മീറ്റ് ദ പ്രസിൽ അറിയിച്ച മന്ത്രി, നിയമങ്ങളും കടുത്ത ശിക്ഷാനടപടികളുംകൊണ്ടുമാത്രം ഡ്രൈവിംഗ് സംസ്കാരം മാറ്റാനാവില്ലെന്നും ചൂണ്ടിക്കാട്ടി.
സംസ്ഥാനത്ത് എഐ കാമറ പരിശോധനകളും പിഴ ഈടാക്കലും തുടരും. തകരാറിലായ കാമറകൾ അടിയന്തരമായി മാറ്റി സ്ഥാപിക്കാൻ ചർച്ച നടക്കുകയാണ്. റോഡ് സുരക്ഷ വിദ്യാലയ തലത്തിൽത്തന്നെ എത്തിക്കുന്നതിന്റെ ഭാഗമായി 10, 11, 12 ക്ലാസുകളിലെ വിദ്യാർഥികൾക്കായി പ്രീലൈസൻസ് ട്രെയിനിംഗ് ഉൾപ്പെടുത്തി പാഠ്യപദ്ധതി തയാറാക്കിവരികയാണ്. പ്ലസ് ടു പരീക്ഷ കഴിയുന്നതോടെ കുട്ടികൾക്കു ലൈസൻസ് സ്വന്തമാക്കാൻ കഴിയുന്ന രീതിയിലാണു പദ്ധതി രൂപകല്പന ചെയ്യുന്നത്.
റോഡപകടങ്ങളിൽപ്പെടുന്നവർക്ക് അടിയന്തര ചികിത്സ ഉറപ്പാക്കാൻ 10 മുതൽ 15 മിനിറ്റിനകം ആംബുലൻസ് ലഭ്യമാക്കുന്ന സഹായശൃംഖല ആരോഗ്യവകുപ്പുമായി ചേർന്നു നടപ്പാക്കും.
കെഎസ്ആർടിസിയിൽ സ്ത്രീകൾക്കു സൗജന്യ യാത്ര ഉറപ്പാക്കുന്ന പ്രിയദർശിനി പദ്ധതി വകുപ്പിന്റെ തൊപ്പിയിലെ പൊൻതൂവലാണെന്നു മന്ത്രി വിശേഷിപ്പിച്ചു. അതിന്റെ ക്രെഡിറ്റ് രാഹുൽ ഗാന്ധിക്കാണ്.
പ്രതിമാസം 3.81 കോടി യാത്രകൾ നടക്കുന്ന പദ്ധതിക്കായി ബജറ്റിൽ 600 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. പദ്ധതിമൂലം സ്വകാര്യ ബസ് ഉടമകൾക്കുണ്ടാകുന്ന നഷ്ടം പഠിക്കാനും പരിഹരിക്കാനുമായി പ്രത്യേക സമിതി രൂപവത്കരിച്ച് സിറ്റിംഗ് ആരംഭിച്ചുകഴിഞ്ഞു. തൃശൂർ ബസ് സ്റ്റാൻഡിന്റെ നിർമാണതടസങ്ങൾ വേഗത്തിൽ പരിഹരിക്കുമെന്നും മന്ത്രി ഉറപ്പുനൽകി.