മന്ത്രി സി.പി. ജോണ്.
തൃശൂർ: ഗതാഗത സുരക്ഷയിലും പൊതുഗതാഗതരംഗത്തും നിർണായക മാറ്റങ്ങൾ ലക്ഷ്യമിട്ട് വിപുലമായ പദ്ധതികൾ പ്രഖ്യാപിച്ച് മന്ത്രി സി.പി. ജോണ്.
റോഡ് സുരക്ഷാ ബോധവത്കരണത്തിനായി ‘ഗതാഗത സാക്ഷരതാ യജ്ഞം’ ആരംഭിക്കുമെന്ന് തൃശൂർ പ്രസ് ക്ലബ്ബിന്റെ മീറ്റ് ദ പ്രസിൽ അറിയിച്ച മന്ത്രി, നിയമങ്ങളും കടുത്ത ശിക്ഷാനടപടികളുംകൊണ്ടുമാത്രം ഡ്രൈവിംഗ് സംസ്കാരം മാറ്റാനാവില്ലെന്നും ചൂണ്ടിക്കാട്ടി.
സംസ്ഥാനത്ത് എഐ കാമറ പരിശോധനകളും പിഴ ഈടാക്കലും തുടരും. തകരാറിലായ കാമറകൾ അടിയന്തരമായി മാറ്റി സ്ഥാപിക്കാൻ ചർച്ച നടക്കുകയാണ്. റോഡ് സുരക്ഷ വിദ്യാലയ തലത്തിൽത്തന്നെ എത്തിക്കുന്നതിന്റെ ഭാഗമായി 10, 11, 12 ക്ലാസുകളിലെ വിദ്യാർഥികൾക്കായി പ്രീലൈസൻസ് ട്രെയിനിംഗ് ഉൾപ്പെടുത്തി പാഠ്യപദ്ധതി തയാറാക്കിവരികയാണ്. പ്ലസ് ടു പരീക്ഷ കഴിയുന്നതോടെ കുട്ടികൾക്കു ലൈസൻസ് സ്വന്തമാക്കാൻ കഴിയുന്ന രീതിയിലാണു പദ്ധതി രൂപകല്പന ചെയ്യുന്നത്.
റോഡപകടങ്ങളിൽപ്പെടുന്നവർക്ക് അടിയന്തര ചികിത്സ ഉറപ്പാക്കാൻ 10 മുതൽ 15 മിനിറ്റിനകം ആംബുലൻസ് ലഭ്യമാക്കുന്ന സഹായശൃംഖല ആരോഗ്യവകുപ്പുമായി ചേർന്നു നടപ്പാക്കും.
കെഎസ്ആർടിസിയിൽ സ്ത്രീകൾക്കു സൗജന്യ യാത്ര ഉറപ്പാക്കുന്ന പ്രിയദർശിനി പദ്ധതി വകുപ്പിന്റെ തൊപ്പിയിലെ പൊൻതൂവലാണെന്നു മന്ത്രി വിശേഷിപ്പിച്ചു. അതിന്റെ ക്രെഡിറ്റ് രാഹുൽ ഗാന്ധിക്കാണ്.
പ്രതിമാസം 3.81 കോടി യാത്രകൾ നടക്കുന്ന പദ്ധതിക്കായി ബജറ്റിൽ 600 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. പദ്ധതിമൂലം സ്വകാര്യ ബസ് ഉടമകൾക്കുണ്ടാകുന്ന നഷ്ടം പഠിക്കാനും പരിഹരിക്കാനുമായി പ്രത്യേക സമിതി രൂപവത്കരിച്ച് സിറ്റിംഗ് ആരംഭിച്ചുകഴിഞ്ഞു. തൃശൂർ ബസ് സ്റ്റാൻഡിന്റെ നിർമാണതടസങ്ങൾ വേഗത്തിൽ പരിഹരിക്കുമെന്നും മന്ത്രി ഉറപ്പുനൽകി.
രാഷ്ട്രീയ സംഘടനകളുടെ ഭക്ഷണവിതരണവുമായി ബന്ധപ്പെട്ട വിവാദത്തിലും മന്ത്രി നിലപാട് വ്യക്തമാക്കി. ഭക്ഷണം നൽകുന്നതും ജീവകാരുണ്യപ്രവർത്തനം നടത്തുന്നതും നല്ല കാര്യമാണെങ്കിലും അവയെ രാഷ്ട്രീയവത്കരിക്കരുതെന്നും താനും ഇത്തരം വിതരണത്തിനായി ഭക്ഷണം നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
പൊതു ഇടമായ തേക്കിൻകാട് മൈതാനിയിൽനിന്നു രാഷ്ട്രീയ പ്രവർത്തനത്തെ മാറ്റിനിർത്തുക എന്നത് മറ്റൊരു രാഷ്ട്രീയമാണെന്നും അതിനോടു താൻ യോജിക്കുന്നില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു. വിഷയത്തിൽ കൂടുതൽ കാര്യങ്ങൾ ബന്ധപ്പെട്ട വകുപ്പു മന്ത്രി പറയട്ടെയെന്നും അദ്ദേഹം പറഞ്ഞു.
Tags : CPJohn Minister NewTransportPolicy implemented Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash