പ്രതീകാത്മക ചിത്രം
കൊച്ചി: എറണാകുളം മാര്ക്കറ്റിലെ കടവുംഭാഗം സിനഗോഗ് ആക്രമിച്ച കേസിലെ പ്രതി എബിന് ബി. പോളിനെ അഞ്ച് ദിവസത്തെ പൊലിസ് കസ്റ്റഡിയില് വിട്ടു. എറണാകുളം ജുഡീഷ്യല് ഫസ്റ്റ് ക്ലാസ് കോടതി രണ്ടിന്റേതാണ്ഉത്തരവ്. എബിന് പോള് മാനസിക പ്രശ്നങ്ങള്ക്ക് മരുന്ന് കഴിക്കുന്നയാളാണെന്നും കസ്റ്റഡിയിലും മരുന്ന് കഴിക്കാനുള്ള അവസരം നല്കണമെന്നും പ്രതിയുടെ അഭിഭാഷകന് കോടതിയില് പറഞ്ഞു.
ഇത് ശ്രദ്ധിക്കണമെന്ന് കോടതി പൊലിസിന് നിര്ദേശം നല്കി. 48 മണിക്കൂറിന് ശേഷം പ്രതി കസ്റ്റഡിയില് തുടരണോയെന്ന് റിപ്പോര്ട്ട് ചെയ്യാനും നിര്ദേശം നല്കിയിട്ടുണ്ട്. കഴിഞ്ഞ തിങ്കളാഴ്ച പുലര്ച്ചെ രണ്ടരയോടെയാണ് സിനഗോഗിന് മുന്വശത്തുള്ള ബ്ലോസം നഴ്സറിക്കു പ്രതി തീയിട്ടത്. കാറില് എത്തിയ പ്രതി വാഹനത്തില് നിന്നിറങ്ങി കൈവശമുണ്ടായിരുന്ന പെട്രോളൊഴിച്ച് നഴ്സറിയുടെ പ്രചാരണ സാമഗ്രികള്ക്കും ഫ്ലക്സുകള്ക്കും തീകൊളുത്തുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങള് സ്വന്തം ഫോണില് പകര്ത്തിയശേഷമാണ് ഇയാള് കടന്നുകളഞ്ഞത്.
സിസിടിവി ദൃശ്യങ്ങളുടെയും 150ഓളം പേരില് നിന്നുള്ള വിവരങ്ങളുടെയും അടിസ്ഥാനത്തില് സൈബര് സെല്ലിന്റെ സഹായത്തോടെയാണു പുത്തന്കുരിശിലെ വാടകവീട്ടില് ഒളിച്ചിരിക്കുകയായിരുന്ന പ്രതിയെ പിടികൂടിയത്. സിനഗോഗ് തീ കൊളുത്തി നശിപ്പിക്കാന് 10 ലക്ഷം രൂപ വാഗ്ദാനം ചെയ്തതായും ആക്രമണത്തിന്റെ സൂത്രധാരനായ പാക്കിസ്ഥാന് ബോസ് പ്രതിക്ക് ആയുധങ്ങള് എത്തിച്ചു നല്കാന് നീക്കം നടത്തിയതായും പൊലിസ് കണ്ടെത്തിയിരുന്നു.
ഇതുസംബന്ധിച്ച് പ്രതിയും ആസൂത്രകനും നടത്തിയ സമൂഹമാധ്യമത്തിലെ ചാറ്റിന്റെ നിര്ണായക വിവരങ്ങളും പൊലിസ് കണ്ടെടുത്തു. ആക്രമണം നടത്തിയത് ബോസ് എന്നയാളുടെ നിര്ദേശ പ്രകാരമാണെന്നാണു പ്രതി പൊലിസിന് മൊഴി നല്കിയത്. എന്നാല് ബോസ് ആരാണെന്ന് ഇനിയും വ്യക്തമായിട്ടില്ല. യഹൂദ ആരാധനാലയങ്ങള് ഉള്പ്പടെ രാജ്യത്തെ വിവിധ നഗരങ്ങളില് ആക്രമണം നടത്തുന്നതു സംബന്ധിച്ച സന്ദേശങ്ങളും വിദേശബന്ധമുള്ള ഗ്രൂപ്പുകളുമായുള്ള ആശയവിനിമയങ്ങളും ഫോണില് നിന്നും ലഭിച്ചിട്ടുണ്ട്.
പ്രതിയെ ദേശീയ അന്വേഷണ ഏജന്സി (എന്ഐഎ) ചോദ്യം ചെയ്തിരുന്നു. രാജ്യാന്തര ഭീകരവാദ ബന്ധം സംശയിക്കുന്ന സാഹചര്യത്തില് അന്വേഷണം എന്ഐഎ ഏറ്റെടുത്തേക്കും. എന്ഐഎയെ കൂടാതെ എബിനെ ഐബി, റോ ഉദ്യോഗസ്ഥരും മണിക്കൂറുകളോളം ചോദ്യം ചെയ്തിരുന്നു.
Tags : Synagogue Attack Synagogue Attack Case Accused Mental Health Legal Proceedings