ടോമിൻ ജെ. തച്ചങ്കരി
തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ശിക്ഷിക്കപ്പെട്ട മുൻ ഡിജിപി ടോമിൻ ജെ. തച്ചങ്കരി ജയിൽ മോചിതനായി. ശിക്ഷ മരവിപ്പിക്കണമെന്നാവശ്യപ്പെട്ട് തച്ചങ്കരി നൽകിയ ഹർജി പരിഗണിച്ച ഹൈക്കോടതി ശിക്ഷാവിധി മരവിപ്പിച്ചതോടെയാണ് മോചനത്തിന് വഴിയൊരുങ്ങിയത്. ജസ്റ്റീസ് എ. ബദറുദ്ദീനാണ് ഹർജിയിൽ ഉത്തരവിട്ടത്.
അനധികൃത സ്വത്ത് സമ്പാദനക്കേസിൽ കഴിഞ്ഞ 17നാണ് കോട്ടയം വിജിലൻസ് കോടതി തച്ചങ്കരിക്ക് നാലുവർഷം കഠിനതടവും 30,84,892 രൂപ പിഴയും വിധിച്ചത്. തുടർന്ന് അദ്ദേഹത്തെ പൂജപ്പുര സെൻട്രൽ ജയിലിലേക്ക് മാറ്റുകയായിരുന്നു. സംസ്ഥാനത്ത് അഴിമതിക്കേസിൽ ജയിലിലാകുന്ന ആദ്യ മുൻ ഡിജിപിയാണ് തച്ചങ്കരി.
2003 ജനുവരി ഒന്നുമുതൽ 2007 ജൂലൈ നാലുവരെ ഐജിയായി പ്രവർത്തിച്ച കാലയളവിൽ 64,70,891 രൂപയുടെ അനധികൃത സ്വത്ത് സമ്പാദിച്ചെന്നായിരുന്നു വിജിലൻസ് കേസ്. ഈ കാലയളവിൽ തച്ചങ്കരിയുടെ ആകെ വരുമാനം 47,64,913 രൂപയാണെന്നാണ് കണക്കാക്കിയത്. എന്നാൽ 1.02 കോടി രൂപ ചെലവഴിച്ചതായി പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു.
വരുമാനത്തേക്കാൾ 135 ശതമാനം അധികം സ്വത്ത് സമ്പാദിച്ചെന്നായിരുന്നു പ്രോസിക്യൂഷന്റെ ആരോപണം. അതേസമയം 30,84,892 രൂപയുടെ അനധികൃത സ്വത്ത് സമ്പാദനം നടന്നതായി മാത്രമാണ് വിചാരണക്കോടതി കണ്ടെത്തിയത്. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു നാലുവർഷത്തെ തടവുശിക്ഷയും പിഴയും വിധിച്ചത്.
Tags : Tomin J. Thachankary Former DGP Released from Jail Kerala Police Disproportionate Assets Case Corruption Case Kerala High Court