കൊച്ചി: ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെയും പോലീസിനെയും വെല്ലുവിളിച്ച കുപ്രസിദ്ധ ക്രിമിനല്‍ അര്‍ജുന്‍ ആയങ്കിയെ പിടികൂടാന്‍ പോലീസ് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. ആലുവ റൂറല്‍ എസ്പിയുടെ നേതൃത്വത്തില്‍, മൂവാറ്റുപുഴ ഡിവൈഎസ്പിയുടെ മേല്‍നോട്ടത്തില്‍, ഊന്നുകല്‍ സിഐ, രണ്ട് എസ്‌ഐമാര്‍ അടക്കം പത്ത് ഉദ്യോഗസ്ഥര്‍ അടങ്ങുന്ന സ്‌ക്വാഡ് ആണ് രൂപീകരിച്ചത്.
എറണാകുളത്താണ് അര്‍ജുന്‍ ആയങ്കിയുടെ അവസാന ലൊക്കേഷന്‍ കണ്ടെത്തിയെങ്കിലും ഒളിവില്‍ കഴിയുന്ന പ്രതിയെ കണ്ടെത്താനായിട്ടില്ല. ഇതിനിടെ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റുകള്‍ ഇടുന്നുമുണ്ട്. ജില്ലയുടെ വിവിധ ഭാഗങ്ങളിലും സുഹൃത്തുക്കളുടെ വീടുകളിലുമടക്കം പ്രത്യേക സ്‌ക്വാഡ് തെരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്.
കഴിഞ്ഞ മേയ് മാസം പുന്നേക്കാട് റിസോര്‍ട്ടില്‍ സുഹൃത്തുക്കളുമായി ഒത്തുചേരുന്നതിനിടെ ക്രമിനല്‍ ഗൂഢാലോചനയ്ക്കുള്ള ശ്രമം എന്ന പേരില്‍ കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ടാണ് കണ്ണൂര്‍ സ്വദേശിയായ അര്‍ജുന്‍ ആയങ്കിയും പോലീസും തമ്മില്‍ ഏറ്റുമുട്ടല്‍ തുടങ്ങിയത്. ഇതിന്റെ തുടര്‍ച്ചയാണ് വെല്ലുവിളിയും ആവര്‍ത്തിച്ചുള്ള ഭീഷണിയും.
ഗൂഢാലോചനക്കേസില്‍ 21 ദിവസം റിമാന്‍ഡില്‍ കഴിഞ്ഞ് ജാമ്യത്തിലിറങ്ങിയതിനു പിന്നാലെ കോതമംഗലം സിഐ പ്രശാന്ത് കുമാറിനെതിരെ സമൂഹമാധ്യമത്തിലൂടെ ഭീഷണി മുഴക്കിയിരുന്നു. തന്നെ കള്ളക്കേസില്‍ കുടുക്കിയതിനാല്‍ പെന്‍ഷന്‍ വാങ്ങി ശിഷ്ടകാലം സമാധാനത്തോടെ ജീവിക്കാന്‍ അനുവദിക്കില്ലെന്നായിരുന്നു ഭീഷണി.
ഇതില്‍ അര്‍ജുന്‍ ആയങ്കിക്കെതിരെ ജാമ്യമില്ലാ വകുപ്പുപ്രകാരം കേസെടുക്കുകയും ഊന്നുകല്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ ആദര്‍ശിന് അന്വേഷണച്ചുമതല നല്‍കുകയും ചെയ്തു. ഈ കേസില്‍ മുന്‍കൂര്‍ ജാമ്യം തേടിക്കൊണ്ടുള്ള അര്‍ജുന്‍റെ അപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. ഇതിനു പിന്നാലെയാണ് പ്രതി വീണ്ടും പോലീസിനെതിരെ തിരിഞ്ഞത്.
ഊന്നുകല്‍ സിഐയെ വെല്ലുവിളിക്കുന്നതാണ് അര്‍ജുന്‍ ആയങ്കിയുടെ പോസ്റ്റ്. തന്നെ പിടിക്കാന്‍ കഴിയുമെങ്കില്‍ പിടിക്ക് എന്നാണ് വെല്ലുവിളി. മറ്റൊരു പോസ്റ്റില്‍ കോതമംഗലം സിഐ വ്യക്തി വൈരാഗ്യം തീര്‍ക്കാന്‍ വേട്ടയാടുകയാണെന്നും ജയിലും തൂക്കുകയറും പ്രതീക്ഷിച്ചാണ് ഇപ്പോള്‍ ജീവിക്കുന്നതെന്നുമാണ് പോസ്റ്റിലുള്ളത്.
ആഭ്യന്തര മന്ത്രിയെ വെല്ലുവിളിച്ചും അര്‍ജുന്‍ പോസ്റ്റ് പങ്കുവച്ചു. തന്നെയും സുഹൃത്തുക്കളെയും പ്രതികളാക്കി ജയിലലടക്കപ്പെട്ട കേസിനെപ്പറ്റി പുനരന്വേഷണത്തിന് ഉത്തരവിടാനും കള്ളക്കേസെടുത്ത് അധികാര ദുര്‍വിനിയോഗം ചെയ്ത സിഐ പ്രശാന്തനെതിരെ നടപടിയെടുക്കാനും ആഭ്യന്തരമന്ത്രി രമേഷ് ചെന്നിത്തലയെ വെല്ലുവിളിക്കുന്നു. എങ്കില്‍ താങ്കളെ നേരിട്ട് വന്ന് പൊന്നാടയണിയിക്കും. ഒരുമ്മ തരും. അല്ലാണ്ട് വിരട്ടരുത്.. വളര്‍ന്ന പാര്‍ട്ടി വേറെയാണ് എന്നാണ് പോസ്റ്റ്.
അതേസമയം, ആദ്യ കേസില്‍ അര്‍ജുന്‍ ആയങ്കിക്ക് നല്‍കിയ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പോലീസ് കോതമംഗലം മജിസ്‌ട്രേറ്റ് കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു. ഈ അപേക്ഷ അടുത്ത ചൊവ്വാഴ്ച കോടതി വീണ്ടും പരിഗണിക്കും. കോതമംഗലം സിഐക്കെതിരെ ഭീഷണി മുഴക്കിയ കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിനാല്‍ അര്‍ജുന്‍ ആയങ്കിയ്ക്ക് ഇനി സുപ്രീം കോടതിയെ സമീപിക്കേണ്ടി വരും.