National
ഇൻഡോർ: മധ്യപ്രദേശിൽ കാലപ്പഴക്കമുള്ള കെട്ടിടം പൊളിക്കുന്നതിനിടെ തകർന്നുവീണ് നാലു സ്ത്രീത്തൊഴിലാളികൾ മരിച്ചു.നാലുപേർക്കു പരിക്കേറ്റു.
ഇൻഡോർ ജില്ലയിലെ സാൻവെർ പട്ടണത്തിലാണു സംഭവം. കെട്ടിടത്തിന്റെ ഭിത്തിയും സമീപ കെട്ടിടത്തിന്റെ ഭാഗങ്ങളും തകർന്നുവീണ് തൊഴിലാളികൾക്കുമേൽ പതിക്കുകയായിരുന്നു. പരിക്കേറ്റവരിൽ മൂന്നു പേർ സ്ത്രീകളാണ്.
International
ഗാസ: യുദ്ധത്തിൽ തകർന്ന കെട്ടിടം നിലംപതിച്ച് ഗാസയിൽ അഞ്ചു കുട്ടികളടക്കം 20 പേർ മരിച്ചു. ഗാസ നഗരത്തിലെ താൽ അൽ-ഹവാ മേഖലയിലെ ആറുനില കെട്ടിടമാണ് തകന്നുവീണത്.
ഡസൻകണക്കിന് ആളുകളെ കാണാതായതായും അവശിഷ്ടങ്ങളിൽക്കിടയിൽനിന്ന് ഇപ്പോഴും നിലവിളിയും ഞരക്കവും കേൾക്കുന്നതായും രക്ഷാപ്രവർത്തകർ പറയുന്നു. കെട്ടിടത്തിന്റെ സുരക്ഷയെ സംബന്ധിച്ച് മുന്നറിയിപ്പുകളുണ്ടായിട്ടും ഇവ അവഗണിച്ച് പത്തോളം കുടുംബങ്ങളാണു കെട്ടിടത്തിൽ കഴിഞ്ഞുവന്നതെന്ന് തദ്ദേശവാസികൾ പറയുന്നു.
ഗാസാ മേഖലയിലേക്ക് യന്ത്രസാമഗ്രികൾ കടത്തിവടുന്നതിന് ഇസ്രയേൽ കടുത്ത നിയന്ത്രണം ഏർപ്പെടുത്തിയിരുന്നതിനാൽ ആദ്യഘട്ടങ്ങളിൽ വെറും കൈയാലാണ് രക്ഷാപ്രവർത്തനം നടത്തിയതെന്ന് രക്ഷാപ്രവർത്തനം നടത്തിയ സംഘങ്ങൾ ആരോപിച്ചു.
എന്നിരുന്നാലും നിലവിൽ യുഎൻ ഏജൻസികളിൽനിന്നും ഈജിപ്ഷ്യൻ ദുരിതാശ്വാസ സംഘങ്ങളിൽനിന്നും വലിയ യന്ത്രസാമഗ്രികളെത്തിച്ച് തെരച്ചിൽ നടത്താൻ കഴിയുന്നതായി പറഞ്ഞു.
താമസ സകര്യങ്ങളുടെ അപര്യാപ്തത മൂലമാണ്, സുരക്ഷിതമല്ലെന്ന് അറിഞ്ഞുകൊണ്ടുതന്നെ കുടുംബങ്ങൾക്ക് ആ കെട്ടിടത്തിൽ തങ്ങേണ്ടിവന്നതെന്ന് ഗാസ പ്രതിരോധന സേന ഡയറക്ടർ റായദ് അൽ-ദഹ്ഷാൻ അഭിപ്രായപ്പെട്ടു. ദൗർഭാഗ്യവശാൽ അത് പൂർണമായും അവർക്കുമേൽ തകർന്നുവീഴുകയായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Kerala
കോട്ടയം: പാലായിൽ സ്കൂളിൽ കുഴഞ്ഞുവീണ അധ്യാപകൻ മരിച്ചു. ചേർപ്പുങ്കൽ ഹോളിക്രോസ് ഹയർസെക്കൻഡറി സ്കൂളിലെ മലയാളം അധ്യാപകനായ ഇടമറുക് ഇല്ലിക്കൽ മജോ ജോസഫ് ആണ് മരിച്ചത്.
ചൊവ്വാഴ്ച രാവിലെ പത്തേമുക്കാലോടെയാണ് മജോ സ്കൂളിൽ കുഴഞ്ഞുവീണത്. സ്കൂളിൽ കലോത്സവ പരിപാടികൾ നടക്കുന്നതിനായുള്ള അനൗൺസ്മെൻ്റിൽ ഏർപ്പെട്ടിരിക്കവേ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു.
മജോയെ അധ്യാപകർ ഉടനടി ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.
Kerala
പാലക്കാട്: ശ്രീകൃഷ്ണപുരത്ത് ഓണാഘോഷത്തിന്റെ ഭാഗമായി നടന്ന വടംവലി മത്സരത്തിൽ പങ്കെടുത്ത യുവാവ് കുഴഞ്ഞുവീണ് മരിച്ചു.
കോതകുർശി സ്വദേശി പ്രവീൺകുമാർ (27) ആണ് മരിച്ചത്.ത്സരത്തിനുശേഷം അസ്വസ്ഥത അനുഭവപ്പെട്ട ഇദ്ദേഹം കുഴഞ്ഞുവീഴുകയായിരുന്നു.
ഉടൻ പ്രവീൺകുമാറിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
District News
മട്ടന്നൂർ: കാര പേരാവൂർ തെളുപ്പിൽ പഴശി പദ്ധതിയുടെ പ്രധാന കനാൽ തകർന്നു. നിരവധി വീടുകളിൽ വെള്ളം കയറി വൻ നാശനഷ്ടം. വെള്ളിയാഴ്ച അർധരാത്രിയോടെയായിരുന്നു സംഭവം. കനാലിനടിയിൽ വെള്ളം ഇരുഭാഗത്തേക്കും പോകുന്ന തുരങ്കത്തിന്റെ ഭാഗത്താണ് കനാൽ ഇടിഞ്ഞുതാഴ്ന്നത്. മട്ടന്നൂർ കുഞ്ഞിപ്പള്ളി വളയാൽ റോഡിൽ തെളുപ്പിലാണു കനാൽ തകർന്നു വീടുകളിലേക്കു വെള്ളം കുത്തിയൊഴുകിയത്.
പത്തോളം വീട്ടുകാരെ മാറ്റി താമസിപ്പിച്ചു. അഞ്ചുവീടുകളും വാഹനങ്ങളും വെള്ളത്തിൽ മുങ്ങി. കനാൽ പരിസരത്തെ സി. ഉത്തമൻ, സി. മധു, സി. പ്രശാന്തൻ, സി. കാഞ്ചന, കെ. ഖാദർ എന്നിവരുടെ
വീടുകളിലാണു വെള്ളം കയറിയത്. വീടുകൾ മുഴുവനായും വെള്ളത്തിൽ മുങ്ങിയ നിലയിലാണ്. വിവരമറിഞ്ഞ് മട്ടന്നൂരിൽനിന്ന് അഗ്നിരക്ഷാസേന, കീഴല്ലൂർ പഞ്ചായത്ത് അധികൃതർ, നാട്ടുകാർ,
പോലീസ്, വില്ലേജ് അധികൃതർ തുടങ്ങിയവർ സ്ഥലത്തെത്തി വീട്ടുകാരെ മാറ്റിത്താമസിപ്പിച്ചു. ഉത്തമന്റെ വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന കാറും ഓട്ടോറിക്ഷയും വെളളത്തിൽ മുങ്ങി. വെള്ളം കുത്തിയൊഴുകിയെത്തിയതിനാൽ വീടുകളിലെ വീട്ടുപകരണങ്ങൾ മാറ്റാൻ കഴിയാതെ എല്ലാം നശിച്ചു. ഖാദറിന്റെ വീടിന്റെ ചുറ്റുമതിൽ തകർന്ന് കല്ലും മണ്ണും വെളളവുമടക്കം വീടിനുളളിലും മുറ്റത്തും കെട്ടിക്കിടക്കുകയാണ്. ജനവാസ കേന്ദ്രത്തിലേക്കു വെള്ളം കുത്തിയൊഴുകിയതാണ് വൻ നാശനഷ്ടമുണ്ടാക്കിയത്.
കെ. അബ്ദുൾ റഹിമാന്റെ വീട്ടുമതിലും തകർന്നു. കനാലിന്റെ ഒരു ഭാഗമാണു തകർന്നത്. മട്ടന്നൂർ കുഞ്ഞിപ്പള്ളി-വളയാൽ റോഡിന്റെ ഒരുഭാഗം തകർന്ന് ഇതുവഴിയുള്ള ഗതാഗതം തടസപ്പെട്ടു. വെള്ളം ഒഴുകി കൃഷിയിടങ്ങളും നശിച്ചു. വൻ ശബ്ദത്തോടെയാണു കനാൽ തകർന്നു വെള്ളം വീടുകളിലേക്ക് ഒഴുകിയതെന്ന് വീട്ടുകാരനായ ഉത്തമൻ പറഞ്ഞു. വീട്ടുകാർ ഉറങ്ങാത്തതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. വിവരമറിഞ്ഞു നാട്ടുകാരടക്കം രക്ഷാപ്രവർത്തനം നടത്തിയത് ദുരന്തം ഒഴിവാക്കി.
കനാൽ തകർന്നത് കാണാൻ നിരവധി പേരാണ് പ്രദേശത്ത് എത്തിയത്. വീട്ടുപകരണങ്ങൾ അടക്കം നശിച്ചെങ്കിലും വീട്ടുകാരെ വേഗത്തിൽ മാറ്റാൻ സാധിച്ചതായി കീഴല്ലൂർ പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് കെ. അനിൽകുമാർ പറഞ്ഞു. ഇന്നലെ വൈകുന്നേരത്തോടെയാണു മണ്ണുമാന്തി യന്ത്രങ്ങൾ ഉപയോഗിച്ച് തകർന്ന കനാലിന്റെ ഭാഗം പൊളിച്ചുനീക്കി വെള്ളം സമീപത്തെ തോട്ടിലേക്ക് ഒഴുക്കി തുടങ്ങിയത്. കുത്തിയൊഴുകിയാൽ വീണ്ടും നാശനഷ്ടമുണ്ടാകുന്നതിനാൽ ചെറിയ തോതിലാണു വെള്ളമൊഴുക്കിയത്.
കനാലിന്റെ അരികും റോഡും തകർന്നതോടെ മട്ടന്നൂർ ഭാഗത്തുനിന്നു വളയാൽ, കീഴല്ലൂർ ഭാഗത്തേക്കുള്ള യാത്രയും മുടങ്ങി. തെളുപ്പ് പ്രദേശം ഒറ്റപ്പെടുന്ന അവസ്ഥയിലാണ്. 65 വർഷത്തോളം പഴക്കമുള്ള കനാലും അനുബന്ധ നിർമിതികളും അറ്റകുറ്റപ്പണി നടത്താത്തതാണു പ്രദേശവാസികൾക്ക് ദുരിതമാകുന്നതെന്ന് നാട്ടുകാർ പറഞ്ഞു. കാരയിൽ കനാൽ തകർന്ന ഭാഗം അഞ്ചുകോടി രൂപ ചെലവഴിച്ചാണു പുതുക്കിപ്പണിതത്.
കനാലിന്റെ അരിക് പലയിടത്തും ഇടിയുന്നതു പതിവാണ്. രണ്ടുവർഷം മുമ്പ് കാര ചാത്തോത്ത് കനാൽപ്പാലം തകർന്നിരുന്നു. കനാലും റോഡും ഉടൻ അറ്റകുറ്റപ്പണി നടത്തുമെന്നും ഇതിനുള്ള അടങ്കൽ തയാറാക്കി നൽകുമെന്നും സ്ഥലത്തെത്തിയ ജലസേചനവകുപ്പ് അധികൃതർ അറിയിച്ചു. മന്ത്രി സണ്ണി ജോസഫ് സ്ഥലം സന്ദർശിച്ചു. വി.കെ. സനോജ് എംഎൽഎ, നഗരസഭാ ചെയർമാൻ എൻ. ഷാജിത്ത്, കീഴല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് സി. സജീവൻ തുടങ്ങിയവർ സ്ഥലത്തെത്തി രക്ഷാപ്രവർത്തനത്തിനു നേതൃത്വം നൽകി.
District News
കൂടരഞ്ഞി: പൂവാറൻതോട് പ്രദേശത്ത് കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയെ തുടർന്ന്വീട് ഭാഗികമായി ഇടിഞ്ഞ് അപകടാവസ്ഥയിൽ. കിടങ്ങേടത്ത് ഷാജിമോന്റെ വീടാണ് ഭാഗികമായി ഇടിഞ്ഞ് അപകടാവസ്ഥയിലായത്. മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലിലാണ് വീടിന് കേടുപാടുകൾ സംഭവിച്ചത്.
സംഭവത്തെ തുടർന്ന് വാർഡ് അംഗം റോയി ആക്കേലിന്റെ നേതൃത്വത്തിൽ സ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. ദുരിതബാധിത കുടുംബത്തിന് ആവശ്യമായ തുടർനടപടികൾ സ്വീകരിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചതായി അറിയിച്ചു.
District News
കട്ടപ്പന: ശക്തമായ മഴയെത്തുടർന്ന് കാഞ്ചിയാർ ലബ്ബക്കടയിൽ വ്യാപാരസ്ഥാപനങ്ങൾ പ്രവർത്തിച്ചിരുന്ന കെട്ടിടത്തിന്റെ മേൽക്കൂര തകർന്നുവീണു. ലബ്ബക്കട ടൗണിൽ പഞ്ചായത്ത് റോഡിൽ സ്ഥിതി ചെയ്തിരുന്ന കൂട്ടുങ്കൽ ജോർജിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിന്റെ മേൽക്കൂരയാണ് തകർന്നുവീണത്. കെട്ടിടത്തിൽ ബാബു അഞ്ചാനി, അനിൽ ചെമ്പൻപുരിയിടം , ശശീദരൻ എന്നിവരുടെ പലചരക്കുകടകൾ, മിനി കോഫി ഷോപ്പ് എന്നിവയാണ് പ്രവർത്തിച്ചിരുന്നത്.
ഇന്നലെ രാവിലെ 10.30 ഓടെയാണ് സംഭവം. തകർന്നു വീഴുന്ന ശബ്ദം കേട്ട് കടയിൽ ഉണ്ടായിരുന്ന ഉടമകൾ അടക്കം പുറത്തേക്ക് ഇറങ്ങി ഓടിയതിനാൽ ആർക്കും പരിക്കില്ല. കെട്ടിടത്തിന് മുൻപിൽ പാർക്ക് ചെയ്തിരുന്ന കാറിനു കേടുപാടുകൾ സംഭവിച്ചു. അമ്പതോളം വർഷം പഴക്കമുള്ള ഓടിട്ട കെട്ടിടമാണ് തകർന്നത്.
മഴ വെള്ളം ഇറങ്ങി വ്യാപാരസ്ഥാപനത്തിൽ ഉണ്ടായിരുന്ന സാധനങ്ങൾക്ക് നാശം സംഭവിച്ചു .. നാട്ടുകാരുടെയും കട ഉടമകളുടടെയും നേതൃത്വത്തിൽ സാധനങ്ങൾ മറ്റൊരു സ്ഥലത്തേക്ക് മാറ്റി.
District News
കരുവാരകുണ്ട്: കനത്ത മഴയിൽ നിർമാണത്തിലിരുന്ന വീട് തകർന്നു. കരുവാരകുണ്ട് ഇരിങ്ങാട്ടിരി മൂച്ചിക്കലിലെ മൂർക്കൻ മിർഷാദിന്റെ വീടാണ് തിങ്കളാഴ്ച പുലർച്ചെ പൂർണമായി തകർന്നത്. രണ്ട് ദിവസമായി പ്രദേശത്ത് ശക്തമായ മഴയാണ് അനുഭവപ്പെടുന്നത്. ഇതേത്തുടർന്ന് വ്യാപക നാശ നഷ്ടങ്ങളാണ് പ്രദേശത്ത് സംഭവിച്ചത്. വീട്ടുടമയ്ക്ക് നഷ്ടപരിഹാരം ലഭ്യമാക്കുന്നതിനുള്ള ശ്രമം നടത്തുമെന്ന് ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ വി. ഷബീറലി, അംഗം മാട്ടുമ്മൽ സലാം എന്നിവർ പറഞ്ഞു.
National
ന്യൂഡൽഹി: പല ദേശീയ മാധ്യമങ്ങളും മുഖംതിരിച്ച പ്രതിഷേധം ജനങ്ങൾ ഏറ്റെടുത്ത് വൻ വിജയമാക്കിയതിനു പിന്നിൽ നവമാധ്യമങ്ങളുടെ ഉജ്വല പ്രകടനം.
ഡിജിറ്റൽ യുഗത്തിൽ "ഗോദി മീഡിയ’എന്ന് ആക്ഷേപിക്കപ്പെടുന്ന പല മാധ്യമങ്ങളും സമരത്തോട് അകലം പാലിച്ചപ്പോൾ നവയുഗത്തിലെ ഡിജിറ്റൽ മാധ്യമപ്രവർത്തകരും സ്വതന്ത്ര-നിഷ്പക്ഷ മാധ്യമപ്രവർത്തകരും സാധാരണക്കാരുമാണ് ജനഹൃദയങ്ങളിൽ സമരജ്വാല അണയാതെ കാത്തത്.
വിദ്യാഭ്യാസമന്ത്രിയുടെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധത്തിന്റെ ആദ്യദിനം മുതൽ കൈയിൽ മൊബൈലുകളുമേന്തി നൂറിലേറെ സ്വതന്ത്ര മാധ്യമപ്രവർത്തകരായിരുന്നു പ്രതിഷേധത്തിന്റെ ഓരോ അപ്ഡേറ്റും വഴി സമൂഹമാധ്യമങ്ങളിലൂടെ ജനരോഷത്തിന്റെ തിരി കെടാതെ കാത്തത്.
ഡൽഹിയെ കുലുക്കിയ ജൂലൈ 20ലെ പാർലമെന്റ് മാർച്ച് പല ദേശീയ ടെലിവിഷൻ ചാനലുകളും റിപ്പോർട്ട് ചെയ്തതുപോലുമില്ല. മാധ്യമപ്രവർത്തനത്തിന്റെ പ്രാഥമിക യുക്തിയാണ് ഇവിടെ ചോദ്യം ചെയ്യപ്പെട്ടത്.
എന്നാൽ, മൊബൈലിലെ ഒരൊറ്റ ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് ലൈവിൽ കുറഞ്ഞത് പതിനായിരം പേരെയെങ്കിലും ഡിജിറ്റൽ മാധ്യമപ്രവർത്തകർ സ്ക്രീനുകളിലൂടെ ജന്തർ മന്തറിലെത്തിച്ചിരുന്നു. ഒട്ടേറെ പുതുമകളുണ്ടായിരുന്ന രാജ്യത്തെ ആദ്യ ഡിജിറ്റൽ പ്രതിഷേധത്തിലെ ഓരോ പുതുമയും സമൂഹമാധ്യമങ്ങളിലൂടെ വൈറലാകുകയായിരുന്നു.
പ്രധാനമന്ത്രിയെയും കേന്ദ്രമന്ത്രിമാരെയും വിമർശിക്കാൻ മാധ്യമങ്ങൾ മടിച്ചുനിന്നപ്പോൾ സർഗാത്മകമായ മീമുകളിലൂടെയും വീഡിയോകളിലൂടെയും ന്യൂജെൻ ജനാധിപത്യത്തിന്റെ കാവൽക്കാരെന്ന് അവകാശപ്പെടുന്ന അധികാരികളെയും അവരുടെ വൈതാളികരെയും ധൈര്യപൂർവം പരിഹസിച്ചു.
പാർലമെന്റ് മാർച്ചിലെ പോലീസ് അതിക്രമങ്ങൾ പല പത്രങ്ങളുടെയും ടെലിവിഷൻ മാധ്യമങ്ങളുടെയും കണ്ണിലുടക്കാതെയായപ്പോൾ മൊബൈലുകളുമായി നിരത്തിലിറങ്ങിയ സാധാരണക്കാരും ഡിജിറ്റൽ മാധ്യമപ്രവർത്തകരുമാണ് നരനായാട്ട് ലോകത്തെ അറിയിച്ചത്.
മാറുന്ന ലോകത്തിൽ സത്യത്തിനു നേരേ മുഖം തിരിച്ചാലും ജനം കണ്ണാടിയാകുമെന്ന തിരിച്ചറിവുകൂടിയാണ് രാജ്യത്തെ ആദ്യ ഡിജിറ്റൽ പ്രതിഷേധത്തിന്റെ വിജയം.
District News
വണ്ടിത്താവളം: നന്ദിയോട് ഏറാട്ടുചള്ള സ്വദേശി രമേഷിന്റെ വീട് തകർന്നു നിലംപതിച്ചു. വീടിനു പിൻഭാഗത്തെ മൺചുമർ ഇടിഞ്ഞുവീണതിനെ തുടർന്ന് മേൽക്കൂരയും തകർന്നു. വീട്ടുപകരണങ്ങൾക്കുംനാശനഷ്ടമുണ്ടായിട്ടുണ്ട്. ചുമർ ഇടിയുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ രമേഷും ഭാര്യ ഗീതയും രണ്ടാം ക്ലാസിൽ പഠിക്കുന്ന മകളും ഉടൻ വീട്ടിൽനിന്ന് പുറത്തേക്കിറങ്ങിയതിനാൽ വൻ അപകടമാണ് ഒഴിവായത്.
വീട് താമസയോഗ്യമല്ലാതായതിനെ തുടർന്ന് കുടുംബം സമീപവാസിയുടെ തോട്ടത്തിലെ ഷെഡിലേക്കു മാറി. വില്ലേജ് അധികൃതര സ്ഥലം സന്ദർശിച്ചു റിപ്പോർട്ട് ശേഖരിച്ചു. കാലപ്പഴക്കം മൂലമുള്ള ദുർബലാവസ്ഥയാണ് വീട് തകരാൻ കാരണമായത്.
Kerala
കൊച്ചി: എറണാകുളം എംജി റോഡിലെ തകർന്ന കെട്ടിടം പൊളിച്ചു നീക്കാനുള്ള നടപടികൾ ഇന്നുമുതൽ ആരംഭിക്കും. പ്രാരംഭ നടപടികൾ വെള്ളിയാഴ്ച ആരംഭിച്ചിരുന്നു.
കെട്ടിടം പൊളിച്ചു നീക്കുന്നതിന്റെ ചെലവ് പൂർണമായും കെട്ടിടം ഉടമയിൽ നിന്നും ഈടാക്കും. സമീപത്തുണ്ടായ നാശനഷ്ടങ്ങളുടെ നഷ്ടപരിഹാരവും ഉടമ നൽകണം. ഒരാഴ്ചകൊണ്ട് പൊളിക്കുന്ന ജോലികൾ പൂർത്തിയാക്കുമെന്നാണ് കരാർ കമ്പനി പറയുന്നത്.
അതേസമയം അശാസ്ത്രീയമായാണ് കെട്ടിടം പൊളിക്കൽ നടക്കുന്നതെന്നും ആരോപണമുണ്ട്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് ജോസ് ജംഗ്ഷന് സമീപം ജാക്കി ഉപയോഗിച്ച് ഉയർത്തുന്നതിനിടെ കെട്ടിടം സമീപത്തുള്ള കെട്ടിടത്തിലേക്ക് ചെരിഞ്ഞത്.
International
ഹൂസ്റ്റൺ: വെനസ്വേല ഭൂകന്പത്തിൽ 58,870 കെട്ടിടങ്ങൾ തകരുകയോ കേടുപാട് നേരിടുകയോ ചെയ്തതായി അനുമാനം.
അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസ ഭൂകന്പത്തിനു പിന്നാലെ പകർത്തിയ ഉപഗ്രഹ ചിത്രത്തിലാണ് ദുരന്തത്തിന്റെ വ്യാപ്തി പ്രതീക്ഷിച്ചതിലും ഏറെ വലുതാണെന്നു വ്യക്തമായത്.കഴിഞ്ഞ ബുനാഴ്ചയുണ്ടായ ഇരട്ട ഭൂകന്പങ്ങളിൽ 1719 പേരാണ് മരിച്ചത്.
5000നു മുകളിൽപേർക്കു പരിക്കേറ്റു.അവശിഷ്ടങ്ങൾക്കടിയിൽ ഇനിയും ആയിരങ്ങൾ ജീവനടെയോ അല്ലാതെയോ കുടുങ്ങിക്കിടക്കുന്നതായി കരുതുന്നു. മൃതദേഹങ്ങൾക്കായി പതിനായിരം ബോഡി ബാഗുകൾ യുഎൻ അടക്കമുള്ള ഏജൻസികൾ ശേഖരിച്ചിട്ടുണ്ട്.
National
കോൽക്കത്ത: പശ്ചിമബംഗാളിലെ കോൽക്കത്തയിൽ നിർമാണത്തിലിരുന്ന കെട്ടിടം തകർന്നുവീണ് മരിച്ചവരുടെ എണ്ണം അഞ്ചായി. തരതല ബ്രേസ് ബ്രിഡ്ജ് റെയിൽവേ സ്റ്റേഷന് സമീപമുള്ള ഗോഡൗണിന്റെ മേൽക്കൂര തകർന്നുവീണ് ആണ് അപകടം സംഭവിച്ചത്.
കെട്ടിടത്തിന്റെ ഉള്ളിൽ കുടുങ്ങിക്കിടന്ന ഏഴ് തൊഴിലാളികളെ രക്ഷപ്പെടുത്തി. മരണ സംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് ലഭിക്കുന്ന വിവരം. കെട്ടിട അവശിഷ്ടങ്ങൾക്കിടയില് 30ൽ അധികം ആളുകൾ കുടുങ്ങി കിടപ്പുണ്ടെന്നാണ് അധികൃതര് അറിയിക്കുന്നത്.
സംഭവ സ്ഥലത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ബുധനാഴ്ച ഉച്ചയോടെയാണ് അപകടം സംഭവിച്ചത്. മുഖ്യമന്ത്രി സുവേന്ദു അധികാരി സ്ഥിതിഗതികൾ വിലയിരുത്തുന്നുണ്ട്.
District News
രാജാക്കാട്: ചിന്നക്കനാൽ മേഖല കാട്ടാനകളുടേയും കടുവയുടെയും നിയന്ത്രണത്തിലായി. കാട്ടാനയാക്രമണം തുടർക്കഥയായിരുന്ന ചിന്നക്കനാൽ മേഖലയിൽ വീണ്ടും കാട്ടാന ആക്രമണം നടത്തി. കഴിഞ്ഞ ദിവസം ചിന്നക്കനാൽ സിങ്കുകണ്ടം സ്വദേശിനി മുതുപ്ലാക്കൽ മറിയക്കുട്ടി (87)യുടെ വീടാണ് കാട്ടാന തകർത്തത്. കഴിഞ്ഞ ദിവസം കടുവയും രംഗത്തിറങ്ങി വളർത്തുമൃഗത്തെ കൊന്നു.
അരിക്കൊമ്പനു ശേഷം കാട്ടിലെ ഭരണം ഏറ്റെടുത്ത ചക്കക്കൊമ്പനും കൂട്ടരും അരിക്കൊമ്പന്റെ പാത പിൻതുടർന്ന് ജനവാസമേഖലയിലേക്കിറങ്ങി ആക്രമണം തുടരുകയാണ്. തിങ്കളാഴ്ച രാത്രിയിലായിരുന്നു കാട്ടാന വീട് തകർത്തത്. മറിയക്കുട്ടി രാത്രിയിൽ മകന്റെ വീട്ടിൽ പോയിരുന്നതിനാൽ ആളപായം ഒഴിവായി.
District News
ഇടവെട്ടി: കനത്ത മഴയെത്തുടര്ന്ന് ഇടവെട്ടി നടയം ഭാഗത്ത് സംരക്ഷണഭിത്തി ഇടിഞ്ഞ് വീട് അപകടാവസ്ഥയിലായി. മേലേടത്ത് ചന്ദ്രബാബുവിന്റെ വീടിന്റെ സംരക്ഷണഭിത്തിയാണ് തകര്ന്നത്. കല്ക്കെട്ട് ഇടിഞ്ഞ് തറയുടെ അടിത്തറയുടെ മണ്ണിളകി മാറി. മുറ്റത്തുണ്ടായിരുന്ന ടോയ്ലറ്റും തകര്ന്നു. വീടിന്റെ പിന്ഭാഗത്തെ ഭിത്തിയും തറയും വിണ്ടുകീറിയിട്ടുണ്ട്. ഏതുസമയവും വീട് നിലംപതിക്കുമെന്ന ഭീതിയിലാണ്. പഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദ് അമീര്, പഞ്ചായത്തംഗം ടി. എം. മുജീബ് എന്നിവര് സ്ഥലം സന്ദര്ശിച്ചു.
District News
ചാവക്കാട്: കാറ്റിലും മഴയിലും ചാവക്കാട് മേഖലയിൽ മൂന്നിടത്ത് നാശം. കനത്തമഴയിൽ വടക്കേക്കാട് വീടിന്റെ ചുമർഇടിഞ്ഞുവീണു. 13-ാം വാർഡ് കല്ലൂർ പള്ളിക്കു തെക്കുഭാഗം കണ്ടന്പുള്ളി പരേതനായ മണിയുടെ ഭാര്യ പത്മിനി താമസിക്കുന്ന ഓടുമേഞ്ഞ വീടിന്റെ പിൻഭാഗത്തെ ചുമരാണ് ഇടിഞ്ഞുവീണത്. പത്മിനി ഒറ്റയ്ക്കാണ് ഇവിടെ താമസം. ചുമർ പുറത്തേക്കു വീണതിനാൽ അപകടം ഒഴിവായി.
പുന്നയൂർക്കുളത്ത് തൃപ്പറ്റ് കിട്ടപ്പടി റോഡിൽ ചേന്ദ്രാൻ ഗോപിയുടെ വീട്ടുമുറ്റത്തെ കിണർ വലിയ ശബ്ദത്തോടുകൂടി അരമതിലിനുതാഴെ ഇടിഞ്ഞു. ഇതോടൊപ്പം ചുറ്റുമുള്ള മണ്ണും കിണറ്റിലടിഞ്ഞു.
ശക്തമായ കാറ്റിൽ ബ്ലാങ്ങാട് ബീച്ചിൽ ഷെഡുകൾ തകർന്നു. മത്സ്യം സംസ്കരിക്കുന്ന രണ്ടു ഷെഡുകളാണ് കാറ്റിൽ തകർന്നത്. മേൽക്കൂര നിലംപതിച്ചു. വൈദ്യുതകന്പികൾ പൊട്ടിവീണു.
District News
അടൂർ: അടൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിനു സമീപത്തെ കേന്ദ്രീയ വിദ്യാലത്തിന്റെ മതിൽ തകർന്നു വീണു. രണ്ടു സ്കൂളുകളുടെ അതിരുകൾ വേർതിരിക്കുന്ന മതിലാണ് തകർന്നത്.
ഇന്നലെ രാവിലെ 9.40ന് പെയ്ത ശക്തമായ മഴയിലാണ് മതിൽ തകർന്നത്.
മതിൽ തകർന്നതോടെ മഴ വെള്ളം ശക്തമായി അടൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിന്റെ പുരയിടത്തിലേക്ക് എത്തി. മതിൽ ഇടിഞ്ഞുവീണതിനു സമീപമാണ് അടൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ കുട്ടികൾക്ക് ഭക്ഷണം പാചകം ചെയ്യുന്ന കെട്ടിടമുള്ളത്.
ഇതിനു കേടുപാടുകൾ ഉണ്ടായിട്ടില്ല. എന്നാൽ, കുടിവെള്ളം എത്തിക്കുന്ന പൈപ്പ് പൊട്ടിയിട്ടുണ്ട്. മതിൽ സ്ഥിതിചെയ്യുന്ന ഭാഗത്ത് സാധാരണ കുട്ടികൾ പോകാറില്ലെന്ന് സ്കൂൾ അധികൃതർ പറഞ്ഞു
District News
ചെങ്ങന്നൂർ: ഇന്നലെ പുലർച്ചെയുണ്ടായ ശക്തമായ മഴയിലും കാറ്റിലും വെൺമണി പഞ്ചായത്തിൽ വീടിന്റെ മേൽക്കൂര തകർന്നുവീണു. വെണ്മണി പതിനാലാം വാർഡിൽ ഉദിനിൽക്കും തറയിൽ രാജമ്മയുടെ വീടിനാണ് ഭാഗികമായ നാശനഷ്ടം സംഭവിച്ചത്.
പുലർച്ചെയോടെ പെയ്ത കനത്ത മഴയിലാണ് വീടിന്റെ മേൽക്കൂര തകർന്നു വീണത്.
അപകടസമയത്ത് വീട്ടുകാർ ഉള്ളിലുണ്ടായിരുന്നെങ്കിലും അദ്ഭുതകരമായി പരിക്കേൽക്കാതെ രക്ഷപ്പെടുകയായിരുന്നു.
മേൽക്കൂര തകർന്നതിനെ തുടർന്ന് വീട്ടുപകരണങ്ങൾക്കും നാശനഷ്ടം നേരിട്ടിട്ടുണ്ട്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി പ്രദേശത്ത് കനത്ത മഴയാണ് പെയ്യുന്നത്.
Kerala
കാസർഗോഡ്: അഡൂരില് വീടിന്റെ മതിലിടിഞ്ഞ് രണ്ട് കുട്ടികള്ക്ക് ദാരുണാന്ത്യം. സഹോദരങ്ങളാണ് മരിച്ചത്. അഡൂര് പിഎച്ച്സിക്ക് സമീപത്തുള്ള അബൂബക്കറിന്റെ മക്കളായ മുസമ്മില് (14), മുന്സിര് (10) എന്നിവരാണ് മരിച്ചത്.
ഒരു കുട്ടിക്ക് പരിക്കേറ്റിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റ ഒമ്പത് വയസുകാരനെ കാസർഗോട്ടെ സ്വകാര്യ ആശുപത്രിയില് പ്രവേശിപ്പിച്ചിട്ടുണ്ട്. കുട്ടികൾ കളിക്കുന്നതിനിടെയായിരുന്നു അപകടം.
ചെങ്കൽ മതിലാണ് കുട്ടികളുടെ ദേഹത്തേക്ക് വീണത്. ഒരു കുട്ടി തൽക്ഷണവും മറ്റൊരു കുട്ടി ആശുപത്രിയിൽ എത്തിച്ചപ്പോഴുമാണ് മരിച്ചത്. രാവിലെ മുതൽ കാസർഗോഡ് കനത്ത മഴയാണ് റിപ്പോർട്ട് ചെയ്യുന്നത്.
Kerala
കൊച്ചി: കനത്ത മഴയില് തകര്ന്നു വീണ മൂവാറ്റുപുഴ തൃക്കളത്തൂര് സൊസൈറ്റിപടി ഗവണ്മെന്റ് എല്പിജി സ്കൂളിന്റെ ചുറ്റുമതില് പുനര്നിര്മ്മിക്കണമെന്ന് ആവശ്യം. ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് കനത്ത മഴയില് സ്കൂളിന്റെ ചുറ്റുമതില് തകര്ന്ന് സമീപത്തെ എന്എസ്എസ് സ്കൂള് ഗ്രൗണ്ടിലേക്ക് പതിച്ചത്.
ചുറ്റുമതില് തകര്ന്നതു കാരണം സ്കൂളിലെ പാചകപ്പുര അടക്കം അപകട ഭീഷണി നേരിടുകയാണ്. മതിലിടിഞ്ഞ് വീണ് ദിവസങ്ങള് കഴിഞ്ഞിട്ടും ബന്ധപ്പെട്ട അധികാരികള് ആരും ഈ സ്ഥലം സന്ദര്ശിച്ചിട്ടില്ല. ഉടന് ചുറ്റുമതില് നിര്മ്മിക്കണമെന്നാണ് സ്കൂള് അധികൃതരുടെ ആവശ്യം.
District News
കാഞ്ഞങ്ങാട്: കനത്ത മഴയില് മതില് പൂര്ണമായും തകര്ന്ന് റോഡിലേക്ക് വീണു. വന്ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്. ഇന്നലെ ഉച്ചകഴിഞ്ഞ് 2.15ഓടെ കാഞ്ഞങ്ങാട് പുതിയകോട്ടയിലെ ക്രൈസ്റ്റ് സിഎസ്ഐ പള്ളിയുടെ മതിലാണ് തകര്ന്നുവീണത്. ഇതിനുസമീപമാണ് യുബിഎംസി എഎല്പി സ്കൂള് സ്ഥിതിചെയ്യുന്നത്.
അപകടസമയത്ത് റോഡില് ആരും ഉണ്ടായിരുന്നില്ല. സ്കൂള്വിട്ട സമയത്താണ് അപകടമുണ്ടായിരുന്നതെങ്കില് വലിയ ദുരന്തം സംഭവിക്കുമായിരുന്നു. റോഡ് പൂര്ണമായും കല്ലും മണ്ണും കൊണ്ട് മൂടിയ നിലയിലാണ്. ഇതോടെ ഇതുവഴിയുള്ള ഗതാഗതം പൂര്ണമായും തടസപ്പെട്ടു. 30 മീറ്റര് നീളത്തിലും 10 മീറ്റര് ഉയരത്തിലും ചെങ്കല്ലും കോണ്ക്രീറ്റും ഉപയോഗിച്ച് നിര്മിച്ച മതിലാണ് തകര്ന്നത്. സമീപത്തെ വീട്ടുമുറ്റത്ത് നിര്ത്തിയിട്ടിരുന്ന കാറിന് കല്ല് പതിച്ച് കേടുപാടുണ്ടായിട്ടുണ്ട്. മഴയെതുടര്ന്ന് മണ്ണ് ദുര്ബലമായതാകാം മതില് തകര്ന്നുവീഴാന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.
International
വത്തിക്കാൻ സിറ്റി: തന്നെ കാണാനായി മണിക്കൂറുകൾ കാത്തുനിന്ന പുരോഹിതൻ ചൂടു മൂലം കുഴഞ്ഞുവീണപ്പോൾ സഹായിക്കാൻ ഓടിയെത്തി ലെയോ പതിനാലാമൻ മാർപാപ്പ. ബുധനാഴ്ച മാർപാപ്പയുടെ പ്രതിവാര പൊതുദർശന പരിപാടിക്കിടെയായിരുന്നു സംഭവം.
തെക്കൻ ഇറ്റലിയിലെ മാർട്ടീന ഫ്രാങ്ക സ്വദേശിയായ ഫാ. ഡിയേഗോ സെമറാറോ ആണ് കുഴഞ്ഞുവീണത്. 81 വയസുള്ള അദ്ദേഹം സഹോദരനും വൈദികനുമായ ഫാ. ഫ്രാങ്കോ സെമറാറോയ്ക്കൊപ്പമാണ് വത്തിക്കാൻ സന്ദർശിച്ചത്.
പ്രതിവാര പൊതുദർന പരിപാടിയുടെ സമാപനത്തിൽ മാർപാപ്പയ്ക്കു ഹസ്തദാനം ചെയ്യാൻ സമീപക്കവേയാണ് കുഴഞ്ഞുവീണത്.
മൂന്നു മണിക്കൂറോളം അദ്ദേഹം കാത്തുനിന്നിരുന്നു. വത്തിക്കാനിലും റോമിലും സമീപ ദിവസങ്ങളിൽ കനത്ത ചൂടാണ് റിപ്പോർട്ട് ചെയ്യുന്നത്.
കുഴഞ്ഞുവീണ വൈദികന്റെ സമീപം ആദ്യമെത്തിയത് മാർപാപ്പയായിരുന്നു. തന്റെ മുന്നിൽ കുനിഞ്ഞുനിൽക്കുന്ന മാർപാപ്പയെ തിരിച്ചറിഞ്ഞ പുരോഹിതൻ “പരിശുദ്ധ പിതാവേ, ഇത് അങ്ങു തന്നെയാണോ” എന്ന് ആശ്ചര്യപ്പെടുകയുമുണ്ടായി.
വത്തിക്കാനിൽ വൈദ്യസഹായം ലഭിച്ച സഹോദരന് ദൈവകാരുണ്യത്താൽ ആരോഗ്യപ്രശ്നങ്ങളില്ലെന്ന് ഫാ. ഫ്രാങ്കോ സെമറാറോ അറിയിച്ചു.
Kerala
തിരുവനന്തപുരം: സ്മാർട്ട് വില്ലേജ് ഓഫീസിന്റെ മതിലിന്റെ കരിങ്കൽ സംരക്ഷണ ഭിത്തി തകർന്നു വീണു. കഴിഞ്ഞ ദിവസത്തെ മഴയിലാണ് നാശം സംഭവിച്ചത്.
കരിങ്കൽ കെട്ട് ഇടിഞ്ഞെങ്കിലും ഇതിന് മുകളിലെ കോൺക്രീറ്റ് സ്ലാബിലാണ് ഇപ്പോൾ മതിൽ നിൽക്കുന്നത്. ഇത് കൂടി വീണാൽ കെട്ടിടത്തിന്റെ വശത്തുനിന്ന് ഉൾപ്പെടെ മണ്ണ് ഇടിഞ്ഞു വീഴും. ഇതോടെ മന്ദിരവും അപകടാവസ്ഥയിലാകും. അടിഭാഗം തകർന്നതോടെ ഇനി ശക്തമായി മഴ പെയ്താൽ മതിൽ പൂർണമായി തകരും.
വില്ലേജ് ഓഫിസ് കെട്ടിടത്തിന്റെ പിൻഭാഗത്തെ ഭിത്തിയിൽ വിള്ളൽ വീണിട്ടും മാസങ്ങളായി. മൂന്നു വർഷം മുൻപ് നിർമിച്ച കെട്ടിടത്തിന്റെ ഭിത്തിയിൽ ഇത് രണ്ടാം തവണയാണ് വിള്ളൽ വീഴുന്നത്. കെട്ടിടത്തിന്റെ പിൻവശത്ത് ഉയരത്തിൽ സംരക്ഷണ ഭിത്തി നിർമിച്ച് ഇതിനുള്ളിൽ മണ്ണിട്ട് നിറച്ചാണ് മന്ദിരം നിർമിച്ചിരിക്കുന്നത്. മഴയിൽ ഈ മണ്ണ് കൊണ്ട് താഴ്ന്നതാകാം കെട്ടിടത്തിന്റെ ഭിത്തിക്കു വിള്ളൽ വീണതെന്നാണ് വിവരം.
2023 മാർച്ച് 21 ന് ആണ് വില്ലേജ് ഓഫിസ് കെട്ടിടം ഉദ്ഘാടനം ചെയ്തത്. 2023 അവസാനം തന്നെ കെട്ടിടത്തിന്റെ ഭിത്തിയിൽ വിള്ളൽ വീണു. 2024ൽ അറ്റകുറ്റ പണി ചെയ്ത് വിള്ളൽ ഒഴിവാക്കി. ശേഷമാണ് വീണ്ടും വിള്ളൽ വീണിരിക്കുന്നത്.
വില്ലേജ് ഓഫിസിൽ ആറ് ജീവനക്കാരാണ് ജോലി ചെയ്യുന്നത്. പൈപ്പ് അടഞ്ഞിരിക്കുന്നതിനാൽ കെട്ടിടത്തിനു മുകളിൽ മഴയിൽ വെള്ളം കെട്ടി നിൽക്കുകയാണ്. ഗോവണി ഇല്ലാത്തതിനെത്തുടർന്ന് ജീവനക്കാർക്ക് ഇതിനു മുകളിൽ കയറി വെള്ളം കെട്ടി നിൽക്കുന്നത് ഒഴിവാക്കാനും കഴിയുന്നില്ല.
ഉടനടി ഈപ്രശ്നങ്ങൾക്ക് പരിഹാരം കാണണമെന്നു നാട്ടുകാർ ആവശ്യപ്പെട്ടു. ജി.ആർ. അനിൽ എംഎൽഎ സ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി.
Kerala
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ നടപ്പിലാക്കാൻ ആദ്യ ക്യാബിനറ്റിൽ തന്നെ തീരുമാനിച്ച വി.ഡി.സതീശൻ സർക്കാരിനെ അഭിനന്ദിച്ച് എ.കെ.ആന്റണി. ബാലഗോപാൽ പറയുന്നു ഖജനാവ് പാപ്പരല്ലെന്ന്. എന്നാൽ പൂർണമായി തകർന്നടിഞ്ഞ സാമ്പത്തിക നിലയാണ് സംസ്ഥാനത്തുള്ളതെന്നും ആന്റണി പറഞ്ഞു.
മന്ത്രിമാരുടെ വകുപ്പ് വിഭജനം നീളുന്നതിനെക്കുറിച്ച് ആശങ്കവേണ്ട. ഒരു വലിയ പ്രതിഭകളുടെ നിരയാണ് ഇത്തവണ സഭയിലെത്തിയിരിക്കുന്നത്. യുഡിഎഫിൽ ഇത്രയധികം വനിതാ എംഎൽഎമാരും, യുവ എംഎംഎമാരും, പട്ടികജാതി വിഭാഗത്തിൽ നിന്നുള്ള എംഎൽഎമാരും ഒരുമിച്ച് ഉണ്ടായിട്ടില്ലെന്ന് ആന്റണി ചൂണ്ടിക്കാട്ടി.
കമ്യൂണിസ്റ്റ് കോട്ടയായ കോങ്ങാട് മണ്ഡലത്തിൽ തുളസി നേടിയത് അതിശയിപ്പിക്കുന്ന വിജയമാണ്. വലിയ പോരാട്ടങ്ങളിലൂടെ ഉയർന്നുവന്ന നേതാവാണ് തുളസി. മാറിമാറി വന്ന ഗവൺമെന്റുകൾ ആയിരക്കണക്കിന് കോടി രൂപയാണ് അട്ടപ്പാടിയിൽ ഒഴുക്കിയത്. എന്നാൽ അവിടെ ഇനിയും വികസനമെത്തേണ്ടതുണ്ട്.
അതുകൊണ്ട് അട്ടപ്പാടിയുടെ കാര്യത്തിൽ ഒരു പ്രത്യേക കണ്ണ് വേണമെന്ന് താൻ തുളസിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ടീം യുഡിഎഫ് മികച്ച മുന്നേറ്റം നടത്തുമെന്നും എ.കെ.ആന്റണി വ്യക്തമാക്കി.
District News
എടത്വ: ഭിന്നശേഷിക്കാരന് തനിച്ചു താമസിക്കുന്ന വീടിന്റെ മേല്ക്കൂര കാറ്റില് തകര്ന്നു വീണു. എടത്വ പഞ്ചായത്ത് രണ്ടാം വാര്ഡ് തായങ്കരി കൊച്ചുതറ വീട്ടില് കെ.ബി സന്തോഷിന്റെ വീടിന്റെ മേല്ക്കൂരയാണ് കാറ്റില് തകര്ന്നു വീണത്.
ചൊവ്വാഴ്ച രാത്രിയിലുണ്ടായ ശക്തമായ കാറ്റിലും പേമാരിയിലുമാണ് സംഭവം. വീടിന്റെ മേല്ക്കൂരയിലെ ആസ്ബറ്റോസ് ഷീറ്റുകള് പൂര്ണ്ണമായി തകര്ന്നു വീണിട്ടുണ്ട്. സംസാരശേഷിയും കേള്വി ശക്തിയുമില്ലാത്ത സന്തോഷ് തനിച്ചാണ് വീട്ടില് താമസിക്കുന്നത്.
അപകട സമയത്ത് സന്തോഷ് കടയില് പോയിരിക്കുകയായതിനാല് വന്ദുരന്തം ഒഴിവായതായി വാര്ഡ് മെംബര് ജീമോന് ജോസഫ് പറഞ്ഞു.
NRI
ലണ്ടൻ: യുകെയിൽ രാവിലെ നടക്കാനിറങ്ങിയ മലയാളി കുഴഞ്ഞുവീണ് മരിച്ചു. ആലപ്പുഴ തലവടി സ്വദേശി ജോര്ജി ആംബ്രയിൽ മാത്യു (47) ആണ് മരിച്ചത്.
ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ചാർട്ടേഡ് അക്കൗണ്ടന്റായ ജോർജി ഹാറോവിലെ റജന്റ്സ് പ്ലേസ് ലൗട്ടണിലായിരുന്നു കുടുംബമായി താമസിച്ചിരുന്നത്.
യുകെയിലെ മലയാളി സാംസ്കാരിക - സാമൂഹിക രംഗങ്ങളില് സജീവ സാന്നിധ്യമായിരുന്നു ജോർജി. ഭാര്യ: റെൻജു. മകൾ: കാരൻ.
District News
ഏറ്റുമാനൂർ: തകർന്നടിഞ്ഞ കോടതിപ്പടി-തുമ്പശേരിപ്പടി റോഡിൽ യാത്ര ദുഷ്കരം. വാഹനയാത്ര മാത്രമല്ല, കാൽനടയാത്ര പോലും അസാധ്യമാകുംവിധം റോഡ് തകർന്നിട്ട് ആറു വർഷത്തിലേറെയായി.
എംസി റോഡിനെയും ഏറ്റുമാനൂർ-അതിരമ്പുഴ റോഡിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന റോഡാണിത്. ഏറ്റുമാനൂർ-നീണ്ടൂർ റോഡിൽനിന്നും ഏറ്റുമാനൂർ-അതിരമ്പുഴ റോഡിൽ നിന്നും എംസി റോഡിലേക്കും തിരികെയും ഏറ്റുമാനൂർ ടൗണിൽ കയറാതെ ഈ റോഡിലൂടെ പോകാം.
എംസി റോഡിൽ ഗതാഗതക്കുരുക്കുണ്ടാകുമ്പോൾ ഇതുവഴിയാണ് വാഹനങ്ങൾ തിരിച്ചുവിടുന്നത്. ഇത്ര പ്രാധാന്യമുള്ള റോഡാണ് വർഷങ്ങളായി തകർന്നുകിടക്കുന്നത്.
ജലവിതരണ പദ്ധതിക്കുവേണ്ടി പൈപ്പ് ലൈൻ സ്ഥാപിക്കാൻ ആറു വർഷം മുമ്പ് കുഴിയെടുത്തതോടെയാണ് റോഡ് ശോച്യാവസ്ഥയിലായത്. പൈപ്പ് ലൈൻ സ്ഥാപിച്ച ശേഷം കുഴി യഥാവിധി മൂടാതെ കോൺക്രീറ്റ് ചെയ്തെങ്കിലും വൈകാതെ തകർന്നു. വിവിധ രാഷ്ട്രീയ പാർട്ടികളുടെയും സംഘടനകളുടെയും പ്രക്ഷോഭങ്ങളെത്തുടർന്ന് രണ്ടു വർഷം മുമ്പ് പാച്ച് വർക്ക് നടത്തി റോഡ് ഗതാഗത യോഗ്യമാക്കിയിരുന്നു. എന്നാൽ ഇപ്പോൾ റോഡ് വീണ്ടും പാടേ തകർന്നിരിക്കുന്നു.
ഏറ്റുമാനൂർ നഗരസഭയുടെ പരിധിയിൽ വരുന്ന റോഡാണിത്. എന്നാൽ നിർദിഷ്ട റിംഗ് റോഡിനുവേണ്ടി ഏറ്റെടുത്തതിനാൽ ഇനി നഗരസഭയ്ക്ക് റോഡ് നന്നാക്കാൻ സാധിക്കില്ല.റിംഗ് റോഡിന്റെ നിർമാണം ആരംഭിക്കുന്നതിന് ഇനിയും കാലതാമസമുണ്ടാകുകയും ചെയ്യും. അതുകൊണ്ട് താത്കാലിക പരിഹാരമെങ്കിലും ഉണ്ടായേ തീരൂ എന്നാണ് നാട്ടുകാർ പറയുന്നത്.
Kerala
പാലക്കാട്: കിണർ വൃത്തിയാക്കാൻ വേണ്ടി ഇറങ്ങിയ യുവാവ് സ്ലാബ് തകർന്ന് വീണ് മരിച്ചു. ചെത്തല്ലൂർ കൊട്ടിലിങ്ങൽ അബ്ദുൾ ജബ്ബാറിന്റെ മകൻ റിയാസ്(35) മരിച്ചത്. ഇന്ന് രാവിലെയാണ് അപകടം.
പൂവ്വത്താണിയിലെ അരിക്കാട്ടുപറമ്പിൽ ഷമീറിന്റ വീടിന്റെ കിണർ നന്നാക്കാൻ വേണ്ടി ഇറങ്ങിയതായിരുന്നു.
ബുധനാഴ്ച കിണർ വൃത്തിയാക്കിയിരുന്നെങ്കിലും പണി പൂർണമായും കഴിയാത്തതിനെ തുടർന്ന് ഇന്ന് രാവിലെയും കിണറിൽ ഇറങ്ങുകയായിരുന്നു. ഇതിനിടെയാണ് മുകളിൽ നിന്നും സ്ലാബ് പൊട്ടിവീണത്. പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Kerala
കൊല്ലം: അറബിക്കടലിൽനിന്നു വീശിയടിച്ച രാഷ്ട്രീയ കൊടുങ്കാറ്റിൽ കൊല്ലത്തെ ചുവപ്പു കോട്ടകൾ തകർന്നടിഞ്ഞു. ചരിത്രത്തിലാദ്യമായി ജില്ല ത്രിവർണത്തിൽ മുങ്ങി.
കൊല്ലം കീഴടക്കുന്നവർ കേരളം ഭരിക്കുമെന്ന കീഴ്വഴക്കം അന്വർഥമാക്കി കൊല്ലം യുഡിഎഫ് എടുത്തു. യുഡിഎഫ് തരംഗത്തിൽ പതിനൊന്നു സീറ്റിൽ എട്ടു സീറ്റും നേടിയപ്പോൾ ചാത്തന്നൂരിലൂടെ ബിജെപി കൊല്ലത്തും അക്കൗണ്ട് തുറന്നു. കൊട്ടാരക്കരയും പുനലൂരും മാത്രമാണ് എൽഡിഎഫിനു നേടാൻ കഴിഞ്ഞത്.
മന്ത്രിമാരിൽ ഗതാഗതമന്ത്രി കെ.ബി. ഗണേഷ്കുമാറിന്റെയും ക്ഷീരവകുപ്പ് മന്ത്രി ചിഞ്ചുറാണിയുടെയും പരാജയം എൽഡിഎഫിനു കനത്ത പ്രഹരമായി. മന്ത്രി കെ.എൻ. ബാലഗോപാലിനു മാത്രമാണ് മുഖം രക്ഷിക്കാൻ സാധിച്ചത്. കെ.ബി. ഗണേഷ്കുമാറിന്റെ കേരള കോൺഗ്രസ് ബിയുടെയും കോവൂർ കുഞ്ഞുമോന്റെ ആർഎസ്പി ലെനിനിസ്റ്റിന്റെയും സന്പൂർണപരാജയത്തിനും കൊല്ലം സാക്ഷിയായി. മുസ്ലിം ലീഗ് മത്സരിച്ച പുനലൂർ സീറ്റിലും ദയനീയപരാജയമായിരുന്നു.
കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ പരാജയം രുചിച്ച യുഡിഎഫ് സ്ഥാനാർഥികളായ ബിന്ദുകൃഷ്ണ, ജ്യോതികുമാർ ചാമക്കാല, ഉല്ലാസ് കോവൂർ തുടങ്ങിയവർ മണ്ഡലത്തിൽനിന്നു മാറാതെ പ്രവർത്തിച്ചതിന്റെ ഫലമാണ് ഉറച്ച കോട്ടകളെ ഇടിച്ചുതകർക്കാൻ സാധിച്ചത്.
ആർഎസ്പിയുടെ ഉയിർത്തെഴുന്നേല്പ്പു കണ്ട തെരഞ്ഞെടുപ്പുകൂടിയായിരുന്നു. ജില്ലയിൽ ആർഎസ്പി മത്സരിച്ച മൂന്നു സീറ്റിലും വിജയിച്ചു. ഇതിൽ ചവറ മണ്ഡലത്തിലെ സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോണിന്റെയും സ്ഥാനാർഥി പ്രഖ്യാപനത്തിലൂടെ വിവാദമായ ഇരവിപുരത്തെ വിഷ്ണുമോഹന്റെയും അഞ്ചാം തവണ മത്സരത്തിനിറങ്ങിയ കോവൂർ കുഞ്ഞുമോനെ പരാജയപ്പെടുത്തിയ ഉല്ലാസ് കോവൂരിന്റെ വിജയവും ശ്രദ്ധേയമാണ്. ജില്ലയിൽനിന്നു പുതുമുഖങ്ങളാണ് ഭൂരിപക്ഷവും ഇക്കുറി നിയമസഭയിലേക്കു പോകുന്നത്. പതിനൊന്നുപേരിൽ ഏഴുപേരും പുതുമുഖങ്ങളാണ്.
ശക്തമായ മത്സരം നടക്കുന്പോഴും നോട്ടയ്ക്ക് വോട്ട് ചെയ്തു പ്രതിഷേധിക്കുന്നവരുടെ എണ്ണം വർധിക്കുന്നുവെന്ന് തെരഞ്ഞെടുപ്പ് ഫലം തെളിയിക്കുന്നു. ഭൂരിപക്ഷം മണ്ഡലങ്ങളിലും നാലാം സ്ഥാനത്താണ് നോട്ട. ചവറയിൽ 1289 പേർ നോട്ടയ്ക്ക് വോട്ട് ചെയ്തപ്പോൾ പുനലൂരിൽ 1281ഉം ഇരവിപുരത്ത് 921-മായിരുന്നു നോട്ട വോട്ടുകൾ.
Kerala
ആലപ്പുഴ: മാന്നാറിൽ സൈക്കിൾ യാത്രയ്ക്കിടെ വയോധികൻ കുഴഞ്ഞുവീണ് മരിച്ചു. പ്ലംബിംഗ് ഇലക്ട്രിക്കൽ തൊഴിലാളിയായ ചെന്നിത്തല തൃപ്പെരുന്തുറ പൈനുംതറയിൽ പ്രസാദ് (72) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാവിലെ പത്തരയോടെ മാന്നാർ ഗവൺമെന്റ് ആശുപത്രി ജംഗ്ഷന് പടിഞ്ഞാറുവശത്താണ് സംഭവം.
സൈക്കിളിൽ വരികയായിരുന്ന പ്രസാദ് റോഡിൽ കുഴഞ്ഞുവീഴുകയായിരുന്നു. നാട്ടുകാർ ഉടൻതന്നെ തൊട്ടടുത്ത മാന്നാർ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആശുപത്രിയിലെത്തുന്നതിന് മുൻപ് തന്നെ മരണം സംഭവിച്ചിരുന്നതായി ഡോക്ടർമാർ സ്ഥിരീകരിച്ചു.
അതേസമയം, ആശുപത്രിയിലെ നടപടിക്രമങ്ങൾ വൈകിയത് മൂലം മൃതദേഹം വിട്ടുകിട്ടാൻ ആറു മണിക്കൂറിലധികം കാലതാമസം നേരിട്ടതായി ബന്ധുക്കൾ പരാതിപ്പെട്ടു. വൈകിട്ട് അഞ്ചരയോടെയാണ് മൃതദേഹം വിട്ടുനൽകിയതെന്നും ഇവർ ആരോപിക്കുന്നു.
എന്നാൽ പോലീസിൽ നിന്നുള്ള റിപ്പോർട്ട് വൈകിയതും ബന്ധുക്കൾ ആദ്യം നൽകിയ റിപ്പോർട്ടിലെ അവ്യക്തതയുമാണ് കാലതാമസത്തിന് കാരണമായതെന്ന് ആശുപത്രി അധികൃതർ വിശദീകരിച്ചു. പോസ്റ്റ്മോർട്ടം ഒഴിവാക്കണമെന്ന് ബന്ധുക്കൾ ആവശ്യപ്പെട്ടെങ്കിലും നിയമപരമായ നടപടിക്രമങ്ങളുടെ ഭാഗമായി ഇത് സാധ്യമല്ലെന്ന് പോലീസ് അറിയിക്കുകയായിരുന്നു.
തുടർന്ന് നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം മാവേലിക്കര ജില്ലാ ആശുപത്രി മോർച്ചറിയിലേയ്ക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറുമെന്ന് പോലീസ് അറിയിച്ചു. പരേതയായ പ്രീതയാണ് പ്രസാദിന്റെ ഭാര്യ. മക്കൾ: പ്രിയങ്ക, പ്രതിഭ. മരുമക്കൾ: രാജീവ്, രാജീവ്.
Kerala
തിരുവനന്തപുരം: ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് വീട് തകർന്നു. അപകടത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു
താന്നിമൂട് ആണ് അപകടം ഉണ്ടായത്. ഗൃഹനാഥനും മകനുമാണ് പരിക്ക് പറ്റിയത്. അടുക്കളയിൽ വെച്ചിരുന്ന തുറക്കാത്ത ഗ്യാസ് സിലിണ്ടർ ആണ് പൊട്ടിത്തെറിച്ചത്.
Sports
അഹമ്മദാബാദ്: ഐസിസി ട്വന്റി 20 ലോകകപ്പ് ഫൈനലിൽ തകർന്നടിഞ്ഞ് ന്യൂസിലൻഡ് ബാറ്റിംഗ് നിര. ഇന്ത്യ ഉയർത്തിയ 256 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ന്യൂസിലൻഡ് 159 റൺസിൽ ഓൾഔട്ടായി.
ഓപ്പണർ ടിം സൈഫർട്ടിനും ക്യാപ്റ്റൻ മിച്ചൽ സാന്റ്നറിനും മാത്രമാണ് കിവീസ് ബാറ്റിംഗ് നിരയിൽ തിളങ്ങാനായത്. സൈഫർട്ട് 52 റൺസും സാന്റ്നർ 43 റൺസുമാണ് എടുത്തത്.
ഡാരിൽ മിച്ചൽ 17 റൺസെടുത്തു. മറ്റാർക്കും കിവീസ് നിരയിൽ രണ്ടക്കം കടക്കാനായില്ല. ദക്ഷിണാഫ്രിക്കയ്ക്കെതിരായ സെമിയിൽ സെഞ്ചുറി നേടിയ ഫിൻ അലൻ ഒന്പത് റൺസ് മാത്രം എടുത്ത് പുറത്തായി.
നാല് വിക്കറ്റെടുത്ത ജസ്പ്രീത് ബുംറയും മൂന്ന് വിക്കറ്റെടുത്ത അക്സർ പട്ടേലും ചേർന്നാണ് കിവീസ് ബാറ്റിംഗ് നിരയെ തകർത്തെറിഞ്ഞത്. ഹാർദിക് പാണ്ഡ്യ, വരുൺ ചക്രവർത്തി, അഭിഷേക് ശർമ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
Kerala
കൊല്ലം: പുനലൂർ കോട്ടവട്ടത്ത് വീട് ഇടിഞ്ഞു വീണ് 12 വയസുകാരന് പരിക്കേറ്റു. കോട്ടവട്ടം സ്വദേശി വിനോദിന്റെ വീടിന്റെ മേൽക്കൂരയടക്കമാണ് നിലംപതിച്ചത്. ഇന്ന് പുലർച്ചെ മൂന്നോടെയാണ് സംഭവം.
വിനോദും ഭാര്യയും രണ്ട് മക്കളും വീട്ടിനുള്ളിൽ ഉറങ്ങി കിടന്ന സമയത്തായിരുന്നു അപകടം. സംഭവ സമയത്ത് പ്രദേശത്ത് മഴയുണ്ടായിരുന്നു. കാലപഴക്കം കാരണം ചോർച്ചയുണ്ടായ വീടിന്റെ മേൽക്കൂരയിൽ ടാർപ്പോളിൽ കെട്ടിയിരുന്നു.
മൺകട്ട ഉപയോഗിച്ച് കെട്ടിയ വീടിന്റെ ചുമരുകളും വിണ്ടു കീറിയ നിലയിലായിരുന്നു. വീടിന്റെ ഒരു ഭാഗം പൂര്ണമായും തകര്ന്നു. പരിക്കേറ്റ 12വയസുകാരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
District News
പുൽപ്പള്ളി: മുള്ളൻകൊല്ലി, പഞ്ചായത്തുകളിലുടെ കടന്നുപോകുന്ന ഷെഡ്-മുള്ളൻകൊല്ലി റോഡ് തകർന്നു. പാതയുടെ പലഭാഗങ്ങളിലും വലിയ കുഴികൾ രൂപപ്പെട്ടിരിക്കുകയാണ്. 10 വർഷത്തിനിടെ റോഡിൽ അറ്റകുറ്റപ്പണി മാത്രമാണ് നടന്നത്. മുള്ളൻകൊല്ലി പഞ്ചായത്തിലുള്ളവർക്ക് പുൽപ്പള്ളി ടൗണിൽ പ്രവേശിക്കാതെ ബത്തേരി, കൽപ്പറ്റ ഭാഗങ്ങളിലേക്ക് സഞ്ചരിക്കാൻ ഉതകുന്നതാണ് പാത.
സ്കൂളുകളും രണ്ട് കോളജുകളും ഈ റോഡിന്റെ വിവിധ ഭാഗങ്ങളിലായി ഉണ്ട്. നൂറുകണക്കിന് വിദ്യാർഥികളാണ് സ്കൂൾ, കോളജ് പ്രവൃത്തി ദിവസങ്ങളിൽ ഈ വഴി യാത്രചെയ്യുന്നത്. വീതികൂട്ടി ലെവലൈസ്ഡ് റോഡ് നിർമിക്കുന്നതിന് രണ്ടുവർഷം മുന്പ് 5.5 കോടി രൂപ വകയിരുത്തിയിരുന്നു. എന്നാൽ തുടർ നടപടി ഉണ്ടായില്ല. പാതയുടെ ശോച്യാവസ്ഥയ്ക്ക് സത്വര പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
District News
കോതമംഗലം: ഗ്രാമസഭാ യോഗത്തിനിടെ കുഴഞ്ഞു വീണ് മരിച്ചു. നേര്യമംഗലം തേക്കുംപ്ലാന്റേഷന് മൂന്ന് സെന്റ് കോളനിയില് കിളിയേലില് ചന്ദ്രന് (62) ആണ് മരിച്ചത്. കവളങ്ങാട് പഞ്ചായത്ത് എട്ടാം വാര്ഡ് ഗ്രാമസഭ ഇന്നലെ രാവിലെ 10.30ന് നടക്കുന്നതിനിടെയാണ് സംഭവം.
കസേരയില് ഇരിക്കുകയായിരുന്ന ചന്ദ്രന് ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടര്ന്ന് കോതമംഗലത്തെ സ്വകാര്യ ആശുപത്രിയില് എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. സംസ്കാരം ഇന്ന് രാവിലെ 11ന് നേര്യമംഗലം സെവന്ത് ഡെ പള്ളിയില് ശുശ്രൂഷയ്ക്ക് ശേഷം ഉച്ചയ്ക്ക് ഒന്നിന് കൂത്താട്ടുകുളം സെവൻത് ഡേ സെമിത്തേരിയില്. ഭാര്യ: ബെറ്റി (നേര്യമംഗലം ജില്ല ഫാം തൊഴിലാളിയാണ്). മക്കള്: ബിന്സി, ബിനി, ബിനു. മരുമക്കള്: ഷാന്, സുരേഷ്.
District News
വൈക്കം: തെക്കേനടയിൽ റോഡരികിലെ ഓടയുടെ മീതേയുള്ള സ്ലാബ് തകർന്നത് അപകടഭീഷണിയായി. വൈക്കം മഹാദേവ ക്ഷേത്രത്തിന്റെ തെക്കേനട മുതൽ വൈദ്യുതിഭവൻ വരെയുള്ള റോഡിന്റെ പടിഞ്ഞാറു ഭാഗത്തുള്ള ഓടയുടെ സ്ലാബ് നാലിടങ്ങളിലാണ് തകർന്നു കിടക്കുന്നത്. തകർന്ന സ്ലാബിലെ തുരുമ്പിച്ച കമ്പികൾ പുറത്തേക്ക് തള്ളിനിൽക്കുകയാണ്.
ബസുകളും ടോറസടക്കമുള്ള ഭാരവാഹനങ്ങളും വരുമ്പോൾ കാൽനടയാത്രികർ ഓടിമാറുന്നത് ഈ തകർന്ന സ്ലാബിന് മീതേയ്ക്കാണ്. കഴിഞ്ഞ ദിവസം ബസ് വരുന്നതിനിടയിൽ കാൽനട യാത്രികൻ ഓടി മാറിയപ്പോൾ സ്ലാബ് തകർന്ന ഭാഗത്ത് വീണു പരിക്കേറ്റിരുന്നു.
വൈക്കം മഹാദേവ ക്ഷേത്രത്തിലേക്കും തെക്കേനടയിലെ വിവിധ ഓഫീസുകൾ, സ്കൂളുകൾ എന്നിവിടങ്ങളിലേക്ക് വിദ്യാർഥികടക്കം നിരവധി പേർ കടന്നുപോകുന്ന പ്രധാന നിരത്തിലെ ഓടയിലെ സ്ലാബുകളാണ് അപകടക്കെണിയാകുന്നത്. തകർന്ന സ്ലാബുകൾ നീക്കി പുതിയവ സ്ഥാപിച്ച് അപകടം ഒഴിവാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
District News
തലയോലപ്പറമ്പ്: മറവൻതുരുത്ത്-ചെമ്പ് പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിച്ച് മൂവാറ്റുപുഴയാറിന് കുറുകെ നിർമിക്കുന്ന മൂലേക്കടവ് പാലത്തിനു സമീപം വീടിനോട് ചേർന്ന പുരയിടം പുഴയിലേക്ക് ഇടിഞ്ഞു താഴുന്നു. മറവൻതുരുത്ത് പഞ്ചായത്തിലെ വാളമ്പള്ളി പടിഞ്ഞാറേ നമ്പ്യാട്ടിൽ എൻ.പി. കാർത്തികേയന്റെ വീടിരിക്കുന്ന പുരയിടത്തിന്റെ 10 മീറ്ററോളം ഭാഗത്തെ മരങ്ങൾ ഉൾപ്പെടെയാണ് ഇതിനകം പുഴയിലേക്ക് ഇടിഞ്ഞുതാഴ്ന്നത്.
2023ലാണ് മറവൻതുരുത്ത്-ചെമ്പ് പഞ്ചായത്തുകളെ ബന്ധിപ്പിച്ചു മുവാറ്റുപുഴയാറിന് കുറുകെ മുലേക്കടവ് പാലം നിർമാണം ആരംഭിച്ചത്. പൈലിoഗ് ജോലികൾ ആരംഭിച്ച ഘട്ടത്തിൽ ഒരു മീറ്റർ വീതിയിലും 15 മീറ്റർ നീളത്തിലും അന്ന് തീരം ഇടിഞ്ഞുതാഴ്ന്നിരുന്നു.
പുഴയുടെ തീരംവഴിയുണ്ടായിരുന്ന നടപ്പാത പൂർണമായും പുഴയിലേക്ക് ഇടിഞ്ഞു. പാലം നിർമാണവുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിക്കുകയും തീരം ഇടിയാതിരിക്കാൻ താത്കാലികമായി ഏരികൾ താഴ്ത്തി സുരക്ഷിതമാക്കാമെന്നും പിന്നീട് ഇവരുടെ വീടിരിക്കുന്ന പുഴയുടെ തീരം കരിങ്കല്ല് കെട്ടി സംരക്ഷിച്ചു നൽകാമെന്നും ഉറപ്പുനൽകിയെങ്കിലും പാലിച്ചില്ല.
ദിവസേന തീരമിടിയുകയാണ്. ശേഷിക്കുന്ന ഭാഗത്തും വിള്ളൽ രൂപപ്പെട്ടതിനാൽ വീടുകൂടി പുഴയെടുത്ത് വഴിയാധാരമാകുമെന്ന ഭീതിയിലാണെന്ന് കാർത്തികേയൻ പറഞ്ഞു. പുഴയുടെ തീരം കല്ലുകെട്ടി ബലപ്പെടുത്തി പുരയിടവും ജീവിതവും സുരക്ഷിതമാക്കണമെന്നാണ് നിർധന കുടുംബത്തിന്റെ ആവശ്യം.
National
മുംബൈ: മഹാരാഷ്ട്രയിലെ നാഗ്പുരിൽ വാട്ടർ ടാങ്ക് തകർന്നുണ്ടായ അപകടത്തിൽ മൂന്ന് പേർ മരിച്ചു. ആറ് പേർക്ക് പരിക്കേറ്റു.
നാഗ്പുരിലെ ബുട്ടിബോറിയിലുള്ള സോളാർ പാനൽ നിർമാണശാലയിലാണ് അപകടമുണ്ടായത്. അവാഡ കമ്പനിയിലെ തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടത്. തൊഴിലാളികൾ വാട്ടർ ടാങ്കിന്റെ സമീപം ജോലിയിൽ ഏർപ്പെട്ടിരുന്ന സമയത്താണ് ടാങ്ക് തകർന്നത്.
പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിലേയ്ക്ക് മാറ്റി. മൂന്ന് പേരുടെ നില ഗുരുതരമാണ്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.
Kerala
തൃശൂര്: പുന്നയൂര്ക്കുളം ചമ്മനൂര് മാഞ്ചിറക്കലിൽ ബിഎംബിസി നിലവാരത്തില് നിർമിച്ച പാലം തകർന്നുവീണു. ഉച്ചയോടെ ആയിരുന്നു പാലം തകർന്നത്. 2018 മാര്ച്ചില് ആയിരുന്നു 13 കോടി രൂപ ചെലവഴിച്ച് പാലം നിർമിച്ചത്.
പാലം തകര്ന്നതിനെ തുടര്ന്ന് റോഡിലെ വൈദ്യുതി പോസ്റ്റുകളും തോട്ടിലേക്ക് മറിഞ്ഞു. ഇതേ തുടർന്ന് പ്രദേശത്ത് ഏറെ നേരം വൈദ്യുതി വിതരണം തടസപ്പെട്ടു. റോഡിലൂടെയുള്ള വലിയ വാഹനങ്ങളുടെ ഗതാഗതം പൂര്ണമായും നിരോധിച്ചിരിക്കുകയാണ്.
റോഡിലെ മണ്ണ് പൂര്ണമായി തോട്ടിലേക്ക് ഇടിഞ്ഞു വീണ് വെള്ളത്തിന്റെ ഒഴുക്ക് തടസപെട്ടത് നെല് കര്ഷകരെ സാരമായി ബാധിക്കുമെന്നാണ് വിലയിരുത്തൽ. മൂന്നുമാസം മുമ്പ് പാലത്തിന്റെ സമീപം 25 മീറ്ററോളം ഭാഗം ഇടിഞ്ഞിരുന്നു. അധികൃതരുടെ അനാസ്ഥയാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാര് പറയുന്നു.
Kerala
പത്തനംതിട്ട: തദ്ദേശതെരഞ്ഞെടുപ്പ് പുരോഗമിക്കുന്നതിനിടെ പോളിംഗ് ഓഫീസർ കുഴഞ്ഞുവീണു. പത്തനംതിട്ട സീതത്തോട് വാലുപാറ ബൂത്തിലെ രണ്ടാം പോളിംഗ് ഓഫീസർ പി.എസ്.സരിനാണ് കുഴഞ്ഞു വീണത്. സരിൻ ആശുപത്രിയിൽ ചികിത്സയിലാണെന്നും ആരോഗ്യനില തൃപ്തികരമാണെന്നും അധികൃതർ പറഞ്ഞു.
അതേ സമയം വോട്ടെടുപ്പ് ആരംഭിച്ച് രണ്ടരമണിക്കൂർ പിന്നിടുമ്പോൾ സംസ്ഥാനത്ത് മികച്ച പോളിംഗാണ് രേഖപ്പെടുത്തുന്നത്. ഏറ്റവും കൂടുതൽ പോളിംഗ് എറണാകുളത്താണ് (7.88%) രേഖപ്പെടുത്തിയത്. തിരുവനന്തപുരം 6.74%, കൊല്ലം 7.3%, പത്തനംതിട്ട 7.2%, ആലപ്പുഴ 7.78%, കോട്ടയം 7.51%, ഇടുക്കിയിൽ (6.84%) എന്നിങ്ങനെയാണ് ജില്ലാ അടിസ്ഥഥാനത്തിലെ പോളിംഗ് ശതമാനം.
സ്ഥാനാർഥികൾ അന്തരിച്ചതിനെ തുടർന്ന് തിരുവനന്തപുരം കോർപറേഷനിൽ വിഴിഞ്ഞം വാർഡിലെയും എറണാകുളം ജില്ലയിലെ പാമ്പാക്കുട പഞ്ചായത്തിലെ ഓണക്കൂർ വാർഡിലെയും വോട്ടെടുപ്പ് മാറ്റിവച്ചു.
Kerala
തിരുവനന്തപുരം: കൊല്ലം കൊട്ടിയത്ത് നിർമാണത്തിലിരുന്ന ദേശീയപാത തകർന്നുവീണ സംഭവത്തിൽ പ്രതികരണവുമായി കെ.സി.വേണുഗോപാൽ എംപി. ദേശീയപാത അഥോറിറ്റിയുടെ കുറ്റകരമായ അനാസ്ഥയാണ് അപകടത്തിന് കാരണം.
ദേശീയപാത അഥോറിറ്റി മറുപടി പറയണം. ദേശീയപാത നിർമാണത്തിന് പിന്നിൽ വൻ അഴിമതിയാണ്. ഇത് മറച്ചുവെക്കാൻ സംസ്ഥാന സർക്കാർ കൂട്ടുനിൽക്കുകയാണ്. വിഷയം പാർലമെന്റിൽ ഉന്നയിക്കുമെന്നും ആക്ഷൻ ടേക്കൻ റിപ്പോർട്ട് ആവശ്യപ്പെടുമെന്നും കെ.സി.വേണുഗോപാൽ പറഞ്ഞു.
കേരളത്തിലെ റോഡുകളിൽ സേഫ്റ്റി ഓഡിറ്റ് നടത്തണം. ഇത്തരത്തിലുള്ള പരാതികൾ ഉയർന്നുവരുന്നുണ്ട്. പ്രധാന നിർമാണ ജോലികൾ നടക്കുന്ന ഇടങ്ങളിൽ മുതിർന്ന ഉദ്യോഗസ്ഥരില്ല. എല്ലാം കരാറുകാർക്ക് വിട്ടു കൊടുത്തിരിക്കുകയാണ്.
കേന്ദ്ര, സംസ്ഥാന ഉദ്യോഗസ്ഥർ ദേശീയപാത നിർമാണം നിരീക്ഷിക്കണമെന്നും കെ.സി.വേണുഗോപാൽ ആവശ്യപ്പെട്ടു
National
ലക്നോ: ഉത്തർപ്രദേശിലെ ബല്ലിയ ജില്ലയിൽ ഒരു വിവാഹ ചടങ്ങിനിടെ വേദി തകർന്ന് വീണ് നിരവധി ബിജെപി നേതാക്കൾക്ക് പരിക്കേറ്റു. നവദമ്പതികളെ അനുഗ്രഹിക്കാൻ നേതാക്കൾ വേദിയിൽ ഒരുമിച്ച് കയറിയപ്പോഴാണ് അപകടം സംഭവിച്ചത്.
സ്ഥലത്തെ പ്രധാന ബിജെപി പ്രവർത്തകനായ അഭിഷേക് സിംഗ് എഞ്ചിനീയറുടെ സഹോദരന്റെ വിവാഹ റിസപ്ഷൻ വേദിയിലാണ് അപകടമുണ്ടായത്. ബല്ലിയ ജില്ലാ ബിജെപി അധ്യക്ഷൻ സഞ്ജയ് മിശ്ര, മുൻ എംപി ഭരത് സിംഗ് എന്നിവരുൾപ്പെടെ നിരവധി പാർട്ടി നേതാക്കൾ വേദിയിലുണ്ടായിരുന്നപ്പോഴാണ് സംഭവം.
നേതാക്കൾ നവദമ്പതികൾക്ക് അനുഗ്രഹം നൽകുന്നതിനിടെ പെട്ടെന്നാണ് സ്റ്റേജ് തകർന്നുവീണത്. മുകളിലുണ്ടായിരുന്ന എല്ലാവരും താഴേക്ക് പതിച്ചു. ഉടൻ തന്നെ അവിടെയുള്ളവരെല്ലാം ചേർന്ന് രക്ഷാപ്രവർത്തനത്തം നടത്തി.
Kerala
കണ്ണൂർ: എസ്ഐആർ ക്യാമ്പിന് ശേഷം വീട്ടിലേക്ക് മടങ്ങുമ്പോൾ ബിഎൽഒ കുഴഞ്ഞുവീണു. അഞ്ചരക്കണ്ടി കുറ്റിക്കര സ്വദേശി വലിയവീട്ടിൽ രാമചന്ദ്രൻ (53) ആണ് കുഴഞ്ഞു വീണത്. എസ്ഐആർ ക്യാമ്പിന് ശേഷം വീട്ടിലേക്ക് മടങ്ങി പോകുന്നതിനിടെയാണ് കുഴഞ്ഞു വീണത്.
ജോലിസമ്മർദമാണ് കുഴഞ്ഞ് വീണതിന് കാരണമെന്ന് കുടുംബം ആരോപിച്ചു. രാമചന്ദ്രനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കണ്ണൂർ ഡിഡിഇ ഓഫീസിലെ ക്ലർക്കാണ് രാമചന്ദ്രൻ.
ബൂത്ത് ലെവൽ ഓഫീസർമാർ കഠിനമായ ജോലി സമ്മർദ്ദമാണ് അനുഭവിക്കുന്നതെന്ന ആരോപണങ്ങളാണ് ഉയരുന്നത്. എന്നാൽ എസ്ഐആര് സമയക്രമം മാറ്റില്ലെന്നും ഡിസംബര് ഒന്പതിന് തന്നെ കരട് പട്ടിക പ്രസിദ്ധീകരിക്കുമെന്നും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര് ഇന്ന് വ്യക്തമാക്കിയിട്ടുണ്ട്.
Kerala
ആലപ്പുഴ: ഗവ. ഡെന്റൽ കോളജ് ആശുപത്രിയിലെ സീലിംഗ് അടർന്നു വീണ് രോഗിക്ക് പരിക്കേറ്റു. എക്സ്റേ മുറിയുടെ വാതിലിനു സമീപമാണ് സീലിംഗ് അടർന്നു വീണത്.
ഇവിടെ നിൽക്കുകയായിരുന്ന ആറാട്ടുപുഴ വലിയഴീക്കൽ തറയിൽ കടവ് ഹരിതയ്ക്ക് (29) ആണ് പരിക്കേറ്റത്. ഹരിതയെ മെഡിക്കൽ കോജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്ന് രാവിലെ 11.30നാണ് അപകടമുണ്ടായത്.
District News
തുവൂർ: വീടിന്റെ വാതിൽ തുറന്നാൽ കാണുന്നത് റോഡാണ്. പക്ഷേ റോഡിൽ നിന്ന് വീട്ടുമുറ്റത്തെത്താൻ വഴിയില്ല. തുവൂർ അക്കരപ്പുറം ഹെൽത്ത് സെന്റർ -മസ്ജിദ് റോഡിന്റെ സംരക്ഷണ ഭിത്തിയാണ് പുത്തൂർ അബുവിന്റെ വീട്ടിലേക്കുള്ള വഴി തടസപ്പെടുത്തിയത്. വർഷങ്ങൾക്ക് മുന്പ് സംരക്ഷണ ഭിത്തി തകർന്നതോടെ റോഡിലൂടെയുള്ള യാത്രയും ദുരിത പൂർണമാണ്. അക്കരപ്പുറം എൽപി സ്കൂളിലേക്ക് സ്കൂൾ ബസുകൾ ഉൾപ്പെടെ പോകുന്ന റോഡാണിത്.
സംരക്ഷണ ഭിത്തി തകർന്നതിനെ തുടർന്ന് റോഡിന്റെ ഒരു വശം ഒലിച്ചുപോയി. വലിയ ഗർത്തവും രൂപപ്പെട്ടിട്ടുണ്ട്. മഴ കനത്താൽ റോഡ് പൂർണമായും താഴ്ന്ന് പോകാനും ഇടയുണ്ട്. 2018 ലാണ് സംരക്ഷണ ഭിത്തി തകർന്നത്. പിന്നീടങ്ങോട്ടുണ്ടാകുന്ന ഓരോ മഴക്കാലത്തും അൽപാൽപ്പമായി ഭിത്തിയുടെ വശങ്ങൾ പുത്തൂർ അബുവിന്റെ വീട്ടുമുറ്റത്തെത്തും.
മഴ പെയ്ത വെള്ളം എത്തുന്നതും അബുവിന്റെ വീട്ടുമുറ്റത്തേക്ക് തന്നെ. വർഷങ്ങൾക്ക് മുന്പ് ശാസ്ത്രീയമല്ലാത്ത രീതിയിലാണ് സംരക്ഷണ ഭിത്തി നിർമിച്ചതെന്നത് വ്യക്തമാണ്. വാതിൽ തുറന്നാൽ കാണുന്നത് റോഡാണെങ്കിലും വീട്ടുമുറ്റത്തേക്ക് വാഹനം എത്താനും വഴിയില്ല. ഉയരത്തിൽ സംരക്ഷണ ഭിത്തി നിർമിച്ചതിനാൽ റോഡിൽ നിന്ന് വീട്ടിലേക്ക് വാഹനം എത്തിക്കാനുള്ള വഴി ഒരുക്കലും പ്രതിസന്ധി സൃഷ്ടിച്ചു.
ബ്ലോക്ക് പഞ്ചായത്ത് ഫണ്ട് വിനിയോഗിച്ച് സംരക്ഷണ ഭിത്തി നിർമിക്കുന്ന സമയത്ത് അബു വിദേശത്തായതിനാൽ ആരും ഇക്കാര്യം ശ്രദ്ധിച്ചതുമില്ല. പ്രശ്നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് കളക്ടർക്കും മുഖ്യമന്ത്രിക്കും പരാതി നൽകിയെങ്കിലും പരിഹാരമായില്ല. ഏത് നിമിഷവും തകരാൻ സാധ്യതയുള്ള സംരക്ഷണ ഭിത്തി പുതുക്കിപണിത് യാത്രക്കാർക്കും അബുവിനും കുടുംബത്തിനും സുരക്ഷയൊരുക്കണമെന്ന് നാട്ടുകാരും ആവശ്യപ്പെട്ടു.
District News
പാറശാല: ഇന്നലെ രാവിലെ മുതല് പാറശാല മേഖലയിലുണ്ടായ കനത്ത മഴയില് സ്കൂളിന്റെ ചുറ്റുമതില് തകര്ന്നു സമീപത്തെ ട്രാന്സ്ഫോര്മറിനു മുകളിലേക്കു വീണു.
പരശുവയ്ക്കല് ഗവ. എല്പി സ്കൂളിന്റെ പരശുവയ്ക്കല് നെടിയാംകോട് റോഡിനോടു ചേര്ന്നുവരുന്ന മതിലാണ് തകര്ന്നുവീണത്. തകര്ന്ന ചുറ്റുമതിലിനോടു ചേര്ന്ന് പുതിയ ഇരുനില മന്ദിരത്തിന്റെ നിര്മാണം നടന്നുവരുകയാണ്. രാവിലെ പത്തരയോടുകൂടിയാണ് ചുറ്റുമതില് തകര്ന്ന് ട്രാന്സ്ഫോര്മറിലേക്ക് പതിച്ചത്.
Kerala
കൊച്ചി: എറണാകുളം തമ്മനത്ത് കുടിവെള്ള ടാങ്ക് തകർന്നു. ജല അതോറിറ്റിയുടെ ഫീഡർ ടാങ്കിന്റെ ഭിത്തിയാണ് തകർന്നത്.
ഞായറാഴ്ച രാത്രിയാണ് സംഭവം. ടാങ്ക് തകർന്നതിനെ തുടർന്ന് മേഖലയാകെ വെള്ളക്കെട്ടിലായി. വീടുകളിൽ ഉൾപ്പെടെ വെള്ളം കയറിയിട്ടുണ്ട്.
ഒരു കോടി 38 ലക്ഷം ലിറ്റർ ശേഷിയുള്ള ടാങ്ക് ആണ് തകർന്നത്. മഴ പെയ്ത് വെള്ളം കയറി എന്നാണ് ആദ്യം പ്രദേശ വാസികൾ പറഞ്ഞത്. എന്നാല് പിന്നീടാണ് ടാങ്ക് തകര്ന്നതാണ് എന്ന മനസിലായത്.
വെള്ളം കയറിയതോടെ പ്രദേശത്തെ ചെറിയ റോഡുകളിലുൾപ്പെടെ വെള്ളം കയറിയതോടെ പ്രദേശവാസികൾ ബുദ്ധിമുട്ടിയായിട്ടുണ്ട്. ഉമ തോമസ് എംഎൽഎ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി.