National
ബംഗളൂരു: മംഗളൂരു കുക്കർ ബോംബ് സ്ഫോടനക്കേസിലെ മുഖ്യപ്രതി മുഹമ്മദ് ഷരീഖിന് പത്തുവർഷം കഠിനതടവും പിഴയും ശിക്ഷിച്ചു. ബംഗളൂരുവിലെ എൻഐഎ പ്രത്യേക കോടതിയാണ് വിധിപ്രഖ്യാപിച്ചത്. 94,000 രൂപ പിഴയടയ്ക്കാനും കോടതി ഉത്തരവിട്ടു.
2022 നവംബർ 19ന് മംഗളൂരുവിനടുത്ത് കങ്കനാടിയിലാണ് സ്ഫോടനമുണ്ടായത്. പ്രഷർകുക്കറിൽ സ്ഥാപിച്ച ബോംബ് മുഹമ്മദ് ഷരീഖ് ഓട്ടോറിക്ഷയിൽ കൊണ്ടുപോകുന്നതിനിടെ പൊട്ടിത്തെറിക്കുകയായിരുന്നു. കദ്രി മഞ്ജുനാഥക്ഷേത്രത്തിൽ ബോംബ് സ്ഥാപിക്കാൻ പോകുന്നതിനിടെയാണ് പൊട്ടിത്തെറിച്ചത്.
സ്ഫോടനത്തിൽ മുഹമ്മദ് ഷരീഖിനും ഓട്ടോറിക്ഷാ ഡ്രൈവർക്കും പരിക്കേറ്റിരുന്നു. കേസിലെ വാദത്തിനിടെ മുഹമ്മദ് ഷരീഖ് കോടതിയിൽ കുറ്റം സമ്മതിച്ചിരുന്നു.
District News
കൽപ്പറ്റ: മകളെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ പിതാവിന് ജീവപര്യന്തം തടവും 1,35,000 രൂപ പിഴയും ശിക്ഷ വിധിച്ചു.
പടിഞ്ഞാറത്തറ സ്റ്റേഷൻ പരിധിയിൽ രജിസ്റ്റർ ചെയ്ത കേസിലാണ് പ്രതിയെ ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജ് കെ. കൃഷ്ണകുമാർ ശിക്ഷിച്ചത്. 2023ലാണ് കേസിന് ആസ്പദമായ സംഭവം. പടിഞ്ഞാറത്തറ പോലീസ് ഇൻസ്പെക്ടറായിരുന്ന ആർ. ബിജുവാണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ ജി. ബബിത ഹാജരായി.
Kerala
ഗാന്ധിനഗർ: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസിൽ പെരുമ്പായിക്കാട് പറാറത്ത് സുജി (52) എന്നയാൾക്ക് 20 വർഷം തടവും 10,000 രൂപ പിഴയും കോട്ടയം ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതി വിധിച്ചു. ജഡ്ജ് .എച്ച്. റോഷ്നിയാണ് ശിക്ഷ വിധിച്ചത്.
പോക്സോ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് ശിക്ഷ വിധിച്ചത്.
2021 ഡിസംബർ 26നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ഗാന്ധിനഗർ പോലീസ് സ്റ്റേഷൻ എസ്എച്ച്ഒ ആയിരുന്ന കെ. ഷിജി ആണ് പ്രതിയെ അറസ്റ്റ് ചെയ്ത് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്.
പ്രോസിക്യൂഷൻ ഭാഗത്തുനിന്നും 17 സാക്ഷികളെ വിസ്തരിക്കുകയും 36 പ്രമാണങ്ങൾ ഹാജരാക്കുകയും ചെയ്ത കേസിൽ പ്രോസിക്യൂഷന് വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യുട്ടർ അഡ്വ. പോൾ കെ. എബ്രഹാം ഹാജരായി.
Kerala
ചാത്തന്നൂർ: കെഎസ്ആർടിസി ബസുകളെയോ സർവീസിനിടയിൽ തടഞ്ഞുനിർത്തി ജീവനക്കാരെ ആക്രമിക്കുകയോ ചെയ്താൽ ഇനി യാതൊരു കാരണവശാലും ഒത്തുതീർപ്പില്ല.
ഇത് അഞ്ചുവർഷം വരെ തടവും പിഴയും കിട്ടാവുന്ന ഗുരുതരമായ കുറ്റകൃത്യങ്ങളിൽ പെടുന്നതാണെന്ന് കെഎസ്ആർടിസി. അക്രമികൾക്കെതിരേ പിഡിപിപി ആക്ട് ചുമത്തി പോലീസിനക്കൊണ്ട് കേസെടുപ്പിക്കണമെന്ന് സിഎംഡി യൂണിറ്റുകളിലേക്ക് അയച്ച പത്രക്കുറിപ്പിൽ വ്യക്തമാക്കുന്നു.
ബസിനു കല്ലെറിയുക, ബസ് തടഞ്ഞുനിർത്തി ജീവനക്കാരെ മർദിക്കുക, സർവീസ് റദ്ദാക്കേണ്ടിവരുന്ന സാഹചര്യമുണ്ടാക്കുക തുടങ്ങിയ സംഭവങ്ങൾ വർധിച്ചുവരികയാണ്. പൊതുജീവനക്കാരന്റെ ജോലിക്ക് തടസം സൃഷ്ടിക്കുക ഗൗരവമായ കുറ്റകൃത്യമാണ്. ഐപിസി 332, 353, 392, 294 (b) തുടങ്ങിയ വകുപ്പുകൾ പ്രകാരം ചുമത്തുന്ന നോൺ കോമ്പൗണ്ടബിൾ ഒഫൻസ് ഗണത്തിൽപ്പെടുന്ന കുറ്റങ്ങൾ അഞ്ചു വർഷം വരെ തടവും പിഴയും ലഭിക്കാവുന്നതും ഒത്തുതീർപ്പാക്കാൻ കഴിയാത്തതുമാണെന്ന് മാനേജ്മെന്റ് യൂണിറ്റ് ഓഫീസർമാർക്കു മുന്നറിയിപ്പ് നല്കി.
ഇത്തരം സംഭവങ്ങളിൽ കേസിനെ നിസാരവത്കരിച്ചുകൊണ്ട് ബസിനുണ്ടാകുന്ന കേടുപാടുകളുടെ നഷ്ടം മാത്രം നൽകി ഒത്തുതീർപ്പിനു ശ്രമിക്കുകയും കേസ് അവസാനിപ്പിക്കാൻ ശ്രമം നടത്തുകയും ചെയ്യുന്നതു പതിവാണ്. ഇത് പൊതുസമൂഹത്തിൽ തെറ്റായ സന്ദേശം നല്‍കുന്നതും നിയമവ്യവസ്ഥയെ ചോദ്യംചെയ്യുന്നതുമാണെന്നും സിഎംഡി പ്രമോജ് ശങ്കർ യൂണിറ്റ് ഓഫീസർമാർക്കയച്ച സർക്കുലറിൽ ചൂണ്ടിക്കാട്ടുന്നു.
ഇനി ഇത്തരം സംഭവങ്ങളുണ്ടായാൽ ഉടൻ പോലീസിൽ റിപ്പോർട്ട് ചെയ്ത് കേസ് ചാർജ് ചെയ്യിപ്പിക്കണമെന്ന നിർദേശമാണ് യൂണിറ്റ് ഓഫീസർമാർക്ക് നല്‍കിയിരിക്കുന്നത്.
Kerala
തിരുവനന്തപുരം: രാജാജി നഗർ മാർക്കറ്റിനകത്തുവച്ചു കോർപറേഷൻ ജീവനക്കാരൻ ഷിബു രഞ്ജനെ(40) കുത്തി കൊലപ്പെടുത്തിയ കേസിൽ പ്രതിയായ രാജാജി നഗറിൽ വാടകയ്ക്ക് താമസിച്ചിരുന്ന രഞ്ജിത്തിന്(46) ജീവപര്യന്തം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും. തിരുവനന്തപുരം
നാലാം അഡീഷണൽ സെഷൻസ് ജഡ്ജി അനസിന്റേതാണ് ഉത്തരവ്.
2021 ഒക്ടോബർ ഏഴിന് രാത്രി എട്ടിന് രാജാജി നഗർ മാർക്കറ്റിൽ ഹൈമാസ്റ്റ് വിളക്കിനു സമീപത്തു വച്ചാണ് ഷിബു രഞ്ജനു കുത്തേറ്റത്. തിരുവനന്തപുരം കോർപറേഷൻ ജീവനക്കാരും ബന്ധുക്കളുമായ ഷിബു രഞ്ജനും പ്രതിയും തമ്മിൽ ജോലി, ട്രാൻസ്ഫർ എന്നിവ സംബന്ധിച്ച തർക്കമുണ്ടായിരുന്നു. ഇതേത്തുടർന്നു പ്രതി ഷിബുവിനെ വിളിച്ചുവരുത്തി കുത്തി പരിക്കേൽപ്പിച്ചെന്നായിരുന്നു കേസ്. നാട്ടുകാർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോകുന്ന വഴി
ഷിബു മരിച്ചു. കന്റോൺമെന്റ് പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ പ്രോസിക്യൂഷൻ 41 സാക്ഷികളെ വിസ്തരിക്കുകയും 70 രേഖകൾ തെളിവിനു ഹാജരാക്കുകയും ചെയ്തു പ്രോസിക്യുഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ കെ. വേണി ഹാജരായി.
Kerala
തിരുവനന്തപുരം: 20 കോടിയുടെ ഹാഷിഷ് ഓയില്‍ പിടികൂടിയ കേസിലെ പ്രതിക്ക് 26 വര്‍ഷം കഠിനതടവും രണ്ടു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. അന്തര്‍ദേശിയ മയക്കുമരുന്നു സംഘവുമായി ബന്ധമുള്ള കോട്ടയം സ്വദേശി ജികെ എന്ന ജോര്‍ജുകുട്ടി(40) യെ ആണു ശിക്ഷിച്ചത്. തിരുവനന്തപുരം ഒന്നാം അഡിഷണല്‍ സെഷന്‍സ് കോടതിയുടേതാണ് ഉത്തരവ്.
ഇരുപതു കിലോ ഹാഷിഷ്, 220 ഗ്രാം ചരസ്, രണ്ടര കിലോ കഞ്ചാവ് എന്നിവയായി 2019 ജൂണ്‍ 22 നാണു ജോര്‍ജുകുട്ടി പിടിയിലായത്. വ്യാജ നമ്പര്‍പ്ലേറ്റ് ഘടിപ്പിച്ച വാഹനത്തില്‍ ആന്ധ്രയില്‍നിന്നു കേരളത്തിലേക്കു കൊണ്ടു വരുമ്പോള്‍ കോവളം ബൈപ്പാസിനു സമീപം തുപ്പണത്തുകാവ് ക്ഷേത്രത്തിന്റെ മുമ്പില്‍ വച്ചാണ് ഇയാൾ പിടിയിലായത്.
സ്റ്റേറ്റ് സ്ക്വാഡ് തലവനും അസിസ്റ്റന്റ് എക്സൈസ് കമ്മീഷണറായിരുന്ന ടി. അനികുമാറിന്റെ നേതൃത്വത്തിലുള്ള സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. നിലവില്‍ മറ്റൊരു മയക്കുമരുന്നു കേസില്‍ തവന്നൂര്‍ സെന്‍ട്രല്‍ ജയിലില്‍ പത്തു വര്‍ഷം ശിക്ഷ അനുഭവിച്ചു വരുകയാണ് പ്രതി.
കാറിൽ അറ
മയക്കുമരുന്നു കച്ചവടത്തിനായി എറണാകുളത്തുനിന്ന് ഒരു കാര്‍ വാങ്ങിയ ജോര്‍ജുകുട്ടി സ്ക്രാപ്പിനു വിറ്റ മറ്റൊരു കാറിന്റെ ആര്‍സി ബുക്കും നമ്പര്‍ പ്ലേറ്റും സംഘടിപ്പിച്ചു വാങ്ങിയ കാറില്‍ ഫിറ്റ് ചെയ്തു. ഈ കാര്‍ തേനിയില്‍ കൊണ്ടുപോയി കാറിനടിയില്‍ രഹസ്യ അറ നിര്‍മിച്ചു. ഈ കാര്‍ ഉപയോഗിച്ചു വന്‍തോതില്‍ മയക്കുമരുന്നു കടത്തുന്നതിനിടെ സ്റ്റേറ്റ് എക്സൈസ് എന്‍ഫോഴ്സ്മെന്റ് സ്ക്വാഡിന്റെ കൈയില്‍ അകപ്പെടുകയായിരുന്നു. തുടര്‍ന്ന് തെളിവെടുപ്പിന് അന്വേഷണ സംഘം ബംഗളൂരുവില്‍ എത്തിച്ച പ്രതി അന്വേഷണ സംഘത്തെ വെട്ടിച്ചു കടന്നു.
ഒാഫീസറെ വെടിവച്ചു
ഇരുപത്തിയാറാം ദിവസം മലപ്പുറം വണ്ടൂരിലെ ഭാര്യാവീട്ടില്നിന്നു പിടികൂടുന്നതിനിടെ ഉദ്യോഗസ്ഥരെ വെടിവച്ചു രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ നാട്ടുകാരുടെ സഹായത്തോടെ പിടികൂടി. എക്സൈസ് റേഞ്ച് ഒാഫീസർ മനോജിനാണ് വെടിയേറ്റത്. നാട്ടുകാരുടെ സഹായത്തോടെയാണ് ഇന്നു പ്രതിയെ പിടികൂടിയത്.
ഇയാളില്‍നിന്ന് ഒരു കിലോ ഹാഷിഷ് കണ്ടെടുത്ത കേസില്‍ മഞ്ചേരി കോടതി 10 വര്‍ഷം കഠിനതടവും ഒരു ലക്ഷം പിഴയും ശിക്ഷിച്ചിരുന്നു. കസ്റ്റഡിയില്‍നിന്നു രക്ഷപ്പെട്ട കേസില്‍ ബംഗളൂരു കോടതി ആറു മാസം തടവും 25,000 പിഴയും ശിക്ഷിച്ചു.
അസിസ്റ്റന്റ് കമ്മീഷണര്‍ എ.ആര്. സുല്‍ഫിക്കര്‍ പ്രാഥമിക അന്വേഷണം നടത്തിയ കേസില്‍ അസിസ്റ്റന്റ് കമ്മീഷണര്‍ എ.എസ്. ബിനു അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചു. പ്രോസിക്യൂഷനു വേണ്ടി സ്പെഷല്‍ പ്രോസിക്യൂട്ടര്‍ മനീഷ് ഹാജരായി.
Kerala
മാനന്തവാടി: പ്രായപൂർത്തിയാകാത്ത കുട്ടിക്കു നേരേ ലൈംഗികാതിക്രമം നടത്തിയ യുവാവിന് 10 വർഷം തടവും 60,000 രൂപ പിഴയും. മാനന്തവാടി കമ്മം പള്ളിക്കൽ കടവത്ത് ചെറിയ വീട്ടിൽ കെ.സി. മൊയ്തുവി (34) നെയാണ് സുൽത്താൻബത്തേരി ഫാസ്റ്റ് ട്രാക്ക് കോടതി ശിക്ഷിച്ചത്.
2024 ഫെബ്രുവരിയിലാണ് കേസിനാസ്പദമായ സംഭവം. അന്നത്തെ മാനന്തവാടി സ്റ്റേഷൻ സബ് ഇൻസ്പെക്ടറായിരുന്ന ജാൻസി മാത്യുവാണ് കേസിൽ അന്വേഷണം നടത്തി കോടതി മുന്‍പാകെ കുറ്റപത്രം സമർപ്പിച്ചത്.
Kerala
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ശിക്ഷിക്കപ്പെട്ടലവരിൽ ഒന്നാം പ്രതിയായ പൾസർ സുനിക്ക് 13 വർഷം ശിക്ഷ അനുഭവിച്ചാൽ മതി. ഏഴര വർഷത്തോളം വിചാരണ തടവിൽ കഴിഞ്ഞതിനാലാണ് ശിക്ഷ ഇളവ് ചെയ്തത്.
രണ്ടാം പ്രതി മാർട്ടിൻ ആന്റണിയും ഏഴ് വർഷത്തോളം വിചാരണ തടവിൽ കഴിഞ്ഞു. ഇയാളും 13 വർഷം തടവിൽ കഴിഞ്ഞാൽ മതി. 2039 ഓടെ ഇവർക്ക് ജയിലിൽ നിന്ന് പുറത്തിറങ്ങാനാവും.
മൂന്നാം പ്രതി തമ്മനം മണപ്പാട്ടിപ്പറമ്പില്‍ ബാബു മകന് ബി.മണികണ്ഠൻ മൂന്നര വർഷമായി വിചാരണ തടവിലാണ്. ഇയാൾ അവശേഷിക്കുന്ന 16 വർഷവും ആറ് മാസവും ശിക്ഷ അനുഭവിക്കണം. നാലാം പ്രതി കണ്ണൂര്‍ കതിരൂര്‍ മംഗലശ്ശേരി വീട്ടില്‍ രാമകൃഷ്ണന് മകന് വി.പി.വിജീഷ് രണ്ട് വർഷമായി വിചാരണ തടവിൽ കഴിയുകയാണ്. ഇയാൾ 16 വർഷവും ആറ് മാസവും കൂടി ശിക്ഷ അനുഭവിക്കണം.
അഞ്ചാം പ്രതി എറണാകുളം കുന്നുംപുറം പള്ളിക്കപ്പറമ്പില്‍ വീട്ടില്‍ ഹസൻ മകന് എച്ച്.സലീം എന്ന വടിവാള്‍ സലിം രണ്ട് വർഷമാണ് വിചാരണ തടവ് അനുഭവിച്ചത്. 20 വർഷത്തെ ശിക്ഷയിൽ അവശേഷിക്കുന്ന 18 വർഷം തടവിൽ കഴിയണം.
ആറാം പ്രതി തിരുവല്ല പെരിങ്ങറ പഴയനിലത്തില്‍ വീട്ടില്‍ ഉഷ ശ്രീഹരന് മകന് പ്രതീപും രണ്ട് വർഷമായി വിചാരണ തടവുകാരനാണ്. 18 വർഷം ശിക്ഷാ കാലാവധിയാണ് പ്രതിക്ക് ബാക്കിയുള്ളത്.
Kerala
അടൂര്‍: പോക്സോ കേസിലെ പ്രതിക്ക് അഞ്ചു വര്‍ഷം കഠിന തടവും 50000 രൂപ പിഴയും വിധിച്ച് അടൂര്‍ ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജ് മഞ്ജിത്. പന്തളം വില്ലേജില്‍ മുടിയൂര്‍ക്കോണം ചേരിക്കല്‍ ലക്ഷംവീട് കോളനിയില്‍ ഷാജഹാനെ (48) യാണ് ശിക്ഷിച്ചത്.
കഴിഞ്ഞ മേയ് മൂന്നിനു രാവിലെ 6.55 ഓടെ ട്യൂഷനു പോയ അതിജീവിതയെ പന്തളം ഗേള്‍സ് സ്കൂളില്‍ സമീപം എംസി റോഡില്‍ വച്ച് ഷാജഹാന് അസഭ്യം പറഞ്ഞ് ഉപദ്രവിച്ചുവെന്നാണ് പരാതി.
പന്തളം എസ്ഐ അനീഷ് ഏബ്രഹാം എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് ഒന്നര മാസം കൊണ്ട് അന്വേഷണം പൂര്‍ത്തിയാക്കി ചാര്‍ജ് ഷീറ്റ് സമര്‍പ്പിക്കുകയായിരുന്നു. പ്രോസിക്യൂഷനു വേണ്ടി സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. സ്മിത ജോണ്‍ ഹാജരായി.